ഖുദ്‌സിയ്യായ ഹദീഥുകളുടെ ആധികാരികത 1

സുന്നത്തിന്റെ ആധികാരികത നിഷേധിക്കുന്ന ചിലര്‍ ഖുദ്‌സിയ്യായ ഹദീഥുകളെയും തള്ളിക്കളയുന്നതായി കാണാവുന്നതാണ്. ഖുദ്‌സിയ്യായ ഹദീഥുകള്‍ ്അല്ലാഹുവിങ്കല്‍ നിന്നുള്ളവയല്ലെന്ന് അവര്‍ വാദിക്കുന്നു.

അവയിലും ദുര്‍ബലവും, കെട്ടിച്ചമച്ചവയുമായ ഹദീഥുകള്‍ ഉണ്ടെന്നത് അവര്‍ തങ്ങളുടെ ആരോപണത്തിന് തെളിവായുന്നയിക്കുന്നു. അവ അല്ലാഹുവിങ്കല്‍ നിന്നുള്ളവയായിരുന്നുവെങ്കില്‍ ദുര്‍ബലമായവ അവയില്‍ കടന്ന് കൂടുമായിരുന്നില്ല. കാരണം തന്റെ വചനങ്ങളുടെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു.(തീര്‍ച്ചയായും ഉല്‍ബോധനം അവതരിപ്പിച്ചത് നാമാകുന്നു. തീര്‍ച്ചയായും നാം തന്നെ അത് സംരക്ഷിക്കുന്നതാണ്) എന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അതിനാല്‍ തന്നെ ഖുദ്‌സിയ്യായ ഹദീഥുകളിലും ദൗര്‍ബല്യമുണ്ടെന്നത് അവയുടെ വിശ്വാസ്യതക്ക് പോറലേല്‍പിക്കുന്നു.
ഖുദ്‌സിയ്യായ ഹദീഥുകള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളവയാണ്. തിരുമേനി(സ) തന്നെ ഇക്കാര്യം സംശയലേശമന്യെ പ്രഖ്യാപിച്ചിരിക്കെ അവ നിഷേധിക്കാന്‍ വിശ്വാസികള്‍ക്ക് അനുവാദമില്ല. പ്രവാചകന്‍ തിരുമേനി(സ) ചില വചനങ്ങളുടെ പ്രാരംഭത്തില്‍ ‘അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു’ എന്ന് പ്രത്യേകം സൂചിപ്പിച്ചവയാണിവ. അതിനാല്‍ ഖുദ്‌സിയ്യായ ഹദീഥുകള്‍ അല്ലാഹുവില്‍ നിന്നും, പ്രവാചകനില്‍ നിന്നും സ്ഥിരപ്പെട്ടവയാണ്. കാരണം പ്രവാചകന്‍(സ) അവ അല്ലാഹുവിലേക്കും, പ്രവാചക സഖാക്കള്‍ അവയെ പ്രവാചകനിലേക്കും ചേര്‍ത്തിരിക്കുന്നു.
ഖുദ്‌സിയ്യായ ഹദീഥുകള്‍ നിര്‍ണയിക്കുന്നതില്‍ പണ്ഡിതന്മാര്‍ക്ക് രണ്ടഭിപ്രായമാണുള്ളത്. പൂര്‍ണമായും ദൈവികവചനങ്ങളാണ് അവയെന്നും കേവലം ഒരു റിപ്പോര്‍ട്ടറുടെ സ്ഥാനം മാത്രമെ തിരുമേനി(സ)ക്ക് ഉള്ളൂ എന്നതാണ് ആദ്യാഭിപ്രായം. അവ തിരുമേനി(സ)യുടെ വചനമാണെന്നും ആശയം അല്ലാഹുവിങ്കല്‍ നിന്നുള്ളവയാണെന്നുമാണ് രണ്ടാമത്തെ വീക്ഷണം. ഈ അഭിപ്രായമാണ് കൂടുതല്‍ പരിഗണനീയമായിട്ടുള്ളത്. കാരണം അല്ലാഹു തന്റെ ആശയം വാക്കുകളിലൂടെ നല്‍കിയവ ഖുര്‍ആന്‍ ആയി പരിഗണിക്കപ്പെടുന്നു. അവ ഒട്ടേറെ തലങ്ങളില്‍ മുഅ്ജിസത്തായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.
അല്ലാഹു വഹ്‌യ് മുഖേനെ ഖുദ്‌സിയ്യായ ഹദീഥിന്റെ ആശയം തിരുമേനി(സ)ക്ക് എത്തിച്ച് നല്‍കുകയും അദ്ദേഹമവ തന്റെ വാക്കുകളിലൂടെയും ഘടനകളിലൂടെയും ജനങ്ങളെ അറിയിക്കുകയുമാണ് ചെയ്യാറ്. അതിനാല്‍ തന്നെ ഖുദ്‌സിയ്യായ ഹദീഥ് അല്ലാഹുവിങ്കില്‍ നിന്നുള്ളതാണെന്ന് പറയുമ്പോള്‍ അവയുടെ പദങ്ങളല്ല, ആശയം മാത്രമാണ് എന്ന് വ്യക്തമാണ്. സാധാരണയായി എല്ലാ ഭാഷകളിലും ഉപയോഗിക്കപ്പെടുന്ന ശൈലിയാണിത്. ഉദാഹരണമായി വിശുദ്ധ ഖുര്‍ആന്‍ തന്നെയും പല പ്രവാചകന്മാര്‍ക്കും അവരുടെ ജനതയ്ക്കുമിടയിലുണ്ടായ സംഭാഷണങ്ങള്‍ ശുദ്ധമായ അറബി ഭാഷയില്‍ വിവരിക്കുന്നുണ്ട്. അതേസമയം തന്നെ ആ പ്രവാചകന്മാരൊന്നും അറബി സംസാരിക്കുന്നവരായിരുന്നില്ലെന്നും, മറിച്ച് അവരുടെ സംഭാഷണത്തിന്റെ ഉള്ളടക്കം അല്ലാഹു അറബി ഭാഷയില്‍ പ്രതിപാദിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാണ്.
ഡോ. അബ്ദുല്ലാഹ് ദര്‍റാസ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് (ഉള്ളടക്കം ദിവ്യബോധനത്തിലൂടെ പ്രവാചകന് ലഭിക്കുകയും, അദ്ദേഹമവ തന്റെ വാക്കുകളിലൂടെ ജനങ്ങളെ അറിയിക്കുകയും ചെയ്തവയാണ് ഖുദ്‌സിയ്യായ ഹദീഥ്. അവയുടെ ആശയം അല്ലാഹുവിലേക്ക് ചേര്‍ക്കപ്പെടുന്നുവെങ്കില്‍ പോലും അവ പ്രവാചകനില്‍ നിന്നുള്ള സ്വതന്ത്രമായ വചനങ്ങളാണ്. കാരണം ഓരോ വാക്കും അവ ആദ്യമായി ഉച്ചരിക്കപ്പെടുന്നവരിലേക്കാണ് ചേര്‍ക്കപ്പെടുക. അതിനാല്‍ തന്നെ ഹദീഥ് ഖുദ്‌സി ആശയപരമായി ദൈവികമാണെന്ന് മാത്രമെ പറയാവൂ. കാരണം അവയുടെ പദങ്ങളും അല്ലാഹുവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതായിരുന്നുവെങ്കില്‍ വിശുദ്ധ ഖുര്‍ആനിന് നല്‍കുന്ന ആദരവും, മഹത്വവും അവയ്ക്ക് ഇസ്ലാമിക ശരീഅത്തില്‍ നല്‍കേണ്ടതുണ്ടായിരുന്നു. മാത്രവുമല്ല, അവ രണ്ടിനുമിടയില്‍ യാതൊരു വ്യത്യാസവുമുണ്ടാകുമായിരുന്നില്ല.
ഖുദ്‌സിയ്യായ ഹദീഥ് മുഅ്ജിസത്തായി ഗണിക്കപ്പെടുകയോ, അവ മുഖേനെ ശത്രുക്കളെ വെല്ലുവിളിക്കുകയോ ചെയ്തിട്ടില്ല. കേവലം പാരായണം ചെയ്ത് പുണ്യമെടുക്കുന്നതിനായി അവതരിപ്പിക്കപ്പെട്ടവയുമല്ല അവ. മറിച്ച് പ്രയോഗത്തില്‍ വരുത്തേണ്ട ഏതാനും ചില കല്‍പനകളും നിര്‍ദേശങ്ങളുമാണ് അവയുള്‍കൊള്ളുന്നത്. ഖുദ്‌സിയ്യായ ഹദീഥിന്റെ വചനങ്ങള്‍ കൂടി അല്ലാഹുവിങ്കല്‍ നിന്നുള്ളവയാണ് എന്ന വാദത്തിന് തെളിവുകളുടെ പിന്‍ബലമില്ല.
വിവിധങ്ങളായ ദേശങ്ങളില്‍ വ്യത്യസ്തമായ പാര്‍ട്ടികള്‍ രൂപപ്പെടുകയും, അവയുടെ താല്‍പര്യത്തിന് വേണ്ടി വ്യാജഹദീഥുകള്‍ കെട്ടിയുണ്ടാക്കുകയും ചെയ്തതോടെ ഇസ്ലാമിക പ്രമാണത്തെ സംരക്ഷിക്കേണ്ട ചുമതല അല്ലാഹു വിശ്വാസികളെ ഏല്‍പിക്കുകയുണ്ടായി. ശിയാക്കളും, ഖവാരിജുകളും രംഗത്ത് വന്ന അപകടകരമായ സാഹചര്യത്തിലായിരുന്നു ഇത്. അതേതുടര്‍ന്ന് പ്രവാചക സഖാക്കളും, താബിഉകളും ഇസ്ലാമിന്റെ ആധികാരിക രേഖകളിലേക്ക് വ്യാജവും, ദുര്‍ബലവുമായ വചനങ്ങള്‍ കടന്ന് കൂടുന്നതിന് കൂച്ചുവിലങ്ങിടുകയും, അവയുടെ മാര്‍ഗങ്ങള്‍ ഭദ്രമായി അടക്കുകയും ചെയ്തു. തിരുമേനി(സ) നിയോഗിക്കപ്പെട്ടത് മുതല്‍ ഉഥ്മാന്‍(റ) കൊല്ലപ്പെടുന്നത് വരെ ഒരു വ്യാജവചനവും കെട്ടിയുണ്ടാക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ദൈവിക മാര്‍ഗത്തില്‍ സ്വന്തം ജീവനും സമ്പത്തും ബലി കഴിക്കാന്‍ തയ്യാറായ പ്രവാചക സഖാക്കള്‍ തിരുമേനി(സ)യുടെ മേല്‍ ഹദീഥ് കെട്ടിയുണ്ടാക്കുമെന്ന് കരുതാന്‍ യാതൊരു ന്യായവുമില്ല.

 

About dr. ahmad umar hashim

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *