ജിസ്‌യ: ചില യാഥാര്‍ത്ഥ്യങ്ങള്‍

(വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങി കയ്യോടെ കപ്പം കൊടുക്കുന്നത് വരെ). അത്തൗബഃ 29
മുസ്ലിം രാഷ്ട്രത്തില്‍ ജീവിക്കുകയും സ്വന്തം മതത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വേദക്കാര്‍ക്ക് മേല്‍ അല്ലാഹു ജിസ്‌യ അഥവാ നികുതി നിര്‍ബന്ധമാക്കിയിരിക്കുന്നു. രാഷ്ട്രത്തിലെ പൗരന്മാരുടെ ജീവനും സ്വത്തും ശത്രുക്കളില്‍ നിന്നും അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് പകരമായി അവര്‍ രാഷ്ട്രത്തിന് നല്‍കുന്ന നികുതിയുടെ പുരാതന രീതിയായിരുന്നു അത്. ദൈവിക മാര്‍ഗത്തില്‍ സമരം നടത്തുന്ന സൈനികസജ്ജീകരണത്തിന് പകരം നല്‍കുന്ന തുക കൂടിയാണ് ഇത്. ഇസ്ലാമിക രാഷ്ട്രത്തിലെ സൈന്യത്തില്‍ ചേരാന്‍ മുസ്ലിമേതര പൗരന്മാര്‍ക്ക് നിര്‍ബന്ധ ബാധ്യതയില്ല. അതിനാല്‍ തന്നെ അവന്റെ സ്വത്ത് വകകളും മറ്റും രാഷ്ട്രം സംരക്ഷിക്കുന്നതിന് പകരമായി അവന്‍ ജിസ്‌യ നല്‍കുകയാണ് വേണ്ടത്. മുസ്ലിം പൗരന്മാര്‍ സൈന്യത്തില്‍ അണിചേരുന്നതിനാല്‍ അവര്‍ക്ക് നികുതി വേറെ നല്‍കേണ്ട ആവശ്യവുമില്ല. ഇസ്ലാമിന്റെ വിധി അംഗീകരിച്ച്, മറ്റൊരു മാര്‍ഗവുമാരായാതെ നിര്‍ബന്ധമായും പാലിക്കേണ്ട വിധിയാണ് ഇത്.
ഇവിടെ വേദക്കാരെ തരം താഴ്ത്തുന്ന നിയമമാണ് ഇസ്ലാം നിര്‍ബന്ധമാക്കിയിരിക്കുന്നത് എന്ന് ചിലര്‍ ആരോപിക്കാറുണ്ട്. എന്നാല്‍ ഇസ്ലാം ഒരു മതവിഭാഗത്തെയും നിന്ദിക്കുകയോ, അപമാനിക്കുകയോ ചെയ്യുന്നില്ല എന്ന് മാത്രമല്ല, അതിന് അനുവദിക്കുന്നുമില്ല. ഇസ്ലാമിന്റെ അടിസ്ഥാനമായ വിട്ടുവീഴ്ചക്കും നിര്‍ഭയത്വത്തിനും വിരുദ്ധമായ സമീപനം പുലര്‍ത്തുന്നവര്‍ക്കുള്ള സ്വാഭാവിക ബാധ്യത മാത്രമാണ് പ്രസ്തുത നികുതി. ഇവിടെ നിര്‍ബന്ധമാക്കിയ നികുതി എല്ലാ വേദക്കാര്‍ക്കും ബാധകമല്ലെന്നും, അവരില്‍ ബഹുദൈവവിശ്വാസികളുമായി അവിശുദ്ധ ബന്ധം സ്ഥാപിക്കുകയും മുസ്ലിംകളോടുള്ള കരാര്‍ ലംഘിക്കുകയും, ശത്രുത ഇളക്കി വിടുകയും ചെയ്തവര്‍ക്ക് മാത്രമുള്ള നിയമമാണെന്നും ചില വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ശാമിലെ ക്രൈസ്തവര്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചപ്പോഴാണ് പ്രാരംഭത്തില്‍ ഉദ്ധരിച്ച ദൈവികവചനം അവതരിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്ലാമിനോട് ശത്രുത പുലര്‍ത്തുകയും അതിനെതിരെ കോപ്പുകൂട്ടുകയും ചെയ്ത സാഹചര്യത്തില്‍ അവരോട് യുദ്ധം ചെയ്യാനും, അവരില്‍ നിന്ന് നികുതി പിരിക്കാനും കല്‍പിക്കുകയാണ് ഖുര്‍ആന്‍ ചെയ്തതെന്ന് ഇവര്‍ വിശദീകരിക്കുന്നു.
എന്നാല്‍ രാഷ്ട്രത്തിലെ എല്ലാ മുസ്ലിമേതര പൗരന്മാരില്‍ നിന്നും നികുതി പിരിച്ചിരുന്നു എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ പ്രായോഗിക തലത്തില്‍ മേല്‍പറഞ്ഞ അഭിപ്രായത്തിന് പ്രസക്തിയില്ല. ശത്രുത പുലര്‍ത്തിയവരെന്നോ, സാധാരണ പ്രജകളെന്നോ ഭേദമില്ലാതെ എല്ലാവരില്‍ നിന്നും ഗവണ്‍മെന്റ് ജിസ്‌യ വാങ്ങിയിരുന്നു. എങ്കില്‍ പോലും പ്രസ്തുത നികുതി വാങ്ങുന്നതില്‍ ഭരണകൂടം ഒരിക്കല്‍ പോലും കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നില്ല എന്നതാണ് ചരിത്രരേഖകള്‍ നല്‍കുന്ന വിവരം. ഹിശാം ബിന്‍ ഹകീം ബിന്‍ ഹിസാം ഒരിക്കല്‍ ശാമിലെ ഒരു പ്രദേശത്ത് യാത്ര ചെയ്യവെ, ചിലയാളുകളെ വെയിലത്ത് നിര്‍ത്തിയതായി കാണാനിടയായി. അവരെന്താണ് അങ്ങനെ നില്‍ക്കുന്നത് എന്ന് അന്വേഷിച്ചപ്പോള്‍ ജിസയ നല്‍കാത്തവരാണ് അവരെന്ന മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതുകേട്ട ഹിശാം പറഞ്ഞുവത്രെ. അല്ലാഹുവിന്റെ ദൂതര്‍(സ) പറയുന്നതായി ഞാന്‍ ഇപ്രകാരം കേട്ടിരിക്കുന്നു ‘ജനങ്ങളെ ഇഹലോകത്ത് വെച്ച് ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കുന്നതാണ്’. സ്വഹീഹ് മുസ്ലിം
മാത്രമല്ല, മറ്റു മതങ്ങളിലെ പുരോഹിതന്മാര്‍ക്കോ, പാതിരിമാര്‍ക്കോ, മതനേതാക്കള്‍ക്കോ നികുതി നല്‍കേണ്ടതുണ്ടായിരുന്നില്ല. ഐഹിക ഐശ്വര്യങ്ങളില്‍ നിന്ന് മാറി ആരാധനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി ഒഴിഞ്ഞിരിക്കുന്നവരാണ് അവര്‍ എന്നുള്ളത് കൊണ്ടാണ് അത്. നികുതിയടക്കാന്‍ കഴിയാത്ത വിധത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്കും അത് നിര്‍ബന്ധമായിരുന്നില്ല. തന്റെയടുത്ത് ആവലാതിയുമായെത്തിയ ജൂതന്റെ നികുതി ഉമര്‍ ബിന്‍ ഖത്താബ് ഒഴിവാക്കുകയും അയാള്‍ക്ക് പൊതുഖജനാവില്‍ നിന്ന് കാശ് കൊടുക്കുകയും ചെയ്തതായി ചരിത്രം വിവരിക്കുന്നുണ്ട്.
മധ്യകാല നൂറ്റാണ്ടില്‍ ശാമിലെ കുരിശ് സൈന്യവുമായുള്ള യുദ്ധത്തില്‍ ചില ഖിബ്ത്വികള്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പക്ഷത്ത് ചേരുകയും ശത്രുക്കള്‍ക്കെതിരെ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കദ്ദേഹം നികുതിയിളവ് നല്‍കിയതായി പ്രമുഖ ചരിത്രകാരനായ ഇബ്‌നുല്‍ അഥീര്‍ തന്റെ അല്‍കാമില്‍ ഫിത്താരീഖ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു.
ആധുനിക ചരിത്രത്തില്‍ ഈജിപ്തിലെ ഗവര്‍ണറായിരുന്ന മുഹമ്മദ് അലി പാഷ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈജിപ്തുകാരുടെ പിന്തുണയോടെ ആധുനിക രാഷ്ട്രത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിച്ചപ്പോള്‍ അദ്ദേഹം ഖിബ്ത്വികളില്‍ നിന്ന് ജിസ്‌യ സ്വീകരിക്കുകയുണ്ടായില്ല. എല്ലാ ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്കുമുണ്ടായിരുന്ന നികുതി മാത്രമാണ് അദ്ദേഹം അവരില്‍ നിന്ന് സ്വീകരിച്ചത്. അന്നത്തെ ഖിലാഫത്ത് കേന്ദ്രമായിരുന്ന ഉഥ്മാനി രാഷ്ട്രത്തിന്റെ നിയമത്തിന് എതിരായിരുന്നു ഈ സമീപനം. ഈജിപ്ഷ്യന്‍ സൈന്യത്തില്‍ രാഷ്ട്രത്തിലെ എല്ലാ പൗരന്മാരും ഒരു പോലെ അണിനിരന്നതിനെ തുടര്‍ന്ന് അദ്ദേഹം ആവിഷ്‌കരിച്ച നിയമമായിരുന്നു ഇത്. ഇന്നേവരെ ലോകത്തെ ഒരു മുസ്ലിം പണ്ഡിതനും അദ്ദേഹത്തിന്റെ നിലപാടിനെ വിമര്‍ശിക്കുകയോ നിരൂപിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വസ്തുത.

About ali muhammad seeno

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *