93078_n

ഇസ്ലാമിക ഭരണത്തെ എന്തിന് ഭയക്കണം? -2

പാര്‍ലിമെന്ററി ജനാധിപത്യ ഭരണവ്യവസ്ഥക്ക് കീഴില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ആധുനിക ലോകം സാക്ഷിയാണ്. നിരപരാധികള്‍ക്ക് മേല്‍ കുറ്റമാരോപിച്ച്, തടവിലിട്ട് പീഢിപ്പിക്കുകയും

അവരുടെ ബന്ധുക്കളെ സമൂഹത്തിന് മുന്നില്‍ അപമാനിക്കുകയും ചെയ്യുന്നു. സന്താനങ്ങളും ഭര്‍ത്താക്കന്മാരും ക്രൂരമായ പീഢനത്തിന് ഇരയാകുന്നതിന് മാതാക്കളും ഭാര്യമാരും സാക്ഷിയാവേണ്ടി വരുന്നു.
ആധുനിക ബുദ്ധിജീവികള്‍ ഉദ്‌ഘോഷിക്കുന്ന പാര്‍ലിമെന്ററി ജനാധിപ്യത്തിന്റെ ഏതാനും ചില ‘നേട്ടങ്ങളാ’ണിവ. കുറ്റാരോപിതനെ കുറ്റവാളിയെപ്പോലെ കൈകാര്യം ചെയ്യുകയെന്നതാണ് അതിന്റെ സവിശേഷത. ഈജിപ്തില്‍ ജനാധിപത്യഭരണത്തിന് കീഴില്‍ കുറ്റാരോപിതനായ ഒരു വ്യക്തിയെ കോടതിയില്‍ ഹാജരാക്കിയതിനെക്കുറിച്ച് ഒരു ദിനപത്രം നല്‍കിയ വിവരണം ഇപ്രകാരമാണ് (പിന്നീട് ഉസ്താദ് ഹാമിദ് ജൗദഃക്ക് മേല്‍ കടന്ന് കയറിയെന്ന കേസില്‍ കുറ്റമാരോപിക്കപ്പെട്ട മൂന്നാം പ്രതി അബ്ദുല്‍ ഫത്താഹ് ഥര്‍വതിനെ കോടിതിയില്‍ ഹാജരാക്കി. അന്വേഷണത്തിനിടെ താനൊരു കുറ്റസമ്മതവും നടത്തിയിട്ടില്ലെന്നും തടവറയിലെ കൊടിയ പീഢനങ്ങള്‍ തന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയതായും അദ്ദേഹം കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തി. തനിക്കനുഭവിക്കേണ്ടി വന്ന ക്രൂരപീഢനങ്ങള്‍ ഒന്നൊന്നായി വിറയാര്‍ന്ന സ്വരത്തില്‍ അദ്ദേഹം കോടതിക്ക് മുന്നില്‍ വിവരിച്ചു. കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ശരീരം ഇഞ്ചിഞ്ചായി കീറിമുറിക്കുമെന്ന് ലിവാഅ് ത്വല്‍അത് ബെക് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്രെ. സൈന്യമാണ് രാഷ്ട്രത്തില്‍ വിധി കല്‍പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതെന്നായിരുന്നുവത്രെ അയാള്‍ പറഞ്ഞത്!!
മറ്റൊരിക്കല്‍ രണ്ട് ഉദ്യോഗസ്ഥരുമായി വന്ന് അദ്ദേഹമെന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി, വസ്ത്രങ്ങള്‍ പൂര്‍ണമായും അഴിപ്പിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ നാല് വരെ എന്റെ നഗ്ന മേനിയില്‍ പ്രഹരിച്ചു അവര്‍.
ഉദ്യോഗസ്ഥര്‍ പന്ത്രണ്ട് പേരുള്ള നാല് ഗ്രൂപ്പുകളാക്കി സ്വയം തിരിക്കുകയും ശേഷം ഊഴമിട്ട് മര്‍ദിക്കുകയും ചെയ്തു. പിന്നീട് അവരെന്നെ ചങ്ങലക്കിട്ടു. എനിക്ക് ബോധം തിരിച്ച് കിട്ടിയപ്പോള്‍ ത്വല്‍അത് ബെക് എന്നോട് പറഞ്ഞു (ഇത് ആദ്യഘട്ടം മാത്രമാണ്. അടുത്ത ഘട്ടം വരാനിരിക്കുന്നതേയുള്ളൂ).
പിന്നീട് അവരെന്നെ ഇബ്‌റാഹീം അബ്ദുല്‍ ഹാദി പാഷയുടെ അടുത്ത് കൊണ്ട് പോയി. അയാള്‍ എന്നോട് പറഞ്ഞു (നിന്നെ കൊല്ലണമെന്നാണ് എന്റെ തീരുമാനം). ശേഷം എനിക്ക് നേരെയുള്ള പീഢനങ്ങളും മര്‍ദനങ്ങളും തുടരാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് കല്‍പിച്ചു.
പലതരത്തിലുള്ള പീഢനമുറകളായിരുന്നു അവര്‍ അഴിച്ചുവിട്ടിരുന്നത്. ചാട്ടവാര്‍ ഉപയോഗിച്ച് മര്‍ദിക്കുക, ചങ്ങലകള്‍ ഉപയോഗിച്ച് അടിക്കുക, തീ കൊണ്ട് പൊള്ളിക്കുക തുടങ്ങിയ അവയില്‍പെടുന്നു. ചൂടാക്കിയ ഇരുമ്പ് ചങ്ങല കൊണ്ട് വന്നപ്പോള്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് മഹ്മൂദ് ത്വല്‍അത് പറഞ്ഞു (എന്റെ കൂട്ടുകരാരനെ നിങ്ങള്‍ വിട്ടേക്കുക. അദ്ദേഹം ഉടനെ എല്ലാം സമ്മതിക്കുന്നതാണ്).
പിന്നീട് ഞാന്‍ തടവറയില്‍ കിടന്നുറങ്ങി. എനിക്ക് ഉറങ്ങാന്‍ കഴിയാതിരിക്കാന്‍ അവര്‍ വാതിലില്‍ മുട്ടിക്കൊണ്ടേയിരുന്നു. എന്നാല്‍ എന്റെ ഉറക്ക് പാഴാക്കാന്‍ അവരത് ചെയ്യണമായിരുന്നില്ല. എന്റെ ശരീരത്തിലെ മര്‍ദനമേറ്റ ഇടങ്ങളും, പൊള്ളലേറ്റ തൊലികളും ഉറക്കം നഷ്ടപ്പെടുത്താന്‍ ധാരാളം മതിയായിരുന്നു.
പിന്നീട് കുറ്റസമ്മതം നടത്താന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കൊടിയ പീഢനങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് അവരെന്നെ ഭീഷണിപ്പെടുത്തി. എന്നല്ല, എനിക്ക് നേരെ അവരിലൊരാള്‍ ആക്രോശിച്ച് കൊണ്ട് പാഞ്ഞടുത്തു. ഞാന്‍ അയാളോട് പറഞ്ഞു ‘താങ്കളെ ചെറുത്ത് നില്‍ക്കാന്‍ ശേഷിയില്ലെന്ന് എനിക്കറിയാം. അതിനാല്‍ താങ്കള്‍ക്ക് വേണ്ടത് എന്നെ ചെയ്യാം. നിയമത്തിന്റെ പിടിയില്‍ നിന്നും താങ്കള്‍ക്ക് രക്ഷപ്പെടുകയും ചെയ്യാം. പക്ഷെ താങ്കള്‍ തുടങ്ങുന്നതിന് മുമ്പ് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ‘പക്ഷെ, ഈ ക്രൂരകൃത്യങ്ങളൊന്നും വിചാരണ നടത്താതെ അല്ലാഹു താങ്കളെ വിട്ടേക്കുകയില്ല. അതിനാല്‍ അകന്ന് നില്‍ക്കുന്നതാവും താങ്കള്‍ക്ക് നല്ലത്’.
അവര്‍ എന്നെ മര്‍ദിച്ച് കൊണ്ടേയിരുന്നു. എന്റെ ഞരമ്പുകള്‍ അടിച്ച് ചതച്ചു. ഇബ്‌റാഹീം അബ്ദുല്‍ ഹാദി പാഷ ഇടക്കിടെ എന്നെ സന്ദര്‍ശിച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. അയാള്‍ പറയും ‘ഞാന്‍ നിന്നെയും നിന്റെ കുടുംബത്തെയും നശിപ്പിക്കുന്നതാണ്. ഞാന്‍ സൈനിക ഭരണാധികാരിയാണ്’.
അതിനേക്കാള്‍ അല്‍ഭുതകരം ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ എന്റെ സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട കുറച്ച് പോലീസുകാര്‍ കൂടെ വന്നിരുന്നു. തങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് ശിക്ഷയേറ്റുവാങ്ങാന്‍ എന്റെ കൂടെ വന്നവരാണ് അവര്‍ എന്നാണ് ഞാന്‍ ധരിച്ചത്!!
ന്യായാധിപന്‍ ചോദിച്ചു ‘കോടതിയില്‍ പ്രത്യേകമായി എന്തെങ്കിലും പറയണമെന്ന് അവര്‍ താങ്കളോട് ആവശ്യപ്പെട്ടോ?
അദ്ദേഹം പറഞ്ഞു ‘അതെ, ഹാമിദ് ജൗദഃക്ക് മേല്‍ ആക്രമണം നടത്തിയ മാലിക്, ആത്വിഫ് എന്നിവരെ ഞാന്‍ അറിയുമെന്ന് പറയണം എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്’.
ഇടറിയ വാക്കുകളില്‍ ഇത്രയും പറഞ്ഞ ആ യുവാവ് കോടതിയില്‍ ബോധമറ്റ് വീണു. വേദനകൊണ്ട് പുളഞ്ഞ് പൊട്ടിക്കരയുന്നുണ്ടായിരുന്നു അദ്ദേഹം. കണ്ടുനിന്നവരുടെ കരളലയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്.
ഈജിപ്തിന്റെ മാത്രം ജനാധിപത്യ വ്യവസ്ഥയില്‍ കാണപ്പെടുന്ന അപൂര്‍വം ചില പ്രതിഭാസങ്ങളിലൊന്നല്ല ഇത്. മറിച്ച് ലോകത്താകമാനമുള്ള ജനാധിപത്യ സംവിധാനങ്ങള്‍ മുഴുവന്‍ പ്രതിനിധീകരിക്കുന്നത് ഇത്തരം രാഷ്ട്രീയ നയങ്ങളെ തന്നെയാണ്. ജനാധിപത്യത്തിന് കീഴിലാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ നടമാടുന്നത് എന്നിരിക്കെ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാന്‍ അതിനെന്ത് ന്യായമാണുള്ളത്?

About sayyid quthub

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *