453

ജിഹാദ് ഇതര മതസ്ഥര്‍ക്കുള്ള ശിക്ഷയോ? -1

ഇതര മതവിശ്വാസികളോട് യുദ്ധം ചെയ്യാനും അതുവഴി അവരോടുള്ള പക തീര്‍ക്കുന്നതിനുമാണ് ഇസ്ലാം ജിഹാദ് നിയമമാക്കിയതെന്ന് ചില ഇസ്ലാം വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. ഇസ്ലാം ഉദ്‌ഘോഷിക്കുന്ന ജിഹാദ് ഇതരമതാനുയായികളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ഇവര്‍ ഇതുവഴി നടത്തുന്നത്. തങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ ആശയങ്ങളെയും അവയുടെ വക്താക്കളെയും വേരോടെ പിഴുതെറിയുകയാണ് ഇസ്ലാമിന്റെ നയമമെന്ന് ഇവര്‍ വരുത്തിത്തീര്‍ക്കുന്നു. മൃഗീയമായ ആശയം മുറുകെ പിടിക്കുന്ന പ്രാകൃത ദര്‍ശനമാണ് ഇസ്ലാം എന്ന് പ്രചരണത്തിലൂടെ അതില്‍ നിന്ന് പൊതുജനങ്ങളെ അകറ്റി നിര്‍ത്തുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയാണിത്.
നിര്‍ബന്ധിത സാഹചര്യങ്ങളില്‍ യുദ്ധം അനുവദിച്ച ലോകത്തെ ഒരേയൊരു ദര്‍ശനമല്ല ഇസ്ലാം എന്നാണ് ഇവ്വിഷയകമായി ബന്ധപ്പെട്ട് പ്രഥമമായി മനസ്സിലാക്കേണ്ടത്. മുഹമ്മദി(സ)ന് മുമ്പ് നിരവധി പ്രവാചകന്മാര്‍ക്കും അവരുടെ സമൂഹങ്ങള്‍ക്കും യുദ്ധം നിയമമാക്കിയിരുന്നുവെന്നും അവര്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും വിശുദ്ധ ഖുര്‍ആന്‍ തന്നെ വിശദീകരിക്കുന്നുണ്ട്. (എത്രയോ പ്രവാചകന്മാരാണ്; അവരോടൊപ്പം നിരവധി ദൈവഭക്തന്മാര്‍ യുദ്ധം ചെയ്തിട്ടുള്ളത്!). ആലുഇംറാന്‍ 146. അതിനാല്‍ തന്നെ ദൈവിക മാര്‍ഗത്തിലെ സമരം ഇസ്ലാമിലോ, മറ്റേതെങ്കിലും മതദര്‍ശനത്തിലോ ആക്ഷേപാര്‍ഹമോ, അന്യായമോ അല്ല.
മറ്റൊരു മാര്‍ഗവും ഫലം ചെയ്യാത്ത അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമാണ് ഇസ്ലാമിക ശരീഅത്ത് യുദ്ധം അനുവദിച്ചിട്ടുള്ളത്. ഇതര ജനവിഭാഗങ്ങള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താനോ, അവരെ അടിച്ചമര്‍ത്താനോ, ധിക്കാരം പ്രവര്‍ത്തിക്കാനോ ഉള്ള മാര്‍ഗമല്ല ഇസ്ലാം നിയമമാക്കിയ യുദ്ധം എന്നര്‍ത്ഥം. രക്തച്ചൊരിച്ചിലിനോടും, കൊള്ളയോടും കൊലയോടുമുള്ള തീരാ അഭിനിവേശവുമല്ല അതിന്റെ കാരണം. ബലമോ, അധികാരമോ പ്രയോഗിച്ച് ജനങ്ങളെ ഇസ്ലാമിലേക്ക് കൊണ്ട് വരുന്നത് ശരീഅത്ത് അനുവദിക്കുന്നില്ല. അതിനാല്‍ തന്നെ വളരെ വ്യക്തമായ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിലെ ജിഹാദ് സംവിധാനം പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്.
-അതിക്രമത്തിനിരയാവുന്ന വേളയില്‍ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കുകയെന്നതാണ് ജിഹാദിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന്. (നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല). അല്‍ബഖറഃ 190.
തിരുദൂതര്‍(സ) അരുള്‍ ചെയ്തതായി സഈദ് ബിന്‍ സൈദ്(റ) ഉദ്ധരിക്കുന്നു (തന്റെ ധനം സംരക്ഷിക്കുന്നതിനായി കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്. തന്റെ രക്തം സംരക്ഷിക്കുന്നതിനായി കൊല്ലപ്പെട്ടവനും രക്തസാക്ഷിയാണ്. തന്റെ മതം സംരക്ഷിക്കുന്നതിനായി വധിക്കപ്പെട്ടവനും രക്തസാക്ഷിയാണ്. തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി കൊല്ലപ്പെട്ടവനും രക്തസാക്ഷിയാണ്). അല്ലാഹു പറയുന്നു (അവര്‍ പറഞ്ഞു: ‘ദൈവമാര്‍ഗത്തില്‍ ഞങ്ങളെങ്ങനെ പൊരുതാതിരിക്കും? ഞങ്ങളെ സ്വന്തം വീടുകളില്‍ നിന്നും മക്കളില്‍നിന്നും ആട്ടിപ്പുറത്താക്കിയിരിക്കെ?’). അല്‍ബഖറഃ 246.
-ദൈവിക മാര്‍ഗത്തിലെ പ്രബോധനത്തെ പ്രതിരോധിക്കുകയെന്നതാണ് ജിഹാദിന്റെ മറ്റൊരു ലക്ഷ്യം. മാനവ സമൂഹത്തിന് മുഴുവന്‍ നന്മയുമായി കടന്നുവന്ന ദൈവിക ദര്‍ശനമാണ് ഇസ്ലാം. നീതിയും, നന്മയും, സമത്വവുമാണ് അത് പ്രചരിപ്പിക്കുന്നത്. പ്രസ്തുത സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുകയെന്ന ബാധ്യത ഓരോ വിശ്വാസിക്കുമുണ്ട്. അതിന്റെ മാര്‍ഗത്തിലെ പ്രതിബന്ധങ്ങള്‍ നീക്കിവെക്കാനും അവന് അനുവാദമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അതേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് (മര്‍ദനം ഇല്ലാതാവുകയും ‘ദീന്‍’ അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കില്‍ അറിയുക: അക്രമികളോടല്ലാതെ ഒരുവിധ കയ്യേറ്റവും പാടില്ല). അല്‍ബഖറഃ 193.
ദൈവിക മാര്‍ഗത്തിലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലെ വിഘ്‌നങ്ങള്‍ പരിഹരിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം. വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാനും ആരാധനകള്‍ നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതോടെ പ്രസ്തുത ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയാണ് ചെയ്യുക.

About dr. abdul azeem mithani

Check Also

13226_large

സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്നതിനെക്കുറിച്ച് -1

മാനവ ചരിത്രത്തിലുട നീളം ദൈവിക മതങ്ങള്‍ പ്രയോഗവല്‍ക്കരിച്ച നിയമമാണ് സ്ത്രീയുടെ ഹിജാബ്. അടുത്ത കാലം വരെ ശാം നാടുകളിലെ ക്രൈസ്തവ …

Leave a Reply

Your email address will not be published. Required fields are marked *