55

കളവിന്മേല്‍ പണിതുയര്‍ത്തപ്പെട്ട ജീവിതം -2

രാഷ്ട്രീയ മേഖലയിലേക്ക് നമുക്ക് കണ്ണോടിച്ച് നോക്കാവുന്നതാണ്. ഐക്യരാഷ്ട്ര സഭ മുതല്‍, ലോകത്തെ വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്രങ്ങള്‍ വരെ കളവെന്ന സിദ്ധാന്തത്തിന്മേല്‍ പണിതുയര്‍ത്തപ്പെട്ടതാണ്. ഏറ്റവും നന്നായി നുണ പറയാന്‍ കഴിയുന്നവനാണ് ഏറ്റവും നല്ല രാഷ്ട്രീയക്കാരനാവാന്‍ സാധിക്കുക എന്ന നിലയില്‍ കാര്യങ്ങളെത്തിയിരിക്കുന്നു.
തീര്‍ത്തും അസംബന്ധമായ ഒന്നിനെ പൂര്‍ണാര്‍ത്ഥത്തില്‍ സത്യസന്ധമായ ഒരു കാര്യമായി വരുത്തിത്തീര്‍ക്കാനുള്ള കഴിവിനെയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നയതന്ത്രകല എന്ന് വിശേഷിപ്പിക്കുന്നത്! താന്‍ ഉദ്ദേശിക്കുന്നത് അതിവിദഗ്ധമായി എങ്ങനെ മറച്ചുവെക്കാനാവും, വെറുക്കുന്ന കാര്യം ഇഷ്ടപ്പെടാനാവും, ആഗ്രഹിക്കാത്ത കാര്യം എങ്ങനെ പറയാനാവും തുടങ്ങിയവയാണ് പുതിയ രാഷ്ട്രീയം ഓരോരുത്തരെയും പഠപ്പിക്കുന്നത്!
ചര്‍ച്ചിലില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു സംഭവം ഈ സന്ദര്‍ഭത്തില്‍ ഞാന്‍ സ്മരിക്കുകയാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ ശവകുടീരത്തിന്മേല്‍ ‘സത്യസന്ധനും മഹാനായ രാഷ്ട്രീയ നേതാവുമായ ആ മനുഷ്യന്‍ ഇവിടെയാണുറങ്ങുന്നത്’ എന്ന് എഴുതി വെച്ചത് കണ്ടപ്പോള്‍ ചര്‍ച്ചില്‍ ചിരിച്ച് കൊണ്ട് പറഞ്ഞുവത്രെ ‘ഒരു ശവക്കല്ലറയില്‍ രണ്ട് പേരെ മറവ് ചെയ്തത് ഞാന്‍ ആദ്യമായി കാണുകയാണ്’.
സത്യസന്ധനായ ഒരു വ്യക്തിക്ക് മഹാനായ രാഷ്ട്രീയക്കാരനാവാന്‍ സാധിക്കില്ലെന്നായിരുന്നു ചര്‍ച്ചിലിന്റെ വീക്ഷണം. രാഷ്ട്രീയ മഹത്വം നേടിയെടുക്കാനുള്ള യോഗ്യതകളില്‍ പ്രഥമമായത് കളവ് പറയാനുള്ള പാടവമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി യാഥാര്‍ത്ഥ്യം മറച്ച് വെക്കുകയന്നതാണ് രാഷ്ട്രീയത്തിന്റെ ഉപാധി. വികാരം മാറ്റി വെച്ച്, തന്ത്രവും, ബുദ്ധിയും, ഉദാരതയും പ്രകടിപ്പിക്കുകയെന്നതും അതിന്റെ പ്രായോഗിക രീതികളില്‍ പെടുന്നു. തന്റെ വികാരങ്ങളും താല്‍പര്യങ്ങളും ഉറക്കെ പ്രഖ്യാപിക്കുന്നവന്‍ വിഢ്ഢിയായ രാഷ്ട്രീയക്കാരനാണ്. എന്നല്ല, നയതന്ത്രജ്ഞനാവാനുള്ള ഒരു യോഗ്യതയും അയാള്‍ക്കില്ലെന്ന് വേണം പറയാന്‍.
ഇനി മതത്തിന്റെയും ആരാധനകളുടെയും ലോകത്തെ നമുക്ക് നിരീക്ഷിക്കാവുന്നതാണ്. ആചാരങ്ങളുടെയും, ഉത്സവങ്ങളുടെയും പിന്നിലും കളവല്ലാതെ മറ്റൊന്നുമില്ല. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുകയും, പട്ടിണിയും വിശപ്പും അനുഭവിക്കുകയും ചെയ്യേണ്ട വ്രതമാസത്തിലാണ് ഏറ്റവും കൂടുതല്‍ ഭക്ഷണങ്ങള്‍ ഉപയോഗിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ചെയ്യുന്നത്. സ്വാദൂറുന്ന മധുരപലഹാരങ്ങളും, കരിച്ചതും പൊരിച്ചതുമായ മറ്റ് വിഭവങ്ങളും കൂടുതല്‍ പ്രത്യക്ഷപ്പെടുന്നതും ഈ മാസത്തില്‍ തന്നെയാണ്. മറ്റ് മാസങ്ങളുടെ ഇരട്ടിയിലധികം ഭക്ഷണ വിഭവങ്ങളും, മാംസങ്ങളും റമദാനില്‍ ചെലവാകുന്നുവെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ നമുക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു!!
ഇനി നമസ്‌കരിക്കുന്നവരിലേക്ക് വരാം. നൂറില്‍ തൊണ്ണൂറലധികം പേരും അല്ലാഹുവിന്റെ മുന്നില്‍ അശ്രദ്ധയോടും, ആലസ്യത്തോടും കൂടിയാണ് എഴുന്നേറ്റ് നില്‍ക്കുന്നത്. അവരെല്ലാവരും യഥാര്‍ത്ഥത്തില്‍ തങ്ങളുടെ താല്‍പര്യങ്ങളെയും, ആഗ്രഹങ്ങളെയുമാണ് ആരാധിക്കുന്നത്. പ്രസ്തുത താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് അവര്‍ റുകൂഉം സുജൂദും ചെയ്യുന്നത്.
മധ്യകാല നൂറ്റാണ്ടിലെ പോപ്പുമാര്‍ രാജാക്കന്മാരെപ്പോലെ ആര്‍ഭാടത്തിലും, ആഢംബരത്തിലുമാണ് ജീവിച്ചിരുന്നത്. പട്ടിലും പരവതാനിയിലും, സ്വര്‍ണത്തിലും, അധികാരത്തിലും നീന്തിത്തുടിക്കുകയായിരുന്നു അവര്‍. മതത്തിന്റെയും ഇഞ്ചീലിന്റെയും പേരില്‍ കൊട്ടാരങ്ങളും, പരമാധികാരവും സ്വന്തമാക്കി അവര്‍. ഒട്ടകം സൂചിക്കുഴയില്‍ പ്രവേശിക്കുന്നത് പോലെയാണ് ധനികന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയെന്ന് പഠിപ്പിച്ച ഇഞ്ചീല്‍ ആയിരുന്നു അവരെ ധനാഢ്യരാക്കിയതെന്നാണ് അല്‍ഭുതകരം! സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് സ്വയം സമ്പാദിച്ച്, ചെയ്ത പാപങ്ങളുടെ പേരില്‍ കുമ്പസരിക്കാനെത്തിയവര്‍ക്ക് അവ വിലക്ക് നല്‍കുകയും ചെയ്തു അവര്‍!!

About abbas mahmud aqqad

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *