ease-simplicity-of-islam-300x184

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -2

ഇസ്ലാമിലെ ആരാധനകള്‍ വിശ്വാസികള്‍ക്ക് ലളിതവും, ആയാസകരവുമായി നിര്‍വഹിക്കാന്‍ സാധിക്കുന്നവയാണ്. നമസ്‌കാരവും സകാതും മാത്രമല്ല, വര്‍ഷത്തില്‍ ഒരു മാസം വരുന്ന റമദാന്‍ നോമ്പും ഇതില്‍ ഉള്‍പെടുന്നു. വിശ്വാസി സമൂഹം ഒന്നടങ്കം അന്നപാനീയങ്ങളും, വികാരങ്ങളും നിശ്ചിത സമയത്തേക്ക് മാറ്റി നിര്‍ത്തുന്നു. നന്മയും, സുകൃതങ്ങളും അധികരിപ്പിക്കുകയും വിശ്വാസവും, ദീനും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. അല്ലാഹുവിങ്കല്‍ നിന്ന് കൂടുതല്‍ പ്രതിഫലം സമ്പാദിക്കുകയും, നന്മകളില്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്നു. ദൈവഭക്തി കൈവരിക്കുന്നതിനും, ദൈവത്തിലേക്ക് മടങ്ങുന്നതിനും വിശ്വാസിക്ക് വഴിയൊരുക്കുന്ന മഹത്തായ കര്‍മങ്ങളിലൊന്നാണ് നോമ്പ്.
ജീവിതത്തില്‍ കഴിവും, പ്രാപ്തിയുമുള്ളവന് മേല്‍ ഒരു തവണ മാത്രം നിര്‍ബന്ധമാക്കപ്പെട്ട ആരാധനയാണ് ഹജ്ജ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം മതപരവും, ഭൗതികവുമായ ധാരാളം നേട്ടങ്ങളുള്ള കര്‍മമാണത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രസ്തുത യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട് (അവിടെ അവര്‍ തങ്ങള്‍ക്കുപകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകാന്‍). അല്‍ഹജ്ജ് 28.
ഇതുപോലെ തന്നെയാണ് ഇസ്ലാം സമര്‍പിക്കുന്ന മറ്റ് നിയമങ്ങളും. അവ വളരെ ലളിതവും, എളുപ്പവുമാണ്. അല്ലാഹുവിന്റെയും, ഭൂമിയിലെ മറ്റ് മനുഷ്യരുടെയും അവകാശങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് അവയുടെ ആകത്തുക. ജനങ്ങള്‍ക്ക് പ്രയാസമോ, വിഷമമോ ഉണ്ടാക്കുന്ന ഒന്നും തന്നെ അവയിലില്ല. അല്ലാഹു പറയുന്നു (നിങ്ങളെ പ്രയാസപ്പെടുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങള്‍ക്ക് അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരാനും അവനുദ്ദേശിക്കുന്നു). അല്‍മാഇദഃ 6.
മനുഷ്യര്‍ക്ക് ഉപകാരപ്രദവും, പ്രയോജനമുണ്ടാക്കുന്നതുമായ നിയമങ്ങള്‍ അവ സ്വീകരിക്കാനും പാലിക്കാനുമുള്ള ആഗ്രഹം ജനിപ്പിക്കുകയാണ് ചെയ്യുക. മാത്രവുമല്ല, അവനെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് താക്കീത് നല്‍കുക കൂടി ഇസ്ലാമിക ശരീഅത്ത് ചെയ്യുന്നുണ്ട്.
പരിപൂര്‍ണമെന്നും ആധികാരികമെന്നും സാക്ഷാല്‍ ദൈവം വിധിയെഴുതിയ ദര്‍ശനമാണിത് ( അവനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സ്വയം സാക്ഷിയാകുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതി സ്ഥാപിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍. ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്‌ലാംതന്നെ വേദപുസ്തകം ലഭിച്ചവര്‍ ഇതില്‍ വ്യത്യസ്താഭിപ്രായക്കാരായി ഭിന്നവഴികളിലായത് അവര്‍ക്ക് അറിവ് വന്നെത്തിയശേഷം മാത്രമാണ്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ആരെങ്കിലും അല്ലാഹുവിന്റെ തെളിവുകളെ തള്ളിക്കളയുന്നുവെങ്കില്‍ അറിയുക: അല്ലാഹു അതിവേഗം വിചാരണ നടത്തുന്നവനാണ്). ആലുഇംറാന്‍ 18-19.
ദൈവം നല്‍കിയ ഈ അനുഗ്രഹത്തിന് നന്ദി കാണിക്കാനുള്ള ബാധ്യത ഓരോ മനുഷ്യനുമുണ്ട്. അവന്‍ കല്‍പിച്ച മുറക്ക്, അവനോടുള്ള ബാധ്യതകള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുകയെന്നതാണ് അതിന്റെ പ്രായോഗിക രീതി. ഇസ്ലാമിക വിശ്വാസത്തെയും, നിയമങ്ങളെയും, മര്യാദകളെയും കുറിച്ച് ശരിയായ ധാരണയുള്ളവര്‍ക്കേ പ്രസ്തുത ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കാനാവൂ.

About super user

Check Also

zzzpravachakan1

മക്കാ നിവാസികളും പ്രവാചക നിയോഗവും -3

മരണശേഷമുള്ള പുനരുത്ഥാനം, പ്രതിഫലം തുടങ്ങിയ അടിസ്ഥാന വിശ്വാസങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ സ്ഥാപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുക. അതേക്കുറിച്ച് ഉന്നയിക്കപ്പെട്ട നിഷേധികളുടെ സന്ദേഹങ്ങള്‍ക്ക് മറുപടി …

Leave a Reply

Your email address will not be published. Required fields are marked *