മൂസാ(അ) ഇസ്രയേലിയോ, ഈജിപ്ഷ്യനോ? -1

അല്ലാഹുവിന്റെ പ്രവാചകനായിരുന്ന മൂസാ(അ) ഈജിപ്ഷ്യനോ അതോ ഇസ്രായേലിയോ എന്ന ചോദ്യം വളരെ സങ്കീര്‍ണമാണ്.  ഉത്തരം നല്‍കല്‍ അസാധ്യമായ ഒരു പ്രശ്‌നമാണിതെന്ന് ഒറ്റനോട്ടത്തില്‍

അനുഭവപ്പെട്ടേക്കാം. വിവിധ വംശങ്ങളും സമൂഹങ്ങളും വിശ്വാസങ്ങളും പരസ്പരം കൂടിക്കലര്‍ന്ന് ജീവിച്ച, പല ജനതകളും വരള്‍ച്ച കാരണം പലായനം നടത്തുകയും, ഫലപുഷ്ടി തേടി പലരും എത്തിച്ചേരുകയും ചെയ്ത ഈജിപ്ത് വിവിധ നാഗരികതകളുടെ ഭൂമികയായിരുന്നുവെന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

എന്നാല്‍ ഈജിപ്തില്‍ താമസമാക്കിയ ഏഷ്യന്‍ സമൂഹങ്ങളെക്കുറിച്ച പഠനം ഒരു പക്ഷെ പ്രസ്തുത ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സഹായിച്ചേക്കാവുന്നതാണ്. ഹെക്‌സോക്‌സുകള്‍, ഇബ്‌റഹാമീന്റെ മകന്‍ ഇസ്ഹാഖിന്റെ മകന്‍ യഅ്ഖൂബിന്റെ സന്തതികള്‍ തുടങ്ങിയവ അവയില്‍ സുപ്രധാനമാണ്. ഈജിപ്തിലെ ഭരണാധികാരിയായി ശേഷം യൂസുഫ് പ്രവാചകനാണ് പിതാവായ യഅ്ഖൂബ് അഥവാ ഇസ്രയേലിനെ അവിടേക്ക് വിളിച്ച് വരുത്തിയത്. പിന്നീട് അവരവിടെ നൂറ്റാണ്ടുകളോളം താമസിക്കുകയും ഇസ്രയേല്‍ സന്തതികള്‍ക്കും ഈജിപ്ഷ്യന്‍ ഭരണകൂടത്തിനുമിടയിലെ ബന്ധം മോശമാവുകയും ചെയ്തു. പ്രസ്തുത സന്ദര്‍ഭത്തിലാണ് ഫറോവയുടെ പീഢനത്തില്‍ നിന്നും ഇസ്രയേല്യരെ മോചിപ്പിച്ച് കടല്‍ കടത്തുന്നതിനായി മൂസാ പ്രവാചകന്‍ നിയോഗിക്കപ്പെട്ടത്.

എന്നാല്‍ ചില ചരിത്ര ഗവേഷകന്മാര്‍ മൂസാ പ്രവാചകനും ഇബ്‌റാഹീമി പരമ്പരയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അഭിപ്രായപ്പെടുന്നവരാണ്. മൂസാക്കും ഇബ്‌റാഹീമിനും ഇടയിലെ കാലവ്യത്യാസം എഴുന്നൂറ് വര്‍ഷമാണ്. മൂസാ പ്രവാചകന്‍ ഇസ്രയേല്‍ വംശത്തിലേക്കല്ല, ഈജിപ്ഷ്യന്‍ പരമ്പരയിലേക്കാണ് ചെന്ന് ചേരുന്നതെന്ന് ഇവര്‍ നിരീക്ഷിക്കുന്നു. ഈജിപ്തുകാരനായ മൂസാ, ഫറോവയുടെ കൊട്ടാരത്തില്‍ വളരുകയും, എത്യോപ്യക്കെതിരെ സൈനിക ആക്രമണം നടത്തുകയും ചെയ്തുവത്രെ. ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ പൗരാണിക ചരിത്രകാരനായ യൂസീലാഫീസ്, പ്രമുഖ ജൂതതത്വജ്ഞാനിയായിരുന്ന ഫിലോ തുടങ്ങിയവര്‍ ഈ അഭിപ്രായത്തിന് മുന്‍ഗണന നല്‍കുന്നു. ഇവര്‍ രണ്ടുപേരും അലക്‌സാണ്ട്രിയന്‍ ജൂതന്മാരായിരുന്നു. ആധുനിക ഗവേഷകരില്‍ പ്രമുഖ നാഗരിക ചരിത്രകാരനായ വില്‍ ഡ്യൂറാന്റും ഇതേ നിരീക്ഷണം പങ്കുവെക്കുന്നുണ്ട്. അഹ്മോസ് എന്ന ഈജിപ്ഷ്യന്‍ പദത്തിന്റെ ചുരുക്കെഴുത്താണ് മൂസാ എന്ന നാമമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മൂസാ എന്നാല്‍ ‘കുഞ്ഞ്’ എന്നാണ് അര്‍ത്ഥം. അതിന്റെ കൂടെ അക്കാലത്തെ ഒരു ഈജിപ്ഷ്യന്‍ ദൈവത്തിന്റെ പേരുമുണ്ടായിരുന്നു. ‘തഹൂത് മൂസാ’ എന്നായിരുന്നു പൂര്‍ണ നാമം. പിന്നീടത് ‘തെഹുതോമസ്’ എന്ന് വിളിക്കപ്പെട്ടു. എന്നാല്‍ യഹൂദര്‍ മൂസായുടെ നാമത്തിലെ ആദ്യഭാഗം ഒഴിവാക്കുകയും തങ്ങളുടെ നായകനെ ഈജിപ്ഷ്യന്‍ കുലത്തില്‍ നിന്ന് അറുത്ത് മാറ്റുകയുമാണത്രെ ചെയ്തത്!!

ഫ്രോയ്ഡിന്റെ നിരീക്ഷണം:-

1938-ല്‍ എഴുതിയ ‘മൂസായും ഏകദൈവ വിശ്വാസവും’ എന്ന തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തില്‍ ഫ്രോയ്ഡ് മൂസായുടെ വ്യക്തിത്വത്തെ അപഗ്രഥിക്കുന്നുണ്ട്. മൂസാ ഇസ്രയേലി ആയിരുന്നില്ലെന്നും, കറകളഞ്ഞ ഈജിപ്ഷ്യനായിരുന്നുവെന്നുമാണ് അദ്ദേഹവും പ്രസ്തുത ഗ്രന്ഥത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ഈ അഭിപ്രായം സയണിസ്റ്റ് പ്രസ്ഥാനത്തില്‍ കോളിളക്കം സൃഷ്ടിക്കുകയും, അവരദ്ദേഹത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും, ആക്രമിക്കുകയും ചെയ്തു. പ്രസ്തുത ഗ്രന്ഥത്തെ ഇകഴ്ത്തിയ അവര്‍, അതിന്റെ ചരിത്രപരമായ മൂല്യത്തെ ചോദ്യം ചെയ്യുകയുമുണ്ടായി. വാര്‍ദ്ധക്യസഹജമായ ബുദ്ധിഭ്രമം ബാധിച്ച കാലത്ത് ഫ്രോയ്ഡ് എഴുതിയ ഗ്രന്ഥമാണ് അതെന്നും, അതിനാല്‍ തന്നെ അതിലെ അഭിപ്രായങ്ങള്‍ ദുര്‍ബലവും അടിസ്ഥാനരഹിതവുമാണെന്ന് അവര്‍ പ്രചരിപ്പിച്ചു. ഫ്രോയ്ഡിന്റെ രചനയായത് കൊണ്ട് മാത്രമാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടതെന്നും അല്ലാത്ത പക്ഷം ആരുമതിന് തയ്യാറാവുമായിരുന്നില്ലെന്നും അവര്‍ അവകാശപ്പെട്ടു.

പ്രസ്തുത ഗ്രന്ഥത്തില്‍ ഫ്രോയ്ഡ് തന്റെ വാദത്തിന് അനുകൂലമായ ശക്തവും പ്രബലവുമായ ധാരാളം തെളിവുകള്‍ നിരത്തിയിരിക്കുന്നു എന്നതാണ് അദ്ദേഹത്തിനെതിരെ ആക്രമണം നടത്താന്‍ യഹൂദരെ പ്രേരിപ്പിച്ചതെന്ന് ഡോ. അഹ്മദ് സോസഃ ചൂണ്ടിക്കാണിക്കുന്നു. ഈജിപ്തിലെ അഖ്‌നാതോന്റെ മതവിശ്വാസം തന്നെയാണ് മൂസാ പ്രവാചകന്‍ പുനസ്ഥാപിച്ചത് എന്നാണ് ഫ്രോയ്ഡ് സ്ഥാപിക്കുന്നത്. പ്രസ്തുത മതവിശ്വാസത്തിന് ഇസ്രയേല്യരുമായി യാതൊരു ബന്ധവുമില്ല. അതിനാല്‍ തന്നെ മൂസാ യഹൂദിയോ, ഇസ്രയേലിയോ ആയിരുന്നില്ല. മറിച്ച് ഈജിപ്ഷ്യന്‍ വംശത്തില്‍ പിറന്നവനും, വളര്‍ന്നവനുമായിരുന്നു. എന്നാല്‍ അദ്ദേഹത്തെ തങ്ങളുടെ താല്‍പര്യ പൂര്‍ത്തീകരണാര്‍ത്ഥം യഹൂദിയാക്കാന്‍ ശ്രമിക്കുകയാണ് തൗറാത്തിന്റെ രചയിതാക്കള്‍ ശ്രമിച്ചത്.

 

About jamal al-badawi

Check Also

moses-and-the-burning-bush-0001107-full

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -1

ഇബ്‌റാഹീം പ്രവാചകന്റെ നിയോഗം കഴിഞ്ഞ് ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മസീഹിന്റെ ആഗമനത്തിന് ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഇബ്‌റാഹീമിന്റെ മകന്‍ …

Leave a Reply

Your email address will not be published. Required fields are marked *