000jesus

മസീഹിന്റെ പ്രബോധനവും റോമന്‍ ഭരണകൂടവും -2

ഈസാ പ്രവാചകന്‍ പ്രബോധന ദൗത്യവുമായി കടന്നുവന്ന പ്രഥമ ഘട്ടത്തില്‍ തന്നെ യഹൂദരും റോമന്‍ ഭരണകൂടവും അതിശക്തമായ പീഢനങ്ങളാണ് അഴിച്ചുവിട്ടത്. മസീഹിനെതിരെ ഗുരുതരമായ ആരോപണമുന്നയിക്കുകയും, അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും, അപായപ്പെടുത്താന്‍ കുതന്ത്രങ്ങള്‍ മെനയുകയും ചെയ്തു അവര്‍.
അതേസമയം യഹൂദരുടെ പിന്തുണയോടെ റോമന്‍ ഭരണകൂടം അദ്ദേഹത്തെ കുരിശില്‍ തറക്കാന്‍ ശ്രമിച്ചെങ്കിലും അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ട്. മസീഹിനെ ക്രൂശിക്കാന്‍ റോമന്‍ ഭരണകൂടത്തിന് ഒത്താശ ചെയ്തത് യഹൂദരാണെന്ന് ക്രൈസ്തവര്‍ തന്നെ അംഗീകരിക്കുന്നുണ്ട്. മസീഹിന്റെ സമകാലികനായിരുന്ന തൈ്വയ്ബാറൂസിന്റെ കാലത്തായിരുന്നു അത്.
ക്രൈസ്തവ സന്ദേശത്തിനെതിരായ ആക്രമണം കേവലം മസീഹിന്റെ കാലത്ത് മാത്രം പരിമിതമായിരുന്നില്ല. അദ്ദേഹത്തിന് ശേഷം പ്രസ്തുത പീഢനങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥ പ്രാപിക്കുകയാണുണ്ടായത്. മനുഷ്യന് സങ്കല്‍പിക്കാനോ, സഹിക്കാനോ കഴിയുന്നതിലുമപ്പുറമായിരുന്നു അവ.
നീറോ രാജാവിന്റെ കാലത്താണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള മര്‍ദനങ്ങള്‍ അതികഠിനമായത്. ക്രൈസ്തവരെ മൃഗങ്ങളുടെ കൂടെ ആലയില്‍ താമസിപ്പിക്കുകയും, ചെന്നായ്ക്കള്‍ക്ക് തീറ്റയായി എറിഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു അദ്ദേഹം!! ഥാര്‍ തേച്ചുപിടിപ്പിച്ച വസ്ത്രങ്ങള്‍ അണിയിപ്പിച്ച് അതിന് മേല്‍ തീ കൊളുത്തി, രാത്രിയില്‍ വഴിയോരങ്ങളില്‍ വെളിച്ചമായി അദ്ദേഹം അവരെ പ്രതിഷ്ഠിച്ചിരുന്നു! ഇത്തരമൊരു മനുഷ്യ വിളക്ക് രാജാവ് സ്വയം സ്വീകരിക്കുകയും, താന്‍ സഞ്ചരിക്കുന്നിടത്തെല്ലാം ക്രൈസ്തവരുടെ ശരീരത്തില്‍ കത്തിയാളുന്ന വിളക്ക് കൂടെ കൊണ്ട് നടക്കുകയും ചെയ്തിരുന്നു.
അക്രമം പേമാരി വര്‍ഷിച്ച, അതികഠിനമായ ഇത്തരം സാഹചര്യങ്ങളിലൊന്നിലാണ് ചില ഇഞ്ചീലുകള്‍ ക്രോഡീകരിക്കപ്പെട്ടത്. ക്രിസ്താബ്ദം 61 ലെ മാര്‍ക്കോസിന്റെ സുവിശേഷവും, ലൂക്കായുടെ സുവിശേഷവുമെല്ലാം ഇവയില്‍പെടുന്നു.
നീറോ രാജാവിന് ശേഷം വന്നവര്‍ അയാളേക്കാള്‍ ദോഷം കുറഞ്ഞവരായിരുന്നു. അക്കാലത്ത് ക്രൈസ്തവര്‍ക്ക് അല്‍പം ആശ്വാസവും സമാധാനവും ലഭിച്ചു. എന്നാല്‍ വിധി അവര്‍ക്കായി പുതിയൊരു പരീക്ഷണം കരുതിവെച്ചിരുന്നു. ക്രിസ്താബ്ദം 98 ല്‍ റോമന്‍ രാജാവായി അധികാരമേറ്റ ട്രോജാന്‍ ആയിരുന്നു പുതിയ ശത്രു. അയാള്‍ ക്രൈസ്തവരെ തെരഞ്ഞു പിടിച്ച് മര്‍ദിക്കുകയും, കഠിനമായി പീഢിപ്പിക്കുകയും ചെയ്തു. ക്രൂരനായ ട്രോജാന്‍ രാജാവിനെ ഭയന്ന് ക്രൈസ്തവര്‍ ഓടിയൊളിക്കുകയും, രഹസ്യമായി പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ അവരുടെ വീടകങ്ങളിലേക്ക് കടന്നുകയറി. രഹസ്യമായി സംഘടിക്കുന്നത് വിലക്കി നിയമങ്ങളിറക്കി. രഹസ്യമായി നിര്‍വഹിക്കുന്ന പ്രാര്‍ത്ഥനകള്‍ രാഷ്ട്രത്തില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ടു. വിഗ്രഹാരാധകരായ റോമന്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക മതം സ്വീകരിച്ചില്ല എന്നത് മാത്രമായിരുന്നു ക്രൈസ്തവര്‍ക്ക് മേല്‍ ഉന്നയിക്കപ്പെട്ട ആരോപണം!!
ട്രോജാന്‍ രാജാവിന്റെ ഭരണകാലത്ത് റോമന്‍ സാമ്രാജ്യത്തിന്റെ ഏഷ്യയിലെ ഗവര്‍ണറായിരുന്ന പ്ലേന്‍, ക്രൈസ്തവരോട് അയാള്‍ അനുവര്‍ത്തിച്ചിരുന്ന സമീപനം വിശദീകരിക്കുന്നത് ഇങ്ങനെ (അവര്‍ ക്രൈസ്തവരാണോ എന്ന് അവരോട് ചോദിക്കും. അവര്‍ അംഗീകരിച്ചാല്‍ ചോദ്യം രണ്ടാമതും, മൂന്നാമതും ഭീഷണിയോടെ ആവര്‍ത്തിക്കപ്പെടും. ഉത്തരത്തില്‍ ഉറച്ച് നിന്നാല്‍ അവര്‍ക്ക് മേല്‍ വധശിക്ഷ നടപ്പാക്കും. അവരുടെ ഭീകരമായ തെറ്റ് അവരെ മരണശിക്ഷക്ക് അര്‍ഹരാക്കുന്നുവെന്ന സംതൃപ്തി അയാളുടെ മുഖത്ത് കാണാം. ഒട്ടേറെ പേര്‍ ക്രൈസ്തവരാണെന്ന പേരില്‍ പിടിക്കപ്പെടുകയും, പിന്നീട് തങ്ങളുടെ വിശ്വാസം നിരാകരിച്ച് ജീവന്‍ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്).

About muthavalla yusuf shibli

Check Also

6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ …

Leave a Reply

Your email address will not be published. Required fields are marked *