മൂസാ നബിയും ഇസ്രയേല്യരും -1

ഫറോവയില്‍ നിന്നും അയാളുടെ കിങ്കരന്മാരില്‍ നിന്നും അനുഭവിച്ച പീഢനങ്ങളേക്കാള്‍ മൂസാ പ്രവാചകനെ വിഷമിപ്പിച്ചത് സ്വന്തം ജനതയുടെ ധിക്കാരവും വിശ്വാസദൗര്‍ബല്യവുമായിരുന്നു.

നിരന്തരമായ ദൈവിക സഹായം വന്നിറങ്ങിയതിന് ശേഷവും വഴികേടും ഭൗതികതയും തലക്ക് പിടിച്ച് ജീവിക്കുന്നവരായിരുന്നു അവര്‍. ഫറോവയുടെ പിടിയില്‍ നിന്ന്, സമുദ്രം പിളര്‍ത്തി ദൈവം രക്ഷപ്പെടുത്തിയ ജനതയായിരുന്നു അവര്‍. എന്നിട്ട് പോലും, ഫറോവയില്‍ നിന്ന് രക്ഷപ്പെട്ട ഉടനെ തങ്ങള്‍ക്ക് ആരാധിക്കാന്‍ വിഗ്രഹങ്ങളെ കണ്ടെത്താനാണ് അവര്‍ മൂസായോട് ആവശ്യപ്പെട്ടത്. (ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തിക്കൊടുത്തു. അവര്‍ വിഗ്രഹപൂജകരായ ഒരു ജനതയുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: ”മൂസാ, ഇവര്‍ക്ക് ഒരുപാട് ദൈവങ്ങളുള്ളതുപോലെ ഒരു ദൈവത്തെ ഞങ്ങള്‍ക്കും ഉണ്ടാക്കിത്തരിക.” മൂസാ പറഞ്ഞു: ”നിങ്ങളൊരു വിവരംകെട്ട ജനം തന്നെ). അല്‍അഅ്‌റാഫ് 138
പ്രവാചകന്‍ മൂസായോട് വിഗ്രഹത്തെ പ്രതിഷ്ഠിക്കാന്‍ ആവശ്യപ്പെട്ടുവെന്നത് ഇസ്രയേല്‍ സമൂഹത്തിന്റെ ധിക്കാരം പരമകാഷ്ഠയിലെത്തിയിരുന്നുവെന്നതിന് തെളിവാണ്. ഏകദൈവ വിശ്വാസത്തിലേക്ക് പ്രബോധനം നിര്‍വഹിക്കുന്ന ദൈവദൂതനെ ധിക്കരിച്ച് വിഗ്രഹാരാധന നടത്തുകയെന്നത് മാത്രമല്ല, അതിന് വേണ്ട വിഗ്രഹങ്ങളെ പ്രസ്തുത പ്രവാചകന്‍ തന്നെ പ്രതിഷ്ഠിച്ച് നല്‍കണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തിരിക്കുന്നു അവര്‍!!
കാര്യങ്ങളെ ഭൗതികമായി വിലയിരുത്തുന്നവരായിരുന്നു ഇസ്രയേല്‍ ജനത. അതിനാല്‍ തന്നെ ദൈവത്തിന് മനുഷ്യനെപ്പോലെ ശരീരവും രൂപവുമുള്ളതായി അവര്‍ സങ്കല്‍പിച്ചു. മാത്രവുമല്ല, ബഹുദൈവ വിശ്വാസികളായ ഫറോവയുടെ ജനങ്ങളോടൊന്നിച്ച സഹവാസം അവരില്‍ പ്രസ്തുത വിധത്തില്‍ അങ്ങേയറ്റം സ്വാധീനം ചെലുത്തുകയും ചെയ്തു.
അവരുന്നയിച്ച ആവശ്യത്തിന്റെ ദോഷവശങ്ങള്‍ മൂസാ പ്രവാചകന്‍ അവര്‍ക്ക് മുന്നില്‍ വിവരിച്ചു. അല്ലാഹുവല്ലാത്തവയക്ക് ആരാധനകളര്‍പിക്കുന്നത് അബദ്ധമാണെന്നും, വന്‍പാപമാണെന്നും വിശദീകരിച്ചു. അല്ലാഹു അവര്‍ക്ക് നല്‍കിയ ധാരാളമായ അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍മിപിച്ചു. വിഗ്രഹങ്ങള്‍ക്കോ, ഇതരശക്തികള്‍ക്കോ അതിന് സാധിക്കുകയില്ലെന്ന് സ്ഥാപിച്ചു. (ഇക്കൂട്ടര്‍ അവലംബങ്ങളാക്കിയവയെല്ലാം നശിക്കാനുള്ളതാണ്. അവര്‍ ചെയ്തുപോരുന്നതോ നിഷ്ഫലവും. മൂസാ പറഞ്ഞു: ”അല്ലാഹു അല്ലാത്ത വേറെ ദൈവത്തെ ഞാന്‍ നിങ്ങള്‍ക്കായി തേടുകയോ? ലോകരിലാരെക്കാളും നിങ്ങളെ ശ്രേഷ്ഠരാക്കിയത് അവനായിരിക്കെ.” ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന് നാം നിങ്ങളെ രക്ഷിച്ചതോര്‍ക്കുക: അവര്‍ നിങ്ങളെ പീഡനങ്ങളേല്‍പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍കുട്ടികളെ അവര്‍ അറുകൊല നടത്തി. സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിട്ടു. അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു). അല്‍അഅ്‌റാഫ് 139-141
ഇസ്രയേല്‍ സന്തതികളുടെ ചരിത്രം നമുക്ക് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തി തരുന്നുണ്ട്. ചുറ്റുമുള്ള സാഹചര്യങ്ങളാല്‍ മനുഷ്യന്‍ സ്വാധീനിക്കപ്പെടുമെന്നതാണ് അതിലൊന്ന്. അതിനാല്‍ തന്നെ എല്ലാ സാമൂഹിക തിന്മകള്‍ക്കുമെതിരെ വിശ്വാസികള്‍ പ്രഥമമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ദൈവാനുഗ്രഹം ലഭിക്കുന്നതിന് അനുസരിച്ച് ദൈവത്തോട് ചേര്‍ന്ന് നില്‍ക്കേണ്ട മനുഷ്യന്‍, അവനില്‍ നിന്ന് അകന്ന് പോവാറാണ് പതിവ് എന്നുള്ളതാണ് രണ്ടാമത്തേത്. ആത്മവഞ്ചനയില്‍ അകപ്പെട്ട് അഹങ്കാരത്തോടും ധാര്‍ഷ്ഠ്യത്തോടും കൂടി ജീവിക്കുകയല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ ചെയ്യേണ്ടത്. മാനവസമൂഹത്തിന്റെ വ്യതിചലനത്തിന് മിക്കവാറും സാഹചര്യങ്ങളില്‍ നിമിത്തമായത് അവരുടെ അജ്ഞതയാണ് എന്ന് കൂടി ഇസ്രയേലിന്റെ ചരിത്രം പകര്‍ന്ന് നല്‍കുന്നു. അതിനാല്‍ തന്നെ തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചും, അതിലേക്ക് നയിച്ച ബുദ്ധിപരവും പ്രാമാണികവുമായ ന്യായങ്ങളെക്കുറിച്ചും വിശ്വാസി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഫറോവയില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം അല്ലാഹു ഇസ്രയേല്യര്‍ക്ക് അകൈതവമായ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് കൊടുത്തു. ഫറോവക്ക് കീഴില്‍ അവരനുഭവിച്ച യാതനകളും പീഢനങ്ങളും പരിഗണിച്ചായിരുന്നു ഇത്. (നിങ്ങള്‍ക്കു നാം മേഘത്തണലൊരുക്കി. മന്നും സല്‍വായും ഇറക്കിത്തന്നു. നിങ്ങളോടു പറഞ്ഞു: ”നിങ്ങള്‍ക്കു നാമേകിയ വിശിഷ്ട വിഭവങ്ങള്‍ ഭക്ഷിക്കുക.” അവര്‍ ദ്രോഹിച്ചത് നമ്മെയല്ല. പിന്നെയോ തങ്ങള്‍ക്കുതന്നെയാണവര്‍ ദ്രോഹം വരുത്തിക്കൊണ്ടിരുന്നത്). അല്‍ബഖറഃ 57
അല്ലാഹു സവിശേഷമായി നല്‍കിയ അനുഗ്രഹങ്ങളില്‍ മുങ്ങിക്കുളിച്ച് രസിക്കുന്നവരായിരുന്നു അവര്‍. എന്നാല്‍ അല്‍പം കഴിഞ്ഞതോടെ ദൈവാനുഗ്രഹങ്ങള്‍ അവരെ അവഗണിച്ച്, തീരെ വിലകുറഞ്ഞ മറ്റു ആവശ്യങ്ങളിലാണ് അവര്‍ തല്‍പരരായി. അവര്‍ മൂസായോട് പറഞ്ഞു (നിങ്ങള്‍ പറഞ്ഞതോര്‍ക്കുക: ”ഓ മൂസാ, ഒരേതരം അന്നംതന്നെ തിന്നു സഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതിനാല്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക: അവന്‍ ഞങ്ങള്‍ക്ക് ഭൂമി വിളയിക്കുന്ന ചീര, കക്കിരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായവ ഉത്പാദിപ്പിച്ചുതരട്ടെ.” മൂസ ചോദിച്ചു: ”വിശിഷ്ട വിഭവങ്ങള്‍ക്കുപകരം താണതരം സാധനങ്ങളാണോ നിങ്ങള്‍ തേടുന്നത്). അല്‍ബഖറഃ 61

About abdullah hilal

Check Also

moses-and-the-burning-bush-0001107-full

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -1

ഇബ്‌റാഹീം പ്രവാചകന്റെ നിയോഗം കഴിഞ്ഞ് ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മസീഹിന്റെ ആഗമനത്തിന് ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഇബ്‌റാഹീമിന്റെ മകന്‍ …

Leave a Reply

Your email address will not be published. Required fields are marked *