2429

ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ -2

ദുര്‍ബലര്‍ക്ക് മേല്‍ ശക്തരും, മൂല്യങ്ങള്‍ക്ക് മേല്‍ ഭൗതികതയും ആധിപത്യം സ്ഥാപിച്ചതിനാലുള്ള ഭവിഷ്യത്തുകള്‍ ഇന്ന് ലോകത്തുടനീളം നാം കണ്ട് കൊണ്ടിരിക്കുന്നു. ഭൗതികതയെ അതിജീവിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന

ശക്തമായ അവബോധം വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങള്‍ക്ക് തങ്ങള്‍ പ്രതാപികളാണെന്ന ബോധം പകര്‍ന്ന് നല്‍കുകയും, അല്ലാഹുവിന്റെ സാമീപ്യം തേടുന്നതിന് അനുസരിച്ച് ഔന്നത്യം അധികരിക്കുമെന്ന വിശ്വാസം അവരില്‍ വളര്‍ത്തിയെടുക്കുകയുമാണ് വേണ്ടത്.
അല്ലാഹുവാണ് രാജാധിരാജനെന്നും, അവന്‍ അങ്ങേയറ്റത്തെ ഉദാരനും അടിമകള്‍ക്ക് മേല്‍ പരമാധികാരം അവനാണന്നുമുള്ള ദൃഢവിശ്വാസം മുഖേനെ മാത്രമെ പ്രസ്തുത അവബോധം സൃഷ്ടിക്കപ്പെടുകയുള്ളൂ. ഏകനായ അല്ലാഹുവിലുള്ള വിശ്വാസം ഹൃദയം ശുദ്ധീകരിക്കുന്നുവെന്ന് മാത്രമല്ല, തെറ്റായ ധാരണകളില്‍ നിന്ന് ബുദ്ധിയെ അത് അകറ്റുകയും ചെയ്യുന്നു. മാനവസമൂഹങ്ങളില്‍ പ്രതാപബോധം വളര്‍ത്തിയെടുക്കാനും, തിന്മയില്‍ നിന്ന് അവരെ അകറ്റി നിര്‍ത്താനും ഏകദൈവവിശ്വാസം സഹായിക്കുന്നു.
ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്ന ഹൃദയങ്ങള്‍ക്ക് മാത്രമെ മാനവസമൂഹത്തിലെ തിന്മകള്‍ ഉഛാടനം ചെയ്യാനാവൂ. അക്രമത്തിന് മുമ്പില്‍ തലകുനിക്കുകയോ, കീഴടങ്ങുകയോ ചെയ്യാത്തതായിരിക്കണം അവ. പീഢനങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടവരല്ല തങ്ങളെന്ന തിരിച്ചറിവ് ജനങ്ങളില്‍ ജനിപ്പിക്കാനും പ്രസ്തുത വിശ്വാസത്തിന് മാത്രമെ സാധിക്കുകയുള്ളൂ. സത്യസന്ധമായ വിശ്വാസവും, ശരിയായ മതബോധവും മാത്രമെ സമൂഹങ്ങളെ കൃത്യമായി സംസ്‌കരിക്കാന്‍ ഉപകരിക്കുകയുള്ളൂ.
വിപ്ലവങ്ങള്‍ രൂപപ്പെടുന്നതും, വിജയിക്കുന്നതും ജനകീയത കൈവരിക്കുമ്പോഴാണെന്നത് പോലെ തന്നെ, ജനഹൃദയങ്ങളില്‍ കുടിയേറുമ്പോള്‍ മാത്രമെ യഥാര്‍ത്ഥ ദീന്‍ സാക്ഷാല്‍ക്കരിക്കപ്പെടുകയുള്ളൂ. ജനങ്ങളുടെ അധികാരം കയ്യാളുന്ന ഭരണാധികാരികളും ഇസ്ലാം സമര്‍പിക്കുന്ന പൊതുമാനവിക മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ ബാധ്യസ്ഥരാണ്.
മറ്റ് മതവിശ്വാസികളെപ്പോലെ തന്നെ മുസ്ലിംകള്‍ക്കിടയിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പടര്‍ന്ന് പിടിച്ചിരിക്കുന്നുവെന്നത് ചിലരെങ്കിലും ചൂണ്ടിക്കാണിച്ചേക്കാം. തങ്ങളുടെ ഭൂമിയില്‍ മുസ്ലിംകള്‍ അപമാനിക്കപ്പെടുകയും, മറ്റുള്ളവര്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിക വിശ്വാസം ജനങ്ങളെ അന്ധവിശ്വാസങ്ങളില്‍ നിന്ന് അകറ്റുന്നതായിരുന്നുവെങ്കില്‍ മുസ്ലിംകള്‍ക്കിടയില്‍ അവ കാണപ്പെടുമായിരുന്നില്ല, ഇസ്ലാമിക വിശ്വാസം അനുയായികള്‍ക്ക് പ്രതാപം നല്‍കുന്നുവെങ്കില്‍ മുസ്ലിംകള്‍ ഒരിക്കലും നിന്ദിക്കപ്പെടുമായിരുന്നില്ല എന്നും ഇവര്‍ വാദിക്കുന്നു.
ഈ ചോദ്യത്തിനുള്ള ഉത്തരം ഇപ്രകാരമാണ്. മുസ്ലിംകള്‍ക്കിടയില്‍ അന്ധവിശ്വാസം വ്യാപകമായിരിക്കുന്നുവെന്നും, ലോകത്ത് പലയിടങ്ങളിലും മുസ്ലിംകള്‍ നിന്ദിക്കപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നുമുള്ള വാദം സത്യസന്ധവും, അംഗീകരിക്കേണ്ടതുമാണ്. ഇസ്ലാമില്‍ നിന്നും അതിന്റെ അദ്ധ്യാപനങ്ങളില്‍ നിന്നും അവര്‍ അകന്നുവെന്നതിന്റെ മാത്രം പ്രത്യാഘാതമാണത്. യഥാര്‍ത്ഥ ഇസ്ലാമിനെ, പരിപൂര്‍ണമായി പ്രതിനിധീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നതാണ് അവരുടെ പതനത്തിന്റെ മുഖ്യകാരണം. ഏതൊരു അംഗീകൃത തത്വവും അത് സ്വീകരിച്ച അനുയായികളുടെ ജീവിതത്തില്‍ നിന്നല്ല, മറിച്ച് അതിന്റെ യഥാര്‍ത്ഥ ഉറവിടത്തില്‍ നിന്നാണ് സ്വീകരിക്കേണ്ടത്.
ലക്ഷക്കണക്കിന് നിരപരാധികളുടെ രക്തമൊഴുക്കുന്ന ക്രൈസ്തവര്‍ ഒരിക്കലും സഹിഷ്ണുതയും, വിട്ടുവീഴ്ചയും പഠിപ്പിച്ച മസീഹിന്റെ പ്രബോധനത്തെയല്ല പ്രതിനിധീകരിച്ചത്. ‘നിങ്ങളുടെ ശത്രുക്കള്‍ക്ക് നിങ്ങള്‍ പൊറുത്ത് കൊടുക്കുക’യെന്ന ഈസാ പ്രവാചകന്റെ മഹത്തായ സന്ദേശത്തിന്റെ തുടര്‍ച്ചയാണ് അതെന്ന് ആര്‍ക്കാണ് അവകാശപ്പെടാനാവുക!
ഇപ്രകാരം, ഇസ്ലാമിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ അതിനെ യഥാര്‍ത്ഥ ഉറവിടത്തില്‍ നിന്ന് വായിച്ചെടുക്കുകയാണ് വേണ്ടത്. ഒരു ദര്‍ശനത്തെക്കുറിച്ച വീക്ഷണം സാമാന്യപൊതുജനത്തില്‍ നിന്നാണ് രൂപപ്പെടുത്തുന്നതെങ്കില്‍, അതിനെ പരമാബദ്ധമെന്നേ വിശേഷിപ്പിക്കാനാവൂ. ഇസ്ലാമിക ദര്‍ശനത്തിന്റെ പ്രഥമ പ്രായോഗികതയായി വിശേഷിപ്പിക്കപ്പെടുന്ന പ്രവാചക കാലത്തെ വിശ്വാസികളില്‍ നിന്നാണ് അവരതിന്റെ ജൈവികമുഖം വായിച്ചെടുക്കേണ്ടത്.

About dr. muhammad abuzahra

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *