new-testament-600x330

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -1

ഏതാനും ചില വ്യക്തികള്‍ ചേര്‍ന്ന് എഴുതിയുണ്ടാക്കിയ ഇഞ്ചീല്‍ പില്‍ക്കാലത്ത് എങ്ങനെ ദൈവികമായെന്ന ചര്‍ച്ച വളരെ പ്രസക്തമാണ്. പുതിയ നിയമത്തിലെ ഏടുകള്‍ രേഖപ്പെടുത്തിയ വ്യക്തികള്‍ പോലും തങ്ങള്‍ വേദവചനങ്ങളാണ് ക്രോഡീകരിക്കുന്നതെന്ന് വാദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിംകള്‍ വിശ്വസിക്കുന്ന, ദൈവം ഈസാ പ്രവാചകന് മേല്‍ അവതരിപ്പിച്ച യഥാര്‍ത്ഥ ഇഞ്ചീല്‍ എവിടെയാണെന്ന ചോദ്യവും ഇവയുടെ കൂടെ ഉയര്‍ന്ന് വരുന്നു.
മസീഹിന് മേല്‍ അവതീര്‍ണമായ ഇഞ്ചീലിനെക്കുറിച്ച് ചരിത്രകാരന്മാരും, മതപണ്ഡിതന്മാരും വിവിധ തലങ്ങളില്‍ നിന്ന് അന്വേഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ചോദ്യത്തിന് ബോധപൂര്‍വമായ മൗനമാണ് ക്രൈസ്തവര്‍ മറുപടിയായി നല്‍കാറുള്ളത്. അത്തരമൊരു ഇഞ്ചീല്‍ ഉണ്ടായിരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ പോലും അവഗണിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇഞ്ചീലുകള്‍ എഴുതിയുണ്ടാക്കിയ ഹവാരിയ്യുകളി -ഈസാ പ്രവാചകന്റെ ശിഷ്യഗണങ്ങള്‍- ലേക്കാണ് അവര്‍ അതിന്റെ ചരിത്രത്തെ കെട്ടിവെക്കുന്നത്.
എന്നാല്‍ ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ രചിക്കപ്പെട്ട പൗലോസിന്റെ സന്ദേശങ്ങള്‍ മസീഹിന്റെ ഇഞ്ചീലിനെക്കുറിച്ച് ധാരാളമായി സൂചിപ്പിക്കുന്നുണ്ട്. മാര്‍ക്കോസ് രചിച്ചുണ്ടാക്കിയ ഇഞ്ചീലിനെക്കുറിച്ച അവയില്‍ യാതൊരു പരാമര്‍ശവുമില്ല. പുതിയ നിയമത്തില്‍ പതിനാലോളം സന്ദേശങ്ങളുള്ള പൗലോസ് ക്രിസ്താബ്ദം 62 ലാണ് കൊല്ലപ്പെട്ടത്. അതേസമയം മാര്‍ക്കോസ് തന്റെ ആദ്യ ഇഞ്ചീല്‍ എഴുതിയുണ്ടാക്കിയത് ക്രിസ്താബ്ദം 65 ലാണ്. പിന്നീട് അതിന് ശേഷം ഏകദേശം പത്തോളം ഇഞ്ചീലുകള്‍ രചിക്കപ്പെട്ടു. അവയും മസീഹിന് മേല്‍ അല്ലാഹു അവതരിപ്പിച്ച യഥാര്‍ത്ഥ ഇഞ്ചീലിലേക്ക് വെളിച്ചം വീശുന്നവയാണ്.
പൗലോസും, നിലവിലെ ഇഞ്ചീലിന്റെ രചയിതാക്കളും ഒരുപോലെ യഥാര്‍ത്ഥ ഇഞ്ചീലിനെക്കുറിച്ച സൂചന നല്‍കുന്നുണ്ട്. പൗലോസ് തന്നെ കുറിക്കട്ടെ (ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!). ഗലാത്തിയാ 1: 6-8
ജനങ്ങള്‍ യഥാര്‍ത്ഥ ഇഞ്ചീല്‍ ഉപേക്ഷിച്ച്, വ്യാജമായ മറ്റ് ‘വേദങ്ങളി’ലേക്ക് തിരിയുന്നതിനെയാണ് മേല്‍വചനങ്ങള്‍ കര്‍ശനമായ ഭാഷയില്‍ വിലക്കുന്നത്.
പൗലോസ് വീണ്ടും കുറിക്കുന്നു (നിങ്ങളുടെമേലുള്ള ഈന്യായമായ അവകാശത്തില്‍ മറ്റുള്ള വര്‍ക്കു പങ്കുചേരാമെങ്കില്‍ ഞങ്ങള്‍ക്ക് അതിന് കൂടുതല്‍ അര്‍ഹതയില്ലേ? എങ്കിലും, ഞങ്ങള്‍ ഈ അവകാശം ഉപയോഗപ്പെടുത്തിയിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന് ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കാന്‍ എല്ലാം ഞങ്ങള്‍ സഹിക്കുന്നു. ദേവാലയ ജോലിക്കാര്‍ക്കുള്ള ഭക്ഷണം ദേവാലയത്തില്‍ നിന്നാണെന്നും അള്‍ത്താര ശുശ്രൂഷകര്‍ ബലിവസ്തുക്കളുടെ പങ്കു പറ്റുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?). കോറിന്തോസ് ഒന്ന് 9: 12-14.
(അപ്പോള്‍ അവന്‍, ദൈവത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും എതിരായി പ്രതികാരംചെയ്യും. അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നും അവന്റെ ശക്തിയുടെ മഹത്വത്തില്‍നിന്നും തിരസ്‌കരിക്കപ്പെട്ട് നിത്യനാശം ശിക്ഷയായനുഭവിക്കും). തെസലോനിക്കാ രണ്ട് 1: 8-9.
നാല് സുവിശേഷങ്ങളിലും അപോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങളിലുമെല്ലാം യഥാര്‍ത്ഥ ഇഞ്ചീലിനെക്കുറിച്ച പരാമര്‍ശമുണ്ട്. പത്രോസ് എഴുന്നേറ്റ് നിന്ന് പറഞ്ഞതായി ‘അപ്പോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങള്‍’ വിവരിക്കുന്നു (വലിയ വാദപ്രതിവാദം നടന്നപ്പോള്‍, പത്രോസ് എഴുന്നേറ്റു പറഞ്ഞു: സഹോദരന്‍മാരേ, വളരെ മുമ്പുതന്നെ ദൈവം നിങ്ങളുടെയിടയില്‍ ഒരു തെരഞ്ഞെടുപ്പു നടത്തുകയും വിജാതീയര്‍ എന്റെ അധരങ്ങളില്‍നിന്നു സുവിശേഷവചനങ്ങള്‍കേട്ടു വിശ്വസിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങള്‍ക്കറിയാമല്ലോ). അപ്പോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 15: 7
ഒരു സ്ത്രീ മസീഹിന്റെ കാലില്‍ തൈലം പൂശിയപ്പോള്‍ അദ്ദേഹം പറഞ്ഞു (സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ലോകത്തില്‍ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും). മത്തായി 26: 13. മസീഹിന്റെ ഈ വാക്കുകള്‍ പില്‍ക്കാലത്ത് രചിക്കപ്പെട്ട മത്തായിയുടെ സുവിശേഷത്തെക്കുറിച്ചല്ല എന്ന് വ്യക്തമാണ്.
മാര്‍ക്കോസ് പറയുന്നു (സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിിയോ സുവിശേഷത്തിനു വേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും). മാര്‍ക്കോസ് 8: 35.
ഈ പ്രമാണങ്ങളെല്ലാം ഒരൊറ്റ ഇഞ്ചീലിനെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. ചര്‍ച്ച് തള്ളിക്കളഞ്ഞ എഴുപതോളം ഇഞ്ചീലുകളെക്കുറിച്ചോ, സ്വീകരിച്ച നാല് ഇഞ്ചീലുകളെക്കുറിച്ചോ അല്ല ഈ പരാമര്‍ശങ്ങള്‍. മറിച്ച അവ അല്ലാഹുവിങ്കല്‍ നിന്ന് മസീഹിന് അവതരിച്ച യഥാര്‍ത്ഥ ഇഞ്ചീലിനെക്കുറിച്ചാണ് സംസാരിക്കുന്നത്.

About dr. munqid assakar

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *