മുഹമ്മദി(സ)നെക്കുറിച്ച് ബൈബ്ള്‍ എന്തുപറയുന്നു? -2

മുഹമ്മദി(സ)യുടെ ആഗമനത്തെക്കുറിച്ച് ഒരു പരാമര്‍ശവും പുതിയ നിയമത്തിലില്ലെന്ന് വാദിച്ച പുരോഹിതനോട് ഞാന്‍ തിരിച്ച് ചോദിച്ചു ‘ഈസാ മസീഹിന്റെ ആഗമനത്തെക്കുറിച്ച് നൂറ്

കണക്കിന് പ്രവചനങ്ങള്‍ പഴയ നിയമം നടത്തിയിട്ടില്ലേ? അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു ‘നൂറല്ല, ആയിരക്കണക്കിന്’. ഞാന്‍ തുടര്‍ന്നു ‘മസീഹിന്റെ വരവുമായി ബന്ധപ്പെട്ട് പഴയ നിയമത്തില്‍ വന്ന ആയിരക്കണക്കിന് പ്രവചനങ്ങളില്‍ ഒന്നിന്റെ കാര്യത്തില്‍ പോലും ഞാന്‍ തര്‍ക്കിക്കുന്നില്ല. കാരണം ലോകത്തെ എല്ലാ മുസ്ലിംകളും വേദത്തില്‍ നിന്ന് ഒരു തെളിവും സ്വീകരിക്കാതെ തന്നെ അക്കാര്യം അംഗീകരിക്കുന്നുണ്ട്. കാരണം പ്രവാചകന്‍ മുഹമ്മദിനെ സത്യപ്പെടുത്തുന്നതിന്റെ തന്നെ ഭാഗമാണ് ഞങ്ങള്‍ മുസ്ലിംകള്‍ക്ക് മസീഹിലുള്ള വിശ്വാസവും. ലോകത്ത് ഇന്ന് ചുരുങ്ങിയ പക്ഷം പത്ത് കോടിയില്‍ കുറയാത്ത മുസ്ലിംകളുണ്ട്. അവരെല്ലാവരും അല്ലാഹുവിന്റെ പ്രവാചകന്‍ മസീഹിനെ ആദരിക്കുകയും, സ്‌നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നവരാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ സ്ഥാപിക്കാന്‍ ക്രൈസ്തവരോട് സംവദിക്കേണ്ട ദുരവസ്ഥ മുഹമ്മദിന്റെ അനുയായികള്‍ക്കില്ല. അതുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് പ്രവചനങ്ങള്‍ പരിശോധിക്കേണ്ട ആവശ്യവും അവര്‍ക്കില്ല.

എങ്കിലും എനിക്ക് ഒരു ചോദ്യമുന്നയിക്കാനുണ്ട്. മസീഹിന്റെ പേരുദ്ധരിച്ച് കൃത്യമായി അദ്ദേഹത്തിന്റെ ആഗമനം പ്രവചിക്കുന്ന ഒരു പരാമര്‍ശമെങ്കിലും പഴയ നിയമത്തില്‍ എനിക്ക് കാണിച്ച് തരാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? മസീഹ് എന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട ‘മിശിഹാ’ എന്ന പദം അദ്ദേഹത്തിന്റെ പേരായിരുന്നില്ല, മറിച്ച് സ്ഥാനപ്പേര് മാത്രമായിരുന്നു. മിശിഹാ മസീഹാണെന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും ഒരു പ്രവചനം ലഭ്യമാണോ? അദ്ദേഹത്തിന്റെ മാതാവിന്റെ പേര് മേരിയായിരിക്കുമെന്ന പല പ്രവചനവുമുണ്ടോ? അദ്ദേഹത്തിന്റെ പിതാവ് യൂസുഫ് നജ്ജാറായിരിക്കുമെന്ന് പഴയ നിയമം പ്രവചിച്ചിട്ടുണ്ടോ? ഹെറഡോസ് രാജാവിന്റെ കാലത്താണ് അദ്ദേഹം പിറക്കുകയെന്ന വല്ല സൂചനയും പഴയ നിയമം നല്‍കിയിട്ടുണ്ടോ?

പുരോഹിതന്‍ ഇല്ലെന്ന് മറുപടി പറഞ്ഞു. ‘ഇത്തരം വിശദീകരണങ്ങളൊന്നുമില്ലെ’ന്ന് അദ്ദേഹം മൊഴിഞ്ഞു. ‘എങ്കില്‍ ഈ ആയിരക്കണക്കിന് പ്രവചനങ്ങള്‍ മസീഹിനെക്കുറിച്ചാണെന്ന് എങ്ങനെയാണ് ഉരുത്തിരിച്ചെടുക്കുക? എന്നായി ഞാന്‍.

പുരോഹിതന്റെ വിശദീകരണം ഇങ്ങനെയായിരുന്നു (ഭാവിയില്‍ നടക്കാനിരിക്കുന്ന ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച ചിത്രീകരണമാണ് പ്രവചനങ്ങളെന്ന് താങ്കള്‍ക്കറിയാം. പിന്നീട് ആ സംഭവം സാക്ഷാല്‍ക്കരിക്കപ്പെടുമ്പോള്‍ മുന്‍പ് അറിയിച്ച കാര്യങ്ങളുടെ പൂര്‍ത്തീകരണമാണതെന്ന് നമുക്ക് വ്യക്തമായി മനസ്സിലാവുന്നു’. ഞാന്‍ ചോദിച്ചു ‘താങ്കള്‍ അവയില്‍ നിന്ന് മനസ്സിലാക്കിയെടുക്കുന്നുവെന്ന് ചുരുക്കം. അവ രണ്ടും താങ്കള്‍ ചേര്‍ത്തുവെക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നുവല്ലേ?’ അദ്ദേഹം അതെയെന്ന് പറഞ്ഞു. ഞാന്‍ വീണ്ടും ചോദിച്ചു ‘മസീഹുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് പ്രവചനങ്ങളില്‍ നിങ്ങള്‍ സ്വീകരിക്കുന്ന സമീപനം ഇതാണെങ്കില്‍ ഇതേ മാര്‍ഗം മുഹമ്മദിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ട് അവലംബിച്ചുകൂടാ? തീര്‍ത്തും നീതിപൂര്‍വവും, സുബദ്ധവുമായ എന്റെ അഭിപ്രായത്തോട് കൂടെയുണ്ടായിരുന്ന പുരോഹിതന്‍ യോജിച്ചു.

ഞാന്‍ അദ്ദേഹത്തോട് നിയമാവര്‍ത്തനം തുറക്കാന്‍ ആവശ്യപ്പെട്ടു. അതില്‍ പതിനെട്ടാം അദ്ധ്യായത്തിലെ പതിനെട്ടാം വചനം പരിശോധിക്കാനായിരുന്നു എന്റെ നിര്‍ദേശം. അദ്ദേഹം പഴയ നിയമം തുറന്ന് പ്രസ്തുത വചനം വായക്കാന്‍ തുടങ്ങി. ആഫ്രിക്കന്‍ ശൈലിയിലാണ് അദ്ദേഹം വായിച്ചത്. തെക്കനാഫ്രിക്കയിലെ ഭരണവര്‍ഗത്തിന്റെ ഭാഷയായിരുന്നു അത്. പ്രസ്തുത വചനം ഇപ്രകാരമാണ് (അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രദ്ധിക്കാത്തവരോട് ഞാന്‍ തന്നെ പ്രതികാരം ചെയ്യും). നിയമാവര്‍ത്തനം 18:18-19

വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു ‘ഈ പ്രവചനം ആരെക്കുറിച്ചുള്ളതാണ്?’. യാതൊരു ശങ്കയുമില്ലാതെ അദ്ദേഹം പറഞ്ഞു ‘മസീഹ്’. ഞാന്‍ ചോദിച്ചു ‘എന്തുകൊണ്ട് മസീഹ്? അദ്ദേഹത്തിന്റെ നാമം ഇവിടെ പരാമര്‍ശിച്ചിട്ടില്ലല്ലോ?’. (തുടരും)

About ahmad deedath

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *