Israel-tanks_2973470b

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -2

ശാമില്‍ നിന്ന് യഹൂദര്‍ മദീനയിലെത്തിയതിനെക്കുറിച്ച് വെല്‍ഫന്‍സന്‍ കുറിക്കുന്നത് ഇപ്രകാരമാണ് (ഫലസ്തീന്റെ നാശത്തിലും, ബൈതുല്‍ മുഖദ്ദസിന്റെ തകര്‍ച്ചയിലും കലാശിച്ച റോമന്‍-യഹൂദ യുദ്ധത്തിന് ശേഷം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ യഹൂദര്‍ ഛിന്നഭിന്നമായി. അതേതുടര്‍ന്ന് വിവിധ യഹൂദ സംഘങ്ങള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട അറബ് നാടുകളിലേക്ക് കുടിയേറി. അവിടങ്ങളിലെ സ്വതന്ത്രമായ ഭരണവ്യവസ്ഥകളാണ് അവരെയതിന് പ്രേരിപ്പിച്ചത്. റോമന്‍ ഭരണകൂടത്തിന്റെ വ്യവസ്ഥാപിതമായ സൈനിക ശക്തിക്ക് കടന്നെത്താന്‍ കഴിയാത്ത ദൂരത്തിലായിരുന്നു ഇവയെന്നതും ജൂതകുടിയേറ്റത്തിന് ആക്കം കൂട്ടി).
പ്രമുഖ ഇസ്രയേലി ചരിത്രകാരനായ Moshe Gil കുറിക്കുന്നത് ഇപ്രകാരമാണ് (റോം ഫലസ്ത്വീന്‍ അക്രമിച്ച വേളകളിലാണ് യഹൂദര്‍ ഹിജാസില്‍ എത്തിച്ചേര്‍ന്നതും, അവിടെ സ്ഥിരതാമസമാക്കിയതും. ഏകദേശം ക്രിസ്താബ്ദം 70 നും 135 നുമിടയിലാണിത്).
ചുരുക്കത്തില്‍ മൂസാ പ്രവാചകന്റെ കാലം മുതല്‍ തന്നെ ഹിജാസില്‍ യഹൂദരുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഈ രണ്ട് ചരിത്രകാരന്മാരും വ്യംഗമായി തള്ളുകയാണ് ചെയ്യുന്നത്. എന്തു തന്നെയായാലും, ക്രിസ്താബ്ദം 70 നും 135 നും ഇടയില്‍ ശാമില്‍ ഉണ്ടായ ചില സംഭവവികാസങ്ങളെ തുടര്‍ന്നാണ് യഹൂദര്‍ ഹിജാസിലെത്തിയത് എന്നത് ചില ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു നിഗമനം മാത്രമാണ്. അതേസമയം മൂസാ പ്രവാചകന്റെ കാലത്ത് തന്നെ ഹിജാസില്‍ യഹൂദരെത്തിയിരുന്നു എന്ന റിപ്പോര്‍ട്ടുകളും കേവലം ചില നിഗമനങ്ങള്‍ മാത്രമാണ് മുന്നോട്ട് വെക്കുന്നത്.
ഒന്നാമത്തെ അഭിപ്രായം ചരിത്രം സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍ രണ്ടാമത്തേത് കേവലം ചില റിപ്പോര്‍ട്ടുകള്‍ അവലംബിച്ച് രൂപപ്പെടുത്തപ്പെട്ടതാണ്. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ടുകളാവട്ടെ, ആധികാരികരമോ, കൃത്യമായ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടവയോ അല്ല താനും. ഈ റിപ്പോര്‍ട്ടുകള്‍ ഹിജാസില്‍ തന്നെ ജീവിച്ചിരുന്ന യഹൂദരില്‍ നിന്നുണ്ടായതാണെന്ന് ജവാദ് അലി അഭിപ്രായപ്പെടുന്നു. തങ്ങള്‍ക്ക് പാരമ്പര്യമുണ്ടെന്ന് സ്ഥാപിക്കുന്നതിനും, തങ്ങള്‍ ജീവിക്കുന്ന മണ്ണിന്റെ അവകാശികളാണെന്നും കുറിക്കുന്നതിനും വേണ്ടിയായിരുന്നുവത്രെ അവരപ്രകാരം ചെയ്തത്. ഹിജാസിലെ തങ്ങളുടെ ചരിത്രത്തിന് പ്രവാചകന്‍ മൂസായുടെ പഴക്കമുണ്ടെന്നും, ഹീബ്രുകളില്‍ നിന്ന് ദൈവം തെരഞ്ഞെടുത്ത ഉത്തമരാണ് തങ്ങളെന്നും സ്ഥാപിക്കുകയാണ് ഇതുവഴി അവര്‍ ചെയ്തത്.
ഇബ്‌നു റസ്തഹ്, അസ്ഫഹാനി, സമൗഹദി തുടങ്ങിയ ചരിത്രകാരന്മാര്‍ ഹിജാസില്‍ താമസിച്ചിരുന്ന എണ്ണമറ്റ യഹൂദ ഗോത്രങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുവെങ്കില്‍ പോലും, പ്രവാചകന്‍ ഹിജ്‌റ ചെയ്‌തെത്തിയ വേളയില്‍ അവിടെ വളരെ കുറച്ച് ജൂതന്മാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബനൂ ഖൈനുഖാഅ്, ബനൂന്നളീര്‍, ബനൂ ഖുറൈള തുടങ്ങിയവയായിരുന്നു അവ.
ഹിജാസില്‍ അതുവരെയുണ്ടായിരുന്ന മറ്റ് യഹൂദ ഗോത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്. അവ അവിടെ തന്നെ കൂമ്പടഞ്ഞ് പോയോ, അതല്ല ഹിജാസിന് പുറത്തേക്ക് പലായനം നടത്തിയോ എന്നന്വേഷിക്കുകയാണ് വേണ്ടത്. അതല്ല, യഥ്‌രിബിലും മറ്റുമുണ്ടായിരുന്ന വലിയ അറബ് ഗോത്രങ്ങളില്‍ ലയിക്കുകയാണോ അവ ചെയ്തത്? പ്രവാചക ഹിജ്‌റ വേളയില്‍ മദീനയിലുണ്ടായിരുന്ന മൂന്ന് ഗോത്രങ്ങളൊഴികെയുള്ള പത്തോളം ഗോത്രങ്ങള്‍ക്ക് യഥാര്‍ത്ഥ ജൂത ഹീബ്രു പാരമ്പര്യമാണോ ഉണ്ടായിരുന്നത്? അതല്ല അവയെല്ലാം പിന്നീട് യഹൂദ മതം സ്വീകരിച്ചവയായിരുന്നുവോ?

 

About muhammed jameel

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *