hqdefault

സൂറത്തിന്റെ പ്രാരംഭത്തിലെ കേവലാക്ഷരങ്ങളെക്കുറിച്ച് -1

ഖുര്‍ആനിലെ ചില പദങ്ങളും പ്രയോഗങ്ങളും ആശയങ്ങളും മുഹമ്മദ്(സ) യഹൂദരില്‍ നിന്ന് കടമെടുത്തതാണെന്ന് ചില ഇസ്ലാം വിരോധികള്‍ ആരോപിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ ചില സൂറത്തുകളുടെ പ്രാരംഭത്തില്‍ വന്ന കേവലാക്ഷരങ്ങള്‍ ഇപ്രകാരം യഹൂദരില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ഇവര്‍ വാദിക്കുന്നു. യഹൂദര്‍ മുന്‍കാലത്ത് അതേ ആശയത്തില്‍ അവ ഉപയോഗിച്ചിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ദൈവിക വെളിപാട് എഴുതിവെക്കുന്നതിന് തിരുദൂതര്‍(സ) എന്തുകൊണ്ടാണ് യഹൂദരോട് സഹായം ചോദിച്ചതെന്നും ഇവര്‍ ചോദിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുന്നതിനും, ജനങ്ങളെ അതില്‍ നിന്ന് അകറ്റുന്നതിനുമായി ശത്രുക്കള്‍ ഉന്നയിക്കുന്ന ആരോപങ്ങളിലൊന്നാണിത്.
വിശുദ്ധ ഖുര്‍ആനിലേക്ക് പുറമെ നിന്നുള്ള ഒരു പദം പോലും പ്രവേശിക്കാതിരിക്കാന്‍ തിരുമേനി(സ) അതീവ ജാഗ്രത പുലര്‍ത്തിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം ചരിത്ര ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ടതാണ്. അതിനാല്‍ തന്നെ അലി, മുആവിയ, ഉബയ്യ് ബിന്‍ കഅ്ബ്, സൈദ് ബിന്‍ ഥാബിത് തുടങ്ങിയ മഹാന്മാരായ സ്വഹാബാക്കളെ ഉള്‍പെടുത്തി ദൈവിക വെളിപാട് കൃത്യമായി രേഖപ്പെടുത്തി വെച്ചിരുന്നു. ഖുര്‍ആനിക വചനങ്ങള്‍ അവതരിക്കുന്ന മാത്രയില്‍ അവ എഴുതി സൂക്ഷിക്കാന്‍ അവിടുന്ന് അവരോട് കല്‍പിക്കാറുണ്ടായിരുന്നു.
അല്ലാഹുവിങ്കല്‍ നിന്ന് അവതരിക്കുന്ന ദൈവിക വചനങ്ങള്‍ ഏത് അദ്ധ്യായത്തില്‍ എവിടെ വെക്കണമെന്ന് അദ്ദേഹം കൃത്യമായി നിര്‍ദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. മിക്കവാറും പ്രവാചക സഖാക്കള്‍ തിരുമേനി(സ) പഠിപ്പിച്ച ക്രമമനുസരിച്ച് ഖുര്‍ആനിക വചനങ്ങള്‍ ഹൃദിസ്ഥമാക്കുകയും, അവരില്‍ ചിലര്‍ സ്വയം അവ എഴുതി ക്രോഡീകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഈത്തപ്പനയുടെ പട്ട, ഖാണ്ഡം, വീതിയുള്ള ശില, തോല്‍, ഒട്ടകത്തിന് പുറത്ത് ചവിട്ടി കയറാന്‍ ഉപയോഗിക്കുന്ന മരത്തടി, ഒട്ടകത്തിന്റെയും ആടിന്റെയും എല്ല് തുടങ്ങിയവയെല്ലാം അവരതിന്നായി ഉപയോഗിച്ചിരുന്നു. സൈദ് ബിന്‍ ഥാബിത്(റ) പറയുന്നു (തിരുമേനിയുടെ ശിഥിലമായിരുന്ന ഖുര്‍ആന്‍ ക്രമാനുസൃതമായി ക്രോഡീകരിക്കുകയായിരുന്നു ഞങ്ങള്‍).
വിശുദ്ധ ഖുര്‍ആന്‍ എഴുതി സൂക്ഷിക്കാന്‍ പ്രവാചക സഖാക്കള്‍ സഹിച്ചിരുന്ന കഠിനമായ പ്രയാസത്തെയും വിഷമത്തെയും കുറിക്കുന്നതാണ് ഈ വാക്കുകള്‍. ഖുര്‍ആന്‍ എഴുതി സൂക്ഷിക്കാന്‍ ആവശ്യമായ ഉപകരണങ്ങളുടെ ദൗര്‍ലഭ്യത അവ മനപാഠമാക്കുന്നതിന് അവരെ പ്രേരിപ്പിക്കുകയാണ് ചെയ്തത്.
എല്ലാ വര്‍ഷവും റമദാന്‍ രാവുകളില്‍ ജിബരീല്‍ മാലാഖ പ്രവാചകന് ഖുര്‍ആന്‍ പഠിപ്പിക്കാറുണ്ടായിരുന്നു. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീഥില്‍ ഇപ്രകാരം കാണാവുന്നതാണ് (ജനങ്ങളില്‍ ഏറ്റവും വലിയ ഉദാരനായിരുന്നു തിരുമേനി. റമദാനില്‍ ജിബ്‌രീലിനെ കണ്ട് മുട്ടുന്ന വേളയിലായിരുന്നു അദ്ദേഹം കൂടുതല്‍ ഔദ്യാരം കാണിച്ചിരുന്നത്. എല്ലാ റമദാന്‍ രാവുകളിലും ജിബരീല്‍ അവതരിക്കുകയും, അദ്ദേഹത്തിന് ഖുര്‍ആന്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു).
അതുപോലെ തങ്ങളുടെ കൈവശമുള്ളതോ, മനപാഠമാക്കിയതോ ആയ ഖുര്‍ആനിക വചനങ്ങള്‍ സ്വഹാബാക്കള്‍ തിരുമേനി(സ)ക്ക് ചൊല്ലിക്കൊടുക്കുകയോ, കാണിക്കുകയോ ചെയ്യാറുണ്ടായിരുന്നു.
എന്നാല്‍ ഈ രേഖപ്പെടുത്തലുകളൊന്നും തന്നെ ഒരു പൊതുവായ മുസ്വഹഫില്‍ അക്കാലത്ത് ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അലി, മുആദ്, ഉബയ്യ്, സൈദ്, അബ്ദുല്ലാഹ് ബിന്‍ മസ്ഊദ് തുടങ്ങിയവര്‍ ചേര്‍ന്ന് പ്രവാചക കാലത്ത് തന്നെ ഖുര്‍ആന്‍ ക്രോഡീകരിച്ചുവെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ഇപ്രകാരം ഖുര്‍ആന്‍ ക്രോഡീകരിച്ചവരില്‍ ഒരാള്‍ പോലും യഹൂദിയോ, യഹൂദ വിശ്വാസത്തോട് അനുഭാവമുള്ളവനോ ആയിരുന്നില്ല.

About dr. abdul munim

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *