OD-movie-trailer

മസീഹിനെക്കുറിച്ച ചരിത്ര വിവരണം 3

ഈസാ പ്രവാചകന്റെ ജനനവുമായി ബന്ധപ്പെട്ട് വൈരുദ്ധ്യാത്മക പരാമര്‍ശങ്ങളാണ് പുതിയ നിയമത്തില്‍ കാണാന്‍ സാധിക്കുന്നത്. അതേക്കുറിച്ച തീര്‍ത്തും ഉപരിപ്ലവമായ

പരാമര്‍ശമാണ് മത്തായിയിലുള്ളത്. മാര്‍ക്കോസിന്റെയും യോഹന്നായുടെയും സുവിശേഷങ്ങള്‍ അതേക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ മസീഹിനെ സാധാരണ മനുഷ്യ പരമ്പരയില്‍ എണ്ണുകയാണ് ലൂക്കായുടെ സുവിശേഷം ചെയ്തത്. എന്നാല്‍ ഇക്കാര്യം യോഹന്നാ തന്റെ സുവിശേഷത്തില്‍ സൂചിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ആദം പ്രവാചകനും ഈസായ്ക്കും ഇടയില്‍ 26 വ്യക്തികളെയാണ് മത്തായിയുടെ സുവിശേഷം പരാമര്‍ശിക്കുന്നത്. എന്നാല്‍ ലൂക്കായില്‍ ഇവരുടെ എണ്ണം 42 ആണ്. അതിനാല്‍ തന്നെ ഈ രണ്ട് സുവിശേഷങ്ങളിലും മസീഹിന്റെ കുടുംബ പരമ്പര രേഖപ്പെടുത്തിയവര്‍ക്കിടയില്‍ കാര്യമായ വിടവുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്ന ഈസാ പ്രവാചകന്റെ അല്‍ഭുതകരമായ ജനനത്തെയോ, അദ്ദേഹത്തിന്റെ മാതാവിന്റെ വിശുദ്ധിയെയോ ബാധിക്കുന്നതല്ല ഇഞ്ചീലുകള്‍ക്കിടയിലെ ഈ വൈരുദ്ധ്യം.
ക്രൈസ്തവര്‍ മസീഹിലേക്ക് ചേര്‍ക്കുന്ന ദൈവികതയെ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും നിരസിക്കുകയാണ് ചെയ്തിരിക്കുന്നത്. മസീഹിന്റെ ജനനത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളിലേക്ക് ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നുണ്ട് (അനന്തരം അവനെയും വഹിച്ച് അവള്‍ തന്റെ ജനങ്ങളുടെ അടുത്ത് വന്നു. അവര്‍ പറഞ്ഞു ‘മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്. ഹേ, ഹാറൂന്റെ സഹോദരി, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുര്‍നടപ്പുകാരിയുമായിരുന്നില്ല. അപ്പോള്‍ അവള്‍ അവന്റെ നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു ‘തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും? അവന്‍ പറഞ്ഞു ‘ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും അവനെന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു’. -അവന്‍ എന്നെ- എന്റെ മാതാവിനോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനുമാക്കിയിരിക്കുന്നു. അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. അതത്രെ മര്‍യമിന്റെ മകന്‍ ഈസാ. അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതേക്കുറിച്ചുള്ള യഥാര്‍ത്ഥ വാക്കാണിത്. ഒരു സന്താനത്തെ സ്വീകരിക്കുകയെന്നത് അല്ലാഹുവിന് യോജിച്ചതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് മാത്രം പറയുന്നു. അപ്പോള്‍ അതുണ്ടാകുന്നു). മര്‍യം 27-35
ആദം പ്രവാചകന്റെ ജനനം ഇതിനേക്കാള്‍ വലിയ അല്‍ഭുതവും ദൃഷ്ടാന്തവുമായിരുന്നു. മാതാവും പിതാവുമില്ലാതെയാണ് ആദം പ്രവാചകന്‍ സൃഷ്ടിക്കപ്പെട്ടത്. ഇപ്രകാരം തന്നെയായിരുന്നു ഹവ്വായുടെ ജനനവും. തികച്ചും അല്‍ഭുതകരമായിരുന്നു അത്. മാതാവിനെക്കൂടാതെയാണ് ഹവ്വാ പിറന്നു വീണത്. അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പറയുന്നതായി കാണാവുന്നതാണ് (അല്ലാഹുവിന്റെയടുത്ത് ഈസായെ ഉപമിക്കാവുന്നത് ആദമിനോടാണ്. അവനെ മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ -ആദം- ഉണ്ടാവുകയും ചെയ്തു) ആലുഇംറാന്‍ 59
ഈസാ പ്രവാചകന്റെ ജനന സന്ദര്‍ഭത്തിലുണ്ടായിരുന്ന രാഷ്ട്രീയവും സാമൂഹകിവുമായ ചുറ്റുപാടുകള്‍ വിലയിരുത്തുന്നത് ഉചിതമാണെന്ന് തോന്നുന്നു. ജൂതന്മാര്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കഠിനമായ പീഢനങ്ങള്‍ക്ക് വിധേയമാകുന്ന സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. ഒന്നിന് പിറകെ മറ്റൊന്നായി ശത്രുക്കളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു ജൂതന്മാര്‍. നിരന്തരമായി പരാജയങ്ങള്‍ക്ക് വിധേയമായതിനെ തുടര്‍ന്ന് അവരുടെ ഹൃദയങ്ങളില്‍ മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും നിറഞ്ഞു. നിര്‍ണായകമായ ഈ പ്രതിസന്ധി ഘട്ടത്തില്‍ പുതിയൊരു മൂസാ -രക്ഷകന്‍- യെ തേടി അലയുകയായിരുന്നു അവര്‍. തങ്ങളുടെ ശത്രുവിനെ ആട്ടിയോടിക്കാനും, ദൈവിക ഭരണം പുനസ്ഥാപിക്കാനും പുതിയൊരു മൂസാ ഉദയം ചെയ്യുമെന്ന പ്രത്യാശയിലായിരുന്നു അവര്‍.

About muhammad atha raheem

Check Also

6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ …

Leave a Reply

Your email address will not be published. Required fields are marked *