6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു. അവ നാമാവശേഷമാവുകയാണോ, ഹിജാസിന് പുറത്തേക്ക് മാറിത്താമസിക്കുകയാണോ ചെയ്തത്? അതല്ല യഥരിബിലെയും സമീപപ്രദേശങ്ങളിലെയും അറബ് ഗോത്രങ്ങളില്‍ അവ ലയിച്ചു ചേര്‍ന്നുവോ? പ്രവാചക കാലത്ത് മദീനയിലുണ്ടായിരുന്ന മൂന്ന് ഗോത്രങ്ങള്‍ ഒഴികെയുള്ള പത്തോളം വരുന്ന ഈ യഹൂദ സംഘങ്ങള്‍ക്ക് യഥാര്‍ത്ഥ ജൂത പാരമ്പര്യമുണ്ടായിരുന്നുവോ? അതല്ല, അറബി പാരമ്പര്യമുള്ള സംഘങ്ങള്‍ യഹൂദ മതം സ്വീകരിക്കുകയാണോ ചെയ്തത്?
ഇവയില്‍ ആദ്യത്തെ രണ്ട് ചോദ്യങ്ങല്‍ക്ക് അനുകൂലമോ, നിഷേധാത്മകമോ ആയ ഉത്തരം നല്‍കുക എന്നത് പ്രയാസകരമാണ്. കാരണം പ്രസ്തുത ഗോത്രങ്ങള്‍ നാമാവശേഷമാവുകയോ, ഹിജാസിന് പുറത്തേക്ക് കുടിയേറിത്താമസിക്കുകയോ ചെയ്യാന്‍ സാധ്യതകളുണ്ട്. എന്നാല്‍ അവ അക്കാലത്ത് യഥരിബില്‍ താമസിച്ചിരുന്ന മറ്റ് അറേബ്യന്‍ ഗോത്രങ്ങളില്‍ ലയിക്കാനുള്ള സാധ്യത പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. മാലിക് ബിന്‍ അജ്‌ലാന്‍ മദീനയിലെ ഒരു സംഘം യഹൂദരെ വധിച്ചതിനെ തുടര്‍ന്ന് അവര്‍ നിന്ദിതരാവുകയും, സ്വയം പ്രതിരോധിക്കാനാവാതെ ഭയചകിതരായി ജീവിക്കുകയും ചെയ്തുവെന്ന് അബുല്‍ ഫറജ് അല്‍അസ്ഫഹാനി രേഖപ്പെടുത്തിയിട്ടുണ്ട്. ഔസ്-ഖസ്‌റജ് ഗോത്രങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ ആക്രമിച്ചാല്‍, മുന്‍കാലത്ത് ചെയ്തിരുന്നത് പോലെ ഒന്നിച്ച് നില്‍ക്കുന്നതിന് പകരം മര്‍ദിതന്‍ നേരെ തന്റെ അയല്‍ക്കാരായ അറബ് ഗോത്രങ്ങളെ സമീപിചച് ‘ഞങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരും സംരക്ഷണത്തിന് കീഴിലുള്ളവരുമാണെ’ന്ന് പരാതി പറയുകയാണ് ചെയ്തിരുന്നത്. ഔസ്-ഖസ്‌റജിന്റെ തന്നെ ഭാഗമായ മറ്റ് ഗോത്രങ്ങളില്‍ അഭയം തേടി, തങ്ങളുടെ സുരക്ഷ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് അവിടത്തെ യഹൂദര്‍ ചെയ്തിരുന്നത് എന്ന് സാരം.
മേലുദ്ധരിച്ച റിപ്പോര്‍ട്ട് സ്വീകരിക്കാമെങ്കില്‍ പ്രവാചകന്റെ മദീനാപത്രികയില്‍ ഇടക്കിടെ പരാമര്‍ശിക്കപ്പെട്ട ഔസ്-ഖസ്‌റജിലെ യഹൂദര്‍ എന്ന വിഭാഗത്തെക്കുറിച്ച ശരിയായ ധാരണ ലഭിക്കാന്‍ ഇത് സഹായിച്ചേക്കാവുന്നതാണ്.
എന്നാല്‍ ഹിജാസിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന യഹൂദ ഗോത്രങ്ങള്‍ യഥാര്‍ത്ഥ ജൂതപാരമ്പര്യത്തില്‍ നിന്നുള്ളവയോ, അതല്ല അറബ് ഗോത്രങ്ങള്‍ യഹൂദ മതം സ്വീകരിച്ചതോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കുക പ്രയാസകരമാണ്. കാരണം ഈ ഗോത്രങ്ങളെല്ലാം -മദീനയിലെ മൂന്ന് യഹൂദ ഗോത്രങ്ങള്‍ ഉള്‍പെടെ- അറബി നാമങ്ങളിലാണ് അറിയപ്പെട്ടിരുന്നത്. ഹിജാസിലെ മിക്കവാറും യഹൂദ കുടുംബങ്ങള്‍ അറബി പാരമ്പര്യമുള്ളവരാണെന്നും പില്‍ക്കാലത്ത് യഹൂദ മതം സ്വീകരിച്ചവരാണെന്നുമാണ് പ്രമുഖ ചരിത്രകാരനായ യഅ്ഖൂബിയുടെ അഭിപ്രായം.
അതിനാല്‍ തന്നെ ഇവ്വിഷയകമായി ഗവേഷണം നടത്തിയ പ്രമുഖ ഓറിയന്റലിസ്റ്റ് പണ്ഡിതനായ David Samual Margoliouth ന് പ്രസ്തുത ഗോത്രങ്ങളില്‍ ‘സഅ്‌വറാഅ്’ എന്ന ഒരൊറ്റ പ്രയോഗം മാത്രമാണ് ഹീബ്രു പാരമ്പര്യമുള്ളതായി കണ്ടെത്താന്‍ സാധിച്ചത്. അതിനേക്കാള്‍ രസകരം ഈ ‘സഅ്‌വറാഅ്’ എന്ന കുലത്തിന് കൃത്യമായ ഔസ് പാരമ്പര്യവുമുണ്ട്. ജശം ബിന്‍ അബ്ദുല്‍ അശ്ഹലിന്റെ പരമ്പരയിലാണ് അത് ചെന്ന് ചേരുന്നത്!! അതിനാല്‍ തന്നെ യഹൂദരുടെ ‘സഅ്‌വറാഅ്’ നും ബനൂ അബ്ദുല്‍ അശ്ഹലിലെ ‘സഅ്‌വറാഇ’നുമിടയില്‍ വ്യക്തമായ അന്തരവുമുണ്ട്.
എന്നാല്‍ മദീനയിലെ ബനൂഖുറൈള, ബനൂന്നളീര്‍ തുടങ്ങിയ ഗോത്രങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് പഠനം നടത്തിയ ഏറ്റവും പുരാതനമായ ചരിത്രകാരന്‍ യഅ്ഖൂബി തന്നെയാണ്. അവ രണ്ടും അറബി പാരമ്പര്യമുള്ളവയാണെന്ന് അദ്ദേഹം കുറിക്കുന്നു. ബനൂന്നളീര്‍ ജുദാം പരമ്പരയിലാണ് ചെന്ന് ചേരുന്നത്. ജൂതമതം സ്വീകരിച്ച്, നളീര്‍ പര്‍വതത്തിന് താഴെ താമസമാക്കിയത് കൊണ്ടാണ് അവരാപേരില്‍ അറിയപ്പെട്ടത്. സമാനമാണ് ബനൂഖുറൈളയുടെയും സ്ഥിതിയെന്ന് യഅ്ഖൂബി വിവരിക്കുന്നുവെങ്കിലും, തന്റെ അഭിപ്രായത്തെ കുറിക്കുന്ന കൃത്യമായ തെളിവുദ്ധരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

About muhammed jameel

Check Also

sabarimalainfo-1

ഹൈന്ദവരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ -2

ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തേത് സംരക്ഷകനായി അറിയപ്പെടുന്ന വിഷ്ണുവാണ്. സംസ്‌കൃത ഭാഷയില്‍ സ്ഥിതി എന്നാണ് സംരക്ഷകനെ പരിചയപ്പെടുത്താറുള്ളത്. സ്‌നേഹവും കരുണയും നിറഞ്ഞ, പലപ്പോഴും …

Leave a Reply

Your email address will not be published. Required fields are marked *