77

ചരിത്രം കൊത്തിവെച്ച മസീഹ് -2

വിശുദ്ധ ലേപനം തെളിക്കുകയെ -മസഹ- ന്നത് ക്രൈസ്തവ ലോകത്തെ രാജാക്കന്മാരുടെ കിരീടധാരണ വേളയിലെ മുഖ്യമായ ചടങ്ങായിരുന്നു. ഇപ്രകാരം വിശുദ്ധ ലേപനാഭിഷേകം വഴി അഭിഷിക്തരാ-മുസഹാഅ്-യവരായിരുന്നു ശാവല്‍, ദാവൂദ് തുടങ്ങിയവര്‍. (യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകം ചെയ്തു). 2 സാമുവേല്‍ 2:4.
(പുരോഹിതരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍ വേണ്ടി അഹറോനെയും പുത്രന്‍മാരെയും അഭിഷേകം ചെയ്യുകയും വേര്‍തിരിച്ചു നിര്‍ത്തുകയും ചെയ്യുക). പുറപ്പാട് 30:30.
കാലക്രമേണെ മറ്റുള്ളവരാല്‍ എന്തെങ്കിലും ലക്ഷ്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരെയെല്ലാം ആലങ്കാരികമായി ‘മസീഹ്’ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി. അതിനാല്‍ തന്നെ പേര്‍ഷ്യക്കാരനായ സൈറസിനെ ഏശയ്യാ മസീഹ് (അഭിഷിക്തന്‍) എന്ന് വിശേഷിപ്പിച്ചതായി കാണാവുന്നതാണ്. (രാജ്യങ്ങള്‍ കീഴടക്കുന്നതിനും രാജാക്കന്‍മാരുടെ അരപ്പട്ടകള്‍ അഴിക്കുന്നതിനും നഗരകവാടങ്ങള്‍ അടയ്ക്കപ്പെടാതെ തുറന്നിടുന്നതിനും വേണ്ടി ആരുടെ വലത്തു കൈയ് താന്‍ ഗ്രഹിച്ചിരിക്കുന്നുവോ, തന്റെ അഭിഷിക്ത-മസീഹ്-നായ ആ സൈറസിനോടു കര്‍ത്താവ് അരുളിച്ചെയ്യുന്നു:). ഏശയ്യാ 45:1.
കാരണം ദൈവം, ഇസ്രയേല്യരുടെ ശത്രുക്കളെ തകര്‍ത്തതും, ക്ഷേത്രം പുതുതായി പണികഴിപ്പിച്ചതും അദ്ദേഹത്തിന്റെ കരങ്ങളാലായിരുന്നു. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനത എന്നര്‍ത്ഥത്തില്‍ ഇസ്രയേല്യരും മസീഹ് എന്ന വിശേഷണത്തിന് അര്‍ഹരായതായി സങ്കീര്‍ത്തനങ്ങള്‍ കുറിക്കുന്നു. (അങ്ങയുടെ ജനത്തിന്റെ -മസീഹിന്റെ-, അങ്ങയുടെ അഭിഷിക്തന്റെ, രക്ഷയ്ക്കുവേണ്ടി അങ്ങു മുന്നേറി. അങ്ങ് ദുഷ്ടന്റെ ഭവനം തകര്‍ത്തു; അതിന്റെ അടിത്തറവരെ അനാവൃതമാക്കി). ഹബക്കുക്ക് 3: 13.
വരാനിരിക്കുന്ന പ്രവാചകനെ കുറിക്കാന്‍ ‘മസീഹ്’ എന്ന നാമം ധാരാളമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. യൂസുഫ് പ്രവാചകന്റെയും, മൂസാ പ്രവാചകന്റെയും ആഗമനത്തെക്കുറിക്കാന്‍ പ്രസ്തുത പദം പ്രയോഗിച്ചിരുന്നു. ചിലപ്പോഴൊക്കെ അവര്‍ രണ്ടുപേരെയും ഒന്നിച്ച് മസീഹ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, യഹൂദരിലെ വിശ്വാസികള്‍ ഇപ്പോഴും മറ്റൊരു മസീഹിനെ പ്രതീക്ഷിച്ചിരിക്കുന്നവരാണ്. കാരണം, ഈസായുടെ പ്രവാചകത്വത്തില്‍ വിശ്വസിക്കുന്നവരല്ല അവര്‍.
ദാവൂദിന്റെ രാഷ്ട്രം തകരുകയും, അവിടത്തെ പുണ്യക്ഷേത്രം തകരുകയും ചെയ്തതിന് ശേഷമാണ് മസീഹിനെക്കുറിച്ച വിശ്വാസവും, പ്രതീക്ഷയും ഉച്ചിയിലെത്തിയത്. ദാവൂദിന്റെ തന്നെ പരമ്പരയിലുള്ള ഒരു രാജാവിലേക്ക് അദ്ദേഹത്തിന്റെ അധികാരം തിരിച്ച് വരുമെന്ന പ്രവാചകന്‍മാരുടെ വാഗ്ദാനങ്ങള്‍ ഇസ്രയേല്‍ ജനത ആവര്‍ത്തിച്ച് പരാമര്‍ശിച്ചുകൊണ്ടേയിരുന്നു. ലോകത്തെ രാജാക്കന്മാരെല്ലാം അദ്ദേഹത്തിന് കീഴ്‌പെടുകയും, ഇതരസമൂഹങ്ങള്‍ അദ്ദേഹത്തിന് വിധേയപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ അല്‍പം കഴിഞ്ഞതോടെ മസീഹ് എന്ന പദത്തിന് വരാനിരിക്കുന്ന രാജാവ്, എന്നതിനേക്കാള്‍ ഉപരിയായി സംസ്‌കരണത്തിനും പരിഷ്‌കരണത്തിനുമായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന തലത്തിലേക്ക് ഉയര്‍ന്നു. ഏശയ്യയെപ്പോലുള്ള ചിലരുടെ പ്രവാചകത്വത്തെ കുറിക്കാന്‍ പ്രസ്തുത പദം പ്രയോഗിക്കപ്പെടുകയും, ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായിരുന്ന മസീഹ് അതോടെ ത്യാഗത്തിന്റെയും സമര്‍പണത്തിന്റെയും ക്ഷമയുടെയും പര്യായമായിത്തീരുകയും ചെയ്തു. (അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു. അവന്‍ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്‌തെന്നു നാം കരുതി). ഏശയ്യാ 53:3.

About abbas mahmood aqqad

Check Also

JESUS (1)

മസീഹ് ഇസ്ലാമിക പൈതൃകത്തില്‍ -3

യാത്രയിലായിരിക്കുമ്പോള്‍ കയ്യില്‍ മുടി ചീകാനുള്ള ഒരു ചീപ്പും, കുടിക്കാനുള്ള വെള്ളം സൂക്ഷിക്കാന്‍ ഒരു പാനപാത്രവുമാണ് മസീഹ് കൂടെ വഹിച്ചിരുന്നത്. ഒരു …

Leave a Reply

Your email address will not be published. Required fields are marked *