ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ -1

ബുദ്ധിപരമായി സ്വീകാര്യമായ മൂന്ന് സുപ്രധാന അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക വിശ്വാസം പണിതുയര്‍ത്തപ്പെട്ടിട്ടുള്ളത്. അന്ധവിശ്വാസങ്ങള്‍ക്കോ, തെറ്റിദ്ധാരണക്കോ വകയില്ലാത്ത, സാധുതയും

ആധികാരികതയും വളരെ ലളിതമായി ബോധ്യപ്പെടുന്ന അടിസ്ഥാനങ്ങളാണ് അവ. ദൈവത്തിന്റെ ഏകത്വം, അദൃശ്യത്തിലുള്ള വിശ്വാസം, എല്ലാ പ്രവാചകന്മാരിലുമുള്ള വിശ്വാസം എന്നിവയാണ് അവ.
ഏകനായ, അനാദിയായ, നിരാശ്രയനായ, അതുല്യനായ അല്ലാഹുവിലുള്ള വിശ്വാസമാണ് ഇവയില്‍ ഒന്നാമത്തേത്. എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ് അവന്‍. സ്രഷ്ടാവായ അല്ലാഹു തന്റെ സൃഷ്ടികളില്‍ ആരുമായും സദൃശനല്ല. ഒരു വസ്തുവും അതിന്റെ ഒരു ഭാഗവും സൃഷ്ടിക്കാറില്ല. എന്നിരിക്കെ ദൈവം അവന്റെ ഭാഗങ്ങള്‍ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കാന്‍ ന്യായമൊന്നുമില്ല. ശരീരങ്ങളെ സൃഷ്ടിച്ച നാഥന്‍ ശരീരമല്ല. വസ്തുക്കളെ സൃഷ്ടിച്ച നാഥന്‍ വസ്തുവുമല്ല. എല്ലാറ്റിനെയും സൃഷ്ടിച്ചവന്‍ എല്ലാറ്റിനും മുകളിലാണ്.
ഏതെങ്കിലും ഒരു നിര്‍ണിത സ്ഥലം അവനില്ല. കാരണം സ്ഥലങ്ങളാണ് ശരീരങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നത്. വിവിധ ഘടകങ്ങളാല്‍ ഘടിപ്പിക്കപ്പെട്ടവനല്ല അവന്‍. അവന്‍ സത്തയിലും വിശേഷണങ്ങളിലുമെല്ലാം ഏകനാണ്. സൃഷ്ടികര്‍മം, നിര്‍മാണം തുടങ്ങിയവ അവന്റെ മാത്രം സവിശേഷതകളാണ്. ആകാശഭൂമികളെ സൃഷ്ടിച്ചവന്‍ അവനാണ്. അവന് പിതാവോ, സന്താനമോ ഇല്ല തന്നെ. കാര്യകാരണങ്ങളെ പടച്ചതും പ്രപഞ്ചം വ്യവസ്ഥപ്പെടുത്തിയതും അവന്‍ തന്നെ. തന്റെ യുക്തിയും, ഉദ്ദേശവും, കഴിവും ഉപയോഗിച്ചാണ് അവനതെല്ലാം ചെയ്യുന്നത്.
അവന്‍ മാത്രമാണ് ആരാധനക്കര്‍ഹന്‍. അവന്റെ സ്ഥാനം ഉടമപ്പെടുത്താന്‍ സൃഷ്ടികളിലാര്‍ക്കും അവകാശമില്ല തന്നെ. കാരണം മറ്റൊരാള്‍ക്ക് വന്ന് കയറാന്‍ പറ്റുന്ന ശരീരമല്ല അവന്‍. ഈയര്‍ത്ഥത്തില്‍ ദൈവത്തിന്റെ ഏകത്വത്തെ കുറിക്കുന്ന ധാരാളം വിശദീകരണങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങളില്‍ കാണാവുന്നതാണ്. അന്ധവിശ്വാസങ്ങളെയും മിഥ്യാധാരണകളെയും തുടച്ച് മാറ്റുന്നവയാണ് അവ.
ഇസ്ലാമും, മാറ്റത്തിരുത്തലുകള്‍ക്കും കൈകടത്തലുകള്‍ക്കും മുമ്പെയുള്ള മറ്റ് മതങ്ങളും അംഗീകരിക്കുന്ന ചില തത്വങ്ങളിലേക്ക് ദൈവശാസ്ത്രകാരന്മാരും എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ദൈവത്തിന്റെ വിശേഷണങ്ങള്‍ ചിത്രീകരിക്കാന്‍ അവര്‍ക്ക് സാധിക്കുകയുണ്ടായില്ല. കാരണം ഉന്നതമായ ഒരു സമീപനം ആവശ്യമുള്ള കാര്യമാണത്. ഏറ്റവും ചുരുങ്ങിയത് സന്മാര്‍ഗത്തിലേക്കുള്ള ചില സൂചനകളെങ്കിലും ലഭിക്കേണ്ടിയിരിക്കുന്നു. ബുദ്ധിയുപയോഗിച്ച് ദൈവത്തിന്റെ ദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കിയവര്‍ക്കേ അതിന് സാധിക്കുകയുള്ളൂ.
അല്ലാഹു മാത്രമാണ് സര്‍വലോകത്തിന്റെയും അധിപതിയെന്നും, എല്ലാ ചരാചരങ്ങളെയും നിയന്ത്രിക്കുന്നത് അവനാണെന്നുമുള്ള ബോധം വിശ്വാസികളുടെ മനസ്സില്‍ അഭിമാനം നിറക്കുന്നു. അതിനാല്‍ തന്നെ മറ്റൊരു സൃഷ്ടിക്കും മുമ്പില്‍ അവര്‍ തല കുനിക്കുകയോ, വണങ്ങുകയോ ഇല്ല. കാരണം മറ്റെല്ലാ സൃഷ്ടികളും സമന്മാരാണെന്ന് അവന്നറിയാം. ഏകനായ ലോകതമ്പുരാന് മാത്രമെ അവന്‍ വിധേയപ്പെടുകയുള്ളൂ. അവന് മുന്നില്‍ എല്ലാവരും തുല്യരാണ്. അവരില്‍ അധികാരിയോ അടിമയോ ഇല്ല. എല്ലാ അധികാരവും ഏകനായ അല്ലാഹുവിന് മാത്രം!
മുന്‍കാലത്ത് ഏകദൈവ ദര്‍ശനത്തിന്റെ ശക്തി ലോകത്ത് നടപ്പാക്കപ്പെട്ടു. അടിമകളെ സ്വതന്ത്രരാക്കാനും, അവരില്‍ അഭിമാനബോധം നിറക്കാനും അതിന് സാധിച്ചു. വിശ്വാസത്തിന്റെ മാര്‍ഗത്തില്‍ വിഷമങ്ങള്‍ സഹിക്കാന്‍ അവര്‍ തയ്യാറായി. ബുദ്ധിയുപയോഗിക്കുന്നതിലും, ദൈവത്തിന് മാത്രം കീഴ്‌പെടുന്നതിലുമാണ് ഔന്നത്യമെന്ന് അവര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ രാജാക്കന്മാരെ അവര്‍ നിസ്സാരരായി കണ്ടു. കാരണം കല്ലുകള്‍ക്ക് മുമ്പില്‍ പ്രണാമമര്‍പിക്കുന്നവരായിരുന്നു അവര്‍. സ്വന്തം കരങ്ങള്‍ കൊണ്ട് കൊത്തിയുണ്ടാക്കിയതിനെ ആരാധിക്കുന്നവരായിരുന്നു അവര്‍.
എന്നാല്‍ അടിമകള്‍ അവരുടെ മുതുകുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ കുനിച്ചാലും, ആത്മാക്കള്‍ കുനിഞ്ഞിരുന്നില്ല. അവര്‍ ദൈവത്തോട് നേരിട്ട് ബന്ധം സ്ഥാപിച്ചവരായിരുന്നു. അവരുടെ ഉടമകള്‍ പ്രസ്തുത ബന്ധം അറുത്ത് കളഞ്ഞവരായിരുന്നു. അതിനാല്‍ തന്നെ വിശ്വാസത്തിന്റെ മാര്‍ഗത്തില്‍ ശരീരത്തിനേല്‍ക്കുന്ന പീഢനങ്ങള്‍ അടിമകള്‍ നിസ്സാരമായി ഗണിച്ചു. ശരീരത്തിന് പീഢനമേല്‍ക്കുമ്പോഴും ആത്മാക്കള്‍ ഔന്നത്യം പ്രാപിക്കുകയാണ് ചെയ്യുകയെന്ന് അവര്‍ മനസ്സിലാക്കി.

 

About dr. muhammad abuzahra

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *