ഇസ്ലാമിന്റെ വഴി തടയാന്‍ ആര്‍ക്കാണ് അവകാശമുള്ളത്? -2

ബുദ്ധിപരമായ പ്രത്യയശാസ്ത്രത്തെയോ, ആദര്‍ശത്തെയോ ആയുധമുപയോഗിച്ച് പ്രതിരോധിക്കുകയെന്നത് ന്യൂനതയാണെന്ന് ഇസ്ലാം തിരിച്ചറിയുന്നു. തെളിവും ന്യായവും

നിരത്തിയാണ് അവയെ നേരിടേണ്ടതെന്നും, ബുദ്ധിപരമായ മറുപടിയിലൂടെ വായടക്കുകയാണ് വേണ്ടതെന്നും ഇസ്ലാം മനസ്സിലാക്കുന്നു.
എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമാണ് ഇസ്ലാമിന്റെ വഴി തടയുകയും, പ്രയാണത്തിന് തടസ്സം നില്‍ക്കുകയും ചെയ്യുകയെന്നത്. സത്യസന്ദേശം ശ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ തടസ്സമായി നിലകൊള്ളുന്നവരെ ആയുധമുപയോഗിച്ച് നേരിടുകയെന്നത് ന്യായമാണെന്നും ഇസ്ലാം കരുതുന്നു. കാരണം അധികാരത്തെ അധികാരമുപയോഗിച്ച് മാത്രമെ പ്രതിരോധിക്കാനാവുകയുള്ളൂ. ശക്തിയുപയോഗിച്ചല്ലാതെ അതിനെ നേരിടുകയെന്നത് അസാധ്യമാണ്.
ഇസ്ലാമിക വിശ്വാസത്തെ പ്രതിരോധിക്കാന്‍ കെല്‍പുള്ള ധൈഷണിക അടിത്തറ ഖുറൈശികള്‍ക്കുണ്ടായിരുന്നില്ല. മറിച്ച് പാരമ്പര്യമായി ഉടമപ്പെടുത്തിയ നേതൃത്വവും അധികാരവും മാത്രമാണ് അവര്‍ക്ക് കൈമുതലായുണ്ടായിരുന്നത്. ഇസ്ലാമിക സന്ദേശത്തെ അവര്‍ പ്രതിരോധിച്ചത് തന്നെയും പൂര്‍വപിതാക്കളില്‍ നിന്നും കടമെടുത്ത ആചാരം മുറുകെ പിടിക്കുകയെന്ന ന്യായം ഉന്നയിച്ചായിരുന്നു.
അക്കാലത്തെ രാജാക്കന്മാരെയും നേതാക്കന്മാരെയുമെല്ലാം തിരുമേനി(സ) സത്യസന്ദേശത്തിലേക്ക് ക്ഷണിക്കുകയുണ്ടായി. എന്നാല്‍ പുതിയ വിശ്വാസം സ്വീകരിക്കാന്‍ അവരെല്ലാം വിസമ്മതിക്കുകയാണുണ്ടായത്. ഇസ്ലാമിക സന്ദേശത്തില്‍ നിന്ന് മുഖം തിരിക്കാന്‍ അവരെയെല്ലാം പ്രേരിപ്പിച്ച ഘടകം തങ്ങളുടെ അധികാരത്തോടുള്ള ആര്‍ത്തിയാണെന്ന് തിരുമേനി(സ)ക്ക് ബോധ്യപ്പെട്ടു. തങ്ങളുടെ വിശ്വാസത്തില്‍ പിടിച്ച് നിര്‍ത്താന്‍ പര്യാപ്തമായ സിദ്ധാന്തമോ, പ്രത്യയശാസ്ത്രമോ അവരുടെ കയ്യിലുണ്ടായിരുന്നില്ല. പ്രവാചക പ്രബോധനത്തിനോട് ഈ ഭരണാധികാരികള്‍ കാണിച്ച വിമുഖത അവിടത്തെ ജനങ്ങള്‍ക്കും ഇസ്ലാമിനും മുന്നില്‍ തടസ്സം സൃഷ്ടിക്കുകയാണ് ചെയ്തത്.
പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും, വിപ്ലവങ്ങളും ലക്ഷ്യം വെക്കുന്നവര്‍ക്ക് അധികാരം അനിവാര്യമാണെന്നത് ലളിതമായ സത്യമാണ്. ആധുനിക സമൂഹങ്ങള്‍ സാക്ഷ്യം വഹിച്ച ഫ്രഞ്ച്, റഷ്യന്‍, തുര്‍ക്കി വിപ്ലവങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്ന ഉദാഹരണങ്ങളാണ്. മറ്റു നാടുകളിലെ എല്ലാ മതപ്രബോധകരുടെയും അനുഭവവും ഇത് തന്നെയാണ്.
ഒരു ഭരണകൂടത്തെ ശക്തിയുപയോഗിച്ച് നേരിടുന്നതും, ചിന്താപ്രസ്ഥാനത്തോട് വാളുപയോഗിച്ച് യുദ്ധം ചെയ്യുന്നതും തമ്മില്‍ അജഗജാന്തരമുണ്ട്. അവ രണ്ടിനുമിടയില്‍ വേര്‍തിരിവ് കല്‍പിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കാരണം അവ രണ്ടും പൂര്‍ണാര്‍ത്ഥത്തില്‍ വ്യത്യസ്തമാണ് എന്നത് തന്നെ.
ആയുധം മാത്രമാണ് പരിഹാരം എന്ന കാര്യത്തില്‍ മനുഷ്യന് പരിചിതമായ എല്ലാ നിയമസമാഹാരങ്ങളും ഏകോപിച്ച് അഭിപ്രായപ്പെട്ട നിര്‍ണായക വേളയില്‍ മാത്രമാണ് ഇസ്ലാം വാളെടുത്തിട്ടുള്ളത്. നാലുപാടു നിന്നും ആയുധമുപയോഗിച്ച് ആക്രമണത്തിനിരയാകുന്ന രാഷ്ട്രം ആയുധമുപയോഗിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാനാണ്? അതേക്കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം കല്‍പിച്ചത് (കുഴപ്പം ഇല്ലാതിരിക്കുകയും, ദീന്‍ അല്ലാഹുവിനുള്ളതായിത്തീരുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. അവര്‍ വിരമിക്കുന്ന പക്ഷം അക്രമികളോടെല്ലാതെ ശത്രുത പുലര്‍ത്താന്‍ പാടുള്ളതല്ല).
പരസ്പരം പോരടിക്കുകയും ആഭ്യന്തര കലാപം കത്തിയാളുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭരണകൂടം ആയുധം പ്രയോഗിക്കുകയല്ലാതെ മറ്റെന്ത് വഴിയാണ് സ്വീകരിക്കുക? അതിനെക്കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പറയുന്നത് (വിശ്വാസികളില്‍പെട്ട രണ്ട് വിഭാഗങ്ങള്‍ പരസ്പരം യുദ്ധം ചെയ്യുന്ന പക്ഷം അവര്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കുക. അവരില്‍ ഒരു വിഭാഗം മറ്റെ വിഭാഗത്തിന് മേല്‍ അതിക്രമം പ്രവര്‍ത്തിക്കുന്നുവെങ്കില്‍, അക്രമികളോട് അവര്‍ അല്ലാഹുവിലേക്ക് മടങ്ങുന്നത് വരെ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ മടങ്ങുന്ന പക്ഷം ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ നീതിപൂര്‍വം നിങ്ങള്‍ രജ്ഞിപ്പുണ്ടാക്കുക).
ഈ രണ്ട് സന്ദര്‍ഭങ്ങളിലും ആയുധം മാത്രമാണ് പരിഹാരം എന്ന് വ്യക്തം. അക്രമവും, കടന്നുകയറ്റവും ആയുധമുപയോഗിച്ച് മാത്രമെ അവസാനിക്കുകയുള്ളൂ എന്ന് ബോധ്യപ്പെടുന്ന ഘട്ടങ്ങളാണവ. അതിന് ശേഷം മാത്രമെ പരസ്പരം യോജിപ്പിക്കാനും, ഐക്യപ്പെടുത്താനും സാധിക്കുകയുള്ളൂ.

About abbas mahmud aqqad

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *