Black n white

മാംസം പൊതിഞ്ഞ പുറംതോട് മാത്രമാണ് തൊലി -1

‘കറുത്തവരും വെളുത്തവരും വ്യത്യസ്തരാണ്. കാര്യങ്ങള്‍ കറുത്തവരെ ഏല്‍പിക്കുന്ന പക്ഷം പടിഞ്ഞാറന്‍ നാഗരികതയുടെ പരിണിതി നാശമായിരിക്കും’ വര്‍ഗീയവാദിയായ അമേരിക്കന്‍ എഴുത്തുകാരന്‍ ജേര്‍ഡ് ടൈലറുടെ

വാക്കുകളാണിവ.
തന്റെ മനസ്സില്‍ അടിയുറച്ച വര്‍ണവിവേചനം പുറത്ത് പറയാന്‍ ധൈര്യം കാണിച്ചത് ഇയാള്‍ മാത്രമാണെങ്കിലും ഭൂരിപക്ഷം അമേരിക്കക്കാരുടെയും, പാശ്ചാത്യരുടെയും ഹൃദയങ്ങളില്‍ കൂടുകെട്ടിയ വര്‍ഗീയബോധത്തിന്റെ പ്രതിനിധാനമാണത്. ലൈംഗികകേളികള്‍ക്കും, ഭാരം വഹിക്കാനും മാത്രം പറ്റുന്ന വിഭാഗമാണ് ആഫ്രിക്കക്കാര്‍ എന്നാണ് മിക്ക പാശ്ചാത്യരുടെയും ധാരണ. ശാസ്ത്രം, ചിന്ത തുടങ്ങിയവയ്ക്ക് യോജിച്ച ഒരു ബുദ്ധിയും തലച്ചോറും അവരിലില്ല എന്നും പടിഞ്ഞാറ് വിശ്വസിക്കുന്നു. കൊളോണിയലിസത്തിന്റെ സ്മരണകള്‍ തങ്ങളുടെ മനോമുകുരങ്ങളില്‍ നിന്ന് മാഞ്ഞ് പോയിട്ടില്ലെന്ന് ഓരോ അമേരിക്കക്കാരനും, പാശ്ചാത്യനും തങ്ങളുടെ സമീപനങ്ങളിലൂടെ ആണയിട്ട് കൊണ്ടിരിക്കുന്നു.
ശാസ്ത്രീയവും നാഗരികവുമായ പ്രയാണങ്ങളില്‍ മനുഷ്യസമൂഹം ബഹുദൂരം പിന്നിട്ട ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നാമിത് കേള്‍ക്കുകയും കാണകയും ചെയ്യുന്നുവെന്നത് വേദനയുളവാക്കുന്നതാണ്. വൈദ്യശാസ്ത്ര മേഖലയിലെയും, സാങ്കേതികവിദ്യയിലെയും അതിസൂക്ഷ്മമായ വ്യത്യാസങ്ങള്‍ കണ്ടെത്തുകയും, ആകാശചുംബികളായ കെട്ടിടങ്ങള്‍ പണിയുകയും ചെയ്ത കാലമാണിത്. ശാസ്ത്രം, വ്യവസായം തുടങ്ങിയ മേഖലകളില്‍ വന്‍മുന്നേറ്റം കൈവരിച്ച മനുഷ്യന് ഭൗതികവും ധാര്‍മികവുമായ വേര്‍തിരിവ് ലഭിച്ചില്ലെന്നതാണ് കഷ്ടം. ശരീരത്തിന്റെ തൊലിയുടെയോ, മാംസത്തിന്റെയോ രൂപത്തിന് കേവലം പുറംതോടിന്റെ സ്ഥാനം മാത്രമെയുള്ളൂവെന്നും, അവയ്ക്ക് മഹത്വവുമായോ, മാന്യതയുമായോ, പ്രതിഫലവുമായോ യാതൊരു ബന്ധവുമില്ലെന്നും തിരിച്ചറിയാനുള്ള വിവേകം ആധുനിക മനുഷ്യന് ഇനിയുമുണ്ടായിട്ടില്ല. (ഒരു യുവാവിന്റെ പാതി നാവും, മറുപാതി ഹൃദയവുമാകുന്നു. ഇവയ്ക്ക് ശേഷം കേവലം മാംസവും രക്തവുമാണ് അവശേഷിക്കുന്നത്).
മനുഷ്യമനസ്സില്‍ കുടിയേറിയ ബോധങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഏറ്റവും പ്രയാസകരമായ മാരകരോഗമാണ് വര്‍ണം, വര്‍ഗം, പ്രദേശം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവേചനം. മിക്കവാറും എല്ലാ ജനതകളും ഈ വര്‍ഗീയബോധത്തിന് അടിപ്പെട്ടിരിക്കുന്നു. അവരില്‍ പടിഞ്ഞാറ് -മഹത്തായ മൂല്യങ്ങള്‍ പ്രഭാഷിക്കുന്നതോടൊപ്പം- ഓരോ ദിവസം പിന്നിടുമ്പോഴും വിവേചനത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. തങ്ങളുടേതല്ലാത്ത വര്‍ഗങ്ങളോട് അവര്‍ക്ക് പുഛമാണ്. വെളുത്തവന്‍ കറുത്തവനോട് സ്വീകരിക്കുന്ന സമീപനത്തിന് അമേരിക്കയും ബ്രിട്ടനും ജീവിക്കുന്ന ഉദാഹരണങ്ങളാണ്.
കറുത്തവനെതിരായ വെറുക്കപ്പെട്ട വിവേചനത്തിന്റെ ബാഹ്യപ്രകടനങ്ങള്‍ എല്ലാ പാശ്ചാത്യസമൂഹങ്ങളിലും കാണാവുന്നതാണ്. കറുത്തവനെതിരെ മാത്രമല്ല, വെളുത്തവര്‍ തന്നെ പരസ്പരം വര്‍ഗീയവിദ്വേഷം വെച്ചുപുലര്‍ത്തുന്നുവെന്നത് ഏറെ അല്‍ഭുതകരമാണ്. ഒബാമ വിജയം വരിച്ച് അധികാരത്തിലേറിയ അമേരിക്കന്‍ തെരഞ്ഞെടുപ്പ് നമ്മില്‍ നിന്ന് വളരെ അകലെയല്ല. സമാനമായ വര്‍ഗീയത ബ്രിട്ടനിലുമുണ്ട്. തങ്ങളുടെ കല്‍പനയനുസരിക്കാന്‍ ബാധ്യസ്ഥരായ അടിമകളെന്ന നിലയിലാണ് ഫ്രഞ്ചുകാര്‍ ആഫ്രിക്കക്കാരെ കൈകാര്യം ചെയ്യാറുള്ളത്.
വെളുത്ത മനുഷ്യന്റെ മനസ്സിലൊളിപ്പിച്ച വര്‍ഗീയബോധത്തിന്റെ പ്രകടനമായിരുന്നു ഇരുപതാം നൂറ്റാണ്ടില്‍ മുസ്ലിം ലോകത്തെയും, ആഫ്രിക്കയെയും തുടച്ച് നീക്കിയ അധിനിവേശ ആക്രമണങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.
മുമ്പ് ഏതാനും വ്യക്തികളില്‍ പ്രകടമായിരുന്ന ഇത്തരം പ്രവണതകള്‍ ഇപ്പോള്‍ സാമൂഹിക പ്രതിഭാസമായും സാമൂഹിക വ്യവസ്ഥിതിയുടെ പ്രകൃതമായും കാണപ്പെടുന്നുവെന്നത് ഏറെ അപകടമുളവാക്കുന്നതാണ്. സാമൂഹിക സംവിധാനങ്ങളുടെ ചട്ടക്കൂടുകള്‍ക്ക് പോറലേല്‍പിക്കാതെ തന്നെ, അവയില്‍ ഇഴുകിച്ചേര്‍ന്ന്, വര്‍ഗീയവിഷം പ്രസരിപ്പിക്കാനും, താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അതിന്റെ വക്താക്കള്‍ക്ക് കഴിയുന്നു.
വികൃതമായ ഈ പ്രതിഭാസം അതിന്റെ കാലുകള്‍ അറബ് മുസ്ലിം ലോകത്തേക്ക് നീട്ടിവെച്ചിരിക്കുന്നുവെന്നത് ഏറെ ദുഖമുളവാക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഗോത്രങ്ങള്‍, കുലങ്ങള്‍ തുടങ്ങി നല്ലരക്തവും, ചീത്തരക്തവുമെന്ന വേര്‍തിരിവുകള്‍ അവിടെ പ്രകടമായിക്കൊണ്ടിരിക്കുന്നു. പ്രണയം, വിവാഹം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഈ വിവേചനം കാര്യമായി പ്രതിഫലിക്കുന്നു. പരസ്പരം ചേര്‍ന്ന, സ്‌നേഹിച്ച ധാരാളം ഹൃദയങ്ങളും ആത്മാക്കളും നുരുമ്പി ദ്രവിച്ച പാരമ്പര്യത്തിന്റെയും കുലമഹിമയുടെയും ഇരകളായിത്തീര്‍ന്നിരിക്കുന്നു. ഒരേ ഗോത്രത്തില്‍, വര്‍ഗത്തില്‍, വംശത്തില്‍പെട്ടതല്ലെന്ന കാരണത്താല്‍ വേര്‍പിരിയാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവര്‍.

About ashaik ahmad ban

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *