yi

ഇസ്ലാമിക ചരിത്രത്തിലെ നീതി മുഹൂര്‍ത്തങ്ങള്‍ -1

പ്രശസ്ത ഫ്രഞ്ച് ബഹുമുഖ പ്രതിഭയും, നരവംശശാസ്ത്രജ്ഞനുമായിരുന്ന Gustav Le Bon കുറിക്കുന്നു (മുസ്ലിംകളേക്കാള്‍ നീതിമാന്മാരായ ഒരു വിഭാഗത്തെ മാനവസമൂഹത്തിന് പരിചയമില്ല. അവരിലെ കര്‍മശാസ്ത്ര വിശാരദരുടെ ചരിത്രവും, ന്യായാധിപന്മാരുടെ നിലപാടുകളും ഉന്നതമായ നീതിബോധത്തിന്റെ മഹത്തായ പ്രതിനിധാനങ്ങളാണ്. അധികാരത്തിന്റെ അടിസ്ഥാനം നീതിയാണെന്നും, ഭരണത്തില്‍ നീതി പുലര്‍ത്തുന്നവരെയാണ് ദൈവം സഹായിക്കുകയെന്നും അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ഭരണാധികാരികളെയും, രാജാക്കന്മാരെയും നേരിടുമ്പോള്‍ പോലും ദൈവിക നിയമസംഹിതയുടെ കാവലാളുകളായിരുന്നു മുസ്ലിം കര്‍മശാസ്ത്ര പണ്ഡിതന്മാര്‍. അവര്‍ ആരെയും ഭയക്കുകയോ, വിറക്കുകയോ ചെയ്തിരുന്നില്ല. എത്ര വലിയ സ്വേഛാധിപതിക്കും, അക്രമിക്കും മുന്നില്‍ സത്യവചനം ഉറക്കെ പ്രഖ്യാപിക്കാനുള്ള ആര്‍ജ്ജവം അവര്‍ക്കുണ്ടായിരുന്നു).
എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കെല്‍പുള്ള പ്രഗല്‍ഭ പണ്ഡിതന്മാരായിരുന്നു അവര്‍. എല്ലാ ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം നല്‍കിയിരുന്നു. കൂര്‍മബുദ്ധിയും, വിശ്വാസമുറ്റിയ ഹൃദയവും അവര്‍ക്കുണ്ടായിരുന്നു. അല്ലാഹുവിന്റെ തൃപ്തി മാത്രമായിരുന്നു അവര്‍ കാംക്ഷിച്ചിരുന്നത്. അതിനാല്‍ തന്നെ അവരുടെ ഹൃദയവും ബുദ്ധിയും ദൈവികപ്രഭയാല്‍ പ്രകാശപൂരിതമായി. അവര്‍ സത്യം തിരിച്ചറിയുകയും പ്രസ്തുത മാര്‍ഗത്തില്‍ യാതൊരു വൈമനസ്യവും കൂടാതെ ഇറങ്ങിത്തിരിക്കുകയും ചെയ്തു.
ഇമാം അബൂഹനീഫക്ക് കൂഫയില്‍ ചെരുപ്പ്കുത്തിയായിരുന്ന ഒരു അയല്‍ക്കാരനുണ്ടായിരുന്നു. പകല്‍ മുഴുവന്‍ അയാള്‍ പട്ടണത്തില്‍ തന്റെ ജോലി ചെയ്യുകയും, രാത്രിയായാല്‍ മദ്യപിച്ച് വീട്ടിലേക്ക് മടങ്ങി, മേല്‍പ്പുരയില്‍ ഇരുന്ന് ‘അവര്‍ എന്നെ ഉപേക്ഷിച്ചു കളഞ്ഞു, അവര്‍ എത്ര നല്ല യുവാവിനെയാണ് വെറുക്കപ്പെട്ട ദിനത്തിനായി അവരുപേക്ഷിച്ചത്!’ എന്നര്‍ത്ഥമുള്ള കവിത വായിട്ടലറി മയക്കത്തിലേക്ക് വീഴുകയായിരുന്നു പതിവ്.
ഇമാം അബൂഹനീഫ എല്ലാ രാത്രികളിലും അയല്‍ക്കാരന്റെ വാക്കുകള്‍ ചെവിയോര്‍ക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം അയല്‍ക്കാരന്റെ കവിത അദ്ദേഹം കേട്ടതില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന് എന്തുപറ്റിയെന്ന് അബൂഹനീഫക്ക് ആവലാതിയായി, അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. രാത്രി റോന്തു ചുറ്റാറുള്ള പോലീസ് ശല്യം കാരണം അയാളെ പിടികൂടി, മദ്യപിച്ച് ബഹളം വെച്ചതിന്റെ പേരില്‍ ജയിലിലടച്ചിരിക്കുകയാണെന്ന് ആരോ അദ്ദേഹത്തെ അറിയിച്ചു. ഇമാം അബൂഹനീഫഃ നേരിട്ട് ചെന്ന് അദ്ദേഹത്തെ മോചിപ്പിച്ചു തിരിച്ച് കൊണ്ടുവന്നതിന് ശേഷം അദ്ദേഹത്തോട് ചോദിച്ചു ‘ഞങ്ങള്‍ താങ്കളെ ഉപേക്ഷിച്ചതായി താങ്കള്‍ക്കിപ്പോള്‍ തോന്നുന്നുണ്ടോ?’. അയാള്‍ പറഞ്ഞു ‘ഇല്ല, താങ്കള്‍ എന്നെ സംരക്ഷിക്കുകയാണ് ചെയ്തത്. അല്ലാഹു താങ്കള്‍ക്ക് നല്ല അയല്‍ക്കാരനുള്ള പ്രതിഫലം നല്‍കട്ടെ. ഇനി മുതല്‍ ഞാന്‍ ജീവിതത്തില്‍ മദ്യം കുടിക്കുകയേയില്ല’.
ഉമര്‍ ബിന്‍ ഖത്ത്വാബ്(റ) ഒരു കുതിരയെ വാങ്ങാന്‍ തീരുമാനിക്കുകയും, അങ്ങനെയൊരാളോട് വില പേശുകയും ചെയ്തു. അതിനിടയില്‍ കുതിരയുടെ ശക്തിയും ആരോഗ്യവും പരിശോധിക്കാനായി അദ്ദേഹം പുറത്ത് കയറി യാത്ര ചെയ്യാന്‍ തുടങ്ങി. എന്നാല്‍ കുതിര കാല്‍വഴുതി വീണ് അതിന്റെ കാലൊടിഞ്ഞു. കുതിര മേത്തരമല്ലാത്തതിനാല്‍ അതിനെ തിരിച്ചെടുക്കാന്‍ അതിന്റെ മുതലാളിയോട് ഉമര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അയാളതിന് വിസമ്മതിക്കുകയാണുണ്ടായത്. അതിനാല്‍ തന്നെ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ ഒരാളെ കൊണ്ട് വരാന്‍ ഉമര്‍ അയാളോട് ആവശ്യപ്പെടുകയും, അയാള്‍ ശുറൈഹിനെ അതിനായി നിര്‍ദേശിക്കുകയും ചെയ്തു. രണ്ടുപേരുടെയും വിവരണം ശ്രദ്ധയോടെ കേട്ട ശേഷം ശുറൈഹ് ഉമറിനോട് പറഞ്ഞു ‘അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ കുതിരയെ സ്വീകരിച്ച് അതിന്റെ വില കൊടുക്കുക, അല്ലെങ്കില്‍ താങ്കള്‍ക്ക് ലഭിച്ചിരുന്നത് പോലെ തന്നെ കുതിരയെ തിരിച്ച് കൊടുക്കുക’. ഇതുകേട്ട ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു ‘ഇതാണോ വിധി? എങ്കില്‍ താങ്കള്‍ കൂഫയില്‍ ചെന്ന് അവിടത്തെ ന്യായാധിപസ്ഥാനം ഏറ്റെടുക്കുക’. ഖലീഫയായ തന്നെ കൂസാതെ വിധി പുറപ്പെടുവിട്ട ശുറൈഹിനെ ഉമര്‍(റ) കൂഫയിലെ ന്യായാധിപനായി നിശ്ചയിക്കുകയാണുണ്ടായത്!!

About anvar aljundi

Check Also

8c65eakei

നമസ്‌കാരത്തില്‍ കുരിശാരാധനയോ? -2

അല്ലാഹു പൂര്‍ത്തീകരിച്ച ഇസ്ലാമിക ദര്‍ശനത്തിന് മറ്റൊരു മതത്തിന്റെ -വിശിഷ്യാ വികലമാക്കപ്പെട്ട മതദര്‍ശനങ്ങളില്‍ നിന്ന് – ആരാധനയോ, ആചാരമോ കടമെടുക്കേണ്ട ആവശ്യമില്ല. …

Leave a Reply

Your email address will not be published. Required fields are marked *