39small_1205343656

മര്‍യം ജമീല: ജൂതമതത്തിന്റെ കുടുസ്സതയില്‍ നിന്ന് ഇസ്ലാമിന്റെ വിശാലതയിലേക്ക്

വഴികേടിന് ശേഷം സന്മാര്‍ഗത്തിലേക്ക് തിരിച്ചെത്തുകയെന്നത് എത്ര ആനന്ദകരമാണ്! ഭൂമിയിലെ ഏറ്റവും വലിയ അനുഗ്രഹമായ സന്മാര്‍ഗ ദര്‍ശനം ലഭിക്കുകയെന്നതിനേക്കാള്‍ വലിയ സൗഭാഗ്യമെന്തുണ്ട്? വിശുദ്ധ വേദം ദൈവദൂതനോട് പറയുന്നത് ഇപ്രകാരമാണ് (സംശയമില്ല, നിനക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ നിനക്കാവില്ല.

എന്നാല്‍ അല്ലാഹു അവനിഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നേര്‍വഴി നേടുന്നവരെപ്പറ്റി നന്നായറിയുന്നവനാണവന്‍). അല്‍ഖസ്വസ് 56

സത്യമന്വേഷിച്ച് ഇറങ്ങിത്തിരിക്കുകയും അതിന്റെ മാര്‍ഗത്തില്‍ ക്ഷമയോടെ പ്രതിസന്ധികള്‍ താണ്ടുകയും ചെയ്ത് അല്ലാഹുവിലേക്ക് എത്തിച്ചേര്‍ന്ന മര്‍യം ജമീല ആധുനിക ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമാണ്. 1934-ല്‍ ന്യൂയോര്‍ക്കിലെ ജൂതകുടുംബത്തിലാണ് മാര്‍ഗരറ്റ് താച്ചര്‍ പിറന്ന് വീണത്. അവിടെ അടുത്ത തെരുവിലെ പാഠശാലയില്‍ നിന്ന് തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം നുകര്‍ന്നത്. കുഞ്ഞുപ്രായത്തിലെ അവളുടെ പെരുമാറ്റവും, ചിന്താരീതിയുമെല്ലാം അവളുടെ ജീവിതം മാറ്റിമറിക്കാനും, അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് അവളെ നയിക്കാനും ഉതകുന്നതായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ വായിക്കാനും, വായിച്ച കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനുമായി മാര്‍ഗറ്റ് താച്ചര്‍ ശ്രമിക്കുകയുണ്ടായി. സിനിമയും, നൃത്തവും, പോപ് സംഗീതവും വെറുത്ത അവള്‍ ബോയ്ഫ്രണ്ടുമായി ഡേറ്റിംഗ് നടത്തുകയോ, അശ്ലീലത പ്രസരിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്തില്ല.

മാര്‍ഗരറ്റ് തന്നെ പറയട്ടെ (പത്ത് വയസ്സായപ്പോഴേക്കും അറബികളെക്കുറിച്ച് പറയുന്ന ഒട്ടുമിക്ക ഗ്രന്ഥങ്ങളും ഞാന്‍ വായിക്കാന്‍ തുടങ്ങി. അറബികള്‍ ഇസ്ലാമിനെ മഹത്തരമാക്കുകയല്ല, വരണ്ടുണങ്ങിയ മരുഭൂമിയില്‍ അലഞ്ഞുനടക്കുകയായിരുന്ന അറബികളെ ഇസ്ലാം ലോകനായകരാക്കുകയാണ് ചെയ്തത് എന്നാണ് എന്റെ വായനയില്‍ എനിക്ക് മനസ്സിലായത്).

സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ സാഹിത്യപഠന വിഭാഗത്തില്‍ ചേര്‍ന്നു. പക്ഷെ അതിനിടെ മാര്‍ഗരറ്റിന് രോഗം ബാധിക്കുകയും രണ്ട് വര്‍ഷത്തേക്ക് വീട്ടിലിരിക്കേണ്ടി വരികയും ചെയ്തു. ഇക്കാലയളവില്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങി അവള്‍. രോഗം മാറി യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ഗരറ്റ് തിരിച്ച് വന്നത് തലയില്‍ ഒട്ടേറെ ചോദ്യങ്ങളും വഹിച്ച് കൊണ്ടായിരുന്നു. അതിനിടെ ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചിറങ്ങിയ ഒരു ജൂതയുവതിയെ പരിചയപ്പെടാനും അവള്‍ക്ക് അവസരം ലഭിച്ചു. ഈ യുവതി ന്യൂയോര്‍ക്കിലെ ഏതാനും മുസ്ലിംകളെ മാര്‍ഗരറ്റിന് പരിചയപ്പെടുത്തിക്കൊടുത്തു. ന്യൂയോര്‍ക്കിലെ ജൂതപണ്ഡിതന്റെ മതപഠന ക്ലാസുകളില്‍ മാര്‍ഗരറ്റും, തന്റെ പുതിയ കൂട്ടുകാരിയും ചേര്‍ന്ന് പങ്കെടുക്കാറുണ്ടായിരുന്നു. ജൂതമതം ഇസ്ലാമില്‍ എന്ന വിഷയത്തിലായിരുന്നു റബ്ബി പ്രഭാഷണം നടത്തിയിരുന്നത്. മതതാരതമ്യപഠനമെന്ന തലക്കെട്ടിന് കീഴില്‍ നടത്തിയിരുന്ന ഈ പ്രഭാഷണത്തില്‍ ഇസ്ലാമിലുള്ള എല്ലാ നന്മകളും പഴയ വേദത്തില്‍ നിന്ന് കടമെടുത്തതാണെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനായി അദ്ദേഹം തയ്യാറാക്കിയ ലഘുലേഖയില്‍ ഏതാനും ചില വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും ഉദ്ധരിച്ചിരുന്നു.

ഇവ കൂടാതെ സയണിസ്റ്റുകള്‍ സിനിമകളിലൂടെയും, ഗ്രന്ഥങ്ങളിലൂടെയും മറ്റും ഇസ്ലാമിനെതിരെ വിഷം ചീറ്റിക്കൊണ്ടേയിരുന്നു. എന്നാല്‍ ഇത്രം ഗൂഢശ്രമങ്ങള്‍ മാര്‍ഗരറ്റിന്റെ മനസ്സില്‍ ഇസ്ലാമിന് ആധിപത്യം നല്‍കുകയാണുണ്ടായത്. ജൂതന്മാര്‍ സമര്‍പിച്ച സങ്കുചിതമായ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിച്ചതേയില്ല. ജൂതന്മാരുടെ ചരിത്രം വിവരിക്കുന്ന കൃതികളില്‍ ദൈവത്തെ പരിചയപ്പെടുത്തുന്നത് പോലും പ്രത്യേകമായ ഗോത്രത്തിന്റെയോ, വര്‍ഗത്തിന്റെയോ ദൈവമെന്ന നിലയിലാണ്!

അതിനേക്കാള്‍ അല്‍ഭുതകരം മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍-ഗുരിയന്‍ ഒരു ദൈവത്തിലും വിശ്വസിച്ചിരുന്നില്ല എന്നതാണ്. അദ്ദേഹം ജൂതദേവാലയത്തില്‍ പ്രവേശിക്കുകയോ, ജൂതനിയമമനുസരിച്ച് ജീവിക്കുകയോ ചെയ്തിരുന്നില്ല. ജൂതആചാരങ്ങളും പാരമ്പര്യങ്ങളും അദ്ദേഹം ഗൗനിച്ചിരുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാരമ്പര്യ ജൂതന്മാരുടെ ആധുനിക കാലത്തെ ഏറ്റവും പ്രധാനിയായ നേതാവായി അദ്ദേഹം വിലയിരുത്തപ്പെടുന്നു!

ജൂതമതത്തിന്റെ പൊള്ളത്തരം വളരെ വേഗത്തില്‍ തന്നെ മനസ്സിലാക്കാന്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ മാര്‍ഗരറ്റിനെ സഹായിച്ചു. ജൂതന്മാര്‍ മുസ്ലിംകള്‍ക്കും, പ്രവാചകന്‍ മുഹമ്മദ്(സ)നും നേരെ വെച്ച് പുലര്‍ത്തിയിരുന്ന പകയും വിദ്വേഷവും അവര്‍ തിരിച്ചറിഞ്ഞു. ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നതിന് അനുസരിച്ച് അവര്‍ ജൂതമതത്തില്‍ നിന്ന് അകലുകയും ഇസ്ലാമിലേക്ക് അടുക്കുകയും ചെയ്തുതുടങ്ങി. എല്ലാ ദിവസവും ന്യൂയോര്‍ക്കിലെ പൊതുലൈബ്രറി സന്ദര്‍ശിച്ച് അവര്‍ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനവും, പ്രവാചകചര്യയുടെ വിശദീകരണവും വായിച്ചുപഠിച്ചു. ജീവിതവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തന്റെ സുപ്രധാന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ അവരവയില്‍ കണ്ടെത്തി.

1961-ല്‍ ന്യൂയോര്‍ക്കിലെ ഇസ്ലാമിക കേന്ദ്രത്തില്‍ ചെന്ന് അവിടത്തെ പ്രബോധകനായ ദാവൂദ് ഫൈസ്വലിന് മുന്നില്‍ വെച്ച് മാര്‍ഗരറ്റ് ഇസ്ലാം ആശ്ലേഷിച്ചതായി പ്രഖ്യാപിച്ചു. തന്റെ പഴയ പേരിന് പകരം മര്‍യം ജമീലഃ എന്ന് പുതിയ നാമം സ്വീകരിച്ചു. അടുത്ത വര്‍ഷം പ്രമുഖ ഇസ്ലാമിക പണ്ഡിതനായിരുന്ന ഇമാം അബുല്‍ അഅ്‌ലാ മൗദൂദിയുടെ ക്ഷണം സ്വീകരിച്ച് പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടു. പ്രശസ്ത ഇസ്ലാമിക പ്രബോധകനായിരുന്ന മുഹമ്മദ് യൂസുഫ് ഖാനെ വിവാഹം കഴിച്ച അവര്‍ക്ക് നാല് മക്കള്‍ പിറന്നു.

മനസ്സ് ശാന്തമാവുകയും, സത്യത്തിന്റെ മധുരം നുകരുകയും ചെയ്തതിന് ശേഷം മര്‍യം ജമീല പറയുന്നു (എല്ലാ മുസ്ലിം രാഷ്ട്രങ്ങളുടെയും പോലെ തന്നെയാണ് പാക്കിസ്ഥാന്റെയും അവസ്ഥ. യൂറോപ്പിന്റെയും, അമേരിക്കയുടെയും എല്ലാ മാലിന്യങ്ങളും അവിടെയും നിറഞ്ഞിരിക്കുന്നു. പക്ഷെ, ഇസ്ലാമിന്റെ അദ്ധ്യാപനങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവസരം അവിടെയുണ്ട്. എന്റെ ദൈനംദിനജീവിതം പൂര്‍ണമായും ഇസ്ലാമികമാക്കുന്നതില്‍ എനിക്ക് വീഴ്ച സംഭവിക്കാറുണ്ട് എന്നത് ഞാന്‍ തുറന്ന് സമ്മതിക്കുന്നു. വീഴ്ചകള്‍ സംഭവിച്ചതിന് ശേഷം അവ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്).

ലോകമുസ്ലിംകളോട് മര്‍യം ജമീലക്ക് പറയാനുള്ളത് ഇപ്രകാരമാണ് (നിങ്ങള്‍ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും പിന്‍പറ്റുക. ഏതാനും ചില ആചാരങ്ങള്‍ എന്ന നിലയിലല്ല. ദൈനംദിന ജീവിതതത്തിലെ ഇടപാടുകളെ നിര്‍ണയിക്കുന്ന വഴികാട്ടിയെന്ന അടിസ്ഥാനത്തില്‍. വിയോജിപ്പിന്റെ മേഖല നിങ്ങള്‍ മാറ്റിവെക്കുക. ഉപകാരപ്രദമല്ലാത്ത കാര്യങ്ങളില്‍ നിങ്ങള്‍ സമയം പാഴാക്കാതിരിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവന്‍ നിങ്ങളുടെ ജീവിതം ഇഹപരലോകങ്ങളില്‍ വിജയം കൊണ്ട് മുദ്രണം ചെയ്യുന്നതാണ്)

About muhammad ihsan

Check Also

islam

ഇസ്ലാമിക പ്രബോധനത്തിന്റെ രാഷ്ട്രീയ മുഖം -6

മദീനയിലെത്തിയ തിരുമേനി(സ) പ്രഥമമായി ചെയ്ത കര്‍മം പള്ളി നിര്‍മാണമായിരുന്നു. വിശ്വാസികള്‍ക്ക് സമ്മേളിക്കാനും, പ്രാര്‍ത്ഥന നിര്‍വഹിക്കാനും, കൂടിയാലോചന നടത്താനും, മുസ്ലിംകളുടെ പ്രശ്‌നങ്ങളില്‍ …

Leave a Reply

Your email address will not be published. Required fields are marked *