GAMZ

ഇസ്ലാമില്‍ പൗരോഹിത്യഭരണമോ?

മതപുരോഹിതന്മാരുടെ സ്വേഛാധിപത്യ വ്യവസ്ഥയായിരിക്കും ഇസ്ലാമിലെ ഭരണസംവിധാനമെന്നും, അത്തരം പ്രവണതകളെ തൂത്തെറിഞ്ഞ പാരമ്പര്യമാണ് യൂറോപ്പിനുള്ളതെന്നും അവകാശപ്പെടുന്ന

ചിലരുണ്ട്. ഫ്രഞ്ച് വിപ്ലവത്തോടെ അതുവരെ നിന്നിരുന്ന പുരോഹിത സ്വാധീനം തുടച്ചുമാറ്റുകയാണ് യൂറോപ്പ് ചെയ്തതെങ്കില്‍, പ്രസ്തുത പുരോഹിത ഭരണം പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇസ്ലാം നടത്തുന്നത് എന്നും ഇവര്‍ ആരോപിക്കുന്നു. മധ്യകാല നൂറ്റാണ്ടുകളിലുണ്ടായിരുന്ന പോപ്പുമാരുടെയും ചര്‍ച്ചിന്റെയും മേല്‍ക്കോയ്മക്കും അധികാരത്തിനും സമാനമാണ് ഇസ്ലാം വിഭാവന ചെയ്യുന്ന ഭരണക്രമമെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. ജനാധിപത്യമൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും നിരാകരിക്കുന്ന, ഇതരരോട് അസഹിഷ്ണുതയോടെ വര്‍ത്തിക്കുന്ന സ്വേഛാധിപത്യ ഭരണമാണ് ഇസ്ലാമിന്റേത് എന്നാണ് ഇവരുടെ വാദം.

ഇസ്ലാമില്‍ മതമേലാളന്മാരോ, പൗരോഹിത്യഭരണമോ ഇല്ല എന്ന വസ്തുതയാണ് പ്രഥമമായി മനസ്സിലാക്കേണ്ടത്. മറിച്ച് ജനങ്ങളുടെ തീരുമാനവും, ബൈഅത്തും, കൂടിയാലോചനയുമാണ് ഇസ്ലാമിക ഭരണക്രമത്തില്‍ നടപ്പാക്കപ്പെടുന്നത്.

മതപുരോഹിതന്മാര്‍, ആത്മീയനേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഭരണകൂടത്തിനാണ് പൗരോഹിത്യഭരണമെന്നോ, മതാധിഷ്ഠിത ഭരണമെന്നോ പേര് വിളിക്കപ്പെടുന്നത്. മതനിയമങ്ങള്‍ ആവിഷ്‌കരിക്കാനും വ്യാഖ്യാനിക്കാനുമുള്ള അധികാരം അവര്‍ക്കാണല്ലോ ഉള്ളത്. തങ്ങളുടെ സ്ഥാനമാനങ്ങള്‍ വെച്ച് മതപരവും, ഭൗതികവുമായ അധികാരം കയ്യാളുന്നവരാണല്ലോ അവര്‍. ഭരണം നടത്തുന്നതില്‍ ദൈവിക അധികാരം ആസ്വദിക്കുന്നവരുമാണ് അവര്‍. ഇവയെല്ലാം കാരണം മതവിശ്വാസികളുടെ കണ്ണില്‍് അവര്‍ പാപസുരക്ഷിതരും, പരിശുദ്ധരുമാണ്.

ഇത്തരം ഭരണകൂടങ്ങള്‍ ധാരാളം മുന്‍കാല സമൂഹങ്ങളില്‍ നിലനിന്നിരുന്നു. അവിടത്തെ മതവിശ്വാസികളെല്ലാം തങ്ങളുടെ നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും പ്രവാചകന്മാരുടെയും ദൈവത്തിന്റെയും സ്ഥാനമായിരുന്നു കല്‍പിച്ച് കൊടുത്തിരുന്നത്. ചര്‍ച്ചയോ, പ്രതിസ്വരമോ ഇല്ലാതെ ഏത് കല്‍പനയും പുറപ്പെടുവിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. പ്രസ്തുത ഭരണക്രമത്തിന്റെ അതിപുരാതനമായ മാതൃക ചെന്നെത്തുന്നത് തൗറാത്തില്‍ കൈകടത്തലുകള്‍ നടത്തിയ ശേഷം യഹൂദര്‍ സ്ഥാപിച്ച ഭരണകൂടത്തിലാണ്. അവരുടെ പുരോഹിതന്മാര്‍ തങ്ങളുടെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും മുന്‍നിര്‍ത്തി ഹലാല്‍ ഹറാമുകള്‍ പുറപ്പെടുവിച്ചു. പിന്നീട് മധ്യകാല നൂറ്റാണ്ടില്‍ യൂറോപ്പില്‍ ക്രൈസ്തവ മതത്തിന് കീഴില്‍ ഇത് പുനര്‍ജനിച്ചു. അവിടത്തെ രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും മേല്‍ ചര്‍ച്ച് പിടിമുറുക്കുകയും ജനങ്ങള്‍ക്ക് മേല്‍ നികുതി അടിച്ചേല്‍പിക്കുകയും ചെയ്തു. വിശ്വാസികള്‍ക്ക് മേല്‍ അനുഗ്രഹം ചൊരിയാനും, അവരുടെ പാപങ്ങള്‍ പൊറുത്ത് കൊടുക്കാനുമുള്ള അവകാശം അവര്‍ സമ്പാദിച്ചു. രോഗിയെ സുഖപ്പെടുത്തുക, അനുഗ്രഹം വര്‍ഷിക്കുക, വിവാഹം നടത്തുക, കുറ്റസമ്മതം സ്വീകരിക്കുക, പാപമോചനം നല്‍കുക, ഹലാല്‍ ഹറാമുകള്‍ നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങളില്‍ ദൈവികമായ അര്‍ഹത തങ്ങള്‍ക്കുണ്ടെന്ന് പുരോഹിതന്മാര്‍ അവകാശപ്പെട്ടു.

അധികാരത്തിന്റെ എല്ലാ ഇനങ്ങളും ചര്‍ച്ച് കേ്ന്ദ്രീകൃതമായ ഭരണകൂടം നടപ്പാക്കിത്തുടങ്ങി. കുരിശ് യുദ്ധത്തിനുള്ള കല്‍പന പുറപ്പെടുവിക്കുക, അതിന് വേണ്ടി ആഹ്വാനം ചെയ്യുക, ശാസ്ത്രത്തോടും തത്വശാസ്ത്രത്തോടും യുദ്ധം പ്രഖ്യാപിക്കുക, അഭിപ്രായ ഭിന്നത പുലര്‍ത്തിയവരെ കഠിനമായി ശിക്ഷിക്കുക തുടങ്ങിയവയെല്ലാം പ്രസ്തുത അധികാരത്തിന്റെ വിവിധ പ്രയോഗങ്ങളായിരുന്നു. അതിനാല്‍ തന്നെ യൂറോപ്പില്‍ നടമാടിയിരുന്ന മതാഷ്ഠിത-പൗരോഹിത്യ ഭരണങ്ങളുമായി ഇസ്ലാമിന് യാതൊരു ബന്ധവുമില്ല.

ഇസ്ലാമിക ഭരണക്രമത്തില്‍ നിയമനിര്‍മാണാധികാരം അല്ലാഹുവിനുള്ളതാണ്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് പ്രസ്തുത നിയമങ്ങളുടെ അടിസ്ഥാന സ്രോതസ്സുകള്‍. ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്കോ, ഭരണീയര്‍ക്കോ നിയമാവിഷ്‌കാരം നടത്താനുള്ള അവകാശമില്ല. ജനങ്ങളാണ് അവിടെ ഭരണാധികാരിയെ തെരഞ്ഞെടുക്കുക. ദൈവിക നിയമങ്ങള്‍ നടപ്പാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യഉത്തരവാദിത്തം.

ജനാധിപത്യവ്യവസ്ഥയിലെ ഭരണാധികാരിക്കുള്ള അധികാരങ്ങളൊന്നും ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്കില്ല. പ്രസിഡന്റിന്റെ അധികാരം എന്ന പേരിലുള്ള ഒരും സംവിധാനം തന്നെ ഇസ്ലാമിക ഭരണത്തിലില്ല. മറിച്ച് ഉത്തരവാദിത്തങ്ങളും ബാധ്യതകളുമാണ് അദ്ദേഹത്തിനുള്ളത്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുറുകെ പിടിക്കുകയെന്ന നിബന്ധനയോട് കൂടിയാണ് ഭരണാധികാരിയെ ഇസ്ലാമിക രാഷ്ട്രത്തിലെ ജനങ്ങള്‍ അനുസരിക്കുന്നത്. അല്ലാഹുവിനെ ധിക്കരിച്ച് കല്‍പന പുറപ്പെടുവിക്കുന്ന ഭരണാധികാരിയെ അനുസരിക്കേണ്ടതില്ലെന്ന് ചുരുക്കം.

ഇസ്ലാമിന്റെ സുപ്രധാനമായ അടിസ്ഥാനങ്ങളിലൊന്നാണ് കൂടിയാലോചനയെന്നത്. രാഷ്ട്രത്തിന്റെ ഔദ്യോഗിക തീരുമാനങ്ങളില്‍ പൗരന്മാരുമായി കൂടിയാലോചിക്കുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ചുരുക്കത്തില്‍ ഇസ്ലാമിക രാഷ്ട്രത്തിലെ ഭരമാധികാരിക്ക് മേല്‍ അവിടത്തെ പ്രജകള്‍ക്കാണ് അധികാരമുള്ളത്. അവരുദ്ദേശിക്കുമ്പോള്‍ ഭരണാധികാരിയെ പ്രതിഷ്ഠിക്കാനും നീക്കം ചെയ്യാനും അവര്‍ക്ക് അധികാരമുണ്ട്. കിരീടം ഭരണാധികാരിയുടെ തലയിലും, അധികാരം ജനങ്ങളുടെ കയ്യിലുമാണെന്നര്‍ത്ഥം.

About salim bahansavi

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *