കഴിവുകെട്ട ദൈവങ്ങളെ ആരാധിക്കുന്നവര്‍ 2

ഇസ്ലാമിന്റെയും ആത്മാവും സത്തയുമാണ് ഏകദൈവ വിശ്വാസം. ഇസ്ലാം നിശ്ചയിച്ച ആരാധനകള്‍ ഏകദൈവ വിശ്വാസമെന്ന അച്ചുതണ്ടിനെ കേന്ദ്രീകരിച്ചാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്.

ശരീരത്തിലെ ഓരോ നാഡീഞരമ്പുകളിലും ആവശ്യമായ ജലം ചെന്നെത്തുന്നത് പോലെ ഇസ്ലാമിന്റെ എല്ലാ അദ്ധ്യാപനങ്ങളിലും ഏകദൈവ വിശ്വാസത്തിന്റെ സ്വാധീനങ്ങള്‍ കടന്നെത്തിയിരിക്കുന്നു.
അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഏകദൈവ വിശ്വാസത്തെക്കുറിച്ച യഥാര്‍ത്ഥമായ വിവരണം നല്‍കുകയും, പ്രസ്തുത ചിന്താധാരയുടെ മൂര്‍ത്തമായ രൂപം സമര്‍പിക്കുകയും ചെയ്തിരിക്കുന്നു. ഏകനായ ദൈവത്തിനുള്ള ആരാധനയിലും വിധേയത്വത്തിലുമാണ് മനുഷ്യരുടെ തലച്ചോറ് അല്ലാഹു രൂപപ്പെടുത്തിയിരിക്കുന്നത്. ദൈവത്തിന്റെ കൂടെ മറ്റ് വ്യാജദൈവങ്ങളെ സങ്കല്‍പിക്കുന്നത് അക്രമമാണെന്നും അത്തരക്കാര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിരിക്കുന്നു (അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല). അല്‍മാഇദഃ 72
മനുഷ്യന് ആത്യന്തികമായി ഉപകാരവും ഉപദ്രവവും ചെയ്യാന്‍ അല്ലാഹുവിന് മാത്രമെ സാധിക്കുകയുള്ളൂ. അവന്‍ മാത്രമാണ് നല്‍കാനും തടയാനും, സഹായിക്കാനും സഹായം പിന്‍വലിക്കാനും കഴിവുറ്റവന്‍. അവന്റെ വിധിയില്‍ മാറ്റം വരുത്താനോ, പിന്‍വലിക്കാനോ ഭൂമിയിലെ ഏതെങ്കിലും രാജാവിനോ, പ്രവാചകനോ സാധ്യമല്ല തന്നെ.
അല്ലാഹുവിന്റെ ഉദ്ദേശ്യമാണ് എന്നെന്നും പ്രപഞ്ചത്തെ ഭരിക്കുന്നത്. ആദ്യമായും അവസാനമായും മനുഷ്യന്‍ വിധി തേടേണ്ടത് അല്ലാഹുവിന്റെ ഉദ്ദേശ്യത്തിലേക്ക് തന്നെയാണ്. അല്ലാഹുവിന്റെ മിത്രമോ, ശത്രുവോ, തങ്ങളുടെ ആഗ്രഹങ്ങള്‍ അവന്റെ ഉദ്ദേശ്യത്തിന് മേല്‍ നടപ്പാക്കാന്‍ കഴിവുള്ളവരല്ല. അതിനാലാണഅ നമ്മുടെ കഴിവിനും പരിധിക്കും അപ്പുറമുള്ളവ അല്ലാഹുവിന് വിട്ട് കൊടുക്കുകയെന്നത് ഏകദൈവവിശ്വാസത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നത്. നമ്മുടെ ഭയവും പ്രതീക്ഷയും അല്ലാഹുവിലേക്ക് ചേര്‍ക്കുന്നത് അവനിലുള്ള വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. (തന്റെ അടിമകള്‍ക്ക് അല്ലാഹു മാത്രം മതിയായവനല്ലേ?). അസ്സുമര്‍ 36
മറ്റൊരു ദൈവിക വചനം ഇപ്രകാരമാണ് (എങ്കില്‍ ചോദിക്കുക: ”അല്ലാഹുവെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്കു വല്ല വിപത്തും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍ അവയ്ക്ക് ആ വിപത്ത് തട്ടിമാറ്റാനാകുമോ?” അല്ലെങ്കില്‍ അവനെനിക്ക് എന്തെങ്കിലും അനുഗ്രഹമേകാനുദ്ദേശിച്ചാല്‍ അവക്ക് അവന്റെ അനുഗ്രഹം തടഞ്ഞുവെക്കാന്‍ കഴിയുമോ?” പറയുക: എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുന്നവരൊക്കെയും അവനില്‍ ഭരമേല്‍പിക്കട്ടെ). അസ്സുമര്‍ 38
വിശ്വാസിക്ക് ഒരു ഖിബ്‌ല മാത്രമെ ഉള്ളൂ. അവന്‍ തന്റെ മുഖം തിരിക്കുന്നതും, ഹൃദയം സമര്‍പിക്കുന്നതും ആ ഖിബ്‌ലയിലേക്കാണ്. തന്റെ സ്വകാര്യവും ആവലാതിയും അവന്‍ ബോധിപ്പിക്കുന്നത് അവിടെയാണ്. അവിടെ നിന്നുള്ള പ്രകാശത്താലാണ് അവന്‍ ജീവിതത്തിന്റെ അന്ധകാരത്തില്‍ തന്റെ വഴി കണ്ടെത്തുന്നത്.
അല്ലാഹുവുമായി ഉയര്‍ന്ന ബന്ധമാണ് വിശ്വാസിക്കുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് അവന്‍ ജനങ്ങളുമായുള്ള തന്റെ ബന്ധം വ്യവസ്ഥപ്പെടുത്തുന്നത്. നിര്‍ഭയത്വവും അസ്വസ്ഥതയും, ഇഷ്ടവും അനിഷ്ടവും, സ്‌നേഹവും വെറുപ്പും, ഇണക്കവും പിണക്കവും കൂടിക്കലര്‍ന്ന വികാരമാണ് അവനുള്ളത്. ഈ വികാരങ്ങള്‍ അവന്റെ മനസ്സില്‍ എത്ര തന്നെ ഇളകിമറിഞ്ഞാലും അവയെ ദൃഢവിശ്വാസം കൊണ്ട് ഭരിക്കാന്‍ വിശ്വാസിക്ക് സാധിക്കുന്നു. തന്റെ നാഥനെക്കുറിച്ച കൃത്യമായ വിവരം അവയെയെല്ലാം തകര്‍ത്ത് കളയാന്‍ വിശ്വാസിയെ സഹായിക്കുന്നു. പ്രവാചകന്‍ തിരുമേനി(സ) ഈ ആശയങ്ങള്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ നട്ടുവളര്‍ത്തുകയുണ്ടായി. അദ്ദേഹം തന്റെ നിശാനമസ്‌കാരത്തില്‍ പ്രാര്‍ത്ഥിച്ചത് ഇപ്രകാരമായിരുന്നു (നാഥാ, നിനക്ക് ഞാന്‍ വിധേയപ്പെടുകയും നിന്നില്‍ ഞാന്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്റെ മേല്‍ ഭരമേല്‍പിച്ചിരിക്കുന്നു. നിന്നിലേക്കാണ് ഞാന്‍ അഭയം തേടി മടങ്ങുന്നത്. തര്‍ക്കങ്ങളില്‍ ഞാന്‍ വിധി തേടി നിന്റെ അടുത്തേക്കാണ് വരുന്നത്. അതിനാല്‍ ഞാന്‍ മുമ്പ് ചെയ്തതും അവസാനം ചെയ്തതുമെല്ലാം നീ എനിക്ക് പൊറുത്ത് തരിക. ഞാന്‍ പരസ്യമായി ചെയ്തതും രഹസ്യമായി ചെയ്തതും പൊറുക്കുക. നീയാണ് എന്നേക്കാള്‍ അതിനേക്കുറിച്ച് അറിയുന്നവന്‍. നീയല്ലാതെ മറ്റൊരു ദൈവമില്ല തന്നെ).
ഹൃദയമിടിപ്പോട് ചേര്‍ന്ന് ഉയര്‍ന്ന് വരുന്ന ഊഷ്മളമായ ഏകദൈവവിശ്വാസത്തെയാണ് ഈ പ്രാര്‍ത്ഥന കുറിക്കുന്നത്. ഇതിന്റെ പ്രതിധ്വനി ഹൃദയത്തില്‍ മുഴങ്ങുന്നതോടെ അത് ജീവിതത്തെ പിടിച്ച് കുലുക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മനസ്സ് ഈ ബോധത്തില്‍ നിന്ന് കാലിയാണെങ്കില്‍ ജീവിതം അന്ധതയിലായിരിക്കും കഴിച്ചുകൂട്ടേണ്ടി വരിക.

 

About muhammad al gazzali i

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *