Beaful-660x330

മക്കാ നിവാസികളും പ്രവാചക നിയോഗവും -1

ഒരു പ്രവാചകന്റെ നിയോഗം സമാഗതമായിരിക്കുന്നുവെന്ന് കുറിക്കുന്ന സൂചനകള്‍ വേദക്കാര്‍ക്ക് ലഭിച്ച് തുടങ്ങിയ കാലമായിരുന്നു അത്. മുമ്പ് ജനങ്ങളിലേക്ക് നിരന്തരമായി പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിരുന്നു. ഒരു പ്രവാചകന്‍ അപ്രത്യക്ഷമാവുന്നതോടെ അടുത്ത പ്രവാചകന്‍ രംഗത്ത് വരികയോ, ഒരേ കാലത്ത് തന്നെ അടുത്തടുത്ത പ്രദേശങ്ങളില്‍ വിവിധ പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുകയോ ചെയ്തിരുന്നു. എന്നാല്‍ ഈസാ(അ) പ്രവാചകന്റെ നിയോഗത്തിന് ശേഷം ഈ സ്ഥിതിക്ക് മാറ്റം വരികയും, ഏകദേശം ആറ് നൂറ്റാണ്ടുകളോളം പുതിയൊരു പ്രവാചകന്‍ നിയോഗിക്കപ്പെടാതെ കഴിഞ്ഞ് പോവുകയും ചെയ്തു.
ഭൂമി നിറയെ അക്രമവും അരാജകത്വവും വ്യാപിക്കുകയും, ഒരു പരിഷ്‌കര്‍ത്താവിന്റെ ആവശ്യം സമൂഹത്തിന് ബോധ്യപ്പെടുകയും ചെയ്തിരുന്നു അക്കാലത്ത്. സമൂഹത്തില്‍ നടമാടിയിരുന്ന അജ്ഞതകളും അവിവേകങ്ങളും ചെറുത്ത് പരിഷ്‌കരണ ദൗത്യത്തിന്റെ നായകനാവാന്‍ പലരും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിനെക്കുറിച്ച് കവിത ചൊല്ലിയിരുന്ന, അവനെ പ്രകീര്‍ത്തിച്ച് നടന്നിരുന്ന ഉമയ്യത് ബിന്‍ അബിസ്സ്വലത് അവരില്‍ ഒരാളായിരുന്നു. ‘ഉമയ്യത് ഇസ്ലാം സ്വീകരിക്കാറായിരിക്കുന്നു’വെന്നാണ് തിരുമേനി(സ) അദ്ദേഹത്തെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്. അംറ് ബിന്‍ ശരീദ് തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. (ഞാന്‍ ഒരിക്കല്‍ പ്രവാചകന് പിന്നില്‍ വാഹനപ്പുറത്ത് സഞ്ചരിച്ചു. അദ്ദേഹമെന്നോട് ചോദിച്ചു ‘ഉമയ്യത് ബിന്‍ അബിസ്സ്വലതിന്റെ വല്ല കവിതയും നിന്റെ പക്കലുണ്ടോ? ഞാന്‍ ‘അതെ’യെന്ന് പറഞ്ഞു. അദ്ദേഹമെന്നോട് അവ ചൊല്ലാന്‍ ആവശ്യപ്പെടുകയും ഏകദേശം നൂറോളം ബൈതുകള്‍ അദ്ദേഹത്തിന് ചൊല്ലിക്കൊടുക്കുകയും ചെയ്തു).
ഇപ്രകാരം പരിഷ്‌കരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ മത്സരിച്ചവരില്‍ ധാരാളം കവികളും കാഥികന്മാരുമുണ്ടായിരുന്നു. എന്നാല്‍ ഈ വലിയ ഉത്തരവാദിത്തം അതേക്കുറിച്ച് ചിന്തിക്കാത്ത, അത് ആഗ്രഹിക്കാത്ത ഒരു വ്യക്തിയിലാണ് അല്ലാഹു നിക്ഷേപിച്ചത്. (നിനക്കു വേദഗ്രന്ഥം കിട്ടുമെന്നു നീ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല (അഥവാ ആഗ്രഹിക്കുന്നു ണ്ടായിരുന്നില്ല); എങ്കിലും, നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമായിട്ടത്രെ (നിനക്കതു കിട്ടിയത്). ആകയാല്‍, നിശ്ചയമായും നീ അവിശ്വാസികള്‍ക്ക് പിന്‍തുണ നല്‍കുന്നവനായിരിക്കരുത്). അല്‍ഖസ്വസ്വ് 86.
ആഗ്രഹത്തിന്റെയും താല്‍പര്യത്തിന്റെയും അടിസ്ഥാനത്തിലല്ല, മറിച്ച് കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് അല്ലാഹു തന്റെ സന്ദേശവാഹകനെ തെരഞ്ഞെടുക്കാറുള്ളത്. ജീവിതത്തില്‍ പലതും മോഹിക്കുന്ന എത്രയെത്ര വ്യക്തികളുണ്ട്. അവര്‍ക്ക് കേവലം ധൈര്യവും ആഗ്രഹവും മാത്രമാണുള്ളത്. അതേസമയം അവരേക്കാള്‍ കഴിവുള്ള പലരും മൗനം പാലിച്ചിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉത്തരവാദിത്തം ഏല്‍പിക്കുന്നതോടെ അവര്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഓരോ മനസ്സിന്റെയും ശക്തിയും കഴിവും അവയെ സൃഷ്ടിച്ച അല്ലാഹുവിനേക്കാള്‍ നന്നായറിയുന്ന ആരാണുള്ളത്? ലോകത്തെ മുഴുവന്‍ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ ഉദ്ദേശിക്കുന്ന അവന്‍ അതിന് യോജിച്ച മനസ്സുകളെയാണ് തെരഞ്ഞെടുക്കുക. അറബ് ജനത ജാഹിലിയ്യാ കാലത്ത് മുഹമ്മദിനെ ആദരവോട് കൂടിയാണ് കണ്ടിരുന്നത്. പൗരുഷത്തിന്റെ പരിപൂര്‍ണത അവര്‍ അദ്ദേഹത്തില്‍ ദര്‍ശിച്ചിരുന്നു. എന്നാല്‍ പോലും തങ്ങളുടെ ഭാവിജീവിതം അദ്ദേഹത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
അപ്രതീക്ഷിതമായി പ്രവാചകത്വ ഭാരം ചുമത്തപ്പെട്ടപ്പോള്‍ മുഹമ്മദി(സ)ന് സ്വാഭാവികമായും ഞെട്ടലുളവായി. എന്നാല്‍ ഉത്തരവാദിത്തം ചുമത്തപ്പെട്ടതോടെ അദ്ദേഹം കാലുറപ്പിച്ച്, അത് നെഞ്ചേറ്റാന്‍ തയ്യാറായി. തികഞ്ഞ ആത്മവിശ്വാസത്തോടെ അദ്ദേഹം രംഗത്തിറങ്ങി. ഏകദേശം ഇരുപത്തിമൂന്ന് വര്‍ഷത്തോളം ദൈവിക വെളിപാട് ഇറങ്ങിക്കൊണ്ടേയിരുന്നു. പ്രത്യേകമായ സന്ദര്‍ഭങ്ങളുമായും, സാഹചര്യങ്ങളുമായും അതിന് ബന്ധമുണ്ടായിരുന്നു. സുദീര്‍ഘമായ ഈ കാലയളവ് പഠനത്തിന്റെയും അദ്ധ്യാപനത്തിന്റെയും ഘട്ടമായിരുന്നു.
അല്ലാഹു തന്റെ ദൂതനെ പഠിപ്പിക്കുന്നവനാണ്. തിരുദൂതര്‍ പ്രസ്തുത ജ്ഞാനം സ്വീകരിക്കുകയും, ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നു. പിന്നീടവ സ്വന്തം അനുചരന്മാര്‍ക്ക് അവ പകര്‍ന്ന് നല്‍കുന്നു.

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *