ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മുഖം -1

ഭൗതികമായ ഒരു തത്വശാസ്ത്രം എന്ന നിലയില്‍ വ്യത്യസ്ത രീതിയില്‍ ജനാധിപത്യം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ എല്ലാ അര്‍ത്ഥതലങ്ങളെയും സമ്മേളിപ്പിച്ച ഒരു സമഗ്രമായ

നിര്‍വചനം ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ആധുനിക പാശ്ചാത്യന്‍ പാരമ്പര്യങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച നിരവധി സങ്കല്‍പങ്ങള്‍ സമര്‍പിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഭരണസങ്കല്‍പവും, അതിന്റെ പ്രായോഗിക രീതിയും പരസ്പരം കൂട്ടിക്കലര്‍ത്തിയിരിക്കുന്നതായാണ് കാണുന്നത്. ഓരോ സമൂഹത്തിന്റെയും സവിശേഷതകളും, പ്രത്യേകതകളും പരിഗണിച്ചാണ് ജനാധിപത്യം നടപ്പാക്കപ്പെടാറുള്ളത് എന്നതിനാലാണിത്.

അതിനാല്‍ തന്നെ ജനാധിപത്യം എന്തെന്ന് വിശദീരിക്കുന്ന നൂറോളം നിര്‍വചനങ്ങള്‍ കാണാവുന്നതാണ്. സ്വാതന്ത്ര്യം, സമത്വം, നീതി തുടങ്ങിയ പ്രശോഭിതമായ ആശയങ്ങള്‍ മുന്നില്‍ വെച്ച ഒരു ആശയമാണ് അതെന്ന് പൊതുവെ നിര്‍വചിക്കപ്പെട്ടിരിക്കുന്നു.

പൊതുജനങ്ങളുടെ ഭരണം എന്നര്‍ത്ഥമുള്ള ഡെമോക്രാറ്റിക് എന്ന പുരാതന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഡെമോക്രസി അഥവാ ജനാധിപത്യം രൂപപ്പെട്ടിരിക്കുന്നത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഡെമോസ് എന്നാല്‍ ജനങ്ങള്‍ എന്നും, ക്രാറ്റോസ് എന്നാല്‍ ഭരണം എന്നുമാണ് അര്‍ത്ഥം.

ഡെമോക്രസി എന്നാല്‍ ചിലര്‍ ധരിച്ചത് പോലെ കേവലം ഒരിനം മാത്രമല്ല. ചിലപ്പോള്‍ പരസ്പരം വിരുദ്ധമെന്ന് പോലും തോന്നിയേക്കാവുന്ന നിരവധി ഇനങ്ങള്‍ അതിനുണ്ട്. ലിബറല്‍ ജനാധിപത്യം, ലിബറല്‍ അല്ലാത്ത ജനാധിപത്യം, സോഷ്യല്‍ ജനാധിപത്യം തുടങ്ങിയ ഒരു നീണ്ട നിര തന്നെയുണ്ട്.

ചുരുക്കത്തില്‍ പുരാതന ഗ്രീക്ക് ചിന്തകളില്‍ ഒന്നാണ് ജനാധിപത്യം എന്നത്. ഗ്രീക്ക് സമൂഹത്തില്‍ രൂപപ്പെട്ട മറ്റ് ധാരാളം ചിന്തകളെപ്പോലെ തന്നെയാണ് ഇതും. എന്നാല്‍ അവരില്‍ തന്നെയുള്ള പ്രശസ്ത തത്വശാസ്ത്രകാരന്മാരില്‍ നിന്ന് ശക്തമായ വിമര്‍ശനവും നിരൂപണവും ഏറ്റുവാങ്ങേണ്ടി വന്നു എന്നത് ജനാധിപത്യത്തെ അക്കാലത്തെ ഇതര ചിന്തകളില്‍ നിന്ന് വ്യതിരിക്തമാക്കുന്നു. വഴികെട്ട, പൊള്ളയായ ഭരണസംവിധാനങ്ങളുടെ ഗണത്തിലാണ് അവരില്‍ ചിലരുടെ അടുത്ത് ജനാധിപത്യം പരിഗണിക്കപ്പെടുന്നത്. ജനാധിപത്യ ചിന്ത അതിന്റെ പ്രാരംഭത്തില്‍ അഭിമുഖീകരിച്ച വെല്ലുവിളിയായിരുന്നു ഇത്.

കാലക്രമേണെ ജനാധിപത്യത്തിന് വിവിധ നിര്‍വചനങ്ങള്‍ രൂപപ്പെട്ടു. ഇവയില്‍ സുപ്രധാനമായ രണ്ട് നിര്‍വചങ്ങള്‍ ഇവിടെ ഉദ്ധരിക്കാവുന്നതാണ്. ജനങ്ങളെ ഭരണത്തില്‍ പങ്കാളികളാകാന്‍ പ്രേരിപ്പിക്കുന്ന, ഭരണം ജനങ്ങള്‍ക്കെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്ന രണ്ട് തത്വങ്ങള്‍ മുന്‍നിര്‍ത്തിയ പ്രാചീന നിര്‍വചനമായിരുന്നു അതിലൊന്ന്. സമൂഹത്തിന് അധികാരം നല്‍കുന്ന പൊതുതാല്‍പര്യവും, പൊതുനന്മയുമായിരുന്നു അത് മുറുകെ പിടിച്ചിരുന്ന രണ്ട് തത്വങ്ങള്‍.

നിയമം നിര്‍മിക്കാനും, നടപ്പിലാക്കാനും, വിധി കല്‍പിക്കാനുമുള്ള സമ്പൂര്‍ണ അധികാരം ജനങ്ങള്‍ക്ക് നല്‍കുകയെന്നതാണ് ഇതിന്റെ ആകെത്തുക. ഏതെങ്കിലും മതത്തിനോ, മറ്റോ ഈ അധികാരം നല്‍കാതിരിക്കുകയും ചെയ്യുക.

മേല്‍സൂചിപ്പിച്ച അധികാരങ്ങളില്‍ ഏറ്റവും അപകടകരമായത് നിയമനിര്‍മാണാധികാരമാണ്. എല്ലാ അധികാരങ്ങളുടെ മാതാവാണ് അത്. എന്തെല്ലാം നല്‍കപ്പെടും, എന്തെല്ലാം വിലക്കപ്പെടും എന്ന അടിസ്ഥാന കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് നിയമനിര്‍മാണത്തിലൂടെയാണ്. എന്നല്ല, ഒരു സമൂഹത്തിന്റെ മുഴുവന്‍ സ്വത്വവും നിര്‍ണയിക്കപ്പെടുന്നത് പ്രസ്തുത നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ അധികാരത്തില്‍ മതത്തിന് യാതൊരു പങ്കുമില്ലെന്നും, മനുഷ്യന്‍ മാത്രം കൈകടത്തുകയും, ആവിഷ്‌കരിക്കുകയുമാണ് വേണ്ടതെന്നും ജനാധിപത്യം സിദ്ധാന്തിക്കുന്നു.

ജനാധിപത്യത്തിന്റെ ഈ നിര്‍വചനം നാനാഭാഗത്ത് നിന്നും നിരന്തരമായ നിരൂപണങ്ങള്‍ക്ക് വിധേയമായി. ജനങ്ങളുടെ ഭരണസങ്കല്‍പവും, പ്രായോഗിക ലോകവും തമ്മിലുള്ള വൈരുദ്ധ്യം അവയില്‍ സുപ്രധാനമായിരുന്നു. എല്ലാ ജനങ്ങളും യോജിച്ച് ഒരു ‘പൊതു നന്മ’ സമൂഹത്തില്‍ ഇല്ല എന്ന് വ്യക്തമായി. ഓരോ വ്യക്തിക്കും ‘പൊതു നന്മ’യെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ഉണ്ടായിരുന്നത്.

എല്ലാവരും യോജിച്ച ഒരു ‘പൊതു നന്മ’യില്ലെങ്കില്‍ പിന്നെ അവരില്‍ നിന്ന് ഒരു ‘പൊതു താല്‍പര്യം’ പ്രതീക്ഷിക്കാവതല്ല. ചുരുക്കത്തില്‍ ക്ലാസികല്‍ ജനാധിപത്യ സങ്കല്‍പം ചരിത്രയാഥാര്‍ത്ഥ്യത്തോടോ, സംഭവലോകത്തോടോ യാതൊരു ബന്ധവുമില്ലാത്ത കേവല ‘ഉട്ടോപ്യ’യായി വിലയിരുത്തപ്പെട്ടു.

പ്രത്യയശാസ്ത്രപരമായ നിര്‍വചനമായിരുന്നു രണ്ടാമത്തേത്. പ്രപഞ്ചം, ജീവിതം, മനുഷ്യന്‍ എന്നിവയെക്കുറിച്ച നിര്‍ണിതമായ വീക്ഷണത്തിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ടതായിരുന്നു ഇത്. ജനാധിപത്യത്തിന്റെ തത്വശാസ്ത്രപരമായ ആവിഷ്‌കാരമെന്ന് ഈ നിര്‍വചനത്തെ വിശേഷിപ്പിക്കാവുന്നതാണ്. ലിബറല്‍ പാഠശാലയില്‍ നിന്നുള്ള ചിന്തകളാണ് ഇതിനെ സ്വാധീനിച്ചിട്ടുള്ളത്. മനുഷ്യനെ സ്വതന്ത്ര വ്യക്തിയായി, സ്വന്തം താല്‍പര്യ സംരക്ഷണത്തിന് മാത്രം മറ്റുള്ളവരുമായി ബന്ധപ്പെടുന്ന ജീവിയായി നിരീക്ഷിക്കുന്ന ചിന്ത ഇതിനുദാഹരണമാണ്. ധാര്‍മികത, സല്‍ഗുണങ്ങള്‍, മൂല്യങ്ങള്‍ തുടങ്ങിയവ നിര്‍ണയിക്കുന്ന സാമൂഹിക ഘടകമില്ലെന്നും അത് സിദ്ധാന്തിക്കുന്നു.

നിരന്തരമായി മാറ്റത്തിന് ആഗ്രഹിക്കുന്ന, സാമൂഹിക സംവിധാനത്തെ ഭൂരിപക്ഷം ചലിപ്പിക്കുന്ന സങ്കല്‍പം എന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യയശാസ്ത്രപരമായ നിര്‍വചനം. ചുറ്റുമുള്ള സാമൂഹികക്രമത്തിന്റെ മാറ്റത്തിന് അനുസരിച്ച് സ്വന്തം ചിന്തയെയും തത്വങ്ങളെയും മൂല്യങ്ങളെയും മാറ്റാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ ജനാധിപത്യവാദി എന്നര്‍ത്ഥം!!

About abdul aziz abanqari

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *