8356083107_698e142e97_z

കളവിന്മേല്‍ പണിതുയര്‍ത്തപ്പെട്ട ജീവിതം -1

താങ്കള്‍ സത്യസന്ധനാണോ? എല്ലാവരും അതെയെന്ന് ഉത്തരം നല്‍കുന്ന ചോദ്യമാണിത്. ഓരോ വ്യക്തിയും താന്‍ സത്യസന്ധനാണെന്നും കളവ് പറയാറില്ലെന്നും കരുതുന്നു. ചിലപ്പോള്‍ ഏതെങ്കിലും ഒരാള്‍ തന്റെ ഒന്നോ രണ്ടോ കളവുകള്‍ അംഗീകരിക്കുകയും, അതുവഴി തന്റെ മനസ്സിനോട് അങ്ങേയറ്റത്തെ സൂക്ഷ്മതയും, സുതാര്യതയും പുലര്‍ത്തിയെന്ന് സ്വയം ധരിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഈ അവകാശവാദത്തെക്കുറിച്ച് നമുക്ക് ഒന്നിച്ച് പുനരാലോചന നടത്താവുന്നതാണ്. നാം വളരെ അപൂര്‍വമായി മാത്രമെ സത്യസന്ധത പുലര്‍ത്താറുള്ളൂ എന്ന യാഥാര്‍ത്ഥ്യത്തിലേക്കായിരിക്കും നാം എത്തിച്ചേരുക. യഥാര്‍ത്ഥ സത്യസന്ധന്‍ നിലവില്‍ സമൂഹത്തിലില്ലെന്ന് നമുക്ക് തുറന്നംഗീകരിക്കേണ്ടി വരും.
താന്‍ സത്യസന്ധരില്‍പെട്ടവനാണെന്ന് സ്വയം സങ്കല്‍പിക്കുക വഴി നമ്മില്‍ കൂടുതല്‍ പേരും ആത്മവഞ്ചന പുലര്‍ത്തുകയാണ് ചെയ്യുന്നത്. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നത് മുതല്‍, നമ്മുടെ വായ ഒരക്ഷരം ഉരിയാടുന്നതിന് മുമ്പ് തന്നെ കളവ് കൊണ്ടാണ് നാം ജീവിതം ആരംഭിക്കുന്നത്. ചിലപ്പോള്‍ നാം തെരഞ്ഞെടുക്കുന്ന കേശാലങ്കാര ശൈലി തന്നെയും കളവായിരിക്കും. സ്വന്തം പ്രായം കുറച്ച് കാണിക്കുന്നതിനായി നാം ഉപയോഗിക്കുന്ന അലങ്കാരങ്ങളും നമ്മുടെ കളവുകളില്‍ പെടുന്നു. നരച്ച മുടിയില്‍ ചായം തേച്ച്, യുവതിയായി പുറത്തിറങ്ങുന്ന മദ്ധ്യവയസ്‌കകളും കളവാണ് പറയാതെ പറയുന്നത്. കഷണ്ടി ബാധിച്ച തലയില്‍ വെച്ച് നടക്കുന്ന വെപ്പ്മുടിയും നമ്മുടെ കളവുകളില്‍ പെടുന്നു. പല്ല് കൊഴിഞ്ഞ വ്യക്തി പുതിയത് വെച്ച് ഘടിപ്പിക്കുന്നത് കളവല്ലെന്ന് ആര്‍ക്ക് പറയാനാവും? ഇങ്ങനെ എത്രയെത്ര കളവുകള്‍ സുപ്രഭാതത്തില്‍ തന്നെ നാം പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നു?!
നാവ് ചലിപ്പിക്കാതെ നാം നമ്മുടെ വേഷങ്ങളും ഭാവങ്ങളും പറഞ്ഞു കൊണ്ടിരിക്കുന്ന കളവുകളാണിവ. ചുരുക്കത്തില്‍ വായ തുറക്കുന്നതിന് മുമ്പ്, നാവ് ചലിക്കുന്നതിന് മുമ്പ് ഇത്രയധികം കളവുകള്‍ നാം പറയുന്നുവെങ്കില്‍ അതിന് ശേഷം എന്തായിരിക്കും നമ്മുടെ സ്ഥിതി?
പിന്നീട് വായ തുറന്ന് നാം പ്രഭാത വന്ദനം നടത്തുന്നു. കേവലം ആചാരം എന്ന നിലയിലാണ് നാമിത് പറയാറുള്ളത്. അല്ലാതെ അഭിസംബോധിതന് നന്മ ഉദ്ദേശിക്കുകയോ, തിന്മ ഉദ്ദേശിക്കാതിരിക്കുകയോ ചെയ്യുന്നില്ല. അതിനാല്‍ തന്നെ പ്രസ്തുത അഭിവാദ്യവും കളവ് തന്നെയാണ്.
താന്‍ ശത്രുത പുലര്‍ത്തുന്നവനോട് അവന്‍ സലാം ചൊല്ലുന്നതും കളവ് തന്നെയല്ലേ? ഫോണ്‍ കയ്യിലെടുത്താന്‍ തനിക്ക് ആവശ്യമില്ലാത്ത പലതും അവന്‍ പൊങ്ങച്ചത്തിനും മറ്റുമായി ആവശ്യപ്പെടുകുയും, തനിക്ക് ആവശ്യമുള്ളത് അഭിമാനബോധം കാരണം നിരാകരിക്കുകയും ചെയ്യുന്നു. ഇവയെല്ലാം സത്യസന്ധമാണെന്ന് ആര്‍ക്കാണ് വിധി പറയാനാവുക?
പരിചയമുള്ള യുവതി നിന്നോട് പ്രണയാണെന്ന് പറയുന്നു. എന്നാല്‍ അവളുടെ മനസ്സില്‍ അങ്ങനെയൊരു വികാരമേയില്ല. നിന്റെ കയ്യിലുള്ള ധനമായിരിക്കാം അവളെ മോഹിപ്പിക്കുന്നത്. എത്രയെത്ര ഷാംപെയിന്‍ ബോട്ടിലുകളാണ് നീയവള്‍ക്കായി തുറക്കുന്നത്!!
നമുക്ക് ചുറ്റുമുള്ള കച്ചവട ലോകം നാം ശ്രദ്ധിക്കുക. നമ്മുടെ വില്‍ക്കലും വാങ്ങലുമെല്ലാം കളവില്‍ അധിഷ്ഠിതമാണ്. ഓരോ ഉല്‍പന്നത്തിന്റെയും പരസ്യം ആ ഉല്‍പന്നത്തെക്കുറിച്ച കളവുകളാണ്. നിശ്ചിത പാനീയം കുടിച്ച് പ്രത്യക്ഷപ്പെടുന്ന കായിക താരവും, നിശ്ചിത വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന സിനിമാ നടനുമെല്ലാം കളവുകളുടെ വിവിധ പ്രതിനിധാനങ്ങളാണ്. എല്ലാവര്‍ക്കും സ്വീകാര്യമായ പൊതു ആചാരമായി നാം കച്ചവട മേഖലയിലെ കളവിനെ സമീപിച്ച് വരുന്നു!!

About abbas mahmud aqqad

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *