gfhgfg

ഇസ്ലാം വെറുപ്പിന്റെ പ്രത്യയശാസ്ത്രമോ?

ചിലയാളുകള്‍ ചോദിക്കാറുണ്ട് (സാമൂഹിക സമാധാനവും, ഐക്യവും ഉല്‍ഘോഷിക്കുന്ന, ജനങ്ങള്‍ പരസ്പരം നന്മയില്‍ ഉപദേശിക്കണമെന്ന് പഠിക്കുന്ന കാരുണ്യത്തിന്റെ നിറകുടമാണ് ഇസ്ലാമെന്ന് നിങ്ങള്‍ പറയുന്നു. വിശുദ്ധ വചനം പ്രവാചകന്‍ മുഹമ്മദിനെ പരിചയപ്പെടുന്നത് ‘നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പരനും വിശ്വാസികളോട് ഏറെ കരുണയും ദയയുമുള്ളവനുമാണ്’ -അത്തൗബ 128- എന്നാണ്.
മക്കാവിജയ വേളയില്‍ മുന്‍കാലത്ത് തന്നെ ഉപദ്രവിക്കുകയും ദ്രോഹിക്കുകയും ചെയ്തവര്‍ക്ക് തിരുമേനി(സ) മാപ്പരുളുകയും അവര്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തുവെന്നും പറയുന്ന നിങ്ങളുടെ തന്നെ ഏതാനും ചില വേദവചനങ്ങള്‍ പരസ്പരം വെറുപ്പും വിദ്വേഷവും പകരുന്നതും, അതിന് വേണ്ടി പ്രോല്‍സാഹിപ്പിക്കുന്നതുമാണ് എന്നതാണ് വസ്തുത. അല്ലാഹു പറയുന്നു (നോക്കൂ, നിങ്ങളുടെ സ്ഥിതി: നിങ്ങളവരെ സ്‌നേഹിക്കുന്നു. അവരോ നിങ്ങളെ സ്‌നേഹിക്കുന്നില്ല) ആലുഇംറാന്‍ 119. മറ്റൊരു ദൈവികവചനം ഇപ്രകാരമാണ് (തീര്‍ച്ചയായും ഇബ്‌റാഹീമിലും അദ്ദേഹത്തോടൊപ്പമുള്ളവരിലും നിങ്ങള്‍ക്ക് മഹിതമായ മാതൃകയുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇവ്വിധം പറഞ്ഞ സന്ദര്‍ഭം: ‘നിങ്ങളുമായോ അല്ലാഹുവെ വെടിഞ്ഞ് നിങ്ങള്‍ ആരാധിക്കുന്നവയുമായോ ഞങ്ങള്‍ക്കൊരു ബന്ധവുമില്ല. ഞങ്ങള്‍ നിങ്ങളെ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നത് വരെ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വെറുപ്പും വിരോധവും പ്രകടമത്രെ’). അല്‍മുംതഹനഃ 4
തീര്‍ച്ചയായും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രമാണ് ഇസ്ലാം എന്ന സന്ദേശമാണ് ഈ വചനങ്ങള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ ആഗോള സമൂഹങ്ങളോട് ചേര്‍ന്ന് ഇടപഴകി ജീവിക്കാന്‍ മുസ്ലിംകള്‍ക്ക് സാധിക്കുകയില്ല.
അമേരിക്കയുടെയും യൂറോപിന്റെയും ജൂതരുടെയും നേതൃത്വത്തില്‍ ഇസ്ലാമിനെതിരെ അഴിച്ച് വിട്ടുകൊണ്ടിരിക്കുന്ന ആരോപണങ്ങളില്‍ സുപ്രധാനമാണ് മേലുദ്ധരിച്ചത്. അവരുടെ നാടുകളില്‍ ജീവിക്കുന്ന മുസ്ലിംകള്‍ പോലും ഈ ആരോപണത്താല്‍ സ്വാധീനിക്കപ്പെടുന്നുവെന്നതാണ് കൂടുതല്‍ ദുഖകരം. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍, എംബസികള്‍, വിദേശകാര്യ മന്ത്രാലയം പോലുള്ള ഉന്നത മേഖലകളില്‍ ജോലി ചെയ്യുന്ന സംസ്‌കാര സമ്പന്നര്‍ പോലും ഇതിന് വിധേയപ്പെടുന്നതായി നമുക്ക് കാണാവുന്നതാണ്. കാരണം അവര്‍ക്ക് ഇസ്ലാമിനെ ശരിക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന ഏതാനും ചില ആരോപണങ്ങള്‍ മാത്രമാണ് ഇസ്ലാമിനെക്കുറിച്ച അവരുടെ ആകെയുള്ള അറിവ്. ഇക്കാലഘട്ടത്തില്‍ മുസ്ലിം ഉമ്മത്ത് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്. ഇസ്ലാമിന്റെ പേരില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുകയും ഇസ്ലാമിക സംസ്‌കാരത്തെക്കുറിച്ച് പ്രാഥമിക പരിജ്ഞാനം പോലുമില്ലാതിരിക്കുകയും ചെയ്യുന്നവര്‍ അവരിലുണ്ട്.
സ്‌നേഹത്തിന്റെയും ദയയുടെയും പരസ്പര സഹകരണത്തിന്റെയും സംസ്‌കാരമാണ് ഇസ്ലാം പകര്‍ന്ന് നല്‍കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ നിക്ഷ്പക്ഷമായി വായിക്കുന്നു ഏതൊരാള്‍ക്കും മനസ്സിലാകുന്നതാണ്. ദൈവികവചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വായിക്കുന്നതിന് പകരം പരസ്പരം ചേര്‍ത്ത് വായിക്കണമെന്ന് മാത്രം.
വിശ്വാസത്തിന് നേര്‍വിപരീതമാണ് നിഷേധം എന്ന് തന്നെയാണ് ഇസ്ലാമിന്റെ വീക്ഷണം. വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം ഉച്ചൈസ്ഥരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് (പറയുക: അല്ലയോ സത്യനിഷേധികളെ, നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍. നിങ്ങള്‍ ആരാധിക്കുന്നവെ ആരാധിക്കുന്നവനല്ല ഞാന്‍. ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം). അല്‍കാഫിറൂന്‍ 1-6
എന്നാല്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ വേര്‍തിരിവ് പരസ്പരം വെറുപ്പിനും വിദ്വേഷത്തിനുമുള്ള കാരണമാക്കി ഇസ്ലാം മാറ്റിയിട്ടില്ല. തങ്ങളില്‍ നിന്ന് തന്നെയുള്ളവരെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നത് ശരി തന്നെയാണ്. ഇത് വെറുപ്പിന്റെ തത്വശാസ്ത്രത്തെ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നയപ്രഖ്യാപനമല്ല. കൂടെ നിന്ന് ഇസ്ലാമിക സമൂഹത്തിന് ദോഷം ചെയ്യുന്ന, ചാരപ്പണി നടത്തുന്നവരെ അകറ്റി നിര്‍ത്തണമെന്ന കല്‍പന മാത്രമാണ് ഖുര്‍ആന്‍ നല്‍കുന്നത്.
സോവിയറ്റ് യൂണിയനില്‍ അമേരിക്കക്ക് വേണ്ടി ചാരപ്പണി നടത്തിയ ഒരാള്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടിയത്രെ! സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് അദ്ദേഹം എത്തിയിരുന്നു. താങ്കളെന്ത് ചെയ്യുകയായിരുന്നു എന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഇവിടെ ഒന്നിലേറെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ അവരില്‍ ഏറ്റവും മോശപ്പെട്ടയാളെ എങ്ങനെയെങ്കിലും നേതാവാക്കാനുള്ള ഉത്തരവാദിത്തമായിരുന്നു എനിക്കുണ്ടായിരുന്നത് എന്നാണ് മറുപടി പറഞ്ഞത്.
ഇസ്ലാമേതര വിഭാഗത്തില്‍പെട്ടവര്‍ എന്നതല്ല അവരെ സ്വീകരിക്കാതിരിക്കാനുള്ള കാരണം, അവര്‍ സമൂഹത്തിന് ദോഷം ചെയ്യുന്നവരാണ് എന്നത് കൊണ്ടുള്ള സമീപനം മാത്രമാണ് അതെന്ന് കൂടി ഖുര്‍ആന്‍ -ആലുഇംറാന്‍ 118- വ്യക്തമാക്കിയിട്ടുണ്ട്. വാള്‍ത്തല കൊണ്ട് മുസ്ലിം ഉമ്മിത്തിനെ നേരിടുന്ന ഒരു ജനതയെ ഉറ്റമിത്രമാക്കരുത് എന്ന് പറയുന്നതില്‍ എന്ത് തെറ്റാണുള്ളത്? അവരെ സ്‌നേഹിച്ച് സ്വന്തം സഹോദരന്മാരെ പരിഗണിച്ച് ഒന്നിച്ച് ജീവിക്കണമെന്ന് ആരാണ് അഭിപ്രായപ്പെടുക? പ്രസ്തുത വചനത്തിന്റെ ബാക്കി ഭാഗം കൂടി വായിക്കുന്ന ഒരാള്‍ക്ക്  കാര്യം കൂടുതല്‍ വ്യക്തമാകുന്നതാണ് (നിങ്ങള്‍ എല്ലാ വേദങ്ങളിലും വിശ്വസിക്കുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും ‘ഞങ്ങളും വിശ്വസിച്ചിരിക്കുന്നു. നിങ്ങളില്‍ നിന്ന് പിരിഞ്ഞ് പോയാലോ നിങ്ങളോടുള്ള കോപം കാരണം അവര്‍ വിരല്‍ കടിക്കുന്നു. പറയുക : നിങ്ങള്‍ നിങ്ങളുടെ വിദ്വേഷവുമായി മരിച്ചുകൊള്ളുക. മനസ്സുകളിലുള്ളതൊക്കെയും അല്ലാഹു നന്നായി അറിയുന്നുണ്ട്). ആലുഇംറാന്‍ 119

About hazim salah abu-ismail

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *