കുടുംബ ഘടനയുടെ അടിവേരിളക്കിയ കമ്യൂണിസം

സ്വാര്‍ത്ഥതയുടെയും പൂഴ്ത്തിവെപ്പിന്റെയും ഉറവിടമാണ് കുടുംബ സംവിധാനം എന്നാണ് കമ്യൂണിസ്റ്റ് ആചാര്യന്‍ ഏംഗല്‍ നല്‍കിയ സന്ദേശം. ശേഖരിച്ച് വെച്ചത് ഉപയോഗിക്കാതെ, വീണ്ടും

വീണ്ടും സമ്പാദിക്കാനുള്ള ത്വര മനുഷ്യനില്‍ സൃഷ്ടിക്കുന്നതും കുടുംബ ഘടനയാണെന്ന് അദ്ദേഹം കണ്ടെത്തുന്നു. സ്‌നേഹബന്ധത്തെ വളരെ ഇടുങ്ങിയ വൃത്തത്തില്‍ തളച്ചിടുകയാണ് കുടുംബം ചെയ്യുന്നതെന്നും, അദ്ധ്വാനത്തിനും സമരത്തിനും യോജിക്കാത്ത ഈ ന്യൂനതകള്‍ പിഴുതെറിയാന്‍ കുടുംബ വ്യവസ്ഥ തകര്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു.
കുടുംബ സംവിധാനം തകര്‍ക്കപ്പെടുന്ന പക്ഷം പരിധികളില്ലാത്ത സ്‌നേഹ ബന്ധം രൂപപ്പെടുമെന്നും, ഏഴോ എട്ടോ അംഗങ്ങളുള്ള കുടുംബങ്ങളില്‍ പരിമിതമാവുന്ന സ്‌നേഹം അസഹിഷ്ണുതയെയാണ് കുറിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു. അനന്തരാവകാശ ഘടനയില്‍ പടുത്തുയര്‍ത്തപ്പെട്ടതാണ് കുടുംബ വ്യസ്ഥയെന്നും സമ്പത്തിന് പുറമെ സ്വഭാവവും ധാര്‍മികതയും ആരോഗ്യവും വ്യക്തികള്‍ അനന്തരമെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതിനാല്‍ കുടുംബ സംവിധാനം വേരോടെ പിഴുതെറിയുന്നത് അനന്തരമെടുക്കുന്ന ദുര്‍ഗുണങ്ങളെയും, പാരമ്പര്യ രോഗങ്ങളെയും നശിപ്പിക്കാന്‍ കൂടി സഹായകമാവുമെന്ന് ഏംഗല്‍സ് പ്രത്യാശിക്കുന്നു. അനന്തരസ്വത്ത് രാഷ്ട്രത്തിന്റെ പൊതുസ്വത്തായി ഗണിക്കപ്പെടുകയും, സമൂഹം ഒന്നടങ്കം അതില്‍ നിന്ന് പ്രയോജനം സ്വീകരിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
മാര്‍ക്‌സിന്റെ ശിഷ്യനും, വിശ്വസ്തനുമായ ഏംഗല്‍സ് തന്റെ സന്ദേശത്തിലൂടെ കുടുംബ സംവിധാനത്തോട് യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്. കുടുംബ ബന്ധത്തില്‍ നിന്നും രൂപപ്പെടുന്ന എല്ലാ മഹത്തായ ഗുണങ്ങളുടെയും, മൂല്യങ്ങളുടെയും കഥ കഴിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. നന്മ, കരുണ, പുണ്യം തുടങ്ങിയ എല്ലാ വിശേഷണങ്ങളും സമൂഹത്തില്‍ നിന്ന് മൃതിയടഞ്ഞ് പോവണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
ഇത്തരം മൂല്യങ്ങള്‍ നാമാവശേഷമാകുന്നതോടെ മനുഷ്യരെ മൃഗസമാനമായ ജീവിതശൈലിയിലേക്ക് വഴി നടത്തുകയെന്ന തങ്ങളുടെ സ്വപ്‌നം സാക്ഷാല്‍കൃതമാകുമെന്ന് കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ കണക്കുകൂട്ടുന്നു. കേവലം ഉപകരണത്തിന്റെ ഗണത്തിലേക്ക് മനുഷ്യരെ മാറ്റുകയും, ബുദ്ധിപരവും മാനുഷികവുമായ എല്ലാ മൂല്യങ്ങളും കുഴിച്ച് മൂടുകയും ചെയ്യുകയെന്നത് തന്നെയാണ് നശീകരണ പ്രസ്ഥാനങ്ങള്‍ക്ക് ഭൂമിയില്‍ വേരുറപ്പിക്കാനുള്ള ഏക പോംവഴി.
ശ്രേഷ്ഠതയുടെയും ഔന്നിത്യത്തിന്റെയും കോട്ടകള്‍ തച്ചുടച്ച്, വരണ്ടുണങ്ങി വിണ്ടുകീറിയ സാമൂഹിക ക്രമം നടപ്പിലാക്കാനാണ് കമ്യൂണിസ്റ്റുകള്‍ റഷ്യയിലും ശ്രമിച്ചത്. കമ്യൂണിസ്റ്റുകളുടെ ചെങ്കോട്ട നന്മകള്‍ വിടരാത്ത കൊടുംവനം പോലെയാണെന്നര്‍ത്ഥം. ഒരാളുടെയും നന്മയെ അംഗീകരിക്കാനോ, ഒരാളോടും നന്മ പ്രവര്‍ത്തിക്കാനോ കമ്യൂണിസ്റ്റുകാരന് കഴിയുകയില്ല. ആവശ്യത്തിലധികം നന്മ നിറഞ്ഞത് കൊണ്ടോ, ആവശ്യമില്ലാത്ത വണ്ണം തങ്ങള്‍ക്കിടയില്‍ അവ പൂത്തുലഞ്ഞത് കൊണ്ടോ അല്ല, മറിച്ച് നന്മയെയും മൂല്യത്തെയും ഭീതിയോടെ സമീപിക്കുന്നത് കൊണ്ട് മാത്രമാണ് അത്. അതിനാലാണ് നന്മ ചെയ്യുന്ന, ദൈവവിശ്വാസികളായിരുന്ന ലക്ഷക്കണക്കിന് പേരെ കൂട്ടക്കശാപ്പ് ചെയ്ത് കമ്യൂണിസ്റ്റുകള്‍ തങ്ങളുടെ സമൂഹത്തെ നന്മമുക്തമാക്കി ‘ശുദ്ധീകരി’ച്ചത്!!
നാഗരിക സമൂഹം മോഷണത്തെ വിലയിരുത്തുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ് കമ്യൂണിസ്റ്റ് സമൂഹത്തില്‍ ‘നന്മ’ പ്രവര്‍ത്തിക്കുകയെന്നത്. കൊള്ളയും, പിടിച്ച് പറിയും കമ്യൂണിസ്റ്റ് സമൂഹത്തില്‍ അനുവദനീയമെന്നല്ല, നിര്‍ബന്ധം കൂടിയാണ്. അതേസമയം നന്മ പ്രവര്‍ത്തിക്കുന്നതും, മറ്റുള്ളവരെ സഹായിക്കുന്നതും അവിടങ്ങളില്‍ നിഷിദ്ധമാണ്. നന്മ പ്രവര്‍ത്തിക്കുന്നവര്‍ തിരോഭവിക്കുന്നതോടെ സമൂഹം ‘നന്മമുക്ത’മാകുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ നനന്മയുടെ പ്രതിഫലം മരണമോ, തടവറയോ ആണ്.
തീയും, ഇരുമ്പുമുപയോഗിച്ച് മഹത്തായ മാനവിക മൂല്യങ്ങളുടെ കഥ കഴിക്കുകയാണ് കമ്യൂണിസം ചെയ്തത്. അതിനാല്‍ തന്നെ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദാനം ചെയ്യുന്ന ധനികനെയോ, ദുര്‍ബലനെ സഹായിക്കുന്ന ശക്തനെയോ, അയല്‍വാസിയോട് സഹകരിക്കുന്ന നിഷ്‌കളങ്കനെയോ അവിടെ കാണാന്‍ കഴിയില്ല.

 

About abdul gafoor athar

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *