ഖലീഫമാര്‍ തിരുമേനി(സ)ക്ക് വിപരീതം പ്രവര്‍ത്തിച്ചുവോ? -1

അബൂബക്ര്‍, ഉമര്‍, ഉഥ്മാന്‍(റ) തുടങ്ങിയ ആദ്യമൂന്ന് ഖലീഫമാര്‍ പ്രവാചക മാതൃകകള്‍ക്ക് വിരുദ്ധം പ്രവര്‍ത്തിച്ചവരായിരുന്നുവെന്നും, അക്കാര്യത്തില്‍ അവര്‍ പരസ്പരം യോജിച്ചിരുന്നുവെന്നും ചില ഇസ്ലാം

വിരുദ്ധര്‍ ആരോപിക്കാറുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ ശോഭനമായ ഏടുകള്‍ക്ക് മേല്‍ കളങ്കം ചാര്‍ത്താനും, അവ പൊതുസമൂഹത്തിന് മുന്നില്‍ വികൃതമാക്കി അവതരിപ്പിക്കാനുമാണ് ഇവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാറുള്ളത്.
അബൂബക്ര്‍, ഉമര്‍, ഉഥ്മാന്‍(റ) തുടങ്ങിയവര്‍ ആദ്യകാലത്ത് ഇസ്ലാം ആശ്ലേഷിക്കുകയും, അതിന്റെ പേരില്‍ കൊടിയ പീഢനങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത പ്രവാചകാനുചരന്മാരാണ്. അതുമായി ബന്ധപ്പെട്ട ചരിത്രം വളരെ പരിധികള്‍ക്കപ്പുറമാണ്. അവര്‍ അനുഭവിച്ച ത്യാഗത്തെയോ, അവരുടെ മഹത്വത്തെയോ, അവര്‍ പങ്കെടുത്ത യുദ്ധത്തെയോ കുറിക്കുന്ന ഏതെങ്കിലും ഒരു റിപ്പോര്‍ട്ട് മാത്രം കാണാനാവില്ല. മറിച്ച്, ഇസ്ലാമിക പൈതൃകങ്ങളിലും ചരിത്രത്തിലും നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വങ്ങളായിരുന്നു അവര്‍. ഇസ്ലാമിക പ്രബോധനത്തിന്റെ ആദ്യകാലത്ത് അതിനെ പിന്തുണക്കുകയും നെഞ്ചേറ്റുകയും ചെയ്ത മുന്‍ഗാമികളുടെ ഗണത്തില്‍ അവര്‍ പരിഗണിക്കപ്പെടുന്നു. ശത്രുക്കളുടെ പീഢനം സഹിക്കവയ്യാതെ വിശ്വാസികള്‍ തങ്ങളുടെ ദീനുമായി ഓടിയൊളിക്കുന്ന, ദുര്‍ബലര്‍ നാനാഭാഗത്ത് നിന്നും റാഞ്ചപ്പെടുന്ന അതിപ്രയാസകരമായിരുന്ന കാലഘട്ടമായിരുന്നു അത്. ഉന്നതമായ തറവാടും, ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുമുള്ള കുടുംബങ്ങളില്‍ പിറന്നവരായിരുന്നു ഈ മൂന്ന് പേരും. എന്നിട്ട് പോലും ഇസ്ലാമിക പ്രബോധനം നിര്‍വഹിക്കാനും ദുര്‍ബലവിശ്വാസികളെ സഹായിക്കാനും ഇവര്‍ തയ്യാറായത് അവരുടെ ഹൃദയത്തില്‍ അടിയുറച്ചിരുന്ന വിശ്വാസത്തിന്റെ മാത്രം പേരിലായിരുന്നു. പീഢനത്തിന്റെ കാലം ഇസ്ലാമില്‍ നിന്ന് അകന്ന്, സുഖകരമായ മറ്റൊരു കാലത്തിന് വേണ്ടി കാത്തിരിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നുവെങ്കിലും അവരപ്രകാരമല്ല ചെയ്തതെന്ന് ചരിത്രം വിളിച്ച് പറയുന്നു.
തിരുമേനി(സ)യുടെ സന്തതസഹചാരിയായിരുന്നു അബൂബക്ര്‍(റ) എന്നത് പ്രസിദ്ധമാണ്. പ്രവാചകന്റെ കൂടെ ഹിജ്‌റ പുറപ്പെടുകയും, ഥൗര്‍ ഗുഹയില്‍ സഹവസിക്കുകയും ചെയ്ത അദ്ദേഹത്തെ ഖുര്‍ആന്‍ ആദരിച്ചിരിക്കുന്നു. ഹിജ്‌റക്ക് ശേഷവും അബൂബക്ര്‍(റ) തിരുമേനി(സ)യുടെ കൂടെ തന്നെയായിരുന്നു. ഏതെങ്കിലും ഒരു യുദ്ധത്തിലോ, മറ്റെന്തെങ്കില്‍ സുപ്രധാന സംഭവത്തിലോ പ്രവാചകനില്‍ നിന്ന് അദ്ദേഹം പിന്തിനില്‍ക്കുകയുണ്ടായില്ല. അതേക്കുറിച്ച് ഇമാം സമഖ്ശരി കുറിച്ചത് ഇപ്രകാരമാണ് (എന്നെന്നേക്കും പ്രവാചകനിലേക്ക് ചേര്‍ക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ പ്രവാചകനെ അദ്ദേഹം അനുഗമിക്കുകയും ധാരാളമായി സമ്പത്ത് ചെലവഴിക്കുകയും ചെയ്തു. തന്റെ വാഹനവും, തന്റെ പാഥേയവുമുപയോഗിച്ച് അദ്ദേഹം തിരുമേനി(സ)യെ മദീനയിലെത്തിച്ചു. പ്രവാചകന്‍ തിരുമേനി(സ) വിഷമമനുഭവിച്ചപ്പോഴെല്ലാം അദ്ദേഹം ചെലവഴിച്ച് കൊണ്ടേയിരുന്നു. തന്റെ മകളെ തിരുദൂതര്‍ക്ക് വിവാഹം ചെയ്ത് കൊടുത്തു. യാത്രയിലും അല്ലാത്തപ്പോഴും തിരുമേനി(സ)യെ അനുഗമിച്ചു. തിരുദൂതര്‍(സ) വഫാത്തായപ്പോള്‍ പ്രിയപത്‌നി ആഇശ(റ)യുടെ വീട്ടില്‍ തന്നെ മറവ് ചെയ്യപ്പെട്ടു).
അബൂബക്‌റി(റ)ന്റെ വിജയകരമായ വ്യക്തിത്വത്തിലെ സുപ്രധാന ഘടകത്തെക്കുറിച്ച ചര്‍ച്ചയില്‍ ഉസ്താദ് അഖ്ഖാദ് പരാമര്‍ശിച്ചത് തിരുമേനി(സ)യോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യവും ആകര്‍ഷണീയതയുമായിരുന്നു. തിരുമേനി(സ)യോടുള്ള അങ്ങേയറ്റത്തെ ബന്ധവും താല്‍പര്യവുമാണ് വിശ്വാസത്തിന്റെ മാര്‍ഗത്തിലെ ദൃഷ്ടാന്തമാക്കി അദ്ദേഹത്തെ മാറ്റിയത്. തിരുമേനി(സ) പറഞ്ഞോ, ഇല്ലയോ എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസത്തെ നിര്‍ണയിച്ചിരുന്ന ഏകഘടകം. ‘ദൃശ്യങ്ങളില്‍ വിശ്വസിക്കുന്നത് പോലെ തന്നെ അദൃശ്യങ്ങളിലും അദ്ദേഹം വിശ്വസിച്ചു. കാരണം എന്ത് പറയപ്പെടുന്നുവെന്നതല്ല, ആര് പറയുന്നുവെന്ന് മാത്രമാണ് അദ്ദേഹം പരിഗണിച്ചത്’. ഇസ്‌റാഉമായി ബന്ധപ്പെട്ട സംഭവം ഇക്കാര്യം സ്ഥിരീകരിക്കാന്‍ പര്യാപ്തമാണ്. ഇസ്‌റാഅ് സത്യനിഷേധികള്‍ ചര്‍ച്ചാവിഷയമാക്കുകയും, ചില വിശ്വാസികളെങ്കിലും പ്രസ്തുത സന്ദര്‍ഭത്തില്‍ പരിഭ്രാന്തരാവുകയോ, അസ്വസ്ഥരാവുകയോ ചെയ്ത നിര്‍ണായക ഘട്ടത്തില്‍ അബൂബക്ര്‍(റ) അചഞ്ചലനായി അടിയുറച്ച് നിന്നു.
ഉമര്‍ ബിന്‍ ഖത്ത്വാബി(റ)ന്റെ ചരിത്രവും ഇതില്‍ നിന്ന് ഭിന്നമായിരുന്നില്ല. ഇസ്ലാം സ്വീകരിച്ചത് മുതല്‍ പ്രബോധന പ്രവര്‍ത്തനങ്ങളുടെ കാവല്‍ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം ആശ്ലേഷിച്ചത് മുതല്‍ ജീവിതാന്ത്യം വരെ ഉമറി(റ)നുണ്ടായിരുന്ന മഹത്വത്തിന്റെയും ശ്രേഷ്ഠതയുടെയും കാര്യത്തില്‍ ഇസ്ലാമിക ചരിത്രത്തില്‍ ഇന്നുവരെ ഒരാള്‍ക്കും സന്ദേഹമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ഇസ്ലാമിനെക്കുറിച്ച് അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ) നടത്തിയ പ്രസ്താവന ഇപ്രകാരമാണ് (ഉമര്‍ ഇസ്ലാം സ്വീകരിച്ചത് മുതല്‍ ഞങ്ങള്‍ പ്രതാപമുള്ളവരായിരുന്നു). അദ്ദേഹം മറ്റൊരിക്കല്‍ പറഞ്ഞു (ഉമറിന്റെ ഇസ്ലാം ആശ്ലേഷണം ഇസ്ലാമിന്റെ വിജയമായിരുന്നു. അദ്ദേഹത്തിന്റെ ഹിജ്‌റ ഇസ്ലാമിന് സഹായമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം കരുണയായിരുന്നു. ഉമര്‍ ഇസ്ലാം സ്വീകരിക്കുന്നത് വരെ ഞങ്ങള്‍ക്ക് പരസ്യമായി നമസ്‌കരിക്കാനോ, കഅ്ബക്ക് ചുറ്റും ത്വവാഫ് നടത്താനോ സാധിക്കുമായിരുന്നില്ല. ഇസ്ലാം സ്വീകരിച്ച അദ്ദേഹം ഞങ്ങള്‍ക്ക് നമസ്‌കാരസ്വാതന്ത്ര്യം സമ്പാദിക്കാനായി അദ്ദേഹം പടപൊരുതി).

About muhammed sami badri

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *