8798

ഇസ്ലാം വികാരങ്ങള്‍ അടിച്ചമര്‍ത്തുന്നുവോ? -2

പ്രകൃതിപരമായ ചോദനകളെ നിയന്ത്രിക്കുന്നതിനെ ഒരിക്കലും ‘അടിച്ചമര്‍ത്ത’ലെന്ന് വിശേഷിപ്പിക്കാവതല്ല. മറിച്ച് പ്രസ്തുത ചോദനകളെ മ്ലേഛമായി കാണുകയോ, സമീപിക്കുകയോ ചെയ്യുന്നതില്‍ നിന്നാണ്

‘അടിച്ചമര്‍ത്തുക’യെന്ന തലം രൂപപ്പെടുന്നത്. മനുഷ്യന്‍ അവനും അവന്റെ ആഗ്രഹവും തമ്മിലുള്ള ബന്ധത്തെ അറുത്ത് മുറിക്കുകയെന്നതാണ് അതിന്റെ ഫലം. വികാരങ്ങള്‍ പൂര്‍ത്തീകരിച്ചത് കൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുമില്ല. കാരണം തനിക്ക് യോജിക്കാത്ത മ്ലേഛവൃത്തിയാണ് ചെയ്യുന്നതെന്ന ബോധത്തോടെ പ്രകൃതിപരമായ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചത് കൊണ്ട് അതിനോടുള്ള അസ്പൃശ്യത അവസാനിക്കുന്നില്ല. പ്രസ്തുത പ്രവൃത്തി ഇരുപത് തവണ ആവര്‍ത്തിച്ചാല്‍ പോലും അതിനോടുള്ള വെറുപ്പ് അയാളില്‍ നിന്ന് നീങ്ങുകയില്ല. മാത്രവുമല്ല, മ്ലേഛമെന്ന് വിധിയെഴുതിയ പ്രവൃത്തിയിലേര്‍പെടുന്ന ഓരോ തവണയും പ്രസ്തുത വ്യക്തി അതികഠിനമായ മാനസിക സംഘര്‍ഷത്തിന് വിധേയമാവുകയും ചെയ്യുന്നു. മാനസികവമായ വൈകല്യങ്ങള്‍ക്കും, പിരിമുറുക്കങ്ങള്‍ക്കും കാരണമാകുന്നതാണ് വൈരുദ്ധ്യാത്മകമായ ഈ സമീപനം.
ജീവിതകാലം മുഴുവന്‍ മനശ്ശാസ്ത്രം കൈകാര്യം ചെയ്യുകയും അതേക്കുറിച്ച് പഠനം നടത്തുകയും ചെയ്ത ഫ്രോയ്ഡ് പോലും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. മനുഷ്യന്റെ ചോദനകളെയും ആഗ്രഹങ്ങളെയും അടിച്ചമര്‍ത്തുന്നുവെന്ന പേരില്‍ മതത്തിനെതിരെ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞ ചിന്തകനായിരുന്നു അയാള്‍. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ് (പ്രകൃതിപരമായ ഒരു ആഗ്രഹം പൂര്‍ത്തീകരിക്കാതിരിക്കുന്നതും, അതിനോട് മനസ്സാ വെറുപ്പ് തോന്നുന്നതും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്.
അതായത് മനുഷ്യചോദനകളെ ഇസ്ലാം നിയന്ത്രിക്കുകയും, അവയ്ക്ക് കൃത്യമായ പരിധികള്‍ നിശ്ചയിക്കുകയും ചെയ്തത് ഒരിക്കലും അവ അടിച്ചമര്‍ത്തുന്നതിന് സമാനമല്ല എന്ന് വ്യക്തമാണ്. കാരണം അവയോട് വെറുപ്പ് തോന്നുകയും, അവയെ പാടെ നിരാകരിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തേതിന്റെ സ്വാഭാവികമായ ഫലം.
പ്രകൃതിപരമായ തേട്ടങ്ങളെ അംഗീകരിക്കുന്നതില്‍ ഇസ്ലാമിനേക്കാള്‍ വ്യക്തവും സുതാര്യവുമായ നിലപാടെടുത്ത ഒരു ദര്‍ശനവും ലോകത്തില്ല. അവയെക്കുറിച്ച് വിശുദ്ധവും പവിത്രവുമായ സങ്കല്‍പം സൃഷ്ടിക്കുക കൂടി ഇസ്ലാം ചെയ്തിരിക്കുന്നുവെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു (സ്ത്രീകള്‍, മക്കള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, കൃഷിയിടങ്ങള്‍ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു. അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗ വിഭവങ്ങളാണ്. എന്നാല്‍ ഏറ്റവും ഉത്തമമായ സങ്കേതം അല്ലാഹുവിങ്കലാകുന്നു). ആലുഇംറാന്‍ 14
ഭൂമിയിലെ ആഗ്രഹങ്ങളത്രെയും ഈ വചനത്തില്‍ അല്ലാഹു കോര്‍ത്തിണക്കിയിരിക്കുന്നു. അവ ജനങ്ങള്‍ക്ക് അലങ്കാരമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. പ്രസ്തുത കാര്യങ്ങള്‍ ആഗ്രഹിക്കുകയോ, കാംക്ഷിക്കുകയോ ചെയ്യുന്നത് പാപമല്ലെന്നും, അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടേണ്ടതല്ലെന്നും വ്യക്തമാക്കിയിരിക്കുന്നു.
എന്നാല്‍ ഈ ആഗ്രഹങ്ങള്‍ക്ക് അടിപ്പെടുകയും, അതിന് വേണ്ടി ജീവിതം ചെലവഴിക്കുകയും ചെയ്യുന്നത് ഇസ്ലാം വിലക്കിയിരിക്കുന്നു. കാരണം പ്രസ്തുത സാഹചര്യത്തില്‍ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടേക്കാവുന്നതാണ്. ജീവിതസുഖങ്ങള്‍ക്ക് മേല്‍ അടയിരുന്ന്, ഊര്‍ജ്ജം മുഴുവന്‍ അതിന് വേണ്ടി ചെലവഴിക്കുന്നവര്‍ക്ക് ഔന്നത്യത്തിലേക്ക് പറന്നുയരാന്‍ സാധിക്കുകയില്ലെന്നാണ് ഇസ്ലാം നിരീക്ഷിക്കുന്നത്. മാത്രവുമല്ല, മൃഗീയതയിലേക്ക് മനുഷ്യനെ തള്ളിവിടാനും മാനുഷിക മൂല്യങ്ങളെ ബലികഴിക്കാനും മാത്രമാണ് പ്രസ്തുത സമീപനം അവന് സഹായിക്കുകയുള്ളൂ.
മൃഗങ്ങളുടെ ലോകത്തേക്ക് മനുഷ്യര്‍ അധപതിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല എന്നതാണ് ശരി. എന്നാല്‍ ഇത് മനുഷ്യവികാരങ്ങള്‍ക്ക് കൂച്ചുവിലങ്ങെറിഞ്ഞ് കൊണ്ടോ, അവന്റെ താല്‍പര്യങ്ങളെ അടിച്ചമര്‍ത്തിയോ അല്ല. പ്രകൃതിപരമായ ചോദനകള്‍ വൃത്തികെട്ടതും, മ്ലേഛവുമാണെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുമില്ല. ജീവിതസുഖങ്ങള്‍ പൂര്‍ണമായും ബലികഴിച്ചാലെ വിശുദ്ധിയും ഔന്നത്യവും കടന്ന് വരികയുള്ളൂ എന്നും ഇസ്ലാം പ്രഖ്യാപിച്ചിട്ടില്ല.
പ്രകൃതിപരമായ ചോദനകളെ അംഗീകരിക്കുകയെന്നതാണ് മനുഷ്യമനസ്സിനോടുള്ള സമീപനത്തില്‍ ഇസ്ലാമിന്റെ രീതി. ബുദ്ധിപരമായി അംഗീകരിക്കാവുന്ന പരിധിയില്‍ നിന്ന് വികാരപൂര്‍ത്തീകരണങ്ങള്‍ അനുവദിച്ചിരിക്കുന്നു ഇസ്ലാം. വ്യക്തിക്കും സമൂഹത്തിനും ദോഷവും ഉപദ്രവവും സമ്മാനിക്കുന്ന വിധത്തില്‍ ചോദനകളെ സമീപിക്കുന്നതില്‍ നിന്ന് ഇസ്ലാം വിലക്കുകയും ചെയ്തിരിക്കുന്നു.
ശാരീരികമായ വികാരങ്ങള്‍ക്ക് അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ പരിഗണന നല്‍കുന്ന വ്യക്തി സ്വാഭാവികമായും അതിനടിപ്പെടുന്നു. അവന്റെ ആകെയുള്ള ചിന്തയും ആലോചനയും അതേക്കുറിച്ചാവുന്നു. ഒരിക്കലും വയറ് നിറക്കാത്ത, ദാഹം ശമിപ്പിക്കാത്ത വിഭവമായി ശാരീരികേഛകള്‍ അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് കൊണ്ടേയിരിക്കുന്നു.

About muhammed qutub

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *