ഇസ്ലാം അപരിചിതമാവുന്ന കാലം -2

ഇസ്ലാമിക സന്ദേശം ജീവിതത്തില്‍ പകര്‍ത്തുകയും, മറ്റുള്ളവര്‍ക്ക് എത്തിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് വരുംകാലത്തുണ്ടാകുന്ന ദൗര്‍ലഭ്യതയെയും ക്ഷാമത്തെയും

കുറിക്കുന്നതാണ് ‘അപരിചിതത്വ’ത്തെക്കുറിക്കുന്ന പ്രവാചകവചനം. വ്യക്തികളുടെ കാര്യത്തിലെന്ന പോലെ തന്നെ തത്വങ്ങളുടെയും സിദ്ധാന്തങ്ങളുടെയും വിഷയത്തിലും ഈ അപരിചിതത്വവും, ക്ഷാമവും സംഭവിക്കുന്നതാണ്.

തിരുമേനി(സ) കൊണ്ട് വന്ന സന്ദേശത്തെ മക്കാനിവാസികള്‍ അതിശക്തവും, കഠിനവുമായ രീതിയില്‍ നേരിട്ടത് പ്രസ്തുത സന്ദേശം അവര്‍ക്ക് പരിചിതമായിരുന്ന ബഹുദൈവ വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു എന്നതിനാലാണ്. തിരുമേനി(സ) സമര്‍പിച്ച ഏകദൈവ വിശ്വാസവും പുനരുത്ഥാനവുമെല്ലാം അവരെ വിറളി പിടിപ്പിക്കുകയാണ് ചെയ്തത്. (”ഇവന്‍ സകല ദൈവങ്ങളെയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കയാണോ? എങ്കിലിത് വല്ലാത്തൊരു വിസ്മയകരമായ കാര്യം തന്നെ!”). സ്വാദ് 5. (അവര്‍ ചോദിക്കാറുണ്ടായിരുന്നു; ”ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?). അല്‍വാഖിഅഃ 47

മാനവജീവിതവുമായി ബന്ധപ്പെട്ട് ഇസ്ലാം ആവിഷ്‌കരിച്ച എല്ലാ ധാര്‍മിക-സാമൂഹിക തത്വങ്ങളും ഈയര്‍ത്ഥത്തില്‍ പ്രഥമമായി കേള്‍ക്കുന്നവരെ അല്‍ഭുതപ്പെടുത്തുന്നവ തന്നെയായിരുന്നു. പിന്നീട് അവര്‍ അതേക്കുറിച്ച് ചിന്തിക്കുകയും, അവ ആശ്ലേഷിക്കുകയും ചെയ്തു. കാരണം മറ്റ് പ്രത്യയശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും പരാജയപ്പെട്ട മനുഷ്യന്റെ ആദരണീയത സംരക്ഷിക്കുക, അവന് സന്തോഷം സാക്ഷാല്‍ക്കരിച്ച് കൊടുക്കുക തുടങ്ങിയ അടിസ്ഥാന ദൗത്യങ്ങളില്‍ വിജയം വരിക്കാന്‍ ഇസ്ലാമിന് സാധിക്കുകയുണ്ടായി.

ഏകനായ ദൈവത്തെ ആരാധിക്കുകയും, സ്തുതിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ ലോകത്തിന്റെ വിവിധ കോണുകളില്‍ സൃഷ്ടിച്ച ഇസ്ലാമിനെതിരെ ശക്തമായ ആക്രമണങ്ങളും പ്രചരണങ്ങളുമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യന് സന്തോഷം സമ്മാനിക്കാനെന്ന പേരില്‍ പല തത്വങ്ങളും സിദ്ധാന്തങ്ങളും ലോകത്ത് രംഗപ്രവേശം നടത്തുകയും ചെയ്തിരിക്കുന്നു. സന്തോഷത്തിന്റെ ആത്മീയ വശത്ത് നിന്ന് ജനങ്ങളെ തിരിച്ച് വിട്ടു, അവരുടെ മനസ്സിനെയും ശരീരത്തെയും ഭൗതിക മാര്‍ഗങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്ന സമീപനമാണ് ഈ തത്വശാസ്ത്രങ്ങളത്രയും സ്വീകരിച്ചത്. ഇത്തരം പ്രലോഭനങ്ങള്‍ക്കും പ്രീണനങ്ങള്‍ക്കുമിടയില്‍ മതമൂല്യങ്ങളിലേക്കും ആത്മീയതയിലേക്കുമുള്ള ക്ഷണം തീര്‍ത്തും അപരിചിതമായി അനുഭവപ്പെടുന്നതാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറേബ്യന്‍ സമൂഹത്തില്‍ കടന്നുവന്നപ്പോള്‍ അനുഭവിച്ച അതേ അപരിചിതത്വമാണ് ഇന്ന് ലോകത്ത് ഇസ്ലാം അനുഭവിക്കുന്നത്.

കാലഘട്ടത്തിന് അനുയോജ്യമായ ഭാഷയിലും ശൈലിയിലും ഇസ്ലാമിന്റെ തത്വങ്ങളും സിദ്ധാന്തങ്ങളും ലോകത്തിന് മുമ്പില്‍ വിശദീകരിക്കുകയും എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ഇസ്ലാമിനെതിരായ ധൈഷണിക യുദ്ധത്തെ ചെറുത്ത് തോല്‍പിക്കുകയും ചെയ്യുകയെന്നതാണ് ഈ സന്ദര്‍ഭത്തിലെ ഏറ്റവും വലിയ ജിഹാദ്.

എന്തുതന്നെ സംഭവിച്ചാലും അന്തിമ വിജയം സത്യത്തിന് തന്നെയായിരിക്കും. കാരണം അല്ലാഹു സത്യമാണ്. ഇസ്ലാം സത്യദര്‍ശനമാണ്. വിജയം പരലോകത്ത് ഉടനെ ലഭിച്ചില്ലെങ്കില്‍, അല്‍പം വൈകി പരലോകത്ത് ലഭിക്കുക തന്നെ ചെയ്യുന്നതാണ്. കാരണം അല്ലാഹുവിന്റെ നീതിയുടെ ഭാഗമാണത്. അവന്റെ വാഗ്ദാനം സത്യസന്ധമായി പുലരുമെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍. (സത്യവിശ്വാസികളെ സഹായിക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്) -അര്‍റൂം 47-, (തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ) -അല്‍ഹജ്ജ് 40-, തുടങ്ങിയവ ഉദാഹരണം.

ഇസ്ലാമിന്റെ ആദ്യകാലത്ത് വിജയം സാക്ഷാല്‍ക്കരിക്കപ്പെടുകയുണ്ടായി. കാരണം അല്ലാഹുവിന്റെ ദീന്‍ ശരിയായ വിധത്തില്‍ മുറുകെ പിടിക്കാന്‍ ആദ്യകാല വിശ്വാസികള്‍ തയ്യാറായി. വിശ്വാസിക ദൈവിക ദീനിനെ സഹായിക്കുന്ന പക്ഷം അല്ലാഹുവിന്റെ വാഗ്ദാനം അവര്‍ക്ക് മേല്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് തന്നെയാണ്. കാരണം അല്ലാഹു ഒരിക്കലും അവന്റെ കരാര്‍ ലംഘിക്കുകയില്ല.

ഇസ്ലാമിന്റെ ശത്രു തക്കംപാര്‍ത്ത് പതുങ്ങിയിരിക്കുകയാണ്. ഇസ്ലാമിന്റെ തിരിച്ച് വരവാണ് അതിനെ ഭയപ്പെടുത്തുന്നത്. എല്ലാ ആയുധങ്ങളും മാര്‍ഗങ്ങളും ഉപയോഗിച്ച് അവര്‍ ഇസ്ലാമിനെതിരെ യുദ്ധം ചെയ്യുന്നതാണ്.

About abdurahman dusairi

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *