ഇസ്ലാം അടിമത്വത്തെ പ്രോല്‍സാഹിപ്പിക്കുന്നുവോ?

ഇസ്ലാം അടിമത്വത്തെ പ്രോല്‍സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തുവെന്നും, ക്രൈസ്തവ മതം അതിനെ എതിര്‍ത്തത് പോലെ ഇസ്ലാം അതിനെ എതിര്‍ക്കുകയുണ്ടായില്ലെന്നും ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ സാധാരണ ഉന്നയിക്കാറുണ്ട്. ഇസ്ലാം അടിമത്വത്തെ കൃത്യമായി നിരോധിച്ചില്ല എന്നത് തന്നെയാണ് അവര്‍ തങ്ങളുടെ വാദത്തിന് തെളിവായി ഉദ്ധരിക്കാറുള്ളത്. മുസ്ലിംകള്‍ക്ക് അടിമകളെയും, അടിമസ്ത്രീകളെയും, വെപ്പാട്ടികളെയും സ്വീകരിക്കാനുള്ള അനുവാദം ഇസ്ലാം നല്‍കിയെന്നും അവര്‍ ആരോപിക്കുന്നു. അവരുടെ വാദമനുസരിച്ച് ഇസ്ലാം അടിമത്വം അംഗീകരിക്കുകയും അത് പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വിവിധ നാഗരികതകളിലെയും മതങ്ങളിലെയും ചരിത്രം, ഭരണഘടനകള്‍, നിയമങ്ങള്‍ തുടങ്ങിയവയെല്ലാം സാക്ഷ്യപ്പെടുത്തുന്നത് അടിമകളുടെ കാര്യത്തില്‍ അവയുടെയും ഇസ്ലാമിന്റെയും സമീപനങ്ങള്‍ താരതമ്യം ചെയ്യാന്‍ പോലും അര്‍ഹമല്ല എന്നുള്ളതാണ്. അടിമത്വത്തിന്റെ എല്ലാ അടയാളങ്ങളും പ്രായോഗികമായി മായ്ച് കളയാനുള്ള പദ്ധതിയാണ് ഇസ്ലാം സ്വീകരിച്ചതെന്ന് അതുമായി ബന്ധപ്പെട്ട നിയമങ്ങളെ നിക്ഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക് ബോധ്യപ്പെടുന്നതാണ്. അടിമകള്‍ക്കും ഉടമകള്‍ക്കും ഇടയിലെ വിവേചനത്തിന്റെ അതിര് തകര്‍ത്ത് കളഞ്ഞ്, അടിമകള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യത്തിന്റെ വിശാലമായ ലോകം തുറന്നിടുകയാണ് ഇസ്ലാം ചെയ്തത്. ബുദ്ധിയുമായോ, ചിന്തയുമായോ ബന്ധമില്ലാത്ത കേവലം ശരീരവുമായി മാത്രം ബന്ധമുള്ള നിലപാടാണ് അടിമത്വമെന്നും, പ്രസ്തുത ശാരീരിക അധ്വാനത്തിന്റെ കാര്യത്തില്‍ മാത്രമെ അടിമ ഉടമയെ അനുസരിക്കേണ്ടതുള്ളൂ എന്നും ഇസ്ലാം ബോധ്യപ്പെടുത്തി. അതേസമയം തന്നെ അടിമക്ക് ഇഷ്ടമുള്ള മതവും ദര്‍ശനവും സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അനുവാദമുണ്ടെന്നും ഇസ്ലാം വ്യക്തമാക്കി. അടിമകളുടെ ബുദ്ധിക്കും ചിന്തക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ച സമീപനം ജാഹിലിയ്യാ അറേബ്യയില്‍ വമ്പിച്ച വിപ്ലവം തന്നെയായിരുന്നു. യജമാനന്മാരുടെ മുഖത്ത് നോക്കി ‘ഞങ്ങളെ ഇസ്ലാം മോചിപ്പിച്ചിരിക്കുന്നു, ഞങ്ങളുടെ തലച്ചോറിന് മേല്‍ നിങ്ങള്‍ക്ക് അധികാരമില്ല’ എന്ന് അടിമകള്‍ വിളിച്ച് പറഞ്ഞപ്പോള്‍ അറേബ്യയില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ ചരിത്രം രൂപപ്പെടുകയാണ് ചെയ്തത്. ക്രൂരമായ പീഢനവും, മര്‍ദനവും കൊണ്ടാണ് അവരതിനെ നേരിട്ടത്.

ലോകത്തെ എല്ലാ സംസ്‌കാരങ്ങളിലും നാഗരികതകളിലും അടിമത്വം നിലനിന്നിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ഈജിപ്തിലും, ചൈനയിലും, ഇന്ത്യയിലും പേര്‍ഷ്യയിലുമെല്ലാം ഈ സംവിധാനം നിലവിലുണ്ടായിരുന്നു. ഇന്ത്യയിലെ ജാതി സമ്പ്രദായമനുസരിച്ച് താഴെക്കിടയിലുണ്ടായിരുന്നവര്‍ തീര്‍ത്തും അടിമകളെപ്പോലെയായിരുന്നു ജീവിതം നയിച്ചിരുന്നത്. റോമിലെയും പേര്‍ഷ്യയിലെയും അടിമകള്‍ ഒരു അവകാശവുമില്ലാത്ത, ബാധ്യതകള്‍ മാത്രമുള്ള മനുഷ്യജീവിയായിരുന്നു. അടിമകളെ രണ്ടിലൊരാള്‍ മരിക്കുന്നത് വരെ പരസ്പരം പോരടിപ്പിച്ച്, അവ കണ്ട് ഉല്ലസിക്കുകയെന്നത് ഈ നാഗരികതകളിലെ സുപ്രധാനമായ വിനോദമായിരുന്നു. മാനുഷികമായ എന്തെങ്കിലും പരിഗണനയോ, അവകാശമോ ഇല്ലാത്ത കേവലം മനുഷ്യക്കോലങ്ങള്‍ എന്നാണ് അക്കാലത്തെ അടിമകളെ വിശേഷിപ്പിക്കാനാവുക.

അടിമകളെ വാങ്ങുന്നതും വില്‍ക്കുന്നതുമെല്ലാം ജൂതന്മാര്‍ വിശ്വസിക്കുന്ന തൗറാത്ത് അനുവദിക്കുന്നുണ്ട്. നിവൃത്തിയില്ലാതെ വരുമ്പോള്‍ ദരിദ്രന് സ്വയം തന്നെ സമ്പന്നന് വില്‍ക്കാമെന്നും തൗറാത്തില്‍ പുറപ്പാട് പുസ്തകത്തില്‍ കാണാവുന്നതാണ്. യുദ്ധം മുഖേനെ വിജയിച്ചിടക്കിയ പ്രദേശത്തുള്ളവരെയെല്ലാം അടിമകളാക്കാമെന്ന് ആവര്‍ത്തന പുസ്തകത്തില്‍ വ്യക്താക്കുന്നു. ക്രൈസ്തവര്‍ അടിമത്വത്തിന് എതിര് നില്‍ക്കുകയോ, അടിമകളെ മോചിപ്പിക്കാന്‍ പോരാടുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നല്ല, മസീഹിനെ അനുസരിക്കുന്നത് പോലെ യജമാനന്മാരെ അനുസരിക്കണമെന്നാണ് പോള്‍സ് അടിമകളെ ഉപദേശിക്കുന്നത്.

അറേബ്യന്‍ നാഗരികതയിലും അടിമത്വം വളരെയധികം പ്രചരിച്ചിരുന്നു. അറേബ്യന്‍ ഉപദ്വീപില്‍ ഇടക്കിടെ ആവര്‍ത്തിച്ചിരുന്ന യുദ്ധങ്ങളുടെ ഫലമായിരുന്നു അത്. വിജയിക്കുന്നവര്‍ പരാജയപ്പെട്ടവരെ അടിമകളാക്കുകയെന്നതായിരുന്നു അവിടത്തെ സംവിധാനം. ആരുടെയെങ്കിലും സംരക്ഷണമില്ലാത്ത വ്യക്തികളെയോ, കുടുംബങ്ങളെയോ തട്ടിക്കൊണ്ട് പോയി അടിമകളാക്കുകയും ചെയ്തിരുന്നു അവര്‍.

ഈയവസ്ഥയിലാണ് ഇസ്ലാമിന്റെ പൊന്‍കിരണങ്ങള്‍ ലോകത്തിന് മീതെ പ്രകാശം പരത്തുന്നത്. അടിമത്വത്തിന് പുതിയ നിര്‍വചനവുമായാണ് ഇസ്ലാം കടന്ന് വന്നത്. അടിമകളോട് ഏറ്റവും നല്ല വിധത്തില്‍ വര്‍ത്തിക്കണമെന്ന് ഇസ്ലാം നിര്‍ദേശിച്ചു. അവരോട് കരുണയും ദയയും കാണിക്കണമെന്ന് കല്‍പിച്ചു. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ നിര്‍ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ്. (നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ ഉടമസ്ഥതയിലുള്ളവര്‍ എല്ലാവരോടും നല്ല നിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും അഹങ്കാരവുമുള്ള ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല) അന്നിസാഅ് 36.

അടിമകളോട് നല്ല നിലയില്‍ വര്‍ത്തിക്കന്നത് അല്ലാഹുവിനുള്ള ആരാധനയോട് ചേര്‍ന്നാണ് അല്ലാഹു പരാമര്‍ശിച്ചിരിക്കുന്നത്. തിരുദൂതര്‍(സ) പറയുന്നു (നിങ്ങളുടെ സഹോദരന്മാര്‍ നിങ്ങള്‍ക്ക് സേവകരാണ്. അല്ലാഹുവാണ് അവരെ നിങ്ങള്‍ക്ക് കീഴില്‍ ആക്കിയത്. ആര്‍ക്കെങ്കിലും കീഴില്‍ അടിമകളുണ്ടെങ്കില്‍ അവന്‍ തിന്നുന്നതില്‍ നിന്ന് അവരെ തീറ്റുകയും അവര്‍ ഉടുക്കുന്നതില്‍ നിന്ന് അവരെ ഉടുപ്പിക്കുകയും ചെയ്യട്ടെ. അവര്‍ക്ക് കഴിയാത്ത ചുമതലകള്‍ നിങ്ങള്‍ അവരെ ഏല്‍പിക്കാതിരിക്കട്ടെ. അവരെ ഏല്‍പിക്കുന്ന കാര്യങ്ങളില്‍ നിങ്ങളവരെ സഹായിക്കുകയും ചെയ്യുക). അടിമയെയും ഉടമയെയും ഒരേ പദവിയില്‍ വെക്കുകയാണ് തിരുമേനി(സ) ഇവിടെ ചെയ്തിരിക്കുന്നത്. പരസ്പരം സഹോദരന്മാരാണ് അവരെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും അടിമയും ഉടമയും തുല്യരായിരിക്കണമെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. സമത്വത്തിന്റെ ഏറ്റവും മനോഹരമായ അനുഭവങ്ങള്‍ ഇസ്ലാം ലോകത്തിന് പകര്‍ന്ന് നല്‍കുകയുണ്ടായി. ഖലീഫ ഉമര്‍ ബിന്‍ ഖത്ത്വാബ്(റ) ഖുദ്‌സ് കീഴടക്കാന്‍ വന്നപ്പോള്‍ കൂടെ അബൂഉബൈദതുല്‍ ജര്‍റാഹ് കൂടിയുണ്ടായിരുന്നു. തന്റെ ഒട്ടകത്തിന് വെള്ളം കൊടുക്കാനായി പുഴക്കരയിലെത്തിയ ഉമര്‍ വാഹനപ്പുറത്ത് നിന്ന് ഇറങ്ങി, ചെരുപ്പ് ഊരി കക്ഷത്ത് വെച്ച്, ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ച് വെള്ളം കുടിപ്പിച്ചു. ഇതു കണ്ട അബൂഉബൈദ പറഞ്ഞുവത്രെ ‘അമീറുല്‍ മുഅ്മിനീന്‍, താങ്കളിത് ചെയ്യുകയോ, താങ്കള്‍ ഞങഅങളുടെ നായകനല്ലേ, ഈ നാട്ടുകള്‍ താങ്കളെ ആദരിക്കുന്നത് കാണാനാണ് എനിക്കിഷ്ടം. ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു ‘അബൂഉബൈദ, താങ്കളല്ലായിരുന്നു ഇത് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ ശക്തമായി ശിക്ഷിച്ചിരുന്നേനെ. നാം നിന്ദിതരായ സമൂഹമായിരുന്നു. അല്ലാഹു നമുക്ക് ഇസ്ലാം കൊണ്ട് പ്രതാപം നല്‍കുകയുണ്ടായി. അല്ലാഹു നമുക്ക് പ്രതാപം നല്‍കിയ മാര്‍ഗത്തിലൂടെയല്ലാതെ പ്രതാപം തേടുന്ന പക്ഷം നാം നിന്ദിതരായിത്തീരുന്നതാണ്’.

ഇസ്ലാം അടിമത്വവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രായോഗിക ചികിത്സയാണ് ഇത്. അടിമകള്‍ക്ക് മാനസികമായ ഔന്നത്യം നേടിയെടുക്കുന്നതിനായി ഒരു നിശ്ചിത ഘട്ടം അടിമത്വത്തെ നിലനിര്‍ത്തുകയും അടിമകളുടെ സ്ഥാനം ഉയര്‍ത്തുകയുമാണ് ഇസ്ലാം ചെയ്തത്. ഭൂമിയില്‍ അടിമകളാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ വേണ്ടിയാണ് ഇസ്ലാം വന്നതെന്ന കാര്യം നാം വിസ്മരിക്കരുത്. ആത്മീയവും മാനസികവുമായ മോചനം നല്‍കിയതിന് ശേഷമാണ് പ്രായോഗികമായ സ്വാതന്ത്ര്യം നല്‍കേണ്ടത് എന്ന കാഴ്ചപ്പാടാണ് ഇസ്ലാം ഇക്കാര്യത്തില്‍ പുലര്‍ത്തിയത്. അതിന്റെ ഏറ്റവും അവസാനഘട്ടമായാണ് അബദ്ധത്തില്‍ കൊല ചെയ്തവനും, ശപഥം ലംഘിച്ചവനും, ഭാര്യയെ ഉമ്മയ്ക്ക് തുല്യമെന്ന് പറഞ്ഞവനുമെല്ലാം പ്രായശ്ചിത്തമായി അടിമമോചനം നിര്‍ബന്ധമാക്കിയത്. കൂടാതെ അടിമകളെ മോചിപ്പിക്കുകയെന്നത് ഐഛികമായി ചെയ്യേണ്ട പുണ്യകര്‍മമാണെന്ന് കൂടി വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കി. (എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല, മലമ്പാത ഏതെന്ന് നിനക്കെന്തറിയാം? അത് അടിമയുടെ മോചനമാണ്). അല്‍ബലദ് 11-13

ഉടമക്ക് സമ്പത്ത് കൊടുക്കാമെന്ന വ്യവസ്ഥയില്‍ അടിമ കരാറെഴുതാന്‍ വന്നാല്‍ അപ്രകാരം ചെയ്യണമെന്ന് കൂടി ഖുര്‍ആന്‍ കല്‍പിച്ചു. അടിമസ്ത്രീ യജമാനനാല്‍ ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്യുന്നതോടെ അവളെ വില്‍ക്കാന്‍ അദ്ദേഹത്തിന് അവകാശമില്ലാതെ വരികയും കുഞ്ഞ് സ്വതന്ത്രനാവുകയും ചെയ്യുന്നു. ഇപ്രകാരം അടിമത്വമെന്ന സംവിധാനത്തെ പ്രായോഗിക ലോകത്ത് നിന്ന് തുടച്ച് നീക്കാനുള്ള തീര്‍ത്തും ആസൂത്രിതവും, വ്യവസ്ഥാപിതവുമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇസ്ലാം ചെയ്തത്.

About super user

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *