ഇസ്ലാമിക നാഗരികതയിലെ യഹൂദര്‍ -1

ഇതര മതവിഭാഗങ്ങളോടുള്ള ഇസ്ലാമിന്റെ പൊതുസമീപനത്തിന്റെ കീഴില്‍ തന്നെയാണ് യഹൂദരോടുള്ള നയവും കടന്നുവരുന്നത്. നിയമപരമായ തലത്തില്‍ ദിമ്മികള്‍ എന്ന പരിഗണനക്ക് കീഴിലാണ് യഹൂദര്‍

ഉള്‍പെടുന്നത്. ഇസ്ലാമിക രാഷ്ട്രത്തിലെ ഇതരമത വിഭാഗങ്ങളായ പ്രജകള്‍ക്ക് ലഭിക്കുന്ന നിയമപരമായ സ്ഥാനമാണത്. അവരുടെ ബാധ്യതകളും അവകാശങ്ങളും ഇസ്ലാം വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂതരും ക്രൈസ്തവരും അടിസ്ഥാനപരമായി ഏകദൈവ വിശ്വാസികളാണ് എന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷെ, മുഹമ്മദി(സ)ന്റെ പ്രവാചകത്വത്തെ അവര്‍ കളവാക്കുകയും, നിഷേധിക്കുകയും ചെയ്തതിനാല്‍ പ്രവാചകന്മാരിലുള്ള വിശ്വാസം അവരില്‍ അപൂര്‍ണമാണ്. ഇസ്ലാമിക രാഷ്ട്രത്തിലെ ഇത്തരം മതവിഭാഗങ്ങള്‍ ജിസ്‌യ അഥവാ നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാണ്. ഇസ്ലാമിക രാഷ്ട്രത്തില്‍ മുസ്ലിംകളുടെ സംരക്ഷണത്തില്‍ ജീവിക്കുന്നതിനുള്ള നികുതിയാണ് ജിസ്‌യയെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ജസാഅ് എന്ന അറബി പദത്തില്‍ നിന്നാണ് ജിസ്‌യ എന്ന പദം നിഷ്പന്നമായിരിക്കുന്നത്. പ്രതിഫലം എന്നാണ് അതിന്റെ അര്‍ത്ഥം. ഇസ്ലാമിക രാഷ്ട്രത്തില്‍ ദിമ്മികള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വത്തിനും,  നിര്‍ഭയത്വത്തിനുമുള്ള പ്രതിഫലമാണത് എന്ന് സാരം. വൈദേശികവും, ആഭ്യന്തരവുമായ തലങ്ങളില്‍ നിന്ന് ദിമ്മികളുടെ ജീവനോ, ധനത്തിനോ ഉണ്ടാവുന്ന ഏതൊരു വെല്ലുവിളിയും ഇസ്ലാമിക ഭരണകൂടം പ്രതിരോധിക്കുന്നതാണ്.

ദിമ്മികളോടുള്ള കരാര്‍, ജിസ്‌യയുടെ തോത്, വിശദാംശങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ സവിസ്തരം ചര്‍ച്ച ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ജിസ്‌യ കൂടാതെ ഇതരമതവിഭാഗങ്ങള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരുന്ന മറ്റ് നികുതികളെക്കുറിച്ചും അവര്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

തങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിില്‍ ആഭ്യന്തര കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്താനുള്ള പൂര്‍ണ സ്വാതന്ത്ര്യം ദിമ്മികള്‍ക്കുണ്ടായിരുന്നു. മുസ്ലിം ഭരണാധികാരിയുടെ അടുത്താണ് വിധി തേടി ചെല്ലുന്നതെങ്കില്‍ ഇസ്ലാമിക ശരീഅത്ത് അനുസരിച്ച അദ്ദേഹത്തിന്റെ വിധി സ്വീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരായിരുന്നു. മുസ്ലിംകള്‍ക്കും, ജൂത-ക്രൈസ്തവര്‍ക്കുമിടയില്‍ ഭക്ഷണക്കൈമാറ്റം നടത്താമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്രകാരം ദിമ്മികളുമായി സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സഹായകമായ ഇടപാടുകളിലും ഏര്‍പാടുകളിലും പങ്കുചേരാമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

യഹൂദര്‍ ഉള്‍പെടെയുള്ള ദിമ്മികള്‍ക്ക് ഇസ്ലാമിക നാഗരികതക്ക് കീഴില്‍ ലഭിച്ചിരുന്ന നിയമപരമായ പരിരക്ഷയുടെ പൊതുവായ മുഖമാണ് മേല്‍വചനങ്ങളില്‍ കണ്ടത്. രാഷ്ട്രീയവും, സാംസ്‌കാരികവും, സാമ്പത്തികവും, സാമൂഹികവുമായ തലങ്ങളിലെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളല്ല യഥാര്‍ത്ഥ നിയമസംഹിതയെ പ്രതിനിധീകരിക്കുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പലപ്പോഴും ഉദാത്തമായ നിയമങ്ങള്‍ ഉണ്ടായിരിക്കെ തന്നെ ചരിത്രയാഥാര്‍ത്ഥ്യം അവയില്‍ നിന്ന് ഭിന്നമായിരിക്കുകയാണ് പതിവ്. എന്നാല്‍ ഇസ്ലാമിക നാഗരികതയുടെ തണലിലെ യഹൂദ ജീവിതം ഉദാത്തമായ ഇസ്ലാമിക നിയമങ്ങളുടെ നേര്‍സാക്ഷ്യമായിരുന്നു.

ഇസ്ലാമിക നാഗരികതയില്‍ സുപ്രധാനമായ സ്ഥാനമായിരുന്നു യഹൂദര്‍ക്കുണ്ടായിരുന്നത് എന്ന് കുറിക്കുന്നതാണ് അതുമായി ബന്ധപ്പെട്ട ചരിത്ര രേഖകള്‍. ഇതര മതവിഭാഗങ്ങളോട് ഇസ്ലാം പൊതുവെ വെച്ച് പുലര്‍ത്തുന്ന സഹിഷ്ണുത നിറഞ്ഞ സമീപനത്തിന്റെ ഭാഗമാണിത് എന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ഇതരമതസ്ഥരെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് ഇസ്ലാമിന്റെ സമീപനമല്ല. പരസ്പരമുള്ള വിയോജിപ്പുകള്‍ ‘ശിക്ഷിക്ക’പ്പെടേണ്ട കുറ്റമോ പാപമോ ആണെന്ന് ഇസ്ലാമിന് അഭിപ്രായമില്ല. ഇസ്ലാമിക നാഗരികതയിലെ ഇതരമതസ്ഥരുടെ സ്ഥിതിയും, മധ്യകാല ക്രൈസ്തവ യൂറോപ്പിലെ മറ്റ് മതവിഭാഗങ്ങളുടെ അനുഭവവും താരതമ്യം ചെയ്യുന്നത് ഗുണകരമായിരിക്കും.

ഇസ്ലാമിന്റെ ഇതരമതവിഭാഗങ്ങളോടുള്ള സമീപനം വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി വരച്ച് കാണിക്കുന്നുണ്ട്. ഇസ്ലാമിക പ്രമാണങ്ങളും ചരിത്ര വസ്തുതകളും പൂര്‍ണാര്‍ത്ഥത്തില്‍ യോജിച്ച് കൊള്ളണമെന്നില്ല എന്നത് ശരി തന്നെയാണ്. എന്നാല്‍ പോലും ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരികള്‍ പ്രജകളോടുള്ള സമീപനത്തില്‍ പൊതുവെ ഇസ്ലാമിക കല്‍പനകള്‍ക്ക് വിരുദ്ധം പ്രവര്‍ത്തിക്കുന്നവരായിരുന്നില്ല. യഹൂദര്‍ ഉള്‍പെടെയുള്ള ഇതരവിഭാഗങ്ങളോട് സ്വീകരിച്ച സഹിഷ്ണുതയോടും, ഊഷ്മളതയോടും കൂടിയുള്ള സമീപനങ്ങള്‍ ഇസ്ലാമിക അദ്ധ്യാപനങ്ങളില്‍ നിന്ന് പ്രചോദിതമായിരുന്നുവെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല.

 

About dr. khasim abduu

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *