JESUS (1)

മസീഹ് ഇസ്ലാമിക പൈതൃകത്തില്‍ -3

യാത്രയിലായിരിക്കുമ്പോള്‍ കയ്യില്‍ മുടി ചീകാനുള്ള ഒരു ചീപ്പും, കുടിക്കാനുള്ള വെള്ളം സൂക്ഷിക്കാന്‍ ഒരു പാനപാത്രവുമാണ് മസീഹ് കൂടെ വഹിച്ചിരുന്നത്. ഒരു ദിവസം ഒരാള്‍ തന്റെ കൈ ഉപയോഗിച്ച് താടി ചീകുന്നത് കണ്ട മസീഹ് കയ്യിലുള്ള ചീപ്പ് വലിച്ചെറിഞ്ഞു. അല്‍പം കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ തന്റെ ഉള്ളംകൈ ഉപയോഗിച്ച് പുഴയില്‍ നിന്ന് വെള്ളം കുടിക്കുന്നത് കണ്ട അദ്ദേഹം കയ്യിലുണ്ടായിരുന്ന പാനപാത്രവും ഉപേക്ഷിച്ചു.
ഒരു ദിവസം മസീഹ് തന്റെ അനുയായികളോട് പറഞ്ഞു ‘നിങ്ങളുടെ ആരാധനാഗേഹങ്ങള്‍ വീടുകളെപ്പോലെയാക്കുക. വീടുകള്‍ നിങ്ങള്‍ പ്രകാശപൂരിതമാക്കുക. കരസസ്യങ്ങളില്‍ നിന്ന് ഭക്ഷിക്കുകയും, ശുദ്ധജലനം പാനം നടത്തുകയും ചെയ്യുക. ഇഹലോക സുഖങ്ങളില്‍ നിന്ന് നിങ്ങള്‍ ഓടിയൊളിക്കുക’.
മസീഹ് പറഞ്ഞു (അവസാന കാലത്ത് ജനങ്ങളെ ഭൗതിക വിരക്തി പഠിപ്പിക്കുകയും, സ്വയം ഭൗതിക വിരക്തി പുലര്‍ത്താതിരിക്കുകയും ചെയ്യുന്ന ചിലരുണ്ടാവും. അവര്‍ ജനങ്ങളില്‍ പരലോക ആഗ്രഹം ജനിപ്പിക്കുകയും, സ്വയം പരലോകം ആഗ്രഹിക്കാത്തവരുമായിരിക്കും. ഭരണാധികരോട് അടുപ്പം പുലര്‍ത്തുന്നതില്‍ നിന്ന് ജനങ്ങളെ വിലക്കുന്ന അവര്‍, സ്വയം അതില്‍ നിന്ന് അകന്ന് നില്‍ക്കുകയില്ല. അവര്‍ സമ്പന്നരോട് അടുക്കുകയും, ദരിദ്രരില്‍ നിന്ന് അകലുകയും ചെയ്യുന്നു. ജനങ്ങളിലെ പ്രമാണിമാരെ അവര്‍ സുഖിപ്പിക്കുകയും, പാവം ജനങ്ങളോട് മോശമായി വര്‍ത്തിക്കുകയും ചെയ്യും. ഇവര്‍ കരുണാവാരിധിയുടെ ശത്രുക്കളും, പിശാചിന്റെ സഹോദരന്മാരുമാണ്).
ലൈഥില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു (മസീഹിനെ അനുഗമിക്കാന്‍ തീരുമാനിച്ച് ഒരാള്‍ വന്ന് അദ്ദേഹത്തോട് പറഞ്ഞു ‘ഞാന്‍ താങ്കളുടെ കൂടെ സഹവസിക്കാന്‍ തീരുമാനിച്ചിരിക്കുന്നു’. അങ്ങനെ അവര്‍ രണ്ടുപേരും ഒരു യാത്ര പുറപ്പെട്ടു ഒരു പുഴക്കരയില്‍ എത്തിച്ചേര്‍ന്നു. പ്രഭാത ഭക്ഷണം കഴിക്കാനായി അവര്‍ ഒരിടത്തിരുന്നു. അവരുടെ കൈവശം മൂന്ന് റൊട്ടികളുണ്ടായിരുന്നു. അവയില്‍ രണ്ട് റൊട്ടികള്‍ അവര്‍ തിന്നുകയും, മൂന്നാമത്തേത് ബാക്കിയാക്കുകയും ചെയ്തു. പിന്നീട് മസീഹ് എഴുന്നേറ്റ് വെള്ളം കുടിക്കാനായി പുഴയിലേക്ക് ചെന്നു. തിരിച്ച് വന്ന അദ്ദേഹം ബാക്കിവെച്ച റൊട്ടി കണ്ടില്ല. അദ്ദേഹം കൂടെയുണ്ടയാളോട് ചോദിച്ചു ‘റൊട്ടി ആരാണ് എടുത്തത്? അയാള്‍ തനിക്കറിയില്ലെന്നാണ് മറുപടി നല്‍കിയത്. അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. യാത്രക്കിടയില്‍ അവര്‍ ഒരു രണ്ട് കുഞ്ഞുങ്ങളുള്ള ഒരു തള്ളമാനെ കണ്ടു. ഈസാ അതിനെ അടുത്ത് വിളിക്കുകയും, അത് അടുത്തേക്ക് വരികയും ചെയ്തു. മസീഹ് അതിനെ അറുക്കുകയും, ഒരു കഷ്ണം പൊള്ളിച്ചതിന് ശേഷം അത് രണ്ട് പേരും ചേര്‍ന്ന് തിന്നുകയും ചെയ്തു. ശേഷം മാന്റെ കുഞ്ഞുങ്ങളിലൊന്നിനെ മസീഹ് അടുത്ത് വിളിച്ചു. അതിന് എഴുന്നേല്‍ക്കാന്‍ കഴിവില്ലായിരുന്നു. അതുകണ്ട മസീഹ് അതിനോട് എഴുന്നേല്‍ക്കാന്‍ കല്‍പിക്കുകയും, അതേതുടര്‍ന്ന് അത് എഴുന്നേറ്റ് ഓടി കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷമായി.
ശേഷം മസീഹ് കൂടെയുള്ളയാളോട് ചോദിച്ചു ‘നിനക്ക് ഈ അമാനുഷിക ദൃഷ്ടാന്തം കാണിച്ച നാഥനാണ് സത്യം. ആരാണ് ബാക്കിവെച്ച റൊട്ടി തിന്നത്? അയാള്‍ ‘തനിക്കറിയില്ല’ എന്ന മറുപടി ആവര്‍ത്തിച്ചു. ശേഷം അവര്‍ വീണ്ടും യാത്ര തുടര്‍ന്നു ഒരു പുഴക്കരയിലെത്തി. മസീഹ് സഹപ്രവര്‍ത്തകന്റെ കൈപിടിച്ച് പുഴവെള്ളത്തിന് മുകളിലൂടെ നടന്ന് മറുകരയിലെത്തി. പുഴകടന്ന മസീഹ് സഹപ്രവര്‍ത്തകനോട് ചോദിച്ചു ‘ഈ അല്‍ഭുത ദൃഷ്ടാന്തം കാണിച്ചവനാണ് സത്യം, ആരാണ് ബാക്കിയുള്ള റൊട്ടി കഴിച്ചത്? ‘എനിക്കറിയില്ല’ എന്ന് തന്നെയായിരുന്നു അയാളുടെ മറുപടി.
അവര്‍ യാത്ര തുടര്‍ന്ന് ഒരു മരുഭൂമിയിലെത്തി അവര്‍ വിശ്രമിക്കാനിരുന്നു. മസീഹ് തനിക്ക് ചുറ്റുമുള്ള മണ്ണ് കൂട്ടി ഒരു കൂമ്പാരമുണ്ടാക്കിയതിന് ശേഷം അതിനോട് ‘സ്വര്‍ണമാവാന്‍’ കല്‍പിക്കുകയും, അത് സ്വര്‍ണമാവുകയും ചെയ്തു. ശേഷം ആ കൂമ്പാരത്തെ മസീഹ് മൂന്നായി വിഭജിച്ച് കൊണ്ട് പറഞ്ഞു ‘ഇതിലൊന്ന് എനിക്ക്, രണ്ടാമത്തേത് നിനക്ക്. മൂന്നാമത്തേത് റൊട്ടി തിന്നവനും’. ഇതുകേട്ട അയാള്‍ പറഞ്ഞു ‘റൊട്ടി ഞാനാണ് തിന്നത്’. മസീഹ് പറഞ്ഞു ‘ഈ കൂമ്പാരം മുഴുവനും നിനക്കുള്ളതാണ്’.

About muhammad atha raheem

Check Also

moses-and-the-burning-bush-0001107-full

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -1

ഇബ്‌റാഹീം പ്രവാചകന്റെ നിയോഗം കഴിഞ്ഞ് ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മസീഹിന്റെ ആഗമനത്തിന് ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഇബ്‌റാഹീമിന്റെ മകന്‍ …

Leave a Reply

Your email address will not be published. Required fields are marked *