life-7

ജീവിതമാണ് പ്രബോധനം

കൃത്യമായ ലക്ഷ്യവും ഉത്തരവാദിത്തവും മുന്നില്‍ വെച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിനാണ് അറബി ഭാഷയില്‍ ‘ഉമ്മത്’ എന്ന് പ്രയോഗിക്കാറുള്ളത്. എന്നാല്‍ ഒരു ‘ഉമ്മത്’ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന ഉത്തരവാദിത്വത്തിലേക്കുള്ള മാര്‍ഗത്തിന് ‘മില്ലത്’ എന്നാണ് പ്രയോഗിക്കുക. അതിനാലാണ് മുസ്ലിം സമൂഹത്തിന്റെ ഉത്തരവാദിത്വത്തെയും, അതിന് സ്വീകരിക്കേണ്ട മാര്‍ഗത്തെയും കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളില്‍ ‘ഉമ്മത്’, ‘മില്ലത്’ തുടങ്ങിയ പദങ്ങള്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ളത്.
മുസ്ലിം ഉമ്മതിന്റെ നിയോഗലക്ഷ്യമായി ഖുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ് (ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായ – ഉമ്മത്- മാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ മേല്‍ സാക്ഷിക -ശുഹദാഅ്- ളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്കുമേല്‍ സാക്ഷിയാകാനും). അല്‍ബഖറഃ 143.
യാതൊരു ലക്ഷ്യവുമില്ലാത്ത, സവിശേഷമായ വീക്ഷണമോ നിലപാടോ ഇല്ലാത്ത കേവല ആള്‍ക്കൂട്ടം (ഖൗം) അല്ല മുസ്ലിം സമൂഹം എന്നാണ് ‘ഉമ്മത്’ എന്ന വിശേഷണത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മാത്രവുമല്ല, ഉത്തരവാദിത്ത ബോധമുള്ള പല സംഘങ്ങളും തങ്ങളുടെ നിലപാടുകളിലും വീക്ഷണങ്ങളിലും തീവ്രത പുലര്‍ത്തുന്നുവെന്നിരിക്കെ, മുസ്ലിം ഉമ്മത്   അത്തരം തീവ്രതകളില്‍ നിന്നും ജീര്‍ണതകളില്‍ നിന്നും അകന്ന് മധ്യമ(വസത്വ്) നിലപാടിന്റെ പ്രതിനിധാനമാണെന്നും ഖുര്‍ആന്‍ വിവരിക്കുന്നു.
മുസ്ലിം സമൂഹത്തിന്റെ നിയോഗലക്ഷ്യത്തെയും, അതിന് സ്വീകരിക്കേണ്ട മാര്‍ഗത്തെയും ഒന്നിച്ച് പരാമര്‍ശിച്ച അല്‍ഹജ്ജ് അദ്ധ്യായത്തില്‍ ‘മില്ലത്’ എന്ന പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചതെന്നതും ശ്രദ്ധേയമാണ്. (അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ടവിധം സമരം ചെയ്യുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു മാര്‍ഗതടസ്സവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ പാത -മില്ലത്- പിന്തുടരുക. പണ്ടേതന്നെ അല്ലാഹു നിങ്ങളെ മുസ്‌ലിംകളെന്ന് വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷിക – ശുഹദാഅ്- ളാകാനും). അല്‍ഹജ്ജ് 78.
ലക്ഷ്യ പൂര്‍ത്തീകരണത്തിന് മാതൃകയാക്കേണ്ടത് ഇബ്‌റാഹീമിയന്‍ മാര്‍ഗ (മില്ലത്) മാണെന്നും, പ്രസ്തുത മാര്‍ഗത്തില്‍ ചരിക്കുകയും, നിയോഗദൗത്യം പൂര്‍ത്തീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ ‘മുസ്ലിം’ എന്ന നാമകരണത്തിന് ഒരു വ്യക്തി അര്‍ഹനാവുകയുള്ളൂ എന്നും ഇവിടെ ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നു.
ഇസ്ലാമി(മുസ്ലിം)നെയും, മുസ്ലിം സമൂഹ(ഉമ്മത്)ത്തെയും കുറിച്ച് മേലുദ്ധരിച്ച ഇരുവചനങ്ങളും യോജിക്കുന്ന വളരെ സുപ്രധാനമായ ഒരു ഘടകമുണ്ട്. മുസ്ലിം ഉമ്മത്തിന്റെ നിയോഗലക്ഷ്യം ശഹാദത് അഥവാ സത്യസാക്ഷ്യമാണെന്ന് ഇരുവചനങ്ങളും ഒരേസ്വരത്തില്‍ ആണയിട്ട് പറയുന്നു. ‘ശഹിദ’ എന്ന അറബി ക്രിയയുടെ അര്‍ത്ഥം ഒരു കര്‍മ/ സംഭവത്തിന് നേര്‍സാക്ഷിയാവുകയെന്നതാണ്. വിശ്വാസികളെക്കുറിച്ച് ‘അവര്‍ അധര്‍മത്തിന് സാക്ഷികളാവുന്നവരല്ലെ’ന്ന് -അല്‍ഫുര്‍ഖാന്‍ 72- ഖുര്‍ആന്‍ പ്രശംസിക്കുന്നുണ്ട്.
താന്‍ വിശ്വസിക്കുകയും, മുറുകെ പിടിക്കുകയും ചെയ്യുന്ന സന്ദേശത്തിന് കര്‍മം കൊണ്ട നേര്‍സാക്ഷിയാവുകയെന്നതാണ് ഇസ്ലാം വിശ്വാസികളെ ഏല്‍പിച്ച ശഹാദതിന്റെ തേട്ടം. തിരുദൂതര്‍(സ) മാലോകര്‍ക്ക് മുന്നില്‍ മനോഹരമായി നിര്‍വഹിച്ച, അദ്ദേഹത്തെ പിന്തുടര്‍ന്ന് വിശ്വാസികള്‍ നിര്‍വഹിക്കേണ്ട ദൗത്യമാണിതെന്ന് മേല്‍വചനങ്ങള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചിരിക്കുന്നു.
ഇസ്ലാമിന്റെ സന്ദേശം സ്വീകരിക്കാന്‍ മാത്രമല്ല, അത് മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കാന്‍ കൂടി ബാധ്യസ്ഥരാണ് മുസ്ലിംകള്‍. സമൂഹത്തില്‍ മഹാഭൂരിപക്ഷം വരുന്ന പ്രബോധിതര്‍ക്ക് മുന്നില്‍ സമര്‍പിക്കാനുള്ള സന്ദേശത്തിന് പ്രഥമമായി വേണ്ടത് പ്രായോഗികമായ/ ജീവസ്സുറ്റ മാതൃകയാണ്. എങ്കില്‍ മാത്രമെ ഇസ്ലാമിന്റെ സദ്ഫലം പ്രബോധിതര്‍ക്ക് ബോധ്യപ്പെടുത്താനും, അവരെയതിലേക്ക് ക്ഷണിക്കുവാനും സാധിക്കുകയുള്ളൂ. ‘തിരുമേനി(സ)യുടെ സ്വഭാവം ഖുര്‍ആനായിരുന്നു’വെന്ന ആഇശ(റ)യുടെ സാക്ഷ്യത്തിന്റെ യഥാര്‍ത്ഥ സത്ത ഇതായിരുന്നു.
സാങ്കല്‍പികമായ സ്വപ്‌നലോകത്തേക്കല്ല ഇസ്ലാം ക്ഷണിക്കുന്നതെന്നും, പ്രായോഗികവും സുഗമവുമായ വഴിയാണ് ഇസ്ലാമിന്റേതെന്നും, അവ മാനവതക്ക് ക്ഷേമവും സൗഖ്യവും മാത്രമെ സമ്മാനിക്കുകയുള്ളൂവെന്നും ബോധ്യപ്പെടുത്താന്‍ കേവലം പ്രഭാഷണങ്ങളും, ഗ്രന്ഥങ്ങളും മതിയാവില്ല. മറിച്ച്, പ്രസ്തുത വാദത്തിന്റെ സത്യസന്ധത വെളിപ്പെടുത്തുന്ന മഹനീയമായ മാതൃകകള്‍ കണ്‍മുന്നില്‍ കാണുമ്പോള്‍ മാത്രമാണ് പ്രബോധിതര്‍ക്ക് പ്രസ്തുത സന്ദേശം സ്വീകരിക്കാനുള്ള സന്മനസ്സ് കൈവരികയുള്ളൂ.
വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച ‘നിഫാഖ്’ അഥവാ കാപട്യം എന്ന മാരകരോഗത്തിന്റെ അപകടം ഇവിടെയാണ് വെളിപ്പെടുന്നത്. സ്വയം പ്രഖ്യാപിച്ച ലക്ഷ്യത്തിന് വിരുദ്ധമായ ജീവിതമാണ് നിഫാഖിന്റെ സവിശേഷത. വിശ്വാസിയുടെ കൂടെ ഒരേ അണിയില്‍ നില്‍ക്കുമ്പോള്‍ തന്നെ, അവന്റെ വ്യക്തിത്വവും ഇടപാടുകളും ശഹാദതില്‍ നിന്ന് അകന്ന്, പെരുച്ചാഴിയുടെ മാളം (നാഫിഖാഉല്‍ യര്‍ബൂഅ്) പോലെ പൊള്ളയായ ഉള്ളോട് കൂടി ജീവിക്കുകയാണ് കപടന്‍ ചെയ്യുന്നത്. പെരുച്ചാഴിയുടെ മാളത്തിന് രണ്ട് മുഖങ്ങളുള്ളത് പോലെ, പരസ്യമായി പ്രഖ്യാപിച്ച ശഹാദതിന്റെ മുഖവും, അതിന് വിരുദ്ധമായ കാപട്യത്തിന്റെ യഥാര്‍ത്ഥ മുഖവും പേറി ജീവിക്കുന്നവനെയാണ് ഖുര്‍ആന്‍ മുനാഫിഖ് എന്ന് പേര് വിളിച്ചത്.
മുസ്ലിം ഉമ്മതിന്റെ അടിസ്ഥാന ലക്ഷ്യമായ ശഹാദത് അഥവാ സത്യസാക്ഷ്യത്തിന് പോറലേല്‍പിക്കുന്ന മാരകരോഗമാണ് കാപട്യം എന്നര്‍ത്ഥം. മുസ്ലിം മഹാഭൂരിപക്ഷം ഇസ്ലാമിക മൂല്യങ്ങളെ ജീവിതത്തില്‍ നിന്ന് പടിയിറക്കുകയും, വിശ്വാസദൗര്‍ബല്യത്തെ നെഞ്ചേറ്റുകയും ചെയ്യുക വഴി സത്യസാക്ഷ്യമെന്ന ഭാരിച്ച ഉത്തരവാദിത്തം അപൂര്‍ണമായി അവശേഷിക്കുന്നു. മാത്രവുമല്ല, പ്രബോധിത സമൂഹത്തിന് മുന്നില്‍ അഴകാര്‍ന്ന ഇസ്ലാമിക സന്ദേശത്തെ വികൃതമായി അവതരിപ്പിക്കുന്നതിന് ഈ കീഴ്‌വഴക്കം വഴിവെക്കുക കൂടി ചെയ്യുന്നു!!
വിശ്വാസം പ്രഖ്യാപിച്ച വ്യക്തി ഇസ്ലാമോട് കൂടി ജീവിക്കുകയാണ് വേണ്ടതെന്നും അതിനെയാണ് ശഹാദത് എന്ന് പേര് വിളിക്കുകയെന്നും പറയുന്ന ഖുര്‍ആന്‍, അതിന് സാധിക്കാതെ വരുമ്പോള്‍ ഇസ്ലാം നെഞ്ചേറ്റുന്നതിന് വേണ്ടി ജീവന്‍ പണയപ്പെടുത്തണമെന്ന് കൂടി പഠിപ്പിക്കുന്നുണ്ട്. ഇപ്രകാരം ഇസ്ലാം സാക്ഷിയാവുന്നതിന്റെ മാര്‍ഗത്തില്‍ ജീവന്‍ പണയപ്പെടുത്തിയവനെ ‘ശഹീദ്’ എന്നാണ് തിരുമേനി(സ) പരിചയപ്പെടുത്തിയിട്ടുള്ളത്. ഇസ്ലാമിന്റെ വിത്തെറിഞ്ഞ് ഭൂമിയില്‍ സ്വര്‍ഗം പണിയുകയോ, അതിന്റെ മാര്‍ഗത്തില്‍ ആകാശത്തെ സ്വര്‍ഗത്തിലേക്ക് പറന്നുയരുകയോ ചെയ്യുന്ന ‘ശഹീദാ’യിരിക്കണം വിശ്വാസിയെന്നതാണ് ഖുര്‍ആന്‍ സമര്‍പിക്കുന്ന കാഴ്ച്ചപ്പാട്.

About abdul vasih

Check Also

zzzpravachakan1

മക്കാ നിവാസികളും പ്രവാചക നിയോഗവും -3

മരണശേഷമുള്ള പുനരുത്ഥാനം, പ്രതിഫലം തുടങ്ങിയ അടിസ്ഥാന വിശ്വാസങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ സ്ഥാപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുക. അതേക്കുറിച്ച് ഉന്നയിക്കപ്പെട്ട നിഷേധികളുടെ സന്ദേഹങ്ങള്‍ക്ക് മറുപടി …

Leave a Reply

Your email address will not be published. Required fields are marked *