മനുഷ്യന്‍ സ്വയം ദൈവമായാല്‍?

മനുഷ്യന് പുറത്ത് നിന്ന് യാതൊരു ദൈവവുമില്ലെന്നും, മനുഷ്യന്‍ തന്നെയാണ് അവന്റെ ദൈവമെന്നും അവകാശപ്പെടുന്ന ചിലയാളുകളുണ്ട്. മനുഷ്യന് ആവശ്യമായ നിയമം നിര്‍മിക്കേണ്ടതും, ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതും അവന്‍ തന്നെയാണെന്നും, അക്കാര്യത്തില്‍ പരമമായ അധികാരം അവന്ന് തന്നെയാണുള്ളതെന്നും അവര്‍ അവകാശപ്പെടുന്നു.
അല്ലാഹുവിനെക്കൂടാതെ മറ്റാര്‍ക്കെങ്കിലും നിയമനിര്‍മാണത്തിനുള്ള അവകാശം വകവെച്ച് നല്‍കുകയെന്നത് ബഹുദൈവ വിശ്വാസത്തിന്റെ ഭാഗമാണ്. ഏതെങ്കിലും വ്യക്തിയോ, സംഘമോ ആണ് തന്റെ ജീവിതത്തിന് ആവശ്യമായ നിയമം നിര്‍മിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ മനുഷ്യന് അര്‍ഹതയില്ല. മനുഷ്യന് ആവശ്യമായ നിയമം നിര്‍മിക്കാനും, അവന് നിഷിദ്ധമായതെന്തെന്നും, അനുവദനീയമായതെന്തെന്നും തീരുമാനിക്കാനുമുള്ള അവകാശം അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിന് മാത്രമാണുള്ളത്.
സൃഷ്ടിപ്പിനും, അന്നപാനീയങ്ങള്‍ നല്‍കുന്നതിനും പരമമായ അധികാരം അല്ലാഹുവിന് മാത്രമായിരിക്കെ അവന്റെ തന്നെ അവകാശത്തില്‍പെട്ടതാണ് തന്റെ കീഴിലുള്ളവരോട് കല്‍പിക്കുകയും വിരോധിക്കുകയും ചെയ്യുകയെന്നത്. അല്ലാഹു ജനങ്ങളുടെ രക്ഷിതാവും, രാജാവും, ആരാധ്യനും, നിയന്താവുമാണ്. ഈ കാര്യങ്ങളിലൊന്നും അവന് പങ്കുകാരോ, സഹായികളോ ഇല്ല.
ലോകം മുഴുവന്‍ അല്ലാഹുവിന്റെ സാമ്രാജ്യമാണ്. ജനങ്ങള്‍ അവന്റെ അടിമയും പ്രജയുമാണ്. അവനാണ് ഈ സാമ്രാജ്യത്തിന്റെ അധിപനും ഭരണാധികാരിയും. അവന്ന് മാത്രമാണ് നിയമം നിര്‍മിക്കാനും, ഭരിക്കാനും, നിയമം നടപ്പിലാക്കാനും അവകാശമുള്ളത്. അടിമകള്‍ക്ക് അവനെ കേള്‍ക്കുകയും അനുസരിക്കുകയും മാത്രമാണ് ചെയ്യാനുള്ളത്. അല്ലാഹുവിന്റെ അനുവാദമില്ലാതെ അവന്റെ അവകാശത്തില്‍ തനിക്ക് പങ്കുണ്ടെന്ന് അവകാശപ്പെടുന്നത് അനീതിയാണ്. ബഹുദൈവ വിശ്വാസത്തിലേക്ക് നയിക്കുന്ന വന്‍പാപമാണ് അത്.
ഈയടിസ്ഥാനത്തില്‍ നിന്ന് കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ വേദക്കാരെ ബഹുദൈവ വിശ്വാസികള്‍ എന്ന് വിശേഷിപ്പിച്ചത്. കാരണം അല്ലാഹുവിന്റെ അധികാരം അവന്റെ അനുവാദമില്ലാതെ തങ്ങളിലെ പുരോഹിതന്മാര്‍ക്കും പാതിരിമാര്‍ക്കും വകവെച്ചുകൊടുത്തു അവര്‍. മതനേതൃത്വം അനുവദനീയമാക്കിയത് അനുവദനീയമെന്നും, നിഷിദ്ധമാക്കിയത് നിഷിദ്ധമെന്നും അവര്‍ വിധിയെഴുതി. ഈസാ പ്രവാചകനെ അവര്‍ ആരാധിച്ചതിന് തന്നെ സമാനമാണ് മേലുദ്ധരിച്ച അവരുടെ ചെയ്തികളെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചു (അവര്‍ തങ്ങളുടെ പണ്ഡിത്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു. മര്‍യമിന്റെ മകന്‍ മസീഹിനെയും. എന്നാല്‍ ഇവരൊക്കെ ഒരേയൊരു ദൈവത്തിന് വഴിപ്പെടാനല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍). അത്തൗബഃ 31
കഴുത്തില്‍ സ്വര്‍ണത്തിന്റെ കുരിശ് ധരിച്ച് പ്രവാചകന്റെ മുന്നിലെത്തിയ അദിയ്യ് ബിന്‍ ഹാത്വിമിനോട് കഴുത്തില്‍ നിന്ന് ഈ ബിംബം ഊരിയെറിയുക എന്നാവശ്യപ്പെട്ടു. തുടര്‍ന്ന് മേലുദ്ധരിച്ച ദൈവിക വചനം പാരായണം ചെയ്ത് കൊണ്ട് പറഞ്ഞു ‘ക്രൈസ്തവര്‍ യഥാര്‍ത്ഥത്തില്‍ പുരോഹിതന്മാരെ ആരാധിച്ചിട്ടില്ല. പക്ഷെ അവര്‍ അനുവദനീയമെന്ന് പറയുന്നത് അനുവദനീയമാക്കുകയും നിഷിദ്ധമാണെന്ന് പറയുന്നത് നിഷിദ്ധമായി അംഗീകരിക്കുകയും ചെയ്യുന്നത് തന്നെയാണ് അവര്‍ക്കുള്ള ആരാധന’.
അല്ലാഹുവിനുള്ള അവകാശം മറ്റാര്‍ക്കെങ്കിലും വകവെച്ച് കൊടുത്ത് അനുസരിക്കുന്നത് അയാളെ ആരാധ്യനാക്കുന്നതിന് തുല്യമാണെന്ന് ഈ ദൈവിക വചനം വ്യക്തമാക്കുന്നു. ഇസ്ലാമിന്റെ അടിസ്ഥാനമായ ഏകദൈവ വിശ്വാസത്തിന് വിരുദ്ധമാണ് ഇത്. നിയമം നിര്‍മിക്കാനുള്ള അവകാശം അല്ലാഹുവിനെക്കൂടാതെ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ബഹുദൈവ വിശ്വാസമായി ഇസ്ലാം ഗണിക്കുന്നുവെങ്കില്‍ പിന്നെ ഒരു മനുഷ്യന്‍ സ്വയം അല്ലാഹുവിന് തുല്യമായി കണക്കാക്കുന്നതിന്റെ ഗൗരവം എത്രയാണ്?
നിരീശ്വരവാദം മനുഷ്യനെ അല്ലാഹുവില്‍ നിന്ന് സ്വതന്ത്രമാക്കുകയല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ അവനെ നിന്ദിക്കുകയാണ് ചെയ്യുക. മനുഷ്യന്‍ തന്റെ വികാരങ്ങള്‍ക്കും ഇഛകള്‍ക്കും അടിപ്പെടുകയും തോന്നിയത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മനുഷ്യനെ എല്ലാ അനുഗ്രഹങ്ങളില്‍ നിന്നും നിര്‍ഭയത്വത്തില്‍ നിന്നും അകറ്റുകയാണ് ദൈവനിഷേധം ചെയ്യുക. ഇഹലോകത്തിന് മേല്‍ മൂക്കുകുത്തി വീഴുന്ന മനുഷ്യന്‍ മറ്റുള്ളവരുമായി ഏറ്റുമുട്ടുന്നു. മനുഷ്യനിലെ മതബോധം നശിപ്പിക്കുന്ന നിരീശ്വരത്വം അവന് മുന്നില്‍ ബദല്‍ സമര്‍പിക്കുന്നില്ല എന്നതാണ് പ്രശ്‌നം.

 

About dr. yusuf al qaradawi

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *