മദീനാപത്രികയിലെ സാമൂഹിക നീതി

മദീനാ കരാറിനെക്കുറിച്ച സൂചനകളോ പരാമര്‍ശമോ ഇല്ലാതെ പ്രവാചകന്‍ തിരുമേനി(സ)യുടെ ഹിജ്‌റയെക്കുറിച്ച സംസാരം പൂര്‍ണമാവുകയില്ല. തിരുദൂതര്‍(സ) സ്ഥാപിച്ച പുതിയ ഇസ്ലാമിക

രാഷ്ട്രത്തിന്റെ പ്രഥമ രാഷ്ട്രീയ ഭരണഘടനയായിരുന്നു അത്. സ്വതന്ത്രമായ നേതൃത്വം, പ്രാദേശികമായ അതിരുകള്‍, പ്രസ്തുത പരിധിക്ക് കീഴില്‍ ജീവിക്കുന്ന ജനസമൂഹം തുടങ്ങി നിര്‍ണിതമായ അടിസ്ഥാനങ്ങള്‍ക്ക് മേല്‍ പണിതുയര്‍ത്തപ്പെട്ട സാമൂഹിക ക്രമത്തിനാണ് രാഷ്ട്രീയാര്‍ത്ഥത്തില്‍ രാഷ്ട്രം എന്ന് വിളിക്കാറുള്ളത്.

തിരൂദതര്‍ക്ക് കീഴില്‍ രൂപപ്പെട്ട മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തിന് മേല്‍പറഞ്ഞ എല്ലാ സവിശേഷതകളുമുണ്ടായിരുന്നു. അതിനാല്‍ തന്നെ മദീനക്ക് അവിടത്തെ ജനങ്ങള്‍ക്ക് മേല്‍ വിധികല്‍പിക്കേണ്ട നിയമരേഖ അനിവാര്യമായിരുന്നു. മദീനാ പത്രികയെന്ന പേരില്‍ പിറന്ന് വീണത് പ്രസ്തുത സാഹചര്യത്തിന്റെ അനിവാര്യതേട്ടമായിരുന്നു എന്ന് സാരം. ഇസ്ലാമിക രാഷ്ട്രക്രമത്തെ താങ്ങുനിര്‍ത്തിയ സുപ്രധാന തൂണുകളില്‍ ഒന്നായിരുന്നു അത്. മക്കയില്‍ നിന്ന് ഹിജ്‌റ ചെയ്ത് വന്ന വിശ്വാസികള്‍ക്കും യഥരിബിലെ അന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യബന്ധമുണ്ടാക്കിയതും, മദീനയില്‍ പള്ളി നിര്‍മിച്ചതുമെല്ലാം പ്രസ്തുത രാഷ്ട്രത്തിന്റെ മുന്നുപാധികള്‍ തന്നെയായിരുന്നു.

ഈ മദീനിയന്‍ ഭരണഘടനയില്‍ ഒട്ടേറെ ഉടമ്പടികളും നിയമങ്ങളുമുണ്ടായിരുന്നു. കാലഘട്ടത്തിന്റെ ആത്മാവ് തുടിക്കുന്ന രാഷ്ട്രീയ സാങ്കേതിക പദങ്ങള്‍ കൊണ്ട് സവിശേഷമായിരുന്നു പ്രസ്തുത ഭരണഘടന. എന്നല്ല, മദീനാപത്രികയിലെ കരാറുകളും നിയമങ്ങളും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കിയാല്‍, ആധുനിക കാലത്ത് പ്രചാരം സിദ്ധിച്ച രാഷ്ട്രീയ ചിന്തയോട് അവ പൂര്‍ണമായി യോജിക്കുന്നുവെന്ന് ബോധ്യപ്പെടുന്നതാണ്. അറബ്-മുസ്ലിം ലോകം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന രാഷ്ട്രീയവും, സാമൂഹികവുമായ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് മൗലികമായ പരിഹാരം സമര്‍പിക്കാന്‍ ഈ കരാര്‍പത്രികക്ക് കഴിഞ്ഞുവെന്നത് അതിന്റെ മൂല്യം ഇരട്ടിപ്പിക്കുന്നു.

മദീനാ പത്രികയിലെ ഈയര്‍ത്ഥത്തിലുള്ള ചില ആശയങ്ങള്‍ നമുക്ക് ഉദാഹരണമായെടുക്കാവുന്നതാണ്. മുസ്ലിംകള്‍ക്കിടയിലെ ദീനീപരമായ ഐക്യം, രാഷ്ട്രത്തിലെ പൗരന്മാര്‍ക്കിടയിലെ സാമൂഹിക സമത്വം, രാഷ്ട്രത്തിലെ ജനങ്ങള്‍ക്കും ഉന്നത ഭരണകേന്ദ്രങ്ങള്‍ക്കുമിടയിലെ സുദൃഢബന്ധം തുടങ്ങിയവ അവയില്‍ പ്രധാനമായിരുന്നു.

മറുവശത്ത് ഈ ഭരണഘടന മുസ്ലിം ഉമ്മത്തിന്റെ -അതിന്റെ പുരോഗമനത്തിന്റെ പ്രഭാതം മുതലുള്ള- സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ ഓരോ മുസ്ലിമിന്റെയും വ്യക്തിപരവും സാമൂഹികവുമായ രാഷ്ട്രപരവും അന്താരാഷ്ട്രപരവുമായ ജീവിതത്തില്‍ അത് നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രവാചക ഹിജ്‌റയെക്കുറിച്ച ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും കേവലം പുണ്യത്തിന് വേണ്ടി ഉദ്ധരിക്കപ്പെടുന്ന അലങ്കാരമാക്കി അതിനെ മാറ്റാന്‍ നാമുദ്ദേശിക്കുന്നില്ല. മറിച്ച്, നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രായോഗികമാക്കേണ്ട കര്‍മരീതിയായിരിക്കേണ്ടതുണ്ട് അത്. കാലഘട്ടത്തിന്റെ ആത്മാവിനോടും, അതിന്റെ സംസ്‌കാരത്തോടും യോജിക്കുന്ന വിധത്തില്‍, പ്രസ്തുത നിയമങ്ങളെ സൂക്ഷമമായും സമ്പൂര്‍ണമായും നടപ്പാക്കുകയാണ് വേണ്ടത്.

ഉദാഹരണമായി മദീനാ പത്രികയിലെ സാമൂഹിക നീതിയുടെ പ്രകടനങ്ങള്‍ നമുക്ക് പരിശോധിക്കാവുന്നതാണ്. വളരെ വ്യക്തമായ അടിസ്ഥാനത്തിന് മേലാണ് അവിടെ ഈ തത്വം പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. ഒരേ സമയം സൈദ്ധാന്തികവും, പ്രായോഗികവുമാണത്. തിരുമേനി(സ)യുടെ മദീനാ കാലത്തെ ജീവിതം ഈ തത്വത്തിന്റെ അതിമനോഹരമായ മാതൃകയായിരുന്നു. പത്രികയിലെ നിയമങ്ങളില്‍ മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു കരാര്‍ നമുക്ക് ഇപ്രകാരം വായിക്കാവുന്നതാണ് (അല്ലാഹുവിന്റെ സംരക്ഷണം ഒന്നേയുള്ളൂ. ജനങ്ങളില്‍ ഏറ്റവും താഴ്ന്നവനും അത് അഭയം നല്‍കുന്നു. മറ്റ് ജനങ്ങളില്‍ നിന്ന് ഭിന്നമായി വിശ്വാസികള്‍ പരസ്പരം സഹായികളാണ്).

മദീനയിലെ തന്നെ ഇതരമത വിശ്വാസികളുമായി ബന്ധപ്പെട്ട് കരാറിലെ പ്രസ്തവാന ഇപ്രകാരമാണ് (യഹൂദികളില്‍ നിന്ന് നമ്മെ പിന്തുടരുന്നവര്‍ക്ക് സഹായവും പിന്തുണയുമുണ്ട്. അവര്‍ അക്രമിക്കപ്പെടുകയോ, അവര്‍ക്കെതിരെ സഹായിക്കപ്പെടുകയോ ഇല്ല).

പൗരത്വം, അഭയം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പരം സഹായിക്കേണ്ടത് അനിവാര്യമാണെന്ന് ഇത് കുറിക്കുന്നു. മുസ്ലിംകള്‍ക്കും, മദീനിയില്‍ വസിക്കുന്ന ഇതരമതവിശ്വാസികള്‍ക്കും തുല്യമായ അവകാശമാണുള്ളതെന്നും, അവര്‍ക്കിടയില്‍ വിവേചനമില്ലെന്നും പഠിപ്പിക്കുന്നു. എന്നാല്‍ പ്രശ്‌നങ്ങളില്‍ വിധി കല്‍പിക്കേണ്ടി വരുമ്പോള്‍ യഹൂദര്‍ക്ക് അവരുടെ മതനിയമങ്ങളും, മുസ്ലിംകള്‍ക്ക് അവരുടെ മതനിയമങ്ങളുമാണ് ബാധകമാവുക. അവരില്‍ ഭൂരിഭാഗവും അതാണ് ഇഷ്ടപ്പെടുന്നത് എന്നതിനാലാണിത്. എന്നാല്‍ അടിസ്ഥാനപരമായി എല്ലാ പൗരന്മാരും നിയമത്തിന് മുന്നില്‍ തുല്യരാണ്. മതം, വര്‍ഗം, നിറം, കുലം തുടങ്ങിയ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി സമൂഹത്തില്‍ നിലനിന്നിരുന്ന വിവേചനങ്ങളുടെ വേരറുക്കുന്നതായിരുന്നു മദീനാകരാറിലെ ഈ പ്രഖ്യാപനം.

മദീനാപത്രിക മുന്നോട്ട് വെച്ച മറ്റൊരു സുപ്രധാന മൂല്യം സാമൂഹിക ഐക്യമായിരുന്നു. പത്രിക രേഖപ്പെടുത്തുന്നു (മുഹമ്മദി -പ്രവാചകന്‍- ല്‍ നിന്നുള്ള നിയമമാണിത്. ഖുറൈശികളിലും മദീനക്കാരിലും പെട്ട വിശ്വാസികളും, അവരെ പിന്തുണച്ച് ഒന്നിച്ച് യുദ്ധം ചെയ്തവരും മറ്റുജനങ്ങളില്‍ നിന്ന് ഭിന്നമായി ഏകസമൂഹമാണ്). മദീനയിലെ മറ്റുമതങ്ങളെ ആദരിച്ച് കൊണ്ട് പിന്നീട് ഇതിന്റെ വിശദാംശം കടന്നുവന്നിട്ടുണ്ട്. മതപരമായ വ്യത്യാസം രാഷ്ട്രത്തിന്റെ അഖണ്ഡതക്കോ, ഐക്യത്തിനോട് പോറലേല്‍പിക്കേണ്ടതില്ലെന്നും അതിന്റെ പേരില്‍ ഇസ്ലാമിനോട് വെറുപ്പ് പുലര്‍ത്തേണ്ടതില്ലെന്നും പത്രിക വ്യക്തമാക്കുന്നു.

ചരിത്രം അനശ്വരമെന്ന് വിശേഷിപ്പിച്ച സുഭദ്രമായ സാമൂഹിക-ധാര്‍മിക മൂല്യങ്ങള്‍ സ്ഥാപിക്കുകയാണ് മദീനാകരാറിലൂടെ തിരുദൂതര്‍(സ) ചെയ്തതെന്ന് മേലുദ്ധരിച്ച പ്രസ്താവനകളില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. വിദ്യാസമ്പന്നരും, പണ്ഡിതന്മാരും, സാമൂഹികവിശാരദരും അതിനെ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ സര്‍വകലാശാലകളില്‍ പഠിപ്പിക്കപ്പെടുന്ന ഈ മൂല്യങ്ങള്‍ എന്ത് കൊണ്ട് ഇസ്ലാമിക ലോകത്തെങ്കിലും പ്രായോഗികമാക്കാന്‍ നമുക്ക് സാധിക്കുന്നില്ല എന്ന സുപ്രധാന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്?

 

About idrees ahmad

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *