1024x576

ഇസ്ലാം വികാരങ്ങളെ അടിച്ചമര്‍ത്തുന്നുവോ? -4

ശരീരത്തെ പട്ടിണി കിടത്തി, പീഢിപ്പിക്കുകയും, അതാഗ്രഹിക്കുന്ന വികാരങ്ങളില്‍ നിന്ന് തടയുകയും ചെയ്യുന്നത് എത്ര വലിയ കുറ്റകൃത്യമാണെന്ന് ചോദിച്ച്, ബഹളം വെക്കുന്ന ചില ബുദ്ധിജീവികളും

പുരോഗമനവാദികളുമുണ്ട്. വലിയൊരു കാര്യം കണ്ടെത്തിയ പ്രതീതിയിലാണ് അവരിത് അവതരിപ്പിക്കാറുള്ളത്. നിഷ്പ്രയോജനകരമായ, യാതൊരു ലക്ഷ്യവുമില്ലാത്ത, അബദ്ധജഢിലമായ കാര്യങ്ങളിലേക്ക് ഇസ്ലാം ജനങ്ങളെ ക്ഷണിക്കുന്നത് എന്നാണ് ഇവരുടെ പക്ഷം.
എന്നാല്‍ നിയന്ത്രണങ്ങളും പരിധികളുമില്ലാത്ത മനുഷ്യനെക്കുറിച്ച് നമുക്ക് ചിന്തിക്കാം. സ്വന്തം ഇഛകള്‍ക്കും വികാരങ്ങള്‍ക്കും തടയിടാന്‍ കഴിയാത്ത ഒരു ജീവിയെ എങ്ങനെയാണ് മനുഷ്യനെന്ന് വിളിക്കുക? തിന്മകള്‍ക്കെതിരെ ക്ഷമയോടെ പടനയിക്കാനും സമരം നടത്താനും അവന് എങ്ങനെയാണ് സാധിക്കുക? ഭൗതികമായ പല മോഹങ്ങളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും അവനെ തടയുന്നതാണ് തിന്മകള്‍ക്കെതിരായ പോരാട്ടം.
കമ്യൂണിസ്റ്റുകള്‍ കിഴക്കന്‍ മുസ്ലിം നാടുകളിലെ തങ്ങള്‍ക്ക് വ്രതപരിശീലനം നല്‍കിയിരുന്നുവത്രെ. ശരീരത്തെയും മനസ്സിനെയും പീഢിപ്പിക്കുന്ന ഇത്തരം പരിശീലനമുറകളില്ലായിരുന്നുവെങ്കില്‍ ചരിത്രത്തില്‍ അറിയപ്പെട്ട കമ്യൂണിസ്റ്റ് സമരങ്ങള്‍ സംഭവിക്കുമായിരുന്നോ? അതല്ല, പ്രസ്തുത വ്രത സംവിധാനത്തെ ഒരു വര്‍ഷം ഹലാലാക്കുകയും മറുവര്‍ഷം ഹറാമാക്കുകയും ചെയ്യുന്നതാണോ അവരുടെ രീതി? നേതൃത്തില്‍ നിന്ന് നിര്‍ദേശം വരുമ്പോള്‍ അവ അനുവദനീയമാവുകയും, ദൈവം കല്‍പിക്കുമ്പോള്‍ അവ നിഷിദ്ധമാവുകയും ചെയ്യുകയെന്നതാണോ കമ്യൂണിസ്റ്റ് സമീപനം!!
വ്രതമല്ലാത്ത ആരാധനകള്‍ നമുക്ക് പരിശോധിക്കാവുന്നതാണ്. ഒരു മുസ്ലി എത്ര സമയം ആഴ്ചയില്‍ മാറ്റിവെക്കുന്നു! ഓരോ ആഴ്ചയിലും ഒരാള്‍ സിനിമക്ക് പോവുന്ന സമയം പോലും വേണ്ടതില്ല അവന് അഞ്ച് നേരം നമസ്‌കരിച്ച് തീര്‍ക്കാന്‍. ദൈവസാമീപ്യം സമ്മാനിക്കുന്ന, അവനില്‍ നിന്ന് സഹായം ലഭിക്കുന്ന, അവനില്‍ ശാന്തത കണ്ടെത്തുന്ന ഈ അസുലഭ നിമിഷങ്ങള്‍ അവഗണിക്കാന്‍ ഹൃദയത്തില്‍ രോഗമുള്ള, വഴികേടിലകപ്പെട്ട വ്യക്തികള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും സാധിക്കുമോ?
വിശ്വാസികളോട് മതം അക്രമം പ്രവര്‍ത്തിക്കുന്നുവെന്നതും, ഉറക്കത്തിലോ/ ഉണര്‍ച്ചയിലോ സംഭവിക്കുന്ന വീഴ്ചയുടെ പേരില്‍ അവരെ ആട്ടിയോടിക്കുന്നുവെന്നതും ഇസ്ലാമിന് ബാധകമായ ആരോപണങ്ങളല്ല. ശിക്ഷയെക്കുറിച്ച പരാമര്‍ശത്തിന് മുമ്പ് പാപമോചനത്തെയും പശ്ചാത്താപത്തെയും കുറിച്ച് ഉല്‍ബോധിപ്പിക്കുന്ന ദര്‍ശനമാണ് ഇസ്ലാം!
ജനങ്ങളെ ആട്ടിയോടിക്കാനോ, അകറ്റി നിര്‍ത്താനോ ഉള്ള മാനദണ്ഡമായി ഇസ്ലാം ഒരിക്കലും തെറ്റിനെയോ, പാപത്തെയോ പരിഗണിച്ചിട്ടില്ല. ആദം ചെയ്ത വലിയ പാപം പോലും എല്ലാ മനുഷ്യരുടെയും തലയില്‍ ഇസ്ലാം കെട്ടിവെച്ചിട്ടില്ല. ഓരോ മനുഷ്യനും അതില്‍ നിന്ന് സ്വയം ശുദ്ധീകരിക്കുകയോ, മറ്റൊരാളാല്‍ ശുദ്ധീകരിക്കപ്പെടുകയോ വേണമെന്നും ഇസ്ലാം പഠിപ്പിച്ചിട്ടില്ല. (അപ്പോള്‍ ആദം തന്റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ ഏറ്റുപറയുകയും പശ്ചാതപിച്ച് മടങ്ങുകയും ചെയ്തു). എത്ര ലളിതവും, സരളവുമായ ശൈലിയിലാണ് ആദമിന്റെ പാപത്തെയും അതേതുടര്‍ന്നുള്ള പിന്മാറ്റത്തെയും ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നത്!!
ആദമിനെപ്പോലെ തന്നെയാണ് അദ്ദേഹത്തിന്റെ സന്താനങ്ങളും. പാപം ചെയ്യുന്നപക്ഷം ദൈവിക കാരുണ്യത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരല്ല അവര്‍. മനുഷ്യന്റെ പ്രകൃതത്തെക്കുറിച്ച് അവനെ സൃഷ്ടിച്ച ദൈവത്തേക്കാള്‍ നന്നായറിയുന്നവനായി ആരുണ്ട്! അതിനാല്‍ തന്നെ കഴിയാത്ത/ വിഷമകരമായ കാര്യങ്ങള്‍ അവന്‍ മനുഷ്യന് മേല്‍ ചുമത്തുകയില്ല. കഴിവില്‍ പെടാത്ത കാര്യങ്ങളുടെ പേരില്‍ വിചാരണ നടത്തുകയുമില്ല. (ഒരാത്മാവിന്റെ മേലും അതിന്റെ കഴിവില്‍പെടാത്തത് അല്ലാഹു ചുമത്തുകയില്ല).
കരുണ, പാപമോചനം, പശ്ചാതാപം തുടങ്ങിയവയുമായി ബന്ധപ്പെട്ട വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നിരവധിയാണ്. അവയിലൊന്ന് മാത്രം നാം ഇവിടെ ഉദ്ധരിക്കുകയാണ്. (നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടാനായി ധൃതിയില്‍ മുന്നോട്ടുവരിക. ഭക്തന്മാര്‍ക്കായി തയ്യാറാക്കിയതാണത്. ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു. വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല. അവര്‍ക്കുള്ള പ്രതിഫലം, തങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാണ്. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം എത്ര മഹത്തരം!). ആലുഇംറാന്‍ 133-136
അല്ലാഹുവേ, നിന്റെ അടിമകളോട് നീ എത്രയാണ് കരുണ ചെയ്തിരിക്കുന്നത്! അല്ലാഹു മനുഷ്യനോട് ചെയ്യുന്ന കരുണ തിരിച്ചറിയുന്ന ഒരാള്‍ക്ക് അതിനാല്‍ സ്വാധീനിക്കപ്പെടാതിരിക്കാനാവില്ല. അവരെപ്പോള്‍ അശ്ലീലത പ്രവര്‍ത്തിക്കുന്നുവോ, അവരുടെ പാശ്ചാതാപം സ്വീകരിക്കുന്നുവെന്ന് മാത്രമല്ല, അവര്‍ക്ക് തന്റെ തൃപ്തിയും കരുണയും വര്‍ഷിക്കുക കൂടി ചെയ്യുന്നു!!

About muhammed qutub

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *