Moses-Title-Slide-(no-subtitle)

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -2

ഇസ്ലാമിന്റെ സന്ദേശവുമായി കടന്നുവന്ന മൂസാക്കും, ഫറോവക്കുമിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. അതേതുടര്‍ന്നാണ് അല്ലാഹു പ്രസിദ്ധമായ ഒമ്പത് ദൃഷ്ടാന്തങ്ങള്‍ വഴി ഫറോവക്ക് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഈ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയും ധിക്കാരം പ്രവര്‍ത്തിക്കുകയുമാണ് ചെയ്തത്. അതേതുടര്‍ന്നാണ് അല്ലാഹു പത്താമത്തെ ശിക്ഷ ഫറോവക്ക് മേല്‍ ഇറക്കിയത്. തീര്‍ത്തും ഭീകരവും, ഭയാനകവുമായ ശിക്ഷയായിരുന്നു അത്. ഇതേക്കുറിച്ച ചില സൂചനകള്‍ തൗറാത്ത് നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനും ഈ സംഭവം സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട് (മൂസാക്കു നാം പ്രത്യക്ഷത്തില്‍ കാണാവുന്ന ഒമ്പതു തെളിവുകള്‍ നല്‍കി. നീ ഇസ്രയേല്യരോട് ചോദിച്ചു നോക്കുക: അദ്ദേഹം അവരിലേക്ക് ചെന്ന സന്ദര്‍ഭം; അപ്പോള്‍ ഫറവോന്‍ പറഞ്ഞു: ”മൂസാ, നിന്നെ മാരണം ബാധിച്ചവനായാണ് ഞാന്‍ കരുതുന്നത്.” മൂസാ പറഞ്ഞു: ”ഉള്‍ക്കാഴ്ചയുണ്ടാക്കാന്‍ പോന്ന ഈ അടയാളങ്ങള്‍ ഇറക്കിയത് ആകാശഭൂമികളുടെ നാഥനല്ലാതെ മറ്റാരുമല്ലെന്ന് താങ്കള്‍ക്കു തന്നെ നന്നായറിയാവുന്നതാണല്ലോ. ഫറവോന്‍, താങ്കള്‍ തുലഞ്ഞവനാണെന്നാണ് ഞാന്‍ കരുതുന്നത്.” അപ്പോള്‍ അവരെ നാട്ടില്‍നിന്ന് വിരട്ടിയോടിക്കാന്‍ ഫറവോന്‍ തീരുമാനിച്ചു. എന്നാല്‍ അവനെയും അവന്റെ കൂടെയുള്ളവരെയും നാം മുക്കിക്കൊന്നു). അല്‍ഇസ്‌റാഅ് 101-103.
ചുരുക്കത്തില്‍ ഫറോവ സ്വന്തം നാശം കുറിക്കുകയായിരുന്നു. പക്ഷെ, ഫറോവയുടെ അന്ത്യം എങ്ങനെയാണ് സംഭവിച്ചത്? മുന്‍കാലത്ത് ധിക്കാരികളെ നശിപ്പിക്കാന്‍ അല്ലാഹു വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. നൂഹ് പ്രവാചകനെ കളവാക്കുകയും, ധിക്കാരം പ്രവര്‍ത്തിക്കുകയും ചെയ്ത ജനതയെ ഭൂലോകം മുഴുക്കെ പ്രളയത്തില്‍ മുക്കിയാണ് ദൈവം നശിപ്പിച്ചത്. എന്നാല്‍ മുന്‍കഴിഞ്ഞ ശിക്ഷകളില്‍ നിന്ന് ഭിന്നമാവേണ്ടതുണ്ടായിരുന്നു ഫറോവയുടേത്. കാരണം ഫറോവയുടെ നാശം മുഴുവന്‍ ജനതക്കും ദൃഷ്ടാന്തമായിരുന്നു.
ഫറോവക്ക് ദൈവം നല്‍കിയ ആദ്യ ഒമ്പത് ശിക്ഷകള്‍ പുറപ്പാട് പുസ്തകത്തില്‍ വിശദമായി വിവരിക്കപ്പെട്ടിരിക്കുന്നു. (ഫറവോയുടെയും അവന്റെ സേവകരുടെയും മുന്‍പില്‍വച്ച് അവന്‍ വടിയുയര്‍ത്തി, നദീജലത്തിന്‍മേല്‍ അടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്തമായി മാറി). പുറപ്പാട് 7: 21.
(അവരെ വിട്ടയയ്ക്കാന്‍ നീ വിസമ്മതിച്ചാല്‍ തവളകളെ അയച്ച് ഞാന്‍ നിന്റെ രാജ്യത്തെ പീഡിപ്പിക്കും. നദിയില്‍ തവളകള്‍ പെരുകും. നിന്റെ മന്ദിരത്തിലും ശയനമുറിയിലും കിടക്കയിലും നിന്റെ സേവകരുടെയും ജനങ്ങളുടെയും ഭവനങ്ങളിലും അടുപ്പുകളിലും മാവുകുഴയ്ക്കുന്ന പാത്രങ്ങളിലും അവ കയറിപ്പറ്റും). പുറപ്പാട് 8: 2-4.
(കര്‍ത്താവു മോശയോടു പറഞ്ഞു: നീ അഹറോനോടു പറയുക: നിന്റെ വടികൊണ്ടു നിലത്തെ പൂഴിയില്‍ അടിക്കുക. അപ്പോള്‍ അതു പേനായിത്തീര്‍ന്ന് ഈജിപ്തു മുഴുവന്‍ വ്യാപിക്കും). പുറപ്പാട് 8: 16.
(എന്റെ ജനത്തെ വിട്ടയയ്ക്കാത്ത പക്ഷം, നിന്റെയും സേവകരുടെയും ജനത്തിന്റെയും മേല്‍ ഞാന്‍ ഈച്ചകളെ അയയ്ക്കും. അങ്ങനെ ഈജിപ്തുകാരുടെ ഭവനങ്ങള്‍ ഈച്ചകളെക്കൊണ്ടു നിറയും). പുറപ്പാട് 8: 21.
(നീ ഇനിയും അവരെ വിട്ടയയ്ക്കാന്‍ വിസമ്മതിച്ച് തടഞ്ഞുനിര്‍ത്തിയാല്‍ കര്‍ത്താവിന്റെ കരം വയലിലുള്ള നിന്റെ മൃഗങ്ങളുടെ മേല്‍ – കുതിര, കഴുത, ഒട്ടകം, കാള, ആട് എന്നിവയുടെമേല്‍ – നിപതിക്കും; അവയെ മഹാമാരി ബാധിക്കും). പുറപ്പാട് 9: 2-3.
(അത് ഈജിപ്തുരാജ്യം മുഴുവന്‍ ധൂളിയായി വ്യാപിക്കും. അത് രാജ്യമാസകലമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും ദേഹത്തു പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ ഉണ്ടാക്കും). 9: 9.
(ഞാന്‍ കരം നീട്ടി നിന്നെയും ജനത്തെയും മഹാമാരിയാല്‍ പ്രഹരിച്ചിരുന്നെങ്കില്‍ നീ ഇതിനകം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുമായിരുന്നു). പുറപ്പാട് 9: 14.
(അവരെ വിട്ടയ്ക്കാന്‍ വിസമ്മതിച്ചാല്‍ ഞാന്‍ നാളെ നിന്റെ രാജ്യത്തേക്കു വെട്ടുകിളികളെ അയയ്ക്കും). പുറപ്പാട് 10: 4.
ഇപ്രകാരം ഒമ്പത് വ്യത്യസ്ത ശിക്ഷകള്‍ അല്ലാഹു ഫറോവക്ക് സൂചനയും ദൃഷ്ടാന്തങ്ങളുമായി നല്‍കിയെങ്കിലും അവയില്‍ നിന്ന് പാഠം പഠിക്കാന്‍ ആ അഹങ്കാരി തയ്യാറായില്ല.

About super user

Check Also

JESUS (1)

മസീഹ് ഇസ്ലാമിക പൈതൃകത്തില്‍ -3

യാത്രയിലായിരിക്കുമ്പോള്‍ കയ്യില്‍ മുടി ചീകാനുള്ള ഒരു ചീപ്പും, കുടിക്കാനുള്ള വെള്ളം സൂക്ഷിക്കാന്‍ ഒരു പാനപാത്രവുമാണ് മസീഹ് കൂടെ വഹിച്ചിരുന്നത്. ഒരു …

Leave a Reply

Your email address will not be published. Required fields are marked *