balanced-life

ഇസ്ലാമിനെ മധ്യമദര്‍ശനമാക്കിയ സവിശേഷതകള്‍ -2

ചിന്താവൈകല്യത്തിന്റെയും, വളഞ്ഞ പ്രകൃതത്തിന്റെയും സന്തതിയാണ് മതീവ്രത. സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാനും, ശരിയായ മാര്‍ഗത്തില്‍ നിന്ന് പുറത്ത് പോവാനുമാണ് ഇത് വഴിവെക്കുക.

വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു (പറയുക: വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യങ്ങളില്‍ അന്യായമായി അതിരുകവിയാതിരിക്കുക. നേരത്തെ പിഴച്ചുപോവുകയും വളരെ പേരെ പിഴപ്പിക്കുകയും നേര്‍വഴിയില്‍നിന്ന് തെന്നിമാറുകയും ചെയ്ത ജനത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്). അല്‍മാഇദഃ 77
ആരാധനയില്‍ അതിരുകവിഴുകയും, നവീനമായ ആരാധനകള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ചിലര്‍ നമുക്കിടയിലുണ്ട്. ആരധനകളോട് തികച്ചും അനാസ്ഥയും അവഗണനയും പുലര്‍ത്തുന്നവരും നമ്മിലുണ്ട്. ശൈഖ് മുഹമ്മദ് അബ്ദുല്ലാഹ് ദര്‍റാസ് ഫരയുന്നു (നേരായ പാതയുടെ വലതു വശത്തെക്കുറിച്ച് തിരുമേനി(സ) സൂചിപ്പിച്ചത് തീവ്രവതയുടെ ഭാഗമാണ്. എന്നാല്‍ ഇടതുവശത്തേക്കുള്ള വ്യതിയാനം അര്‍ത്ഥമാക്കുന്നത് അവഗണനയെയും, വീഴ്ചവരുത്തുന്നതിനെയുമാണ്. ഇവ രണ്ടും ശരിയായ മാര്‍ഗത്തില്‍ നിന്നും വ്യതിയാനമാണ്. ഇരു വശങ്ങളിലേക്കും വഴിമാറാതെ മധ്യത്തില്‍ തന്നെ സഞ്ചരിക്കുകയെന്നതാണ് സന്മാര്‍ഗം. നിലവില്‍ മുസ്ലിം സമൂഹത്തില്‍ കാണപ്പെടുന്ന വിശ്വാസപരമായ എല്ലാ ബിദ്അത്തുകളും, തിരുമേനി(സ) താക്കീത് നല്‍കിയ പിളര്‍പ്പുകളും, ആരാധനാ മേഖലയിലെ നൂതന ആവിഷ്‌കാരങ്ങളും ഐഹികസുഖലോലുപതയിലുള്ള അമിതാവേശവുമെല്ലാ മേല്‍സൂചിപ്പിച്ച രണ്ടാലൊരു വഴിയെയാണ് കുറിക്കുന്നത്).
ദീനിന്റെയും ദുന്‍യാവിന്റെയും കാര്യത്തില്‍ മിതത്വം പുലര്‍ത്തണമെന്നതാണ് ഇസ്ലാമിന്റെ കല്‍പന. ഇസ്ലാമിന്റെ മഹത്തായ സവിശേഷതകളിലൊന്നാണിത്. ശരീരവും ഉത്തരവാദിത്തവും അവഗണിച്ച സദാ ആരാധനയില്‍ മുഴുകി ജീവിക്കുന്നതിനെ ഇസ്ലാം വിലക്കുന്നു. നൈരന്തര്യത്തോടെ നിര്‍വഹിക്കുന്ന, മിതമായ ആരാധനകളാണ് അല്ലാഹുവിന് പ്രിയമെന്ന് പ്രഖ്യാപിക്കുന്നു. തിരുദൂതര്‍(സ) അരുള്‍ ചെയ്തിരിക്കുന്നത് ഇപ്രകാരമാണ് (എല്ലാ കാര്യങ്ങള്‍ക്കും ഉന്മേഷമുണ്ട്. എല്ലാ ഉന്മേഷത്തിനും ഒരു ആലസ്യമുണ്ട്. അതിന്റെയാള്‍ മിതത്വത്തോടെ തുടര്‍ച്ചയായി നിര്‍വഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തെ പ്രതീക്ഷിക്കുക).
ഐഹികവിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്നതും, പിശുക്ക് കാണിക്കുന്നതും ഇസ്‌ലാം വിലക്കിയിരിക്കുന്നു. ആവശ്യത്തിന് മാത്രം ചെലവഴിക്കുന്നവരാണ് കരുണാവാരിധിയുടെ അടിമകളെന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചിരിക്കുന്നു (ചെലവഴിക്കുമ്പോള്‍ അവര്‍ പരിധിവിടുകയില്ല. പിശുക്കുകാട്ടുകയുമില്ല. രണ്ടിനുമിടയ്ക്ക് മിതമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍). അല്‍ഫുര്‍ഖാന്‍ 67
മതവിഷയങ്ങളില്‍ അങ്ങേയറ്റം പാണ്ഡിത്യവും അറിവുമുള്ള പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഉണങ്ങി വരണ്ട ഭൂമിയെപ്പോലെയാണ് അവരുടെ ഹൃദയങ്ങള്‍. അവരിലൊരാള്‍ ന്യായാധിപ സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. വ്യഭിചാരം ആരോപിക്കപ്പെട്ട് ഒരു സ്ത്രീയെ അയാള്‍ക്ക് മുന്നില്‍ ഹാജരാക്കി. അവള്‍ കുറ്റസമ്മതം നടത്തുന്നത് വരെ അയാള്‍ അവളെ വിസ്തരിച്ച് കൊണ്ടേയിരുന്നു. ശേഷം വിവാഹിതയാണെന്നതിനാല്‍ അവളെ എറിഞ്ഞ് കൊല്ലാന്‍ വിധിക്കുകയും ചെയ്തു!!
ഇത് ജൂതന്മാരുടെ മാര്‍ഗമാണ്. ആരോപിതനെ ശിക്ഷയില്‍ നിന്ന് സംരക്ഷിക്കുകയെന്നതായിരുന്നു പ്രവാചക രീതി. ആരോപിതനെ സുരക്ഷിതമായി തിരിച്ചയക്കുന്നതിന് വേണ്ടി ഉപായം കണ്ടെത്തുകയാണ് തിരുമേനി(സ) ചെയ്തിരുന്നത്. എന്നാല്‍ ഇവിടെ ആരോപിതന് മേല്‍ ശിക്ഷ നടപ്പാക്കാനാണ് ന്യായാധിപന്‍ ഉപായം കണ്ടെത്തുന്നത്!! ഇത് ഇസ്ലാമിന്റെ ശൈലിയല്ല. ഇസ്ലാം പകര്‍ന്ന് നല്‍കുന്ന ‘ഹൃദയശാസ്ത്രം’ മനസ്സിലാക്കിയ ഒരാള്‍ക്കും ഇപ്രകാരം വിധിക്കാന്‍ സാധിക്കുകയില്ല. അദ്ദേഹമത് മറച്ച് വെക്കുകയും പൊറുത്ത് കൊടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹു അത് മറച്ചുവെക്കുകയും പൊറുത്ത് കൊടുക്കുകയും ചെയ്തിരുന്നേനെ!!
രണ്ട് ആത്യന്തതകള്‍ക്കിടയിലാണ് നമ്മുടെ മതവിജ്ഞാനീയങ്ങള്‍ നിലകൊള്ളുന്നത് എന്നത് ഏറെ വേദനാജനകമാണ്. കര്‍മശാസ്ത്രവും തസവ്വുഫുമാണ് അവ. സ്വൂഫികള്‍ പലപ്പോഴും ഭ്രാന്തിലേക്ക് വഴിമാറുമ്പോള്‍, കര്‍മശാസ്ത്ര പണ്ഡിതര്‍ കഠിനവും വന്യവുമായ നിയമങ്ങളെ പ്രതിനിധീകരിക്കുകയാണ് ചെയ്യാറ്.
ഇസ്ലാമിന്റെ സാമൂഹികവും സാമ്പത്തികവുമായ നിര്‍ദേശങ്ങളില്‍ നിഴലിച്ച് നില്‍ക്കുന്ന വ്യതിരിക്തതയാണ് മധ്യമനിലപാട്. സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ ഇടപെടലുകളെയും ഈ അളവുകോല്‍ വെച്ച് തന്നെയാണ് ഇസ്ലാം രൂപ്പെടുത്തിയിട്ടുള്ളത്. വീടകങ്ങളില്‍ അവളെ തളച്ചിടാനോ, അവിടെ നിന്ന് ആട്ടിയോടിക്കാനോ ഇസ്ലാം അനുവദിക്കാത്തത് അതിനാലാണ്. വേട്ടക്കാരന്റെയോ, ജയിലറുടെയോ കണ്ണുകളോടെയല്ല പുരുഷന്‍ അവളെ സമീപക്കേണ്ടതെന്നും ഇസ്ലാം പഠിപ്പിക്കുന്നു.
സ്ത്രീയുടെ നേതൃത്വത്തില്‍ പുതുതലമുറയെ വാര്‍ത്തെടുക്കുന്ന തൊട്ടിലാണ് വീട്. ഇസ്ലാമികാദ്ധ്യാപനങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും കീഴില്‍ അവരെ വളര്‍ത്തിയെടുക്കുന്നതും വീട്ടില്‍ നിന്ന് തന്നെയാണ്. നമുക്കിടയില്‍ ആചരിക്കുന്നത് പോലെ സ്ത്രീയെ തടഞ്ഞുനിര്‍ത്തുന്ന ജയിലോ, തടവറയോ അല്ല വീട്.

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *