മൂര്‍ച്ചയേറിയ ആയുധമാണ് നോമ്പ് -1

ഒരു കാര്യം തനിക്ക് ഉപദ്രവകരമാണെന്ന് തിരിച്ചറിയുകയും, ആഗ്രഹത്തോട് കൂടി അത് സ്വീകരിക്കുകയും ചെയ്യുന്ന ഭൂമിയിലെ ഒരേയൊരു സൃഷ്ടി മനുഷ്യന്‍ മാത്രമാണ്. ദോഷകരമായ കാര്യങ്ങള്‍ പോലും

ആഗ്രഹിക്കുകയും, കൊതിക്കുകയും ചെയ്യുകയെന്ന മനസ്സിന്റെ പ്രവണതയെ ചികിത്സിക്കുകയും മര്യാദ പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് ഇസ്ലാം നിരീക്ഷിക്കുന്നത്. മനസ്സിന്റെ സ്വപ്‌നങ്ങളെയും താല്‍പര്യങ്ങളെയും ദൈവം അനുവദിച്ച പരിധിക്കുള്ളില്‍ നിര്‍ത്തുകയും, നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണിത്. ഇവിടെയാണ് വിശ്വാസികളുടെ നോമ്പ് പ്രസക്തമാകുന്നത്. അത്യാവശ്യമായ കുറഞ്ഞ വിഭവങ്ങളിലും, ആഗ്രഹങ്ങളിലും മനസ്സിനെ തളച്ചിടാനും ഉപദ്രവകരമായ ധാരാളിത്തത്തില്‍ നിന്ന് തടയാനും നോമ്പിന് സാധിക്കുന്നു. നോമ്പെടുക്കുന്ന നാം, താല്‍ക്കാലികമായി ചില വിഭവങ്ങള്‍ ഉപേക്ഷിക്കുന്നത്, അതിനേക്കാള്‍ ഇരട്ടി പിന്നീട് ഉപയോഗിക്കാനുള്ള കാരണമായി മാറരുത് എന്നര്‍ത്ഥം.
ഭൗതിക വിഭവങ്ങള്‍ തടയപ്പെടുന്ന വേളയിലും ജീവിതം മുന്നോട്ട് നയിക്കാനുള്ള പ്രാപ്തിയും ത്രാണിയുമാണ് നോമ്പ് നല്‍കേണ്ടത്. പ്രഭാതം പുലര്‍ന്നാല്‍ പ്രാതല്‍ കഴിക്കാന്‍ വല്ലതുമുണ്ടോയെന്ന് തിരുദൂതര്‍(സ) അന്വേഷിക്കാറുണ്ടായിരുന്നുവത്രെ. ഒന്നുമില്ലെങ്കില്‍ അദ്ദേഹം നോമ്പിന് നിയ്യത്ത് വെക്കുകയും, ഒന്നും സംഭവിക്കാത്തത് പോലെ ദിവസം പൂര്‍ത്തിയാക്കുകയും ചെയ്യാറുണ്ടായിരുന്നുവത്രെ!!
ജീവിതത്തിലെ പ്രതിസന്ധികളെയും, പ്രയാസങ്ങളെയും തന്റേടത്തോടും വിവേകത്തോടും കൂടി അഭിമുഖീകരിക്കാന്‍ വ്യക്തികളെയും സമൂഹത്തെയും പ്രാപ്തമാക്കുകയെന്നതാണ് നോമ്പ് നിര്‍വഹിക്കുന്ന അടിസ്ഥാന ദൗത്യം എന്നര്‍ത്ഥം. ആദ്യകാല പോരാട്ടങ്ങളില്‍ അറേബ്യന്‍ മുസ്ലിംകള്‍ ഇതരവിഭാഗങ്ങള്‍ക്ക് മേല്‍ വിജയം വരിച്ചത് ഭൗതികവിരക്തിയും, താരതമ്യേനെ കുറഞ്ഞ വികാരങ്ങളും കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒന്നോ രണ്ടോ ഈത്തപ്പഴം കീശയില്‍ വെച്ച് യുദ്ധക്കളത്തിലേക്ക് പായുന്നവരായിരുന്നു അവര്‍. എന്നാല്‍ പേര്‍ഷ്യയുടെ റോമിന്റെയും സൈന്യത്തിന്റെ കൂടെയുണ്ടായിരുന്ന കുതിരവണ്ടികളില്‍ നിറയെ സ്വാദിഷ്ടമായ ഭക്ഷണങ്ങളും മറ്റുമായിരുന്നു.
ബ്രിട്ടനെതിരായ പോരാടത്തില്‍ മഹാത്മാഗാന്ധി ഇതേ തന്ത്രം തന്നെ സ്വീകരിക്കുകയുണ്ടായി. ഇന്ത്യന്‍ മാര്‍ക്കറ്റ് മുന്നില്‍ കണ്ടായിരുന്നു ബ്രിട്ടീഷുകാര്‍ ഉല്‍പാദനം നടത്തിയിരുന്നത്. ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ ഉപേക്ഷിച്ച് ലളിതജീവിതം നയിക്കാന്‍ ഗാന്ധി ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു. മാഞ്ചസ്റ്ററില്‍ നിന്ന് നെയ്‌തെടുത്ത വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ചക്രകളില്‍ നൂല്‍നൂറ്റ് തയ്യാറാക്കിയ വസ്ത്രം അണിയാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. ബ്രിട്ടീഷ് വാഹനങ്ങളില്‍ കയറി യാത്ര ചെയ്യുന്നതിന് പകരം കാല്‍നടയായി സഞ്ചരിക്കുകയാണ് വേണ്ടതെന്നും, അധിനിവേശ ശക്തികള്‍ ഉപ്പ് കുത്തകവല്‍ക്കരിക്കുന്നേടത്തോളം ഉപ്പില്ലാതെ ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വിശന്നൊട്ടിയ വയറും, അര്‍ധനഗ്നശരീരവുമായി അദ്ദേഹം ബഹിഷ്‌കരണ സമരം നയിച്ചു. ഒരു കോപ്പ പാല്‍ മാത്രം കുടിച്ച് പട്ടണങ്ങളും ഗ്രാമങ്ങളും ചുറ്റി സഞ്ചരിച്ചു അദ്ദേഹം. ഗാന്ധിയുടെ അദ്ധ്യാപനങ്ങള്‍ ഭൂരിപക്ഷം വരുന്ന പൊതുജനങ്ങള്‍ സ്വീകരിച്ചു. അതോട് കൂടി ബ്രിട്ടീഷ് ഉല്‍പാദനം നിലക്കുകയും, വ്യവസായശാലകള്‍ പൂട്ടുകയും, ആയിരക്കണക്കിന് ബ്രിട്ടീഷ് തൊഴിലാകള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. നിര്‍ബന്ധിതരായി സന്ധിസംഭാഷണത്തിന് ഗാന്ധിയെ ലണ്ടനിലേക്ക് ക്ഷണിച്ചു ബ്രിട്ടീഷ് ഭരണകൂടം!! ലണ്ടനിലേക്ക് പോയ ഗാന്ധിയെ പ്രശംസിച്ച് പ്രശസ്ത അറബി കവി അഹ്മദ് ശൗഖി കവിത ആലപിക്കുക വരെ ചെയ്തു!!
സ്വന്തം വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന വ്യക്തിക്ക് അല്‍ഭുതകരമായ ആയുധമാണ് കൈവശമുള്ളത്. എന്നിരിക്കെ സ്വന്ത്രം ആഗ്രഹങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ജനത തന്നെ രൂപപ്പെട്ടാല്‍ എന്തുമാത്രം ശക്തിയുണ്ടായിരിക്കും അതിന്!! ഗാന്ധിയുടെ ‘നോമ്പു’ം അദ്ദേഹത്തിന്റെ രാഷ്ട്രീയവും ബ്രിട്ടീഷുകാരെ ദോഷകരമായി ബാധിച്ചു. ഒടുവില്‍ അതുമുഖേനെ ഇന്ത്യാരാജ്യം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായി!!
ഇന്ത്യക്കാര്‍ നോമ്പെടുത്തതാണ് ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ചതെന്ന് പ്രശസ്ത കവി ഖുറവി സലീം കൗരി പാടിയിരിക്കുന്നു. നോമ്പെടുത്ത സമൂഹത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സുഖലോലുപതയില്‍ ജീവിക്കുന്ന ഒരു ശക്തിക്കും സാധിക്കുകയില്ല. അസ്ഹറിലെ മുന്‍ശൈഖായിരുന്ന മുഹമ്മദ് ഖിള്ര്‍ ഹുസൈന്റെ വാക്കുകള്‍ പ്രശസ്തമാണ് (എന്നെ ഭീഷണിപ്പെടുത്താന്‍ ആര്‍ക്കുമാവില്ല, ഒരു കോപ്പ പാല്‍ മതി എനിക്ക് ഇരുപത്തിനാല്‍ മണിക്കൂര്‍ ജീവിക്കാന്‍!).

 

About muhammad al gazzali

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *