ifhjges

ഇസ്ലാം എന്തുകൊണ്ട് സെക്യുലറിസത്തെ എതിര്‍ക്കുന്നു?

അല്ലാഹുവിന്റെ ദൂതരുടെ വചനം സത്യസന്ധമായി പുലര്‍ന്നിരിക്കുന്നു (ഇസ്ലാം അപരിചിതമായാണ് ഉല്‍ഭവിച്ചത്. അപ്രകാരം അപരിചിതമായി അത് മടങ്ങുകയും ചെയ്യുന്നതാണ്. അപ്പോള്‍ ഇസ്ലാം മുറുകെ പിടിക്കുന്നവര്‍ക്ക് മംഗളം). തിരുമേനി(സ) പ്രവചിച്ച അപരിചിതത്വം പുലര്‍ന്നിരിക്കുന്ന ലോകമാണ് നിലവിലുള്ളത്.

ഇസ്ലാമാസ്ലേശണത്തിന്റെ പേരില്‍ പീഢനമനുഭവിച്ചിരുന്ന യാസിര്‍ കുടുംബവും, ബിലാലുമെല്ലാം പുനര്‍ജനിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥന്‍ കൈസറല്ല അല്ലാഹുവാണ്, നിയമനിര്‍മാണാവകാശം മനുഷ്യര്‍ക്കല്ല അല്ലാഹുവിന് മാത്രമാണ് എന്ന് വിളിച്ച് പറയാന്‍ നെഞ്ചുറപ്പുള്ളവര്‍ തുലോംതുഛമാണ്. ഇസ്ലാമിന്റെ ഭൂമിയില്‍ നിന്ന് ഇസ്ലാമിന്റെ പതാക അപ്രത്യക്ഷമാവുകയും പകരം സെക്യുലറിസ്റ്റ് വ്യവസ്ഥ അവിടം ഭരണം നടത്തുകയും ചെയ്യുന്നു. എന്നല്ല വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ച് ഭരണം നടത്തണമെന്ന് ആവശ്യപ്പെടുന്നത് മുസ്ലിം രാഷ്ട്രങ്ങളില്‍ പോലും കുറ്റകൃത്യമായി ഗണിക്കുക കൂടി ചെയ്യുന്നു.
ഇസ്ലാമിന്റെ പല അടിസ്ഥാനങ്ങളും വിശ്വാസങ്ങളും ജനങ്ങളില്‍ നിന്നും അപരിചിമായിരിക്കുന്നു എന്നതാണ് ഈയൊരു ദുരവസ്ഥ രൂപപ്പെടുന്നതിന് വഴിയൊരുക്കിയത്. അല്ലാഹുവിന്റെ നിയമങ്ങളനുസരിച്ച് വിധി കല്‍പിക്കുകയെന്നത് ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ഭാഗമാണെന്ന കാര്യം വിസ്മരിച്ചത് ഏറ്റവും വലിയ ദുരന്തമാണ്. അല്ലാഹുവല്ലാത്തവര്‍ക്ക് നിയമം നിര്‍മിക്കാനും, അത്തരം നിയമങ്ങള്‍ കൊണ്ട് വിധി കല്‍പിക്കാനുമുള്ള അവകാശം വകവെച്ച് നല്‍കുന്നത് ശിര്‍ക്ക് അഥവാ ബഹുദൈവത്വമാണെന്ന യാഥാര്‍ത്ഥ്യം നിലവിലുള്ള മുസ്ലിം ഉമ്മത്ത് വിസ്മരിച്ചിരിക്കുന്നു.
ഈയവസരത്തില്‍ സെക്യുലറിസം ജനങ്ങളില്‍ നിന്ന് പൊതുവായും മുസ്ലിംകളില്‍ നിന്ന് പ്രത്യേകമായും മറച്ചുവെക്കുകയും അതുമുഖേനെ മുസ്ലിം ഹൃദയത്തില്‍ പുനര്‍ജനിക്കാമെന്ന് മോഹിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ മുഖം വ്യക്തമാക്കുകയെന്നത് വിശ്വാസിയുടെ ഉത്തരവാദിത്തമാണ്. ശിര്‍ക്കില്‍ നിന്ന് മുക്തമായ, തീര്‍ത്തും വിശുദ്ധമായ സന്ദേശം മാനവകുലത്തിന് സമര്‍പിക്കുന്ന ഇസ്ലാമിക ദര്‍ശനത്തിലേക്ക് കടന്ന് കയറുന്നത് വഴി ലോകത്ത് ആധിപത്യം പുലര്‍ത്താന്‍ സാധിക്കുമെന്ന തിരിച്ചറിവാണ് ഈ ഉദ്യമത്തിന് സെക്യുലറിസത്തിന്റെ വക്താക്കളെ പ്രേരിപ്പിച്ചത്.
മതനിരാസം പ്രചരിപ്പിച്ച് ഇസ്ലാമിന്റെ കഥകഴിക്കാനാണ് ശത്രുക്കള്‍ ആദ്യം ശ്രമിച്ചത്. പ്രസ്തുത ഉദ്യമം പരാജയപ്പെട്ടപ്പോഴാണ് പുനരാലോചനക്ക് ശേഷം ഏറ്റവും വൃത്തികെട്ട മാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇസ്ലാമിന്റെ നിറവും മണവുമുള്ള സാമൂഹ്യസംവിധാനങ്ങള്‍ക്ക് രൂപം നല്‍കുക എന്നതായിരുന്നു പ്രസ്തുത തന്ത്രം. മതത്തെ പൂര്‍ണമായി നിരാകരിക്കുന്നതിന് പകരം, താത്വികമായി വിശ്വാസമെന്ന നിലയില്‍ അതിനെ അംഗീകരിക്കുകയും, കേവലം ആരാധനകളിലും പള്ളികളിലും അതിനെ പരിമിതപ്പെടുത്തുകയും ചെയ്തു അവര്‍. അവയ്ക്കപ്പുറം ജീവിതത്തിന്റെ നിര്‍ണായകമായ മേഖലകളില്‍ മതത്തിന് യാതൊരു പങ്കുമില്ലെന്ന് വരുത്തിത്തീര്‍ക്കുകയും അവരതില്‍ വിജയം വരിക്കുകയും ചെയ്തു.
മഹാഭൂരിപക്ഷം മുസ്ലിംകള്‍ക്കും സെക്യുലറിസത്തിന്റെ യഥാര്‍ത്ഥ മുഖം അറിയില്ല എന്നത് കൊണ്ട് തന്നെ അവ തുറന്ന് കാണിക്കുകയെന്ന ഉത്തരവാദിത്തം നമുക്കാണുള്ളത്. സെക്യുലര്‍ എന്നാല്‍ ഭൗതികം എന്നാണ് അര്‍ത്ഥം. മതവുമായി ബന്ധമില്ലാത്തത് എന്ന അര്‍ത്ഥത്തിലാണ് പ്രസ്തുത പദം സാധാരണയായി പ്രയോഗിക്കാറുള്ളത്. ബ്രിട്ടീഷ് എന്‍സൈക്ലോപീഡിയയില്‍ സെക്യുലറിസത്തെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ് (പരലോകത്തിന് പ്രാമുഖ്യം നല്‍കുന്നതില്‍ നിന്ന് ഇഹലോകകാര്യങ്ങള്‍ക്ക് മാത്രം പരിഗണന നല്‍കുന്നതിലേക്ക് ജനങ്ങളെ തിരിച്ച് വിടുന്നതിനായി രൂപം കൊണ്ട് സാമൂഹിക പ്രസ്ഥാനമാണ് സെക്യുലറിസം). ഈയര്‍ത്ഥത്തില്‍ സെക്യുലറിസം എന്നാല്‍ ജീവിതത്തില്‍ നിന്ന് മതത്തെ അടര്‍ത്തിയെടുക്കുക, വേര്‍പെടുത്തുക എന്നൊക്കെയാണ് അര്‍ത്ഥം. മതരഹിതമായ അടിത്തറയില്‍ ജീവിതത്തെ കെട്ടിപ്പടുക്കുക എന്നതാണ് സെക്യുലറിസം ലക്ഷ്യമാക്കുന്നത് എന്ന് വ്യക്തം. ലോകത്ത് ആധിപത്യം നേടുന്നതില്‍ നിന്ന് വിശ്വാസികളെ അകറ്റി കേവലം ചില ആരാധനകളിലും പള്ളികളിലും മാത്രം അവരെ തളച്ചിടുകയെന്നതാണ് സെക്യുലറിസം ലക്ഷ്യം വെച്ചത്. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-ധാര്‍മിക-നിയമ മേഖലകളില്‍ മതത്തിന് യാതൊരു പങ്കുമില്ലെന്ന് സെക്യുലറിസം സിദ്ധാന്തിച്ചത് പ്രസ്തുത ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടിയായിരുന്നു.
സെക്യുലര്‍ രാഷ്ട്രത്തില്‍ മതം കേവലം വ്യക്തിയും അവന്റെ സ്രഷ്ടാവും തമ്മിലുള്ള രഹസ്യബന്ധം മാത്രമാണ്. അതിലുപരിയായി അവന്റെ കര്‍മത്തിലോ, വാക്കുകളിലോ, മറ്റു ജീവിത മേഖലകളിലോ അത് ഒരു നിലക്കും ഇടപെടാന്‍ പാടില്ല എന്നതാണ് സെക്യുലര്‍ നിയമം! ‘സീസര്‍ക്കുള്ളത് സീസര്‍ക്ക്, ദൈവത്തിനുള്ളത് ദൈവത്തിന്’ എന്ന പാശ്ചാത്യ ക്രൈസ്തവ വിശ്വാസ സങ്കല്‍പമാണ് സെക്യുലറിസത്തിന് പ്രത്യയശാസ്ത്രപരമായ നിലമൊരുക്കിയത്. ക്രൈസ്തവ റോമിന്റെ സ്വേഛാധിപത്യത്തിന് കീഴില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ വിശ്വാസത്തെ ഏതാനും ചില ആചാരങ്ങളിലൊതുക്കി, മറ്റു ജീവിത മേഖലകളെ ചര്‍ച്ചിന്റെ അധികാരത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രസ്തുത തന്ത്രം ആവിഷ്‌കരിച്ചത്. അതുകൊണ്ട് തന്നെ പാശ്ചാത്യ സമൂഹത്തില്‍ അവ വളരെ വേഗത്തില്‍ വേരൂന്നുകയും പടര്‍ന്ന് പിടിക്കുകയും ചെയ്തു. പിന്നീട് ആധുനിക കാലഘട്ടത്തില്‍ സെക്യുലറിസം ഉദയം ചെയ്തപ്പോള്‍ അതിന്റെ ആശയം നടപ്പിലാക്കാന്‍ അനുയായികള്‍ക്ക് കൂടുതല്‍ അധ്വാനിക്കേണ്ടി വന്നില്ല. പാശ്ചാത്യ ക്രൈസ്തവ സമൂഹം ഉഴുത ഭൂമിയില്‍ വിത്തെറിയുകയാണ് സെക്യുലറിസം ചെയ്തതെന്ന് ചുരുക്കം.
നിയമനിര്‍മാണത്തിനുള്ള അധികാരം രാഷ്ട്രത്തിന് അഥവാ രാഷ്ട്രനേതാവിനോ, പാര്‍ലിമെന്റിനോ വകവെച്ച് കൊടുക്കുന്നു എന്നതാണ് സെക്യുലറിസം ഇസ്ലാമിനോട് വിയോജിക്കുന്ന മറ്റൊരു ഘടകം. മനുഷ്യര്‍ക്കാവശ്യമായ നിയമം ന്യൂനത നിറഞ്ഞ ദുര്‍ബലരായ മനുഷ്യരല്ല, അവരെ സൃഷ്ടിച്ച ഭാവിയും ഭൂതവും വര്‍ത്തമാനവും അറിയുന്ന അല്ലാഹുവാണ് നിര്‍മിക്കേണ്ടത് എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു.

About azeez muhammad abu kalaf

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *