മുഹമ്മദി(സ)നെക്കുറിച്ച് ബൈബ്ള്‍ എന്തുപറയുന്നു? -1

ദൈവഭയവും, വിശ്വാസവും കൊണ്ട് അറിയപ്പെട്ട ഒരു പ്രമുഖ ക്രൈസ്തവ പുരോഹിതന്‍ ബൈബ്‌ളിലെ പ്രവചനങ്ങള്‍ ഓരോന്നോരോന്നായി വിശദീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. സോവിയറ്റ് റഷ്യയുടെ

ആവിര്‍ഭാവത്തെക്കുറിച്ച് ക്രൈസ്തവ വേദം വ്യക്തമായി പ്രവചിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. വരാനിരിക്കുന്ന ക്രൈസ്തവ പോപ്പുമാരെക്കുറിച്ച പ്രവചനം പോലും തങ്ങളുടെ വേദം ഉള്‍ക്കൊള്ളുന്നുവെന്നും, സ്വപ്‌നങ്ങള്‍ എന്ന് പേരായ ഏടിലെ 13: 18 ല്‍ പരാമര്‍ശിക്കപ്പെട്ട 666 പോപ്പ് കിസിന്‍ജറെയാണ് കുറിക്കുന്നതെന്നും അദ്ദേഹം തട്ടിവിട്ടു. പുതിയ നിയമത്തിലെ ഏറ്റവും ഒടുവിലത്തെ ഏടായിരുന്നു അത്. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി നിയോഗിക്കപ്പെട്ട പോപ്പാണ് അദ്ദേഹമെന്നും പ്രസ്തുത വിശദീകരണത്തില്‍ ഈ പുരോഹിതന്‍ വ്യക്തമാക്കുകയും ചെയ്തു.

റോമന്‍ കാത്തോലിക് വിഭാഗത്തിനും, പ്രൊട്ടസ്റ്റന്റ് പരിഷ്‌കരണ പ്രസ്ഥാനത്തിനുമിടയിലെ ഇത്തരം ചര്‍ച്ചകളില്‍ മുസ്ലിംകളെന്ന നിലയില്‍ നാം പങ്കുചേരേണ്ടതില്ല. 666 എന്ന പ്രയോഗം ഹെന്റി കിസിന്‍ജറെ കുറിക്കുന്നതാണെന്ന വ്യാഖ്യാനവും അത് സ്ഥാപിക്കുന്നതിനായി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന അശ്രാന്തപരിശ്രവും ഒരു ഉദാഹരണമെന്നോണം പരാമര്‍ശിച്ചുവെന്നേ ഉള്ളൂ.

Hiten എന്ന് പേരായ പുരോഹിതന്‍ നടത്തിയ ഈ പ്രസ്താവന എന്നില്‍ ചില സംശയങ്ങള്‍ ഉളവാക്കി എന്നതാണ് വിഷയത്തിന്റെ മര്‍മം. വരാനിരിക്കുന്ന പോപ്പ്മാര്‍ ഉള്‍പെടെ ഒട്ടേറെ നിസ്സാര കാര്യങ്ങള്‍ പോലും പ്രവചിച്ച ബൈബ്ള്‍ എന്തുകൊണ്ടും മാനവസമൂഹത്തിന് കാരുണ്യമായി നിയോഗിക്കപ്പെടാനിരിക്കുന്ന പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കേണ്ടതാണ് എന്ന് ഞാന്‍ വിശ്വസിച്ചു.

ഒരു യുവാവെന്ന നിലയില്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഞാന്‍ ഊര്‍ജ്ജസ്വലതയോടെ പരിശ്രമിച്ചു. ഒട്ടേറെ പുരോഹിതന്മാരുമായും വൈദികന്മാരുമായും കൂടിക്കാഴ്ച നടത്തി. നിരവധി മിഷനറി പ്രഭാഷണങ്ങളില്‍ പങ്കെടുത്തു. ബൈബ്‌ളിന്റെ പ്രവചനവുമായി ബന്ധപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും ലഘുലേഖകളും വായിച്ചു. അവയില്‍ ഹോളണ്ടിലെ ഒരു ചര്‍ച്ചിലെ പുരോഹിതനുമായി നടത്തിയ അഭിമുഖം ഞാന്‍ ഇവിടെ പങ്കുവെക്കുകയാണ്.

പ്രവാചകന്‍ മുഹമ്മദി(സ)ന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഒരു പ്രഭാഷണം നിര്‍വഹിക്കുന്നതിനായി ട്രാന്‍സ്ഫാല്‍ പട്ടണത്തിലേക്ക് ഞാന്‍ ക്ഷണിക്കപ്പെട്ടു. ആഫ്രിക്കന്‍ പ്രചാരം സിദ്ധിച്ച പ്രവിശ്യകളിലൊന്നായിരുന്നു അത്. അതിനാല്‍ തന്നെ പ്രസ്തുത ഭാഷയിലെ ഏതാനും ചില പ്രയോഗങ്ങള്‍ പഠിച്ചെടുത്ത്, പ്രസ്തുത ജനതയോടുള്ള അകലം കുറക്കാമെന്ന് ഞാന്‍ കരുതി. അതിനായി ടെലഫോണ്‍ കയ്യിലെടുത്ത് ആഫ്രിക്കന്‍ ഭാഷ സംസാരിക്കുന്ന ഒരു ചര്‍ച്ചുമായി ബന്ധപ്പെട്ടു. അവിടത്തെ പുരോഹിതന്മാരോട് ഞാന്‍ എന്റെ ഉദ്ദേശം പങ്കുവെച്ചു. അവരുമായി ഒരു സംവാദത്തിലേര്‍പെടാനുള്ള എന്റെ ആഗ്രഹവും ഞാന്‍ അവരെ അറിയിച്ചു. പക്ഷെ, അവരെല്ലാവരും എന്റെ ആവശ്യം നിരാകരിക്കുകയാണ് ചെയ്തത്. നിരന്തരമായ ശ്രമങ്ങളിലേര്‍പെടവെ, ഒടുവില്‍ പതിമൂന്നാം തവണ ബന്ധപ്പെട്ട പുരോഹിതന്‍ എന്റെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായി. വാന്‍ ഹൈഡ്രന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ശനിയാഴ്ച ഉച്ചക്ക് ശേഷം അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് സംസാരിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഞാന്‍ ശനിയാഴ്ച ദിവസം ട്രാന്‍സ്ഫാലിലേക്ക് പുറപ്പെട്ടു. വീടിന്റെ പൂമുഖത്ത് തന്നെ അദ്ദേഹം എന്നെ കാത്തുനില്‍പുണ്ടായിരുന്നു. ഊഷ്മളമായി തന്നെ അദ്ദേഹം എന്നെ സ്വീകരിച്ചിരുത്തി. എനിക്ക് വിരോധമില്ലെങ്കില്‍ അമ്മാവന്‍ കൂടി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം എന്നെ അറിയിച്ചു. ഞാന്‍ തടസ്സമൊന്നും പറഞ്ഞില്ല. പുരോഹിതന്റെ ഓഫീസിലെ ഒരു ഹാളില്‍ ഞങ്ങള്‍ മൂന്നുപേരും ഇരുന്നു.

‘മുഹമ്മദ് പ്രവാചകനെക്കുറിച്ച് ബൈബ്ള്‍ എന്താണ് പറയുന്നത്?’ ഞാന്‍ തന്നെയാണ് ചോദ്യമുന്നയിച്ചത്. ഒന്നും പറയുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. ‘ഒന്നുമില്ലെന്നോ? നിങ്ങളുടെ വിശദീകരണമനുസരിച്ച് നിരവധി പ്രവചനങ്ങളാല്‍ നിബിഢമാണ് ബൈബ്ള്‍. സോവിയറ്റ് യൂണിയന്റെ രംഗപ്രവേശം അത് പ്രവചിച്ചിരിക്കുന്നു. റോമന്‍ കാത്തോലിക് പോപ്പിനെക്കുറിച്ച് വരെ അത് പ്രവചനം നടത്തിയിരിക്കുന്നു’. ഞാന്‍ ചോദിച്ചു. ‘അതെ, ശരിയാണ്. പക്ഷെ, മുഹമ്മദിനെക്കുറിച്ച് ഒന്നുമില്ല’ എന്നദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഞാന്‍ എന്റെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ലക്ഷക്കണക്കിന് പേരുള്ള ഒരു ആഗോള സമൂഹത്തിന്റെ ഉദയത്തിന് കാരണമായ, ഒട്ടേറെ പേര്‍ പ്രവാചകനെന്ന് വിശ്വസിക്കുന്ന, മസീഹുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന കാര്യങ്ങള്‍ സ്ഥാപിച്ച മുഹമ്മദിനെക്കുറിച്ച് ബൈബ്ള്‍ പ്രവചിച്ചില്ലെന്നോ? മസീഹിന്റെ ജനനത്തിലെ അമാനുഷികത, മര്‍യമിന്റെ പുത്രന്‍ ഈസയാണ് മസീഹ്, അല്ലാഹുവിന്റെ അനുവാദത്തോടെ മരിച്ചവരെ ജീവിപ്പിച്ചിരിക്കുന്നു അദ്ദേഹം തുടങ്ങിയവ അദ്ദേഹം അംഗീകരിച്ച കാര്യങ്ങളാണ്.

അതിനാല്‍ തന്നെ ബൈബ്ള്‍ അദ്ദേഹത്തെക്കുറിച്ച് പല സൂചനകളും നല്‍കേണ്ടതാണ്. മസീഹിനെയും അദ്ദേഹത്തിന്റെ മാതാവിനെയും കുറിച്ച വാതോരാതെ സംസാരിച്ച അദ്ദേഹത്തെക്കുറിച്ച് ബൈബ്ള്‍ എങ്ങനെയാണ് മൗനം പാലിക്കുക.

ഇത്രയും കേട്ട ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പ്രായം ചെന്ന മൂന്നാമന്‍ പറഞ്ഞു ‘മോനെ, അമ്പത് വര്‍ഷമായി ബൈബ്ള്‍ വായിക്കുന്ന വ്യക്തിയാണ് ഞാന്‍. അദ്ദേഹത്തെക്കുറിച്ച വല്ല പരാമര്‍ശവും അതിലുണ്ടായിരുന്നുവെങ്കില്‍ ഞാനത് അറിയേണ്ടതാണ്’.

About ahmad deedath

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *