Bfk.jpg large

മനുഷ്യാത്മാവിനെ ഇസ്ലാം ആദരിച്ച വിധം

മനുഷ്യന്റെ ജീവന്‍ ആദരിക്കപ്പെടേണ്ടതും വിലമതിക്കപ്പെടേണ്ടതുമാണെന്ന് ഇസ്ലാം വ്യക്തമാക്കിയിരിക്കുന്നു. ഇക്കാര്യത്തില്‍ വിശ്വാസിയെന്നോ, നിഷേധിയെന്നോ ഉള്ള വിവേചനം ഇസ്ലാം അംഗീകരിക്കുന്നില്ല. നിറത്തിന്റെയോ, വര്‍ഗത്തിന്റെയോ, മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കപ്പെടേണ്ട ഒന്നല്ല മനുഷ്യജീവന്നെ ഇസ്ലാം പഠിപ്പിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക (ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കുനാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു). അല്‍ഇസ്‌റാഅ് 70.
സമഗ്രവും പരിപൂര്‍ണവുമായ ആദരവാണ് ഇത്. മുസ്ലിംകളും ഇതരമതസ്ഥരും ഈ ആദരവിന് ഒരുപോലെ അര്‍ഹരാണ്. കരയിലും കടലിലും യാത്രചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. നല്ലത് തിന്നുവാന്‍ എല്ലാവര്‍ക്കും യോഗ്യതയുണ്ട്. അല്ലാഹുവിന്റെ ഒട്ടുമിക്ക സൃഷ്ടികളേക്കാളും ശ്രേഷ്ഠതയുള്ളവരാണ് എല്ലാ മനുഷ്യരും.
ഇസ്ലാമിന്റെ ഈ സമഗ്രവീക്ഷണം പ്രവാചകന്‍ തിരുമേനി(സ)യുടെ എല്ലാ വാക്കുകളിലും പ്രവൃത്തിയിലും പ്രതിഫലിച്ചിരുന്നു. തന്റെ പ്രതിയോഗികളോട് തിരുമേനി(സ) സ്വീകരിച്ചിരുന്ന ഉന്നത പെരുമാറ്റശീലം ഈ അടിസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടതായിരുന്നു.
അല്ലാഹു ആദരിച്ച മനുഷ്യാത്മാവിനെ നിന്ദിക്കാനോ അപമാനിക്കാനോ പാടുള്ളതല്ല. അതിന്റെ അവകാശം അപഹരിക്കാനോ, അതിന്റെ മേല്‍ അക്രമം പ്രവര്‍ത്തിക്കാനോ ന്യായമില്ല. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളിലും പ്രവാചകജീവിതത്തിലും വളരെ വ്യക്തമായി സ്ഥാപിക്കപ്പട്ട യാഥാര്‍ഥ്യമാണ് അത്. ഖുര്‍ആന്‍ പറയുന്നു (അല്ലാഹു ആദരണീയമാക്കിയ ജീവനെ അന്യായമായി ഹനിക്കരുത്. നിങ്ങള്‍ ചിന്തിച്ചറിയാന്‍ അല്ലാഹു നല്‍കിയ നിര്‍ദേശങ്ങളാണിവയെല്ലാം). അല്‍അന്‍ആം 151.
ഇവിടെയും പൊതുവായ കല്‍പനയാണ് ഖുര്‍ആന്‍ നല്‍കിയിരിക്കുന്നത്. മുസ്ലിംകളും അല്ലാത്തവരും ഈ കല്‍പനയില്‍പെടുന്നു. ഇസ്ലാമിക ശരീഅത്തില്‍ നീതി അവിഭജിതവും നിരുപാധികവുമാണ്. ഈ ദൈവിക വചനം വിശദീകരിച്ച് കൊണ്ട് ഇമാം ഖുര്‍ത്വുബി പറയുന്നത് ഇപ്രകാരമാണ് (പരിശുദ്ധമാക്കപ്പെട്ട ജീവന്‍ ഹനിക്കുന്നത് നിരോധിക്കുന്നതാണ് ഈ ദൈവികവചനം. വിശ്വസിയുടേതാവട്ടെ, കരാറിലേര്‍പെട്ടവന്റേതാകട്ടെ അന്യായമായി ജീവന്‍ ഹനിക്കാന്‍ പാടുള്ളതല്ല). ശേഷം ഈ ആശയത്തെക്കുറിക്കുന്ന ഒട്ടേറെ പ്രവാചക വചനങ്ങള്‍ ഉദ്ധരിക്കുന്നു അദ്ദേഹം. ഉദാഹരണമായി തിരുമേനി(സ)യില്‍ നിന്ന് അബൂബകര്‍(റ) ഉദ്ധരിക്കുന്ന ഹദീഥ് (കരാറിലേര്‍പ്പെട്ടവനെ അന്യായമായി വധിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു).
അക്രമത്തിന്റെ എല്ലാ ഇനങ്ങളെയും ഇസ്ലാമിക ശരീഅത്ത് നിഷിദ്ധമാക്കിയിരിക്കുന്നു. എണ്ണമറ്റ ദൈവിക വചനങ്ങളും പ്രവാചക ഹദീഥുകളും ഈ ആശയത്തെക്കുറിക്കുന്നുണ്ട്. അന്ത്യനാള്‍ വരെ അല്ലാഹു വിലക്കിയ കാര്യമാണ് ഇത്. അന്ത്യനാളിലെ വിചാരണയെക്കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ് (
ഇവിടെയും നിരുപാധികമായ വിധിയാണ് അല്ലാഹു പുറപ്പെടുവിച്ചിരിക്കുന്നത്. അന്ത്യനാളില്‍ ഒരാത്മാവും അതിക്രം പ്രവര്‍ത്തിക്കപ്പെടുകയില്ല. വിശ്വാസിയെന്നോ, നിഷേധിയെന്നോ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. ക്രൈസ്തവനെന്നോ യഹൂദനെന്നോ വേര്‍തിരിവുമില്ല.
അക്രമം വെറുക്കപ്പെട്ട തിന്മയാണ്. അല്ലാഹു അത് തനിക്ക് മേലും തന്റെ അടിമകള്‍ക്ക് മേലും നിഷിദ്ധമാക്കിയിരിക്കുന്നു. പ്രവാചകന്‍ തിരുമേനി(സ)യില്‍ നിന്ന് അബൂദര്‍റ്(റ) ഉദ്ധരിക്കുന്നു (എന്റെ അടിമകളെ, ഞാന്‍ എന്റെ മേല്‍ അക്രമം നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും ഞാനത് വിലക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അക്രമം പ്രവര്‍ത്തിക്കാവതല്ല). ആദരവിന്റെയും ബഹുമാനത്തിന്റെയും കോണിലൂടെയാണ് ഇസ്ലാം എല്ലാ മനുഷ്യജീവനെയും വിലയിരുത്തിയിട്ടുള്ളത്. തന്റെ അരികിലൂടെ യഹൂദന്റെ ജനാസഃ കടന്ന് പോയപ്പോള്‍ തിരുമേനി(സ) സ്വീകരിച്ച സമീപനം എത്ര മനോഹരമായിരുന്നു!
ഇബ്‌നു അബീലൈലയാണ് ഉദ്ധരിക്കുന്നത്. അദ്ദേഹം പറയുന്നു. ഖൈസ് ബിന്‍ സഅ്ദും സഹല്‍ ബിന്‍ ഹുനൈഫും ഖാദിസിയ്യയിലായിരിക്കെ അവര്‍ക്കരികിലൂടെ ഒരു ജനാസഃ കൊണ്ട് പോയപ്പോള്‍ അവര്‍ രണ്ടുപേരും എഴുന്നേറ്റു നിന്നു. അപ്പോള്‍ ആരോ അവരോട് ചോദിച്ചുവത്രെ ‘അത് ഒരു പേര്‍ഷ്യന്‍ ജൂതന്റെ ജനാസയാണ്’. അവര്‍ പറഞ്ഞു ‘തിരുമേനി(സ)യുടെ അരികിലൂടെ ഒരു ജനാസ കടന്ന് പോയപ്പോള്‍ അദ്ദേഹം എഴുന്നേറ്റു നിന്നു. അത് ജൂതന്റെ ജനാസയാണെന്ന് ആരോ അറിയിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചത് ഇപ്രകാരമായിരുന്നു ‘അതും ഒരു ആത്മാവല്ലേ?’
മനുഷ്യാത്മാവിനോട് ഇസ്ലാം വെച്ച് പുലര്‍ത്തുന്ന സമീപനത്തിന്റെ പ്രായോഗികരൂപമാണ് തിരുമേനി(സ) ഇവിടെ പകര്‍ന്ന് നല്‍കിയത്. മത-ജാതി ഭേദമന്യെ എല്ലാ ആത്മാക്കളെയും ആദരിക്കണമെന്ന ഇസ്ലാമിക സന്ദേശം സ്ഥാപിക്കുകയും വിശ്വാസികളുടെ മനസ്സില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തിരിക്കുന്നു തിരുമേനി(സ).
മജൂസികള്‍ അഥവാ അഗ്നിയാരാധകര്‍ വേദവിഭാഗങ്ങളില്‍ പെടുന്നവര്‍ പോലുമല്ല. പൂര്‍ണമായും ഇസ്ലാമിക വിരുദ്ധമായ, ഇസ്ലാമിനോട് യുദ്ധം ചെയ്യുന്ന സമൂഹത്തില്‍ നിന്നുള്ളയാളുടെ ജനാസഃയെയാണ് പ്രവാചക സഖാക്കള്‍ ആദരിച്ചിരിക്കുന്നത് എന്നത് ഇസ്ലാം മനുഷ്യാത്മാവിന് നല്‍കിയ ആദരവിനെയാണ് കുറിക്കുന്നത്.

About dr rakibu sarjany

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *