7650

കുരിശ് യുദ്ധം അവസാനിക്കുന്നില്ല -1

ഹൃദയത്തില്‍ നിറച്ചുവെച്ച അജ്ഞതയാണ് ഇസ്ലാമിക ഭരണത്തിനെതിരെ രംഗത്തിറങ്ങാന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത് എന്നതാണ് വസ്തുത. അതിനാല്‍ തന്നെ അവര്‍ ഇസ്ലാമിക ഭരണത്തെ ഭയക്കുകയും,

വെറുക്കുകയും ചെയ്യുന്നു. സാധാരണക്കാരുടെ ബുദ്ധിക്ക് മറയിട്ട, കണ്ണുകള്‍ മൂടിക്കെട്ടിയ ഇത്തരം തെറ്റിദ്ധാരണകള്‍ നീക്കുകയെന്ന ഉത്തരവാദിത്തം നമുക്കാണുള്ളത്. ഏറ്റവും നല്ല രീതിയില്‍ അവരോട് സംവദിക്കാന്‍ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക ദര്‍ശനത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടവരെന്ന നിലയില്‍ അവര്‍ അക്രമത്തിന് വിധേയരാണ് എന്ന ബോധം നമുക്കുണ്ടാവേണ്ടതുണ്ട്.
പല വിഭാഗങ്ങളുടെയും ആക്രമണങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും ഇരയായവരാണ് ഇവര്‍. തങ്ങളുടെ അശ്രദ്ധയേക്കാള്‍ കൂടുതല്‍ ഇസ്ലാമിനെതിരായ ബോധപൂര്‍വമായ ഗൂഢാലോചനകളാണ് അവരെ ദോഷകരമായി ബാധിച്ചത്. ദുരുദ്ദേശ്യത്തോടെ സാധാരണക്കാരുടെ മുന്നില്‍ ഇസ്ലാമിനെ ഏറ്റവും വികൃതമായി അവതരിപ്പിക്കുകയെന്ന ശത്രുക്കളുടെ യുദ്ധതന്ത്രത്തിന്റെ ഫലമായിരുന്നു അത്. കുതന്ത്രശാലികളുടെ ഈ വൃത്തികേടുകള്‍ സാധാരണക്കാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയെന്നതാണ് നമ്മുടെ ദൗത്യം.
ഇസ്ലാമിക ഭരണത്തിന് ഇസ്ലാമിന്റെ ഉള്ളിലും പുറത്തും ധാരാളം ശത്രുക്കളുണ്ട്. വളരെ ശക്തരായ തന്ത്രശാലികളും, പരിഹസിക്കുന്നവരും അവരിലുണ്ട്. ഇസ്ലാമിനെ ഭരണത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും മാറ്റി, പള്ളിയില്‍ ചുരുട്ടിക്കെട്ടുന്നതില്‍ അവര്‍ക്ക് പല താല്‍പര്യങ്ങളുമുണ്ട്. ഇസ്ലാമിലേക്ക് ഭരണത്തെ ചേര്‍ക്കുന്നതിനെ എന്തുവില കൊടുത്തും എതിര്‍ക്കുന്നവരാണ് അവര്‍. അതിനായി പല ഞൊണ്ടി ന്യായങ്ങളും, ദുര്‍ബല വാദങ്ങളും അവര്‍ ഉദ്ധരിക്കുന്നു.
അമേരിക്കയിലും യൂറോപ്പിലും ജനക്കൂട്ടങ്ങളെ സംഘടിപ്പിക്കുകയും, ചേര്‍ത്ത് വെക്കുകയും ചെയ്യുന്ന പതാകയുടെ സ്ഥാനമായിരുന്നു ക്രൈസ്തവതക്കുണ്ടായിരുന്നത്. ക്രൈസ്തവതയുടെ പ്രകൃതമനുസരിച്ച മതദര്‍ശനം എന്ന നിലയിലല്ല അത് അവിടങ്ങളിലൊന്നും നിലനിന്നത്. കമ്യൂണിസത്തിന്റെ ആക്രമണത്തില്‍ നിന്ന് ക്രൈസ്തവ നാഗരികതയെ സംരക്ഷിക്കണമെന്ന് അവര്‍ മുറവിളികൂട്ടിയത് മതമെന്ന നിലയിലുള്ള ക്രൈസ്തവ വിശ്വാസത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയായിരുന്നില്ല. മറിച്ച്, തങ്ങളുടെ രാഷ്ട്രവും, ദേശീയതും സംരക്ഷിക്കണമെന്ന് മാത്രമാണ് അവരുടെ ഉദ്ദേശ്യം. ചുരുക്കത്തില്‍ ക്രൈസ്തവ നാടുകള്‍ സുരക്ഷിതമായി നിലനിര്‍ത്താനുള്ള കേവലം പുകമറ മാത്രമാണ് ക്രൈസ്തവതയെന്ന മതം. പ്രസ്തുത രാഷ്ട്രങ്ങളിലെല്ലാം സാമൂഹികവും, ധാര്‍മികവുമായ അരാജകത്വവും, അഴിഞ്ഞാട്ടവും വ്യാപകമായത് അതിനാലാണ്. മസീഹിന്റെ അദ്ധ്യാപനങ്ങള്‍ക്കും ക്രൈസ്തവതയുടെ അടിസ്ഥാന വിശ്വാസങ്ങള്‍ക്കുമെതിരാണ് ഇവയെല്ലാം. അതേസമയം ക്രൈസ്തവ നാഗരികതയെന്ന നാമം മുന്നില്‍ വെച്ച് തങ്ങളുടെ സാമൂഹികമായ ഇടം സുരക്ഷിതമാക്കുകയാണ് അവര്‍ ചെയ്യുന്നത്.
ഒരേസമയം തന്നെ ക്രൈസ്തവതയുടെ ചൈതന്യത്തില്‍ നിന്ന് പുറത്ത് കടക്കുകയും, ക്രൈസ്തവേതര മതവിഭാഗങ്ങളോട് ശത്രുതയും പകയും കാത്ത്‌സൂക്ഷിക്കുകയും ചെയ്യുന്നുവെന്നതാണ് യൂറോ-അമേരിക്കന്‍ ദേശീയതയുടെ സവിശേഷത. ബുദ്ധിയുള്ളവരില്‍ അല്‍ഭുതമുളവാക്കുന്ന കാര്യമൊന്നുമല്ല ഇത്. എന്നാല്‍ അശ്രദ്ധാലുക്കളെയും, സാധാരണക്കാരെയും -വിശിഷ്യാ മുസ്ലിംകളില്‍പെട്ട- വീഴ്ത്താന്‍ കഴിവുറ്റ വിദഗ്ധമായ കളിയായിരുന്നു ഇത്.
ഈ അവിവേകികളുടെ ചെവികളില്‍ ബോധനം നല്‍കുന്നത് പടിഞ്ഞാറന്‍ ദൈവമാണ്. ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ലാത്ത രണ്ടാംകിട ഘടകമാണ് അവര്‍ക്ക് മതമെന്നത്. മതത്തിന്റെ ബന്ധനങ്ങളില്‍ നിന്ന് മുക്തമായ ജീവിതമാണ് അവര്‍ നയിക്കുന്നത് എന്നത് തന്നെയാണതിന് ഏറ്റവും നല്ല തെളിവ്. സ്വന്തമായി കെട്ടിപ്പടുത്ത ഭവനങ്ങള്‍ സ്വകരങ്ങള്‍ കൊണ്ട് തകര്‍ക്കുന്നവരാണ് തങ്ങളെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. അതേസമയം പടിഞ്ഞാറ് ഇസ്ലാമിനെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു.
ഇസ്ലാമിക ലോകത്തിനും, മുസ്ലിംകള്‍ക്കും മുമ്പില്‍ മാത്രമെ കുരിശ് യുദ്ധം അവസാനിച്ചിട്ടുള്ളൂ. എന്നാല്‍ ക്രൈസ്തവ ലോകത്ത് ഇസ്ലാം വിരുദ്ധ വികാരം ആളിക്കത്തുകയാണ്. അവിടത്തെ ജനങ്ങളുടെ ഹൃദയങ്ങളിലും, രാഷ്ട്രീയത്തിലുമെല്ലാം ഈ വികാരം നിറഞ്ഞു നില്‍ക്കുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ അവ പലപ്പോഴും പ്രകടമാവാറുണ്ട്. അങ്ങേയറ്റത്തെ അശ്രദ്ധയിലാണ്ട നാം നമുക്കെതിരെ യുദ്ധം ചെയ്യാന്‍ അവര്‍ക്ക് വേണ്ട സഹായങ്ങളും പിന്തുണയും നല്‍കിക്കൊണ്ടേയിരിക്കുന്നു.
ബൈതുല്‍ മുഖദ്ദസ് നിലനില്‍ക്കുന്ന പ്രദേശത്തിന് വേണ്ടിയാണ് തങ്ങള്‍ കുരിശ് യുദ്ധത്തിലേര്‍പെട്ടതെന്ന കാര്യം ക്രൈസ്തവര്‍ ഒരു കാലത്തും വിസ്മരിച്ചിട്ടില്ല. ബൈതുല്‍ മുഖദ്ദസില്‍ പ്രവേശിച്ച കുരിശ് സൈന്യാധിപന്‍ പ്രഖ്യാപിച്ച വചനങ്ങള്‍ ചരിത്രപ്രസിദ്ധമാണ് (ഇപ്പോഴാണ് കുരിശ് യുദ്ധം അവസാനിച്ചത്)!

About sayyid quthub

Check Also

6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ …

Leave a Reply

Your email address will not be published. Required fields are marked *