ഇസ്ലാമും ഇതരമതസ്ഥരും

ഇസ്ലാമിക ദര്‍ശനത്തോട് വിയോജിപ്പ് പുലര്‍ത്തി പുറത്ത് നില്‍ക്കുന്നവരെ ദൈവികദീനിന്റെ പ്രബോധിതരായാണ് തിരുമേനി(സ) പരിഗണിച്ചിരുന്നത്. വഴിയറിയാതെ ജീവിക്കുന്ന പ്രസ്തുത ജനവിഭാഗങ്ങള്‍ക്ക് ചൊവ്വായ മാര്‍ഗം കാണിച്ചുകൊടുക്കുകയെന്ന ഉത്തരവാദിത്തം മുസ്ലിംകളുടെ മേലാണ് കുടികൊള്ളുന്നത്. പ്രസ്തുത ക്ഷണം അവര്‍ സ്വീകരിക്കുകയും ഇസ്ലാമിക ദര്‍ശനത്തിന്റെ ഭാഗവാക്കാകുകയും

ചെയ്യുന്ന പക്ഷം മുസ്ലിംകള്‍ക്ക് ബാധകമായ എല്ലാ അവകാശങ്ങളും ബാധ്യതകളും അവര്‍ക്കും ലഭിക്കുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (പശ്ചാത്തപിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും നിര്‍ബന്ധ ദാനം നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ ദീനില്‍ നിങ്ങളുടെ സഹോദരന്മാരാണ്). അത്തൗബഃ 11
തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്ത് നിന്ന് ഒഴിഞ്ഞ് മാറി, ഏകാന്തരായി ജീവിക്കുകയെന്നതല്ല മുസ്ലിംകളുടെ നയം. മറിച്ച് ചുറ്റുപാടുമുള്ള വ്യക്തികളും സമൂഹങ്ങളുമായി ബന്ധം പുലര്‍ത്തുകയും അവര്‍ക്കിടയില്‍ ഇസ്ലാം പ്രചരിപ്പിക്കുകയും അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്യുകയെന്നതാണ് മുസ്ലിംകളുടെ അടിസ്ഥാന ഉത്തരവാദിത്തം. ജനങ്ങള്‍ക്ക് ഇസ്ലാം എത്തുന്നതില്‍ വിഘ്‌നം വരുത്തുന്ന എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുകയെന്നതും അവരുടെ തന്നെ ബാധ്യതയാണ്. ഇസ്ലാമിക സന്ദേശം എത്തിക്കഴിഞ്ഞ ഒരാള്‍ക്ക് അത് സ്വീകരിക്കാനും, തള്ളാനുമുള്ള പരിപൂര്‍ണ സ്വാതന്ത്രമുണ്ട്. ഇസ്ലാം സ്വീകരിച്ച് മുസ്ലിംകളുടെ അവകാശങ്ങള്‍ സ്വീകരിച്ച് ജീവിക്കുകയോ, ഇസ്ലാം തള്ളിക്കളഞ്ഞ് പഴയ മതത്തില്‍ തന്നെ തുടര്‍ന്ന് മുസ്ലിംകളോട് സന്ധി ചെയ്ത് ജീവിക്കുകയോ ചെയ്യാന്‍ അവര്‍ക്ക് അവസരമുണ്ട്.
പ്രവാചകന്‍ മുഹമ്മദ്(സ)യുടെ പ്രബോധനം കേവലം അറേബ്യയില്‍ മാത്രം പരിമിതമായ പ്രാദേശിക പ്രവര്‍ത്തനമാകരുതെന്ന് അല്ലാഹു അദ്ദേഹത്തിന് ബോധനം നല്‍കിയിരിക്കുന്നു. ഏതെങ്കിലും ഒരു സമൂഹത്തിനോ, വര്‍ഗത്തിനോ മാത്രമുള്ള സന്ദേശമായിരുന്നില്ല അത്. മാനവകുലത്തിന് മുഴുവന്‍ ദൈവിക ദീനിന്റെ സന്ദേശം എത്തിക്കുകയെന്നതായിരുന്നു തിരുദൂത(സ)രുടെ ദൗത്യം. മനുഷ്യര്‍ക്ക് അവരുടെ ഇഹ-പര ലോകങ്ങളിലെ ജീവിത വിജയത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ചേര്‍ന്ന സമ്പൂര്‍ണവും സമഗ്രവുമായ സന്ദേശമായിരുന്നു അന്ത്യപ്രവാചകനായ മുഹമ്മദ്(സ) കൊണ്ട് വന്നത്. (എല്ലാ ജനങ്ങള്‍ക്കും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായാണ് ഞാന്‍ താങ്കളെ അയച്ചിരിക്കുന്നത്. പക്ഷെ കൂടുതല്‍ ജനങ്ങളും അതറിയുന്നില്ല). സബഅ് 28
തിരുമേനി(സ) തന്നെയും തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളമുഖം നല്‍കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഭരണാധികാരികളെന്നോ ഭരണീയരെന്നോ, വ്യക്തികളെന്നോ സംഘങ്ങളെന്നോ വ്യത്യാസമില്ലാതെ തിരുമേനി(സ) അഭിംസബോധന ചെയ്തു. തല്‍ഫലമായി ഇസ്ലാമേതര വിഭാഗത്തോട് പുലര്‍ത്തേണ്ട സമീപനത്തെക്കുറിച്ച ഒട്ടേറെ അടിസ്ഥാനങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ തിരുമേനി(സ)ക്ക് സാധിക്കുകയുണ്ടായി.
ഇതരമതസ്ഥരോട് തിരുമേനി(സ) സ്വീകരിച്ച സമീപനങ്ങള്‍ അദ്ദേഹത്തിന്റെ പ്രശോഭിതമായ ജീവചരിത്രത്തില്‍ ഒട്ടേറെയിടങ്ങളില്‍ വളരെ മനോഹരമായി വിവരിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരോട് വിട്ടുവീഴ്ച ചെയ്തും, അവരുടെ വിശ്വാസത്തെ മാനിച്ചും, അവരുടെ ആരാധകരെ ആദരിച്ചുമാണ് തിരുമേനി(സ) അവരോട് ഇടപഴകിയിരുന്നതെന്ന് പ്രസ്തുത ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നതാണ്.
വിശ്വാസപരമായി ഇസ്ലാമില്‍ നിന്ന് വേര്‍പിരിഞ്ഞ് ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ വിശ്വാസവും, ആരാധനയും വെച്ച് പുലര്‍ത്താനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം ഇസ്ലാം നല്‍കുകയുണ്ടായി. ഒരാളെയും അയാളുടെ മതം ഉപേക്ഷിക്കാനോ, ഇസ്ലാമിക ദര്‍ശനം സ്വീകരിക്കാനോ നിര്‍ബന്ധിക്കാന്‍ പാടില്ല എന്നതാണ് ഇസ്ലാമിന്റെ വീക്ഷണം. ഹൃദയങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതും, സത്യത്തിന് കീഴ്‌പെടാന്‍ അതിനെ പ്രേരിപ്പിക്കുന്നതുമെല്ലാം ദൈവത്തിന് മാത്രം കഴിയുന്ന കാര്യമാണെന്ന് ഇസ്ലാം നിരീക്ഷിക്കുന്നു. മതസ്വാതന്ത്ര്യം അതിന്റെ പരിപൂര്‍ണാര്‍ത്ഥത്തില്‍ വകവെച്ച് കൊടുത്ത ലോകത്തെ ആദ്യദര്‍ശനമാണ് ഇസ്ലാം. ഇസ്ലാമേതര വിശ്വാസികള്‍ പരിപൂര്‍ണമായ ആദരവും ബഹുമാനവും അര്‍ഹിക്കുന്നുവെന്നും, അവരെ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് കൊണ്ട് വരേണ്ടതില്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു. സന്മാര്‍ഗം കാണിച്ചു കൊടുക്കുക എന്നത് മാത്രമാണ് ദൈവദൂതന്മാരുടെ ഉത്തരവാദിത്തമെന്നും, സന്മാര്‍ഗത്തിലേക്ക് ബലപ്രയോഗത്തിലൂടെ പ്രവേശിപ്പിക്കേണ്ടത് അവരുടെ കടമയല്ലെന്നും വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ വ്യക്തമാക്കിയത് ഈയര്‍ത്ഥത്തിലാണ്.
ലോകത്ത് നിലനില്‍ക്കുന്ന ഒരേയൊരു മതം ഇസ്ലാമായിത്തീരണമെന്നോ, മറ്റുള്ളവരെല്ലാം അതില്‍ ഭാഗവാക്കാകണമെന്നോ ഇസ്ലാം ശഠിക്കുന്നില്ല. മാത്രമല്ല, ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അപ്രകാരം ചെയ്യുമായിരുന്നുവെന്നും എന്നാല്‍ അവന്റെ തീരുമാനം മറ്റൊന്നാണെന്നും വിശുദ്ധ ഖുര്‍ആന്‍ ഹൂദ് അദ്ധ്യായത്തില്‍ 118-ാം സൂക്തത്തില്‍ വിശദീകരിക്കുന്നുണ്ട്.
ബാഹ്യസ്വാധീനങ്ങളില്‍ നിന്ന് മുക്തമായ പൂര്‍ണ സ്വാതന്ത്ര്യത്തോട് കൂടിയ മാനസികാവസ്ഥയില്‍ സ്വീകരിക്കേണ്ട ദര്‍ശനമാണ് ഇസ്ലാമെന്ന് വേദഗ്രന്ഥം സിദ്ധാന്തിക്കുന്നു. ഏതൊരു മാര്‍ഗത്തിലൂടെയും അതിന് വേണ്ടി പ്രേരിപ്പിക്കുകയോ, ബലംപ്രയോഗിക്കുകയോ ചെയ്യാവതല്ല.

 

About nasir muhammadi muhammad jad

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *