32

ഖിലാഫത്ത്: ഇസ്ലാമിക ശരീഅത്തില്‍ -1

ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ രാഷ്ട്രീയ സംവിധാനമെന്ന നിലയിലാണ് ഖിലാഫത്ത് വ്യവസ്ഥ വിലയിരുത്തപ്പെടുന്നത്. സമൂഹത്തിന് ഇഹപരവും പാരത്രികവുമായ താല്‍പര്യങ്ങള്‍

സാക്ഷാല്‍ക്കരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക രാഷ്ട്ര സംവിധാനത്തിന്റെ നേതൃത്വമാണത്. വിസ്മരിക്കപ്പെടുകയോ, അവഗണിക്കപ്പെടുകയോ ചെയ്ത സുപ്രധാനമായ നിര്‍ബന്ധ സാമൂഹിക ബാധ്യതകളിലൊന്നാണ് ഖിലാഫത്തിന്റെ പുനസ്ഥാപനമെന്നത്. അതിനാല്‍ തന്നെ അതേക്കുറിച്ച വിവരണവും, സ്മരണയും, ചര്‍ച്ചയും പ്രസക്തമാണ്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ നാമാവശേഷമാവുകയും, ചില തീവ്രവാദ സംഘങ്ങള്‍ ഖിലാഫത്ത് അവകാശവാദവുമായിം രംഗത്തിറങ്ങുകയും ചെയ്ത ഇക്കാലത്ത് അതിന്റെ പ്രാധാന്യം പതിന്മടങ്ങ് അധികരിക്കുന്നു.

ഇസ്ലാമിക ഖിലാഫത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നതിനും കര്‍മശാസ്ത്രപരമായി അതിന്റെ സ്ഥാനം നിര്‍ണയിക്കുന്നതിനുമുള്ള എളിയ ശ്രമമാണ് ഈ ലേഖനം. ഖിലാഫത്തിനെക്കുറിച്ച ഇസ്ലാമിന്റെ പൊതു സങ്കല്‍പം, അതുമായി ബന്ധപ്പെട്ട ചില സാങ്കേതിക പദങ്ങളെക്കുറിച്ച വിശദീകരണം, അതിന് കീഴില്‍ വരുന്ന ചില ശാഖാപരമായ വിഷയങ്ങളുടെ സംഗ്രഹം തുടങ്ങിയവാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.

അല്‍ഇമാമതുല്‍ കുബ്‌റാ, ഇമാറതുല്‍ മുഅ്മിനീന്‍ തുടങ്ങിയവയെല്ലാം ഖിലാഫത്തിനെക്കുറിക്കാന്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ വ്യവഹരിക്കപ്പെടുന്ന പ്രയോഗങ്ങളാണ്. ഇഹ-പരലോകങ്ങളില്‍ ഉമ്മത്തിന് നന്മ സമ്മാനിക്കുന്ന ഇസ്ലാമിക രാഷ്ട്രസംവിധാനമാണ് ഈ പ്രയോഗങ്ങള്‍ കൊണ്ടെല്ലാം വിവക്ഷിക്കപ്പെടുന്നത്. ഈ ആശയത്തെക്കുറിക്കാന്‍ കര്‍മശാസ്ത്ര വിശാരദന്മാര്‍ വ്യത്യസ്ത പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. അവയെല്ലാം മേല്‍സൂചിപ്പിച്ച ഒരൊറ്റ ആശയത്തെക്കുറിക്കുന്നവയുമാണ്.

അല്‍ഇമാം ജുവൈനി തന്റെ ‘അല്‍ഗിയാഥി’യില്‍ ഖിലാഫത്ത് നിര്‍വചിക്കുന്നത് ഇപ്രകാരമാണ് (ദീനുമായും ദുന്‍യാവുമായും ബന്ധപ്പെട്ട സവിശേഷവും, പൊതുവായതുമായ സമ്പൂര്‍ണ നേതൃത്വവും, നായകത്വവുമാണത്).

ഇസ്ലാമിക ശരീഅത്ത് പൊതുജനങ്ങള്‍ക്ക് മേല്‍ -അവരുടെ ഇഹപരവും, പാരത്രികവുമായ നേട്ടം മുന്നില്‍ കണ്ട്- ചുമത്തുന്നതിനാണ് ഖിലാഫത്ത് എന്ന് പേര് വിളിക്കുകയെന്ന് ഇബ്‌നു ഖല്‍ദൂന്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഭൂരിപക്ഷ കര്‍മശാസ്ത്ര പണ്ഡിതരില്‍ നിന്നും ഭിന്നമായി ഖിലാഫത്തിനും, ഇമാമതിനുമിടയില്‍ വേര്‍തിരിവ് കല്‍പിച്ചിരിക്കുന്നു ഇബ്‌നു തൈമിയ്യഃ. പ്രവാചക മാതൃക പിന്‍പറ്റുകയെന്ന സവിശേഷത നല്‍കപ്പെട്ട ഇസ്ലാമിക ഭരണ സംവിധാനമാണ് ഖിലാഫത്തെന്ന് അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ ഇമാമതെന്നത് ശര്‍ഈയ്യായി അംഗീകരിക്കപ്പെട്ട ഭരണസംവിധാനമാണെന്ന മറ്റ് കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ വിശദീകരണത്തോട് അദ്ദേഹം യോജിക്കുകയും ചെയ്തിരിക്കുന്നു. തന്റെ മജ്മൂഅ് അല്‍ഫതാവായില്‍ ഇബ്‌നു തൈമിയ്യഃ ഇപ്രകാരം കുറിക്കുന്നു (പ്രവാചകത്വ മാതൃകയിലുള്ള ഖിലാഫത്ത് രാജാധിപത്യത്തിലേക്ക് നീങ്ങിയതിനെക്കുറിച്ച് പറയാന്‍ പറ്റുക ഇത്രമാത്രമാണ്.  പ്രവാചകത്വ മാതൃകയിലുള്ള ഖിലാഫത്ത് സ്ഥാപിക്കാന്‍ ജനങ്ങള്‍ക്ക് കഴിയാതെ വരിക, അല്ലെങ്കില്‍ അനുവദനീയമായ ഇജ്തിഹാദ് മുഖേനെ സംഭവിക്കുക, അതുമല്ലെങ്കില്‍ അതിന് വൈജ്ഞാനികമായും പ്രായോഗികമായും കഴിവുണ്ടായിരിക്കെ നടത്താതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ അപ്രകാരം സംഭവിക്കാവുന്നതാണ്. വൈജ്ഞാനികമായും പ്രായോഗികമായും കഴിവില്ലാത്തവനാണെങ്കില്‍ രാജാവ് അക്കാര്യത്തില്‍ ന്യായമുള്ളവനാണ്’).

ദൈവിക ശരീഅത്ത് നടപ്പാക്കുന്നതിനും, നീതി സാക്ഷാല്‍ക്കരിക്കപ്പെടുകയും സമാധാനം കളിയാടുകയും ചെയ്യുന്ന സാമൂഹികാന്തരീക്ഷം പണിതുയര്‍ത്താനുമുള്ള രാഷ്ട്രീയ വ്യവസ്ഥയാണ് ഖിലാഫത്ത്. ഖിലാഫത്തിന് കീഴില്‍ എല്ലാ വ്യക്തികള്‍ക്കും മാനുഷികമായ പരിഗണന നല്‍കപ്പെടുകയും, ശരീഅത്ത് അനുവദിച്ച മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്ന് ഉപജീവനമാര്‍ഗം അവര്‍ക്ക് മുന്നില്‍ തുറന്നിടപ്പെടുകയും ചെയ്യുന്നു. പൗരന്മാര്‍ പരസ്പരം സഹായിച്ചും, ഇസ്ലാമിക ശരീഅത്തിനെ ആധികാരിക അവലംബമായി പരിഗണിച്ചും, ഭദ്രമായ സാമൂഹിക ക്രമം അവിടെ രൂപപ്പെടുന്നു.

About idrees ahmad

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *