ഇഞ്ചീല്‍: ഒരു മുഖവുര

അല്ലാഹു തന്റെ അടിമകള്‍ക്ക് മേല്‍ അവതരിപ്പിച്ച വിശുദ്ധ വേദങ്ങളിലൊന്നാണ് ഇഞ്ചീല്‍ അഥവാ പുതിയ നിയമം. ഖുദ്‌സിലെ സൈതൂന്‍ പര്‍വതത്തില്‍ വെച്ചാണ് അത് അവതരിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ‘സൈതൂന്‍’ അഥവാ ഒലീവിനെ മുന്‍നിര്‍ത്തി ശപഥം ചെയ്തതായി കാണാവുന്നതാണ്.

(അത്തിയും ഒലീവും സാക്ഷി. സീനാമല സാക്ഷി. നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി. തീര്‍ച്ചയായും നാം മനുഷ്യനെ മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു). അത്തീന്‍ 1-4
ദൈവികസന്ദേശങ്ങള്‍ അവതരിച്ച പ്രദേശങ്ങള്‍ ഉദ്ധരിച്ചാണ് ഇവിടെ വിശുദ്ധ ഖുര്‍ആന്‍ ശപഥം ചെയ്തിരിക്കുന്നത്. അത്തിമരത്തിന്റെ പര്‍വതം ലബനാനിലാണ് സ്ഥിതി ചെയ്യുന്നത്. ദാവൂദ് പ്രവാചകന് സബൂര്‍ അവതരിച്ചത് പ്രസ്തുത മല മുകളില്‍ വെച്ചാണ്. ഈസാ പ്രവാചകന് അല്ലാഹു ഇഞ്ചീല്‍ അവതരിപ്പിച്ചത് സൈതൂന്‍ പര്‍വതത്തിന് മുകളില്‍ വെച്ചായിരുന്നു. ത്വൂര്‍ സീനയില്‍ വെച്ചാണ് അല്ലാഹു മൂസാ പ്രവാചകന് തൗറാത്ത് ഇറക്കിയത്. പ്രവാചകന്‍ മുഹമ്മദ്(സ)ക്ക് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച പ്രദേശമാണ് നിര്‍ഭയമായ മക്ക.
ഇഞ്ചീല്‍ എന്ന പദത്തിന് ഹീബ്രുയില്‍ സുവിശേഷം എന്നാണ് അര്‍ത്ഥം. തീര്‍ത്തും പരിശുദ്ധവും കലര്‍പില്ലാത്തതുമായ പ്രസ്തുത ദിവ്യസന്ദേശം ഈസാ പ്രവാചകന് അവതരിക്കുകയുണ്ടായി. സമൂഹത്തില്‍ ഭൗതിക പ്രണയവും, ഇഛാവിധേയത്വവും അധികരിക്കുകയും തൗറാത്തിന്റെ അദ്ധ്യാപനങ്ങള്‍ ജനങ്ങള്‍ വിസ്മരിക്കുകയും ചെയ്ത സന്ദര്‍ഭത്തിലായിരുന്നു ഇത്. അക്കാലത്ത് യഹൂദ രാഷ്ട്രത്തിന് മേല്‍ റോമന്‍ സാമ്രാജ്യത്വം ആധിപത്യം സ്ഥാപിച്ചിരുന്നത് കൊണ്ട് ഒട്ടേറെ ജൂതന്മാര്‍ തങ്ങളുടെ മതം ഉപേക്ഷിച്ച് റോമക്കാരുടെ ബഹുദൈവ വിശ്വാസം പിന്‍പറ്റി. പക്ഷെ കേവല നാമകരണത്തില്‍ മാത്രം അവര്‍ ജൂതന്മാര്‍ അല്ലെങ്കില്‍ ഇസ്രയേല്‍ സന്തതികള്‍ തന്നെയായി അവശേഷിച്ചു. പ്രധാനമായും മൂന്ന് തരക്കാരായിരുന്നു അന്നത്തെ ഇസ്രയേല്‍ സന്തതികള്‍. ജനങ്ങളുടെ തെമ്മാടിത്തങ്ങളില്‍ നിന്നും മാറി മരുഭൂമിയിലും പര്‍വതനിരകളിലും ഒഴിഞ്ഞ് താമസമാക്കിയ ഇസീനിയ്യീന്‍ ആയിരുന്നു ഒന്നാമത്തെ വിഭാഗം. ഏകനായ അല്ലാഹുവിന് ആരാധന അര്‍പ്പിക്കുന്നുവെന്ന കാരണത്താല്‍ റോമക്കാരുടെ പീഢനത്തിന് വിധേയമാകേണ്ടി വരുമെന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നു. ഇല്യാസ് പ്രവാചകന്റെ മതത്തെ പിന്‍പറ്റിയിരുന്ന ഫരീസിയ്യീന്‍ വിഭാഗക്കാരായിരുന്നു അവരില്‍ രണ്ടാമത്തേത്. പക്ഷെ അവര്‍ ഇല്യാസ് പ്രവാചകന്റെ അദ്ധ്യാപനത്തില്‍ നിന്ന് വ്യതിചലിക്കുകയും ഭൗതിക താല്‍പര്യങ്ങളില്‍ മുഴുകി ആഘോഷിച്ച് ജീവിക്കുകയും ചെയ്തു. ദൈവത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന പണ്ഡിതന്മാരും പുരോഹിതന്മാരുമായിരുന്നു അവരിലുണ്ടായിരുന്നത്. ദരിദ്രര്‍ക്ക് നല്‍കാനെന്ന പേരില്‍ അവര്‍ ജനങ്ങളില്‍ നിന്ന് ദാനധര്‍മം പിരിച്ചെടുക്കുകയും പിന്നീടവ സ്വയം ഉപയോഗിക്കുകയും ചെയ്തു. അവരെയായിരുന്നു ഈസാ പ്രവാചകന്റെ തന്റെ ദൗത്യനിര്‍വഹണത്തിന്റെ ആദ്യഘട്ടത്തില്‍ ശക്തമായി താക്കീത് നല്‍കുകയും ഉല്‍ബോധിപ്പിക്കുകയും ചെയ്തിരുന്നത്.
മേല്‍പറഞ്ഞ രണ്ട് വിഭാഗങ്ങളെ കൂടാതെ ഇസ്രായേല്‍ സന്തതികളില്‍ അവശേഷിച്ചിരുന്നവരായിരുന്നു മൂന്നാമത്തെ വിഭാഗം. അവരെക്കുറിച്ചാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറഞ്ഞത് (കേവല വ്യാമോഹങ്ങളായി മാത്രം വേദഗ്രന്ഥത്തെ മനസ്സിലാക്കിയ നിരക്ഷരരുമുണ്ട് അവരില്‍). കാരണം അവര്‍ക്ക് തൗറാത്തിന്റെ നിയമങ്ങളോ, തങ്ങളുടെ മതത്തിന്റെ ശാസനകളോ അറിയുമായിരുന്നില്ല. അവരില്‍ മഹാഭൂരിപക്ഷത്തിനും തൗറാത്ത് വായിക്കാനോ, എഴുതാനോ അറിയുമായിരുന്നില്ല. ഈസാ പ്രവാചകന്റെ അടുത്ത അനുയായികള്‍ (ഹവാരിയ്യുകള്‍) ഇവരില്‍ നിന്നുള്ളവരായിരുന്നു എന്നത് കൊണ്ട് തന്നെ ഇഞ്ചീല്‍ ഇവര്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നിട്ട് പോലും അവര്‍ക്കത് വായിക്കാനോ, മനസ്സിലാക്കാനോ സാധിച്ചില്ലെന്നത് കാര്യത്തിന്റെ ഗൗരവം വിളിച്ചോതുന്നു.
ഭൗതികാഢംബരങ്ങള്‍ വെടിഞ്ഞ് ആത്മീയതയിലൂടെ സഞ്ചരിക്കാനായിരുന്നു ഇഞ്ചീല്‍ അവര്‍ക്ക് നല്‍കിയ ഉപദേശം. ഇസ്രായേല്‍ സന്തതികള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഏതാനും ചില ആചാരങ്ങള്‍ വെടിയാനും പ്രസ്തുത വേദം അവരോട് കല്‍പിക്കുകയുണ്ടായി. എന്നാല്‍ ഫരീസിയ്യീനുകളില്‍പെട്ട വളരെ ചുരുക്കം പേര്‍ മാത്രമാണ് യഥാര്‍ത്ഥ വിധത്തില്‍ അല്ലാഹുവില്‍ വിശ്വസിച്ചത്. അവര്‍ ഐഹിക ലോകത്തേക്ക് മുഖം തിരിച്ച് ജീവിച്ചില്ല. ഇഞ്ചീലിന്റെ കല്‍പനാനിര്‍ദേശങ്ങള്‍ ശിരസ്സാവഹിച്ച് യഥാര്‍ത്ഥ വിശ്വാസികളായി ഇവര്‍ തലയുയര്‍ത്തി നിലകൊള്ളുകയാണുണ്ടായത്.

About muhammad atha raheem

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *