Groups
Groups

മാനവകുലത്തോടാണ് ഇസ്ലാമിന്റെ കൂറ് 3

വ്യാജമായ അസ്തിത്വവും, പ്രതനിധീകരണവുമാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറെയും കണ്ട് കൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ പേരില്‍ സമൂഹത്തില്‍ അറിയപ്പെടുന്ന മിക്കവാറും

പേരുടെ കര്‍മങ്ങളിലോ, സമീപനങ്ങളിലോ അതിന്റെ ലാഞ്ചന പോലും കാണാനാവാത്തത് അതിനാലാണ്. യഥാര്‍ത്ഥ ദൈവബോധമോ, ശുദ്ധ പ്രകൃതിയോ അവരില്‍ നാം ദര്‍ശിക്കുന്നില്ല. അതേസമയം ‘ഇസ്ലാമിക’മായ പല സംരഭങ്ങളും, പദ്ധതികളും മറ്റു പല പേരുകളിലും, നാമങ്ങളിലും, ഇതര മതസമൂഹങ്ങളില്‍ പോലും നാം കാണുകയും ചെയ്യുന്നു!
പാശ്ചാത്യ സമൂഹങ്ങളിലെ കൂടിയാലോചനാ സംവിധാനം എന്നെ വല്ലാതെ ആകര്‍ഷിക്കുകയുണ്ടായി. പണ്ട് സഖീഫഃ ബനീ സാഇദഃയില്‍ നടന്ന ചര്‍ച്ചയുടെ ആധുനിക ഘടനയാണ് ഇതെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ ഈ സംവിധാനം നാമെങ്ങാനും നടപ്പാക്കിയാല്‍ ഇസ്ലാമിനെ അപമാനിച്ച ചില ഭരണാധികാരികളുടെ വാലാട്ടികള്‍ ‘നിങ്ങള്‍ വിദേശികളെ അനുകരിക്കുന്നു’വെന്നും ‘നമ്മുടെ കൂടിയാലോചനക്ക് ഭരണാധികാരിയേക്കാള്‍ ഔന്നത്യമില്ലെ’ന്നും വിളിച്ച് പറയും!!
ഇവരുടെ കാര്യം ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സത്യത്തോട് പ്രതിബദ്ധതയില്ലാത്ത, മനുഷ്യത്വം നഷ്ടപ്പെട്ടുപോയ, നിര്‍വികാരമായ ചില ചലനങ്ങള്‍ കൊണ്ട് ബുദ്ധിപരമായ നഗ്നത മറച്ച് വെക്കുന്ന വിഭാഗമാണ് അവര്‍. എന്റെ മനസ്സില്‍ കടന്ന് വരാറുള്ള ആശയം ഇങ്ങനെയാണ് ‘യൂറോപ്യര്‍ കൂടിയാലോചാ വ്യവസ്ഥയുടെ കാര്യത്തില്‍ പ്രവാചകന്റെയും ഖലീഫമാരുടെയും മാതൃക പിന്‍പറ്റി. എന്നാല്‍ നമ്മുടെ അറബ് ഭരണാധികാരികള്‍ ഹജ്ജാജിനെയും മുഅ്തസ്വിമിനെയും അവരെപ്പോലും മറ്റ് പലരെയുമാണ് പിന്തുടര്‍ന്നത്!!
അജ്ഞത നിറഞ്ഞ പ്രസ്താവനകളിലൂടെ അവര്‍ എത്രയാണ് നമ്മുടെ ഉമ്മത്തിനോട് അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നത്!
ദിവ്യവെളിപാടിന്റെ അഭാവത്തില്‍ മാനവകുലം വിവിധ വഴികളില്‍ ഛിദ്രിക്കുകയും, വ്യത്യസ്ത വീക്ഷണങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ന് ലോകത്തെ നയിക്കുന്ന നാഗരികത ന്യൂനതകളും പോരായ്മകളും നിറഞ്ഞ സംവിധാനമാണെന്ന് നാം കാണുന്നത് അത് കൊണ്ടാണ്. നീതി, മഹത്വം, ഔന്നത്യം തുടങ്ങിയ സങ്കല്‍പങ്ങളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിവിധ വീക്ഷണങ്ങളാണുള്ളത്. ലോകത്തെ ഭരിക്കുന്ന രണ്ട് മുന്നണികള്‍ക്കിടയില്‍ തന്നെ സാരമായ ഏറ്റവ്യത്യാസം രൂപപ്പെട്ടത് അതിനാലാണ്.
ദൈവികവെളിപാടിലേക്ക് മടങ്ങുകയെ രക്ഷയുള്ളൂ എന്നാണ് ഇവയെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. ഇഛകളുടെ തേട്ടങ്ങളില്‍ നിന്നും, ഭൗതികമായ ആഢംബരങ്ങളില്‍ നിന്നും ഇസ്ലാമിന്റെ തണലിലേക്ക് തിരിച്ചെത്തുകയാണ് നാം വേണ്ടത്.
മുസ്ലിംകളെന്ന നിലയില്‍ അവസാനത്തെ ദൈവിക വെളിപാട് നമ്മുടെ കയ്യിലാണുള്ളത്. മൂസാ, ഈസാ, മുഹമ്മദ്(സ) തുടങ്ങി എല്ലാ പ്രവാചകന്മാരുടെയും പേരില്‍ സംസാരിക്കാനുള്ള അവകാശം നമുക്ക് മാത്രമാണുള്ളത്. എല്ലാ മതങ്ങളുടെയും അടിസ്ഥാന സത്തയാണ് നമ്മുടെ വേദഗ്രന്ഥം. മാനവകുലത്തിന് അവശ്യമായ എല്ലാ നിയമങ്ങളും അതിലുണ്ട്. അല്ലാഹുവിനോടുള്ള അവകാശം പൂര്‍ത്തീകരിക്കാനും, ശേഷം പരസ്പരം കരുണ കാണിച്ച്, സഹകരിച്ച് ജീവിക്കാനുമാണ് അത് നമ്മോട് കല്‍പിക്കുന്നത്.
പക്ഷെ, ജനങ്ങള്‍ക്ക് നമ്മില്‍ നിന്ന് നല്ല ഒരു അക്ഷരം പോലും കേള്‍ക്കാനായില്ല. നാം പരസ്പരം കലഹിച്ച് സമയം കളഞ്ഞു. നമ്മുടെ കയ്യിലുള്ള പൈതൃകത്തിന്റെ മൂല്യമറിയാതെ ജീവിച്ചു. ഒടുവില്‍ നമുക്ക് വേണ്ടത് പാശ്ചാത്യ ലോകത്ത് നിന്ന് ഇറക്കുമതി നടത്തുകയും ചെയ്തു! നമ്മുടെ സംസ്‌കരണ പദ്ധതികളും, അത്യാവശ്യ ജീവിത സൗകര്യങ്ങളും പാശ്ചാത്യ ലോകത്ത് നിന്ന് കടമെടുക്കുകയും ചെയ്തു!
നാം നമ്മിലുള്ള വിശ്വാസം വീണ്ടെടുക്കുകയും വിശ്വാസം ദൃഢമാക്കുകയുമാണ് വേണ്ടത്. നമ്മുടെ സമൂഹത്തെ പൂര്‍വകാലത്ത് പുരോഗതിയിലേക്ക് നയിച്ച അടിസ്ഥാനങ്ങളും മൂല്യങ്ങളും നാം മുറുകെ പിടിക്കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്‍ നമ്മെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ് (ജനങ്ങള്‍ക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു).
ലോകത്തെ മൂന്നാം മുന്നണിയായി എഴുന്നേറ്റു നില്‍ക്കുകയല്ല, ഒന്നാം മുന്നണിയായി മാറുകയാണ് വേണ്ടത്. നാം നമ്മെ ചെറുതാക്കിയാല്‍ മറ്റുള്ളവര്‍ നമ്മെ അപമാനിക്കുകയാണ് ചെയ്യുക. തിരിച്ച് കയറാനുള്ള മാര്‍ഗം കൊട്ടിയടക്കപ്പെട്ടിട്ടില്ല, തുറന്ന് കിടക്കുക തന്നെയാണ്.

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *